Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 2

മുഹമ്മദുൽ ഗസ്സാലിയുടെ ചിന്താമേഖലയെ കുറിക്കുന്ന അദ്ദേഹത്തിൻറെ എഴുപതോളം ഗ്രന്ഥങ്ങൾക്കിടയിൽ പ്രധാനപ്പെട്ട ഏഴു ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന കുറിപ്പിൻറെ തുടർച്ചയാണിത്. ആദ്യ ലേഖനത്തിൽ ഫിഖ്ഹുസ്സീറ, മഅല്ലാ; ദിറാസാത്തുൻ ഫിദ്ദഅ്വത്തി വദ്ദുആത്ത്, നളറാത്തുൻ ഫിൽ ഖുർആൻ എന്നീ ഗ്രന്ഥങ്ങളെയാണ് നാം പരിചയപ്പെട്ടത്. 

മുശ്കിലാത്തുൻ ഫീ ത്വരീഖിൽ ഹയാത്തിൽ ഇസ്ലാമിയ്യ (ഇസ്ലാമിക മാർഗത്തിലെ ജീവിതം നേരിടുന്ന പ്രതിസന്ധികൾ)
വർത്തമാനകാലവുമായി ബന്ധപ്പെട്ട ഒത്തിരി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പ്രതിവിധികൾ നിർദേശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻറെ സുപ്രസിദ്ധ ഗ്രന്ഥം. അദ്ദേഹം പറയുന്നു:’നമ്മുടെ സംസ്കാരത്തെ പറ്റിയുള്ള ചിന്തകൾ നൽകുന്ന, നമ്മുടെ ഉറവിടങ്ങളെ സംശുദ്ധീകരിക്കുന്ന, നമ്മുടെ നാഗരിക നിലവാരത്തെ വിലയിരുത്താനുതകുന്ന, അതിൻറെ പരാജയകാരണങ്ങൾ പഠിച്ചറിയുന്ന ഒരുതരം ദീർഘവീക്ഷണം നമുക്കൊക്കെ അനിവാര്യമാണ്. ഇസ്ലാമിക അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നവർ അനുഭവിച്ചിട്ടുള്ള, അനുഭവിക്കാനിടയുള്ള ചില വിഷയങ്ങളെ നമ്മുടെ ഗതകാല ചരിത്രവും വർത്തമാനവും ചേർത്തു വെച്ചുകൊണ്ട് വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഞാനീ ഗ്രന്ഥത്തിൽ. ചില സ്ഖലിതങ്ങൾ തിരുത്താനും ചില വസ്തുതകളെ ഓർമപ്പെടുത്താനും ചില നന്മകളിലേക്ക് നയിക്കാനുമൊക്കെ അവയുതകുമെന്നാണ് പ്രതീക്ഷ’. ഇസ്ലാമിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചു നിർത്തുന്നവരൊന്നും ആത്മാർഥതയുടെയോ ധീരതയുടെയോ വിഷയത്തിലല്ല, മറിച്ച് പരിചയത്തിൻറെയും കാര്യങ്ങൾ മനസ്സിലാക്കുന്നതിൻറെയും വിഷയത്തിലാണ് കുറവ് നേരിടുന്നതെന്നും അദ്ദേഹം ഉറച്ചു പറയുന്നു.

മുസ്ലിംകളുടെ നിലവിലെ അവസ്ഥയുടെ കാരണം പിൽക്കാലത്തുണ്ടായ ചില പ്രവണതകൾ മാത്രമാണെന്നും കുറഞ്ഞ ദിവസങ്ങൾക്കുള്ളിലോ കൂടിയാൽ അൽപം വർഷങ്ങൾക്കുള്ളിലോ അവ പരിഹരിക്കുക സാധ്യമാണെന്നും അങ്ങനെ വരുമ്പോൾ തന്നെ സ്വഹാബിമാരുടെയും താബിഉകളുടെയും കാലത്തുണ്ടായ പ്രതാപത്തിലേക്ക് തിരിച്ചു നടക്കാനാകുമെന്നും, യുവാക്കൾ ഒന്നുണർന്ന് തങ്ങളുടെ മുന്നിലുള്ള പ്രതിബന്ധങ്ങളോട് പോരാടിയാൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിജയം അവരെ നോക്കി മന്ദഹസിക്കുമെന്നുമൊക്കെയാണ് ചിലർ കരുതുന്നതെന്ന് അദ്ദേഹം പരിതപിക്കുന്നു. വരുംവരായ്കകൾ ആലോചിക്കാതെയുള്ള തിരക്കുപിടിച്ച നീക്കങ്ങളാണ് ഇസ്ലാമിക പ്രബോധനത്തിന് ഒത്തിരി ക്ഷീണവും നഷ്ടങ്ങളും ഉണ്ടാക്കിയതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു: ‘ അല്ലാഹുവിൻറെ ദീനിനെ ഇവിടെ നിലനിർത്തുക എന്നുള്ളത് ഒന്നും എങ്ങനെയെങ്കിലും അധികാരം നേടുകയെന്നുള്ളത്മറ്റൊന്നുമാണ്. ദീനിനെ നിലനിർത്തുക എന്നത് എല്ലാത്തിനും മുമ്പ് ഭൗതിക ലോകത്തിൻറെ വേലിക്കട്ടുകളിൽ സമ്പൂർണമായി മുക്തമായ അടിമയുടെയും ഉടമയുടെയും ഇടയിലുള്ള നിഷ്കളങ്കമായ ബന്ധം അടിസ്ഥാനപ്പെടുത്തിയാണ് നിർണയിക്കപ്പെടുന്നത്. ഇനി അവിടെ അധികാരം സ്ഥാപിക്കുകയെന്നാൽ നന്മകൊണ്ട് കൽപിക്കുന്ന, തിന്മ വിരോധിക്കുന്ന, അവകാശങ്ങളെ മാനിക്കുന്ന, സർവലോകരക്ഷിതാവിനെ ആദരിക്കുന്ന ഒരു ആഗോള സമൂഹം രൂപപ്പെട്ടു വരിക എന്നതാണ്.

Also read: ചോര തന്നെ കൊതുകിന്നു കൗതുകം

ഗ്രന്ഥത്തിൽ മുഹമ്മദുൽ ഗസ്സാലി പ്രധാനമായി ഉന്നയിച്ച ഒരു പ്രതിസന്ധി ആരാധന(ഇബാദത്ത്)യുടെ അർഥം യഥാവിധി മനസ്സിലാക്കാത്തതാണ്. അദ്ദേഹം പറയുന്നു: ‘ ദൈവിക ആരാധനകളെ നോക്കുമ്പോൾ രാത്രിയും പകലും കൂടെ അര മണിക്കൂർ പോലും ആവശ്യമില്ലാത്ത കർമങ്ങളാണവ. അതിനെക്കുറിച്ചുള്ള അധ്യാപനങ്ങളും ഒന്നോ രണ്ടോ പേജുകളും മാത്രമാണ്. കാലം അതിനു ശേഷവും ഒരുപാട് മുന്നോട്ടു പോകും, ജീവിതത്തെയും അതിൻറെ വിവിധ മാർഗങ്ങളെയും അറിയാനും അവയെ പൂർണമായോ ഭാഗികമായോ മതത്തിനു വേണ്ടി ഉപയോഗപ്പെടുത്തതിനെ കുറിച്ചും പുതിയ പാതകൾ വെട്ടിത്തെളിക്കപ്പെടും, ഈ മാർഗത്തിൽ ചെലവഴിക്കപ്പെടുന്ന ഓരോ ശ്രമങ്ങൾക്കും ശറഅ്, സത്കർമം, ധർമസമരം, അല്ലാഹുവിൻറെ പ്രീതിക്ക് വഴിയൊരുക്കുന്ന ഈമാൻ എന്നൊക്കെ പേരു പറയാം. ‘വിശ്വാസിയായിരിക്കെ വല്ലവനും സൽകർമങ്ങൾ ചെയ്താൽ അവൻറെ ശ്രമങ്ങൾ ഒരിക്കലും വൃഥാവിലാകില്ല, അർഹിക്കുന്ന പ്രതിഫലം നാം നൽകുക തന്നെ ചെയ്യും’ൽ അൻബിയാഅ്- 94). ആരാധനകളെന്നാൽ പള്ളിയുടെ നാൽച്ചുവരുകൾക്കുള്ളിൽ നിക്ഷിപ്തമാണെന്ന തെറ്റിദ്ധാരണയെ തിരുത്തിക്കൊണ്ട് അദ്ദേഹം പറയുന്നു: ‘ അണികൾ ദുനിയാവിൻറെ വിഷയത്തിൽ വിഡ്ഢികളും ജീവിതത്തിൽ അശക്തരുമാണെങ്കിൽ സത്യസന്ദേശത്തിൻറെ വിഷയത്തിൽ വിജയകരമായ ഒരു സമൂഹത്തെ രൂപീകരിച്ചെടുക്കുക അസംഭവ്യമാണ്. ഒരു സമൂഹത്തിൻറെ നിർമിതിക്ക് ആവശ്യമായ സുകൃതങ്ങൾ കർഷകൻറെ പണിയായുധങ്ങൾ, നെയ്ത്തുകാരൻറെ സൂചി, എഴുത്തുകാരൻറെ പേന, ഡോക്ടറുടെ ഉപകരണങ്ങൾ, ഫാർമസിസ്റ്റിൻറെ കുപ്പി എന്നിവയിലൂടെയൊക്കെ സാധ്യമാകുന്നതാണ്. മുങ്ങൽ വിദഗ്ധൻ കടലിനടിയിലും പൈലറ്റ് അന്തരീക്ഷത്തിലും ഗവേഷകൻ തൻറെ പഠനത്തിലും ഒരു മുസ് ലിം തൻറെ എല്ലാ വിധ കർമങ്ങളിലും ഈ സുകൃതങ്ങളെ കണ്ടെത്തുന്നതും നാഥനിലേക്ക് അടുക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നതാണ്.

ദസ്തൂറുൽ വഹ്ദതിസ്സഖാഫിയ്യ ബൈനൽ മുസ് ലിമീൻ (മുസ്ലിംകൾക്കിടയിലെ സാംസ്കാരികൈക്യത്തിൻറെ ഭരണഘടന)
മുഹമ്മദുൽ ഗസ്സാലിയുടെ ശ്രദ്ധേയമായ രചനകളിലൊന്ന്. മുസ്ലിംകൾ വ്യത്യസ്ത ചിന്താധാരകൾ അനുധാവനം ചെയ്യുമ്പോഴും പരസ്പരം പാലിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും അവരുടെ യോജിപ്പിനെ സംരക്ഷിച്ചു നിർത്താനുതകുന്ന നിയമങ്ങളുടെ വിവരണവും പറയുന്നതാണീ ഗ്രന്ഥം. അദ്ദേഹം ആമുഖത്തിൽ പറയുന്നു:’ സാംസ്കാരിക കോളനിവൽക്കരണം നമ്മുടെ മൂല്യങ്ങളെയും ഹൃദയങ്ങളെയും കവർന്നെടുത്തു, വിശ്വാസങ്ങളെയും ശറഉകളെയും ഇല്ലായ്മ ചെയ്തു. വരുംതലമുറയെപ്പോലും ബാധിക്കും വിധത്തിൽ അതിൻറെ അപകടകരമായ കരവലയങ്ങൾ വിശാലമായിരിക്കുന്നു.

Also read: ബൈഡന്റെ വിജയം

കർമശാസ്ത്രത്തിൻറെ മിക്ക ഭൂമികളിലും ഇസ് ലാമിക ബൗദ്ധികത നശിച്ചു പോകുന്നതിൻറെ അടയാളങ്ങൾ വ്യക്തമാണ്. ആരാധനകളുടെയും ഇടപാടുകളുടെയും കർമശാസ്ത്രം(ഫിഖ്ഹുൽ ഇബാദാത്തി വൽ മുആമലാത്ത്) ചർച്ച ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇജ്തിഹാദിലേറെ പരമ്പരാഗത റിപ്പോർട്ടുകൾക്ക്(നഖ്ല്) പ്രാമുഖ്യം കൊടുക്കുന്നവരാണ്. അവരുടെ മേഖലകൾ പരിമിതപ്പെടുകയാണ്. ഇനി ദുനിയാവിൻറെ വിഷയത്തിലുള്ള പരാജയമാണെങ്കിൽ അതേറെ ദാരുണമാണ്. എത്രത്തോളമെന്നാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണവും ഉപയോഗിക്കുന്ന മരുന്നുകളും ധരിക്കുന്ന വസ്ത്രവും പോലും മറ്റാരൊക്കെയോ നമുക്ക് വേണ്ടി ഉണ്ടാക്കിത്തരികയാണ്’. അദ്ദേഹം തുടരുന്നു:’ ഈ ഗ്രന്ഥം രചിച്ചുകൊണ്ടിരിക്കുന്നതിനിടെ, വിശുദ്ധമായ ദിവ്യബോധനത്തിന് മാത്രമേ പരിശുദ്ധി അവകാശപ്പെടാനാവൂ എന്നും ഫിഖ്ഹും അതുപോലെ അമലും ഉള്ളവർക്ക് മാത്രമേ സ്ഥാനമുള്ളൂ എന്ന ബോധം എനിക്ക് അനുഭവപ്പെടുകയുണ്ടായി. നമ്മുടെ ചരിത്രത്തെ നിർമിച്ചെടുത്ത രീതികളും മാർഗങ്ങളും ചിന്തകളും പതിവുകളുമൊക്കെ അന്വേഷിക്കപ്പെടേണ്ടതുണ്ട്. അതിൻറെ പുരാതനത്വം അതിനൊരിക്കലും നിലനിൽപ്പിനുള്ള അവകാശം വകവെച്ചു നൽകുന്നില്ല. അവകാശത്തോട് മാത്രമാണ് ആദരവും ഉള്ളത്’.

ആന്തരിക വെല്ലുവിളികളാണ് ആദ്യം ഉയർന്നു വരികയെന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം വിശദീകരിക്കുന്നു :’ ഇസ്ലാമിക പ്രബോധനത്തിൻറെ വെല്ലുവിളികൾ ഏതു ബാഹ്യ വെല്ലുവിളികൾക്കും മുമ്പേ അകത്തു നിന്നു തന്നെ ഉയർന്നു വരുന്നതാണ്. മുസ്ലിമീങ്ങൾ യഥാർഥത്തിൽ ഇസ്ലാമിനെ പുൽകുകയും സംഘങ്ങളായി അതിൽ വന്നുചേരുകയും ചെയ്യുന്ന അന്നു മാത്രമേ ആ വെല്ലുവിളികൾ അവസാനിക്കുന്നുള്ളൂ’. അദ്ദേഹം തുടരുന്നു: ‘ വിശുദ്ധ ദൈവിക വചനങ്ങളെ അസ്ഥാനത്ത് ഉപയോഗിക്കലും അതിൽ കൈകടത്തൽ നടത്തലും എല്ലാ കാലത്തും മതങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്. ഇതിന് മൂന്ന് മാനങ്ങളാണുള്ളത്. ഒന്ന്, സ്വയം താത്പര്യങ്ങൾക്ക് വേണ്ടിയോ തീവ്ര നിലപാടിൻറെ പേരിലോ കൂട്ടിയോ കുറച്ചോ ദിവ്യബോധനങ്ങളിൽ കൈകടത്തൽ നടത്തുക. രണ്ട്, വ്യക്തമായ ദിവ്യ സന്ദേശങ്ങൾക്ക് വിപരീത വ്യാഖ്യാനങ്ങൾ, അർഥങ്ങൾ നൽകുക. മൂന്ന്, കൽപനകളും നിരോധനങ്ങളും മാനിക്കാതെയുള്ള പ്രവർത്തനങ്ങൾ. ഇത് കാലങ്ങൾക്കു ശേഷം വ്യാപകമായ തെറ്റിദ്ധാരണ ഉണ്ടാക്കാനും അവർ ചെയ്യാത്തതൊന്നും മതത്തിൽ നിയമമല്ല എന്ന രീതിയിൽ ചിന്തിക്കാനും വരെ കാരണമാകും. മുസ്ലിമീങ്ങൾ എന്ന നിലക്ക്, നമ്മുടെ വിശുദ്ധ ഗ്രന്ഥത്തിൻറെ സംരക്ഷണം അല്ലാഹുവിൻറെ അടുക്കലാണെന്നോർത്ത് ആശ്വസിക്കാം’.

Also read: വര്‍ത്തമാന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി

അസ്സുന്നത്തുന്നബവിയ്യ ബൈന അഹ്ലിൽ ഫിഖ്ഹി വ അഹ്ലിൽ ഹദീസ്(തിരുഹദീസുകൾ; ഫിഖ്ഹ്- ഹദീസ് പണ്ഡിതന്മാർക്കിടയിൽ)
ചിലർ ഗ്രന്ഥത്തിൻറെ അടിസ്ഥാന ലക്ഷ്യം മനസ്സിലാക്കിയിട്ടില്ല എന്നതിനാൽ ശൈഖ് മുഹമ്മദുൽ ഗസ്സാലി ഒത്തിരി വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ള ഗ്രന്ഥമാണിത്. വിമർശനങ്ങൾക്കൊടുവിൽ താനൊരിക്കലും ഇസ്ലാമിൻറെ അടിസ്ഥാന പാതയിൽ നിന്ന് പിഴച്ചിട്ടില്ല എന്നു വിശദീകരിച്ച് പറയുന്നു: ‘ ഇസ് ലാമിനെ കുറിച്ചു സംസാരിക്കുന്ന, മനസ്സിലാക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണ് ഞാനെന്ന് ഉറച്ചു പറയുകയാണ്, അല്ലാതെ ഒരു പ്രത്യേക ഒറ്റപ്പെട്ട ചിന്താപ്രസ്ഥാനത്തിൻറെ ആളല്ല ഞാൻ. മറിച്ച്, വൈജ്ഞാനിക സംരക്ഷകരായ ഒരു സംഘത്തിലെ ഒരാൾ മാത്രമാണ് ഞാൻ. വിജ്ഞാനത്തിൻറെ ആൾക്കാർക്ക് എൻറെ ഉദ്ദേശ്യം വ്യക്തവുമാണ്. അപകടം കടന്നുവരുന്നത് ചില പഠിതാക്കളിൽ നിന്നും മതത്തിൻറെ ആൾക്കാരെന്ന് നടിക്കുന്ന ചിലരിൽ നിന്നുമാണ്. ഇത്തരക്കാരുടെ പൊള്ളവാദങ്ങൾ ഏറ്റുപിടിച്ചാണ് ഇസ് ലാമിൻറെ ശത്രുക്കൾ അതിജീവനത്തിന് ശ്രമിക്കുന്ന നമ്മുടെ മതത്തിനു നേരെ തിരിയുന്നത്’.

ഇത്തരം തെറ്റിദ്ധാരണകളെയും നമ്മുടെ മുൻഗണനാ ക്രമങ്ങളിൽ വന്ന മാറ്റങ്ങളെയും കുറിച്ച് അദ്ദേഹം പറയുന്നു:’ ഇസ് ലാമിക വിദ്യാഭ്യാസത്തിൻറെ വിശുദ്ധ വൃക്ഷത്തെ മാറ്റിമറിക്കുന്നതിൽ ചില ചെറുപ്പക്കാർ വിജയം കാണുകയുണ്ടായി. ഇസ് ലാമിൻറെ വളരെ ചെറിയ, ശാഖാപരമായ വിഷയങ്ങളെ അവർ മരത്തിൻറെ വേരുകളാക്കി വെക്കുകയും സുപ്രധാനമായ അടിസ്ഥാനങ്ങളെ കാറ്റിൽ കൊഴിഞ്ഞു പോകുന്ന ഇലകളാക്കി മാറ്റുകയും ചെയ്തു’. വിശുദ്ധ ഖുർആനെ വേണ്ട രീതിയിൽ പരിഗണിക്കുക, ഖുർആനിനെ സുന്നത്തുമായി ചേർത്തു വായിക്കുക എന്നീ രണ്ട് സുപ്രധാന സന്ദേശങ്ങൾ വിശദീകരിച്ച് അദ്ദേഹം പറയുന്നു: ‘ സലഫിൻറെ പാരമ്പര്യം പിന്തുടരാൻ വേണ്ടി വലിയ വായിൽ പറയുന്നവരോട് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഒന്നാമതായി, ഖുർആനിക സൂക്തങ്ങൾ ആഴത്തിൽ ചിന്തിച്ചു മനസ്സിലാക്കുക. മറ്റൊന്ന്, വിശുദ്ധ ഹദീസുകൾക്കിടയിലും വിശുദ്ധ ഖുർആൻറെ അർഥതലങ്ങൾക്കിടയിലും സംയോജനം ശക്തമാക്കുക. ഈ രണ്ടു കാര്യങ്ങൾ ചേർത്തു വെച്ചുകൊണ്ടല്ലാതെ ഒരു പരിപൂർണ ഇസ് ലാമിക പഠനം, ഗവേഷണം സാധ്യമല്ല തന്നെ’.

അദ്ദേഹം കൂട്ടിച്ചേർക്കുന്നു:’ അറിവിനോടൊപ്പമുള്ള അഹങ്കാരം തന്നെ മോശമാണ്, എങ്കിൽ അറിവില്ലാത്ത, ന്യൂനത മാത്രമുള്ള ഒരാൾ അഹങ്കരിച്ചാൽ എങ്ങനെയിരിക്കും! വലിയ പ്രാപഞ്ചിക സത്യങ്ങൾ മനുഷ്യ ബോധത്തെ സ്വാധീനിക്കാതിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു വിഷയം, രണ്ടാം ഘട്ടത്തിലുള്ള വിഷയങ്ങൾ, ചിന്തകളിൽ സ്വാധീനം ചെലുത്തിയ ശേഷം അവകളെ കൈകാര്യം ചെയ്യാൻ ഉപയോഗിച്ച രീതിയെക്കുറിച്ചാണ്. വികലമായ ഒരുപാട് വാദങ്ങളും ചിന്തകളും വ്യാപകമായി. ആദ്യ ഘട്ടത്തിൽ പിന്തള്ളപ്പെട്ടിരുന്ന പല വാദങ്ങളും ഇന്ന് പ്രധാന വാദങ്ങളായി എടുത്തു കാട്ടപ്പെടുന്നു’.

Also read: സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം – റാശിദുൽ ഗന്നൂശി എഴുതുന്നു

ഹദീസ് പണ്ഡിതന്മാർക്ക് ഒരിക്കലും കർമശാസ്ത്ര പണ്ഡിതരെക്കൂടാതെ തങ്ങളുടെ ദൗത്യം പരിപൂർണമായി നിർവഹിക്കുക സാധ്യമല്ലെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു:’ ഒരു ഹദീസ് ശരിയായവിധം റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് അറിയാൻ വിശുദ്ധ ഖുർആൻറെ എല്ലാ വിധ അർഥങ്ങളും മനസ്സിലാക്കിയിരിക്കണം, അതുസംബന്ധമായ മറ്റു റിപ്പോർട്ടുകൾ അറിയാനും അവ തമ്മിൽ താരതമ്യം ചെയ്യാനും സാധിക്കണം. സത്യത്തിൽ കർമശാസ്ത്രപണ്ഡിതന്മാരുടെ ഇടപെടലാണ് ഹദീസ് പണ്ഡിതന്മാരുടെ ജോലിയെ പരിപൂർണമാക്കുന്നത്. അശ്രദ്ധയാലോ അലംഭാവത്താലോ അതിൽ കടന്നു കൂടാവുന്ന പിഴവുകളിൽ നിന്ന് ഹദീസുകളെ രക്ഷിക്കുന്നതും അവരാണ്’. ഹദീസ് സ്വീകരിക്കുന്നത് ഒരു പോലെ സനദും മത്നും ശരിയായാൽ മാത്രമേ സാധ്യമാകൂ എന്നും പണ്ഡിതന്മാർ ഇവ രണ്ടിനും റിപ്പോർട്ട് ചെയ്യുന്നയാൾ നീതിമാനാവുക, മത്ന് ഒറ്റപ്പെട്ടതാവാതിരിക്കുക തുടങ്ങി വ്യത്യസ്ത നിബന്ധനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഒരു ഹദീസിൽ വല്ല ന്യൂനതയും ഉള്ളതിൻറെ പേരിൽ അതിനെ നിരാകരിക്കുന്നത് ഒരിക്കലും തിരുചര്യയോടുള്ള നിന്ദ്യതയല്ലെന്നും സനദ് ശരിയായി എന്നത് മത്ന് ശരിയായി എന്നതിൻറെ തെളിവല്ല എന്നും ചില ഹദീസുകൾ സനദ് ശരിയാണെങ്കിലും മത്നിൽ കർമശാസ്ത്ര പണ്ഡിന്മാർ കണ്ടെത്തുന്ന ചെറിയ പിഴവുകളുടെ പേരിൽ അസ്വീകാര്യമായിത്തീരാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹദീസിൻറെ മത്നുകളിലുള്ള ന്യൂനതകളും മറ്റും കണ്ടെത്തൽ ഹദീസ് പണ്ഡിതന്മാരുടെ മാത്രം ദൗത്യമല്ല, മറിച്ച് തഫ്സീർ, നിദാനശാസ്ത്രം, വിശ്വാസശാസ്ത്രം, ഫിഖ്ഹ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതന്മാരെല്ലാം അതിൻറെ ഉത്തരവാദികളാണ്, ചിലപ്പോൾ ഇവരുടെ ഉത്തരവാദിത്വം മറ്റെല്ലാവരെക്കാളും മുകളിലായിരിക്കും. ശൈഖ് മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് അടിസ്ഥാനമില്ലാത്ത ‘ഹദീസുൽ ഗറാനീഖ്’ നബി തങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ സീറയിൽ ചേർത്തതും തുടർന്ന് സൽമാൻ റുഷ്ദി തൻറെ സാത്താനിക് വേഴ്സസിന് ഈ വ്യാജനിർമിത ഹദീസിൻറെ ചുവടു പിടിച്ച് പേരു നൽകിയതും ഇതിൻറെ അപകടം സൂചിപ്പിക്കുന്ന ഉദാഹരണങ്ങളാണ്.

നഹ് വ തഫ്സീരിൻ മൗദൂഇയ്യിൻ ലി സുവരിൽ ഖുർആനിൽ കരീം(വിശുദ്ധ ഖുർആനിലെ സൂറത്തുൽകൾക്ക് ഒരു വിഷയാതിഷ്ഠിത വ്യാഖ്യാനം)
ശൈഖ് മുഹമ്മദുൽ ഗസ്സാലിക്ക് വിശുദ്ധ ഖുർആനുമായി, വിശേഷിച്ച് വിഷയാതിഷ്ഠിത ഖുർആനിക വ്യാഖ്യാനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പദാനുപദ വിശദീകരണങ്ങൾക്ക് പകരം ഇത്തരം തഫ്സീറുകൾ വിശുദ്ധ ഖുർആനിലെ സൂറത്തുകളുടെ പ്രമേയത്തിലെ ഏകകങ്ങളെ കുറിക്കുന്നതു കൂടിയാണ്. അദ്ദേഹം പറയുന്നു:’ വിശുദ്ധ ഖുർആനിലെ ഓരോ സൂക്തങ്ങൾക്കും വിഷയാതിഷ്ഠിതമായ വ്യാഖ്യാനം(മൗദൂഈ) കൊടുക്കലായിരുന്നു എൻറെ ലക്ഷ്യം. തഫ്സീറുൽ മൗദൂഈ ഒന്നും മൗദിഈ വേറെ ഒന്നുമാണ്. ഇതിൽ രണ്ടാമത്തേത് ഓരോ ആയത്തുകളും എടുത്ത് അതിൻറെ പദങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും അർഥങ്ങളും വിശദീകരിക്കുന്ന രീതിയാണ്. എങ്കിൽ ആദ്യത്തേത് ആ സൂക്തത്തെ മൊത്തത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒന്നാണ്’. അദ്ദേഹം തുടരുന്നു:’ ഒരു സൂക്തത്തിലെ തന്നെ പരാമർശ വിഷയങ്ങളെ വിഷയകേന്ദ്രീകൃതമാക്കാൻ ഞാൻ ഒരുപാട് ശ്രമം നടത്തിയിട്ടുണ്ട്. ഖുർആനിലെ ഏറ്റവും വലിയ സൂക്തമായ സൂറത്തുൽ ബഖറയിലെ സന്ദേശങ്ങൾ പോലും ചുരുക്കിയെഴുതി, ആദ്യമായി തഫ്സീറുൽ മൗദൂഈ മേഖലയിൽ ഗ്രന്ഥരചന നടത്തിയ ‘അന്നബഉൽ അളീം’ എന്ന ഗ്രന്ഥത്തിൻറെ കർത്താവായ ശൈഖ് മുഹമ്മദ് അബ്ദുല്ലാ ദർറാസിൽ നിന്നാണ് ഞാൻ ഇത്തരമൊരു രചനക്ക് പ്രചോദനമുൾക്കൊണ്ടത്’. ഇത്തരമൊരു രചന മുസ് ലിംകളുടെ മുഴുവൻ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ‘കാരണം, ചെറുപ്പകാലം മുതൽ തന്നെ വിശുദ്ധ ഖുർആനുമായി എനിക്ക് സഹവാസമുണ്ട്. എട്ടാം വയസ്സു മുതൽ തന്നെ പാരായണം ചെയ്തു തുടങ്ങുകയും പത്താം വയസ്സിൽ മനഃപാഠമാക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. പക്ഷെ, അതിൻറെ അർഥതലങ്ങളിൽ നിന്ന് വളരെയൽപം മാത്രമേ ഞാൻ മനസ്സിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. വിശുദ്ധ ഖുർആനെ വേണ്ടവിധം ഞാൻ മനസ്സിലാക്കിയിട്ടില്ലെന്നും മുൻപും ശേഷവുമുള്ള കാര്യങ്ങൾ മനസ്സിലാക്കി ഒരു സൂക്തം മുഴുവൻ പരസ്പരബന്ധിതമായി പഠിച്ചെടുക്കൽ അനിവാര്യമാണെന്നും ഞാൻ തിരിച്ചറിഞ്ഞു’. അദ്ദേഹം പറയുന്നു.

Also read: സഹജീവികളോടുള്ള സമീപനം

അദ്ദേഹം തുടരുന്നു: ‘വിശുദ്ധ ഖുർആനെന്നാൽ ആദ്യ നൂറ്റാണ്ടുകളിൽ അല്ലാഹു അവതരിപ്പിച്ച ദിവ്യബോധനത്തിൻറെ ചുരുക്കരൂപമാണ്. അതിനെ കാലാതിവർത്തിയാക്കിയത് അതിന് ലഭിച്ച സംരക്ഷണമാണ്. ഓരോ പദങ്ങളെക്കുറിച്ചു പോലും ഇത്രയേറെ ഗൗരവമായ അന്വേഷണങ്ങൾ നടക്കുന്ന, ഇത്രമേൽ സംരക്ഷിക്കപ്പെട്ട ഒരു ഗ്രന്ഥവും മുമ്പെങ്ങും വന്നിട്ടില്ല, ഇനി വരികയുമില്ല’. അനാവശ്യമായ വലിച്ചു നീട്ടൽ ഒഴിവാക്കാൻ സൂറത്തിൻറെ പ്രധാന പ്രമേയത്തോട് യോജിക്കുന്ന സൂക്തങ്ങൾ മാത്രമെടുത്ത് വിശദീകരിക്കുന്ന രീതിയാണ് ഞാൻ ചെയ്തിട്ടുള്ളതെന്നും തഫ്സീറുൽ മൗദൂഈ ഉള്ളതു കൊണ്ട് തഫ്സീറുൽ മൗദിഈ തീരെ ആവശ്യമില്ല എന്നർഥമില്ല എന്നും അദ്ദേഹം അടിവരയിടുന്നു.

ഒരു വിഷയമെടുത്ത് അവ്വിഷയകരമായ ഖുർആനിലെ മുഴുവൻ പരാമർശങ്ങളും ചേർത്തു വെക്കുന്ന രീതിയിലുള്ള വ്യാഖ്യാനം തഫ്സീറുൽ മൗദൂഇയുടെ മറ്റൊരു ഇനമാണെന്നും നളറാത്തുൻ ഫിൽ ഖുർആൻ, അൽ മഹാവിറുൽ ഖംസ ലിൽ ഖുർആനിൽ കരീം എന്ന എൻറെ രണ്ടു ഗ്രന്ഥങ്ങളിലും അത്തരമൊരു വ്യാഖ്യാനത്തിൻറെ മാതൃകകൾ ഞാൻ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ശൈഖ് മുഹമ്മദുൽ ഗസ്സാലിയുടെ സുപ്രധാനമായ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചെറിയൊരു വിശദീകരണമാണിത്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles