Current Date

Search
Close this search box.
Search
Close this search box.

പണത്തിന്റെ മനഃശാസ്ത്രവും വികാരങ്ങളുടെ യോജിപ്പും

പണത്തിന്റെ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രമുഖ എഴുത്തുകാരൻ മോർഗൻ ഹൗസൽ, പുറംലോകവുമായുള്ള പണത്തിന്റെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞുകൊടുക്കുന്ന ചെറുകഥകളുടെ സമാഹാരമാണ് ‘ദി സൈക്കോളജി ഓഫ് മണി'(പണത്തിന്റെ മനഃശാസ്ത്രം) എന്ന ഗ്രന്ഥം. മിക്ക അധ്യായങ്ങളിലും, പണത്തിന്റെ ആശയവും അനന്തരഫലങ്ങളും ഗണിതശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ള യുക്തിക്കുപകരം യഥാർഥ ലോകത്ത് ആളുകൾ എങ്ങനെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നു എന്നതും ഗ്രന്ഥകാരൻ പരിശോധിക്കുന്നു. പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും വായനക്കാരനെ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രചന.

പണത്തെ സംബന്ധിച്ച് ആളുകൾ എടുക്കുന്ന തീരുമാനങ്ങളാണ് മണി സൈക്കോളജിയുടെ പാഠ്യവിഷയം. വെറും ഡാറ്റകളല്ല അതിന്റെ അടിസ്ഥാനം. പരമ്പരാഗത ധനകാര്യ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗണിതശാസ്ത്ര കണക്കുകൂട്ടലുകളുടെ ഫലങ്ങൾ പിന്തുടരുന്നതിനുപകരം, ഗ്രന്ഥകാരൻ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുകയാണീ പുസ്തകത്തിൽ. സാമ്പത്തിക ഇടപാടുകളിൽ പെരുമാറ്റം വലിയൊരു പങ്കു വഹിക്കുന്നതിനാൽ അക്കാര്യം കൂടുതൽ ശ്രദ്ധയോടെത്തന്നെ ഗ്രന്ഥകാരൻ വിശദീകരിക്കുന്നുമുണ്ട്.

നല്ല സാമ്പത്തിക പ്രകടനം എന്നാൽ നല്ല പെരുമാറ്റം എന്നാണ്. ബുദ്ധിയുള്ള ആളുകളെപ്പോലും പെരുമാറ്റം പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. പണം എങ്ങനെ കൈകാര്യം ചെയ്യാം, നിക്ഷേപിക്കാം, ബിസിനസ്സ് തീരുമാനങ്ങളെടുക്കാം തുടങ്ങിയ പ്രശ്നങ്ങൾ ഒരുപാട് കണക്കുകൂട്ടലുകൾ ആവശ്യമുള്ളതാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഡാറ്റയും ഫോർമുലകളും നമ്മോട് കൃത്യമായി പറയുന്നു, എന്നാൽ, യാഥാർഥ്യത്തിന്റെ ലോകത്ത് ആളുകൾ ഒരു സ്പ്രെഡ്ഷീറ്റിനെ അടിസ്ഥാനമാക്കിയല്ല സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്, മറിച്ച് അത്താഴമേശയിലോ കോൺഫറൻസ് റൂമിലോ ഒക്കെയാണ്.

ഗ്രന്ഥത്തിൽ, പണത്തെക്കുറിച്ച് ആളുകൾ ചിന്തിക്കുന്ന വിചിത്രമായ വഴികൾ പര്യവേക്ഷണം ചെയ്യുന്ന പത്തൊമ്പത് ചെറുകഥകൾ രചയിതാവ് പങ്കുവെക്കുന്നു. പുസ്തകത്തിന്റെ ഓരോ അധ്യായവും മനഃശാസ്ത്രത്തിന്റെയും സാമ്പത്തികത്തിന്റെയും പ്രത്യേക വശം എടുത്തുകാണിക്കുന്ന ചെറുകഥകളാണ്. രണ്ട് ഘടകങ്ങളും ഒത്തുചേരുമ്പോൾ, ചിന്തോദ്ദീപകമായ ഒരു അനുഭവം വായനക്കാരൻ അനുഭവിക്കുന്നു. മറ്റൊരു വീക്ഷണകോണിൽ ലോകത്തെ നോക്കാൻ അവനെ പ്രേരിപ്പിക്കുന്നു.

ആർക്കും ഭ്രാന്തില്ല!
മോർഗൻ ഹൌസൽ തന്റെ പുസ്തകമായ ദി സൈക്കോളജി ഓഫ് മണിയിൽ, ഓരോ വ്യക്തിക്കും വ്യത്യസ്തമായ ജീവിതാനുഭവങ്ങളുണ്ടെന്നും സാമ്പത്തിക തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴിയിൽ ഈ ജീവിതാനുഭവങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. ഈ അനുഭവങ്ങൾ വ്യത്യസ്തമാണെങ്കിലും, മറ്റുള്ളവർ നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ അവരെ ‘ഭ്രാന്തൻ’ ആയി കണക്കാക്കരുത്.

ഭാഗ്യവും അപകടസാധ്യതയും
നമുക്ക് ചുറ്റുമുള്ള ആളുകളുടെ അവസ്ഥകൾ വ്യത്യസ്തമാണ്, അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഒരു വ്യക്തിക്ക് മികച്ച സാമ്പത്തിക പദ്ധതിയുണ്ടാവുകയോ അല്ലെങ്കിൽ അയാൾ കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോവുകയോ ആണെങ്കിൽ, അത് പലപ്പോഴും ഭാഗ്യവും അപകടസാധ്യതയും കാരണമാവും. നിങ്ങൾ വിജയിക്കുകയാണെങ്കിൽ, നിങ്ങളുടെ വിജയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ ഭാഗ്യമായിരിക്കും. മറുവശത്ത്, സാധാരണയായി വിജയം കൈവരിക്കാത്ത സാഹചര്യങ്ങളിൽ അപകടസാധ്യതയ്ക്ക് ഒരു പങ്കുണ്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയേണ്ടത് പ്രധാനമാണ്.

പോരാ!…
ഈ അധ്യായത്തിൽ, ചില ധനികർ, നിയമവിരുദ്ധമായ പദ്ധതികളിൽപ്പോലും, സ്വന്തത്തെ അപകടപ്പെടുത്താൻ തയ്യാറാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഹൌസൽ വസ്തുനിഷ്ഠമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തിലെ’പര്യാപ്തത’ എന്ന ആശയം അദ്ദേഹം വായനക്കാരനെ മനസ്സിലാക്കുന്നു. ആവശ്യത്തിന് പണമുണ്ടായിരുന്നിട്ടും ഒരു പദ്ധതി തുടങ്ങുമ്പോൾ ചിലർക്ക് അതൃപ്തി തോന്നുന്നത് എന്തുകൊണ്ട്? അദ്ദേഹം ചോദിക്കുന്നു.

അത്ഭുതകരമായ സങ്കരനം
നിങ്ങളുടെ ഭാഗ്യം വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, സംയുക്തത്തിന്റെ ശക്തിയെക്കുറിച്ച് നിങ്ങൾ കേൾക്കും. നിങ്ങളുടെ പണം എത്രത്തോളം നിക്ഷേപിക്കുന്നുവോ അത്രയും കൂടുതൽ വിജയസാധ്യതയുണ്ട്. ശതകോടീശ്വരനായ വാറൻ ബഫറ്റിന് ഭാഗ്യം സമ്മാനിച്ച മൂലധന സമാഹരണത്തിന്റെ തത്വം പുസ്തകത്തിന്റെ ഈ അധ്യായത്തിൽ കാണാം. ചില ഞെട്ടിക്കുന്ന വസ്തുതകളും നിങ്ങളുടെ സ്വന്തം നിക്ഷേപങ്ങൾക്കായി ഉപയോഗിക്കാൻ പ്രചോദനം നൽകുന്ന വിവരങ്ങളും ഇതിലുണ്ട്.

സമ്പത്ത് നേടലും പരിപാലിക്കലും
സമ്പന്നനായി തുടരുന്നത് സമ്പന്നനാകുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങൾ സ്വരൂപിച്ച സമ്പത്ത് എങ്ങനെ സൂക്ഷിക്കും? എല്ലാം നഷ്ടപ്പെടുക എന്ന നേരിയ വിഭ്രാന്തിയെ മുൻനിറുത്തി, സാമ്പത്തിക ശാസ്ത്രത്തിന് മുൻഗണന നൽകുന്ന അതിജീവന ചിന്താഗതിയെ ഈ അധ്യായം വിശദീകരിക്കുന്നുണ്ട്.

ഞാൻ ജയിച്ചു!
ദൈർഘ്യമേറിയ നിക്ഷേപങ്ങളുടെ ഷെഡ്യൂളും സ്ഥിരമായ നിക്ഷേപവും ഉണ്ടെങ്കിൽ പോലും, നിങ്ങൾ ചിലപ്പോൾ മോശം തീരുമാനങ്ങൾ എടുത്തേക്കാം. വാസ്തവത്തിൽ, ജീവിതത്തിൽ ചില മോശം സാമ്പത്തിക തീരുമാനങ്ങൾ നേരിടേണ്ടിവരുമെന്ന് നിങ്ങൾ എപ്പോഴും പ്രതീക്ഷിച്ചിരിക്കണം. വൈവിധ്യവൽക്കരണത്തിന്റെ മാർഗം പിന്തുടരുകയാണെങ്കിൽ, ഒരു മോശം നിക്ഷേപം നിങ്ങളുടെ സാമ്പത്തിക ഭാവിയെ നശിപ്പിക്കില്ലെന്നുറപ്പാണ്.

സ്വാതന്ത്ര്യം
പണത്തിനോ ഭൗതിക വസ്തുക്കളുടെ പിന്നാലെയുള്ള ഓട്ടത്തിനോ സന്തോഷം വാങ്ങാൻ കഴിയില്ല, പക്ഷേ, അത് ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. പതിയെ അത് സന്തോഷം കൊണ്ടുവരുന്നതിനുള്ള ഒരു ഘടകമാവുകയും ചെയ്യും. നിങ്ങളുടെ മുൻഗണനകൾക്കനുസൃതമായി നിങ്ങളുടെ സമയത്തിന്റെ പ്രാധാന്യവും ജീവിതം രൂപപ്പെടുത്താനുള്ള നിങ്ങളുടെ കഴിവും മനസ്സിലാക്കുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ നിങ്ങളുടെ സമീപനം ക്രമീകരിക്കാൻ സഹായിച്ചേക്കാം.

കാർ വിരോധാഭാസം!
മെറ്റീരിയൽ സ്വത്തുക്കൾ നിങ്ങളുടെ ജീവിതത്തിന് അദൃശ്യമായൊരു പദവി കൊണ്ടുവരും. എന്നാൽ നിങ്ങളേക്കാൾ നിങ്ങളുടെ വസ്തുവകകളെക്കുറിച്ച് ആരാണ് കൂടുതൽ ശ്രദ്ധിക്കുന്നത്? നിങ്ങളുടെ കാർ അയൽക്കാർ ഇഷ്ടപ്പെടുന്നതിന്റെ പ്രാധാന്യം എന്താണ്? ഈ അധ്യായത്തിൽ, ആഡംബര കാറുകൾ പോലുള്ള ഭൗതിക സ്വത്തുക്കളുടെ യാഥാർഥ്യത്തെ ഉയർത്തിക്കാട്ടുന്ന രസകരമായ ഒരു കഥ രചയിതാവ് പങ്കിടുന്നു.

നിങ്ങൾ കാണാത്തതാണ് സമ്പത്ത്
നിങ്ങളുടെ പണം വിലകൂടിയ സ്വത്തുക്കൾക്കായി നിങ്ങൾക്ക് സൗകര്യപൂർവം ചെലവഴിക്കാമെങ്കിലും, ദീർഘകാല സമ്പത്ത് എന്നുള്ളത് പുറമേനിന്ന് കാണാൻ കഴിയാത്ത ഒന്നാണെന്ന് ഈ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. ഈ അധ്യായത്തിൽ, വളരെയധികം ശ്രമങ്ങൾ നടത്തിയിട്ടും വേണ്ടത്ര പണം ലാഭിക്കാത്ത ആളുകളുടെ ശ്രദ്ധേയമായ ഉദാഹരണങ്ങൾ കാണാം.

സമ്പാദ്യത്തിന്റെ ഗുണം
പണം ലാഭിക്കുന്നത് പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഹൗസൽ ഇതിനെ വ്യത്യസ്തമായ, സുത്യാര്യമായൊരു കാഴ്ചപ്പാടിലേക്ക് മാറ്റുന്നു. നിങ്ങളുടെ സമ്പാദ്യലക്ഷ്യങ്ങളിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിങ്ങളുടെ സാമ്പത്തിക ഭാവിയെ എങ്ങനെ പൂർണമായി മാറ്റാമെന്ന് ഈ അധ്യായത്തിൽ നിങ്ങൾക്കു കാണാം.

യുക്തിയാണ് പ്രധാനം
വ്യക്തിഗത ധനകാര്യത്തിന്റെ സൂക്ഷ്മവും ബുദ്ധിമുട്ടുള്ളതുമായ കണക്കുകൂട്ടലുകൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് നയിക്കുമെങ്കിലും, യുക്തിയുപയോഗിച്ചുള്ള ഫലങ്ങളാണ് കൂടുതൽ പ്രായോഗികം. തെറ്റുകളോ പിഴവുകളോ ഇല്ലാതെ സ്പ്രെഡ്ഷീറ്റുകളിൽ പറ്റിനിൽക്കുന്നത് ബുദ്ധിമുട്ടാണ്. സാമ്പത്തിക പദ്ധതികൾ നിർമിക്കുമ്പോൾ തന്റെ ന്യായമായ ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ അധ്യായം വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു.

ലോകം ആശ്ചര്യങ്ങളാൽ നിറഞ്ഞതാണ്
നിങ്ങൾക്ക് പ്രതീക്ഷിക്കാൻ പോലും കഴിയാത്ത ആശ്ചര്യങ്ങളാൽ നിറഞ്ഞതാണ് ഭാവി. ചരിത്രത്തിൽ നിന്ന് മികച്ച പാഠങ്ങൾ ഉൾക്കൊള്ളൽ അനിവാര്യമാണ്. എന്നാൽ ‘പണത്തിന്റെ മനഃശാസ്ത്രം’ ചരിത്രത്തിന്റെ സൂചകങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്റെ പാതകൾ പലപ്പോഴും പ്രവചിക്കാൻ കഴിയാത്ത അപ്രതീക്ഷിത സംഭവങ്ങളാൽ നിറയുന്നു.

പിഴവിനുള്ള ഇടം
ഏറ്റവും നൂതനമായ സാമ്പത്തിക തന്ത്രങ്ങൾ പോലും എല്ലായ്‌പ്പോഴും ആസൂത്രണം ചെയ്തതുപോലെ നടക്കണമെന്നില്ല, അതുകൊണ്ടുതന്നെ നിങ്ങളുടെ സാമ്പത്തിക പദ്ധതികൾ നിർമിക്കുമ്പോൾ പിഴവുകൾ തിരുത്താനുള്ള സംവിധാനം ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ വളരുമ്പോൾ ഭാവിയിലെ നിങ്ങളുടെ ആഗ്രഹങ്ങൾ മാറാൻ സാധ്യതയുണ്ടെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. കാലക്രമേണ, സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറുകയും ഈ സംഭവവികാസങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കണം.

ഒന്നും വെറുതെയല്ല
ഭവനം മുതൽ ആഡംബര കാറുകൾ വരെ എല്ലാം ഉപഭോക്താക്കൾ എന്ന നിലയിൽ നമ്മൾ പണം നൽകിയാണ് വാങ്ങുന്നത്. എന്നിരുന്നാലും, വിപണിയുടെ സമയപരിധി നിശ്ചയിച്ച്, വിജയകരമായ നിക്ഷേപത്തിന്റെ ചെലവ് ഒഴിവാക്കാൻ പലരും ശ്രമിക്കുന്നു. ഈ അധ്യായത്തിൽ, നിക്ഷേപത്തിന്റെ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും അത്യാവശ്യമാണെന്നും നിങ്ങൾ മനസ്സിലാക്കും.

നീയും ഞാനും !
സൈക്കോളജി ഓഫ് മണി എന്ന അധ്യായത്തിൽ, വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകുമെന്ന് ഹൗസൽ വീണ്ടും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിപണിയിൽ വരുമ്പോൾ, പലനിക്ഷേപകരും വ്യത്യസ്ത സാമ്പത്തിക ഗെയിം കളിക്കുന്ന ആളുകളിൽ നിന്ന് സൂചനകൾ സ്വീകരിക്കുന്നു. നിക്ഷേപകർ പലപ്പോഴും ഇരകളാകുന്ന അപകടസാധ്യതകളുടെ സമീപകാല ചരിത്രത്തിൽ നിങ്ങൾക്ക് പ്രസക്തമായ ഉദാഹരണങ്ങൾ കണ്ടെത്താനാകും.

അശുഭാപ്തിവിശ്വാസത്തെ വശീകരിക്കുന്നു
അശുഭാപ്തിപരമായ ലോകവീക്ഷണങ്ങളാണ് ശുഭാപ്തിവിശ്വാസമുള്ള പ്രവചനങ്ങളേക്കാൾ കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്നത്. അശുഭാപ്തിവിശ്വാസത്തെ ചെറുക്കാൻ പ്രയാസമാണെങ്കിലും, അത് നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയ്ക്ക് കാര്യമായ നെഗറ്റീവ് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണ്. അശുഭാപ്തിവിശ്വാസത്തിന്റെ വഞ്ചനാപരമായ സാധ്യതകളെയും ഗ്രന്ഥകാരൻ ആഴത്തിൽ പരിശോധിക്കുന്നു.

കഥകളിലെ വിശ്വാസം
ലോകവീക്ഷണവുമായി പൊരുത്തപ്പെടുന്ന ആഖ്യാനത്തിലൂടെ കഥകൾ പറഞ്ഞുകൊണ്ടാണ് ചുറ്റുമുള്ള ലോകത്തെ മനുഷ്യർ മനസ്സിലാക്കുന്നത്. നമ്മുടെ ലോകത്തിലെ വസ്തുതകളേക്കാൾ ഫിക്ഷനിൽ വിശ്വസിക്കുന്നത് എളുപ്പമായിരിക്കാം. എന്നാൽ, ഈ വിവരണങ്ങൾ സമ്പദ്വ്യവസ്ഥയിലും മറ്റും വലിയ അളവിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ളതാണ്.

നമ്മളെല്ലാം ഒന്നാണിപ്പോൾ
പുസ്തകത്തിലെ ഈ അധ്യായം, സാമ്പത്തിക തീരുമാനങ്ങളെ മനഃശാസ്ത്രം എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ സമഗ്രമായ ചിത്രമാണ്. ഇതിൽ, നിങ്ങളുടെ സാമ്പത്തികത്തിലെ മനഃശാസ്ത്രത്തിന്റെ ശക്തി എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ ഉപദേശമാണ്.

കുമ്പസാരം
കഥ പറഞ്ഞുകഴിഞ്ഞ ശേഷം, ഗ്രന്ഥകാരൻ ഹൗസൽ സ്വതസിദ്ധമായ സാമ്പത്തിക തന്ത്രങ്ങൾ പങ്കുവെക്കുന്നുണ്ട്. തന്റെ ചില തീരുമാനങ്ങൾ വിവാദമാകാം എന്ന തിരിച്ചറിവുണ്ടെങ്കിലും അതു തന്നെ ജീവിതത്തിനു സമ്മാനിച്ച സ്വാതന്ത്ര്യത്തിൽ ഞാൻ സന്തുഷ്ടനാണെന്ന് അദ്ദേഹം പറയുന്നു. നിങ്ങളുടെ മനസ്സമാധാനം വർധിപ്പിക്കുകയും രാത്രി സുന്ദരമായ ഉറക്കം സമ്മാനിക്കുകയും ചെയ്യുന്ന സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ ഇത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു!

ഈ ഗ്രന്ഥം ആരാണ് വായിക്കേണ്ടത്?
പണത്തിന്റെ മനഃശാസ്ത്രം എന്ന ഈ ഗ്രന്ഥം വെറുമൊരു വ്യക്തിഗത ധനകാര്യപുസ്തകം മാത്രമല്ല. പേഴ്‌സണൽ ഫിനാൻസ് പുസ്തകങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന പതിവ്, ആവർത്തിച്ചുള്ള ബജറ്റിംഗിന്റെയും നിക്ഷേപത്തിന്റെയും വിശദാംശങ്ങളെ കുറിച്ച് സംസാരിക്കലാണ്. മറിച്ച് ഈ പുസ്തകത്തിൽ പുതിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന കഥകളുടെ പരമ്പരകൾ വായനക്കാരൻ കണ്ടെത്തും. പണവുമായുള്ള മനുഷ്യബന്ധത്തെക്കുറിച്ച് അത് മനോഹരമായി സംസാരിക്കും. പണം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിനെ കൈകാര്യം ചെയ്യുന്നതിലെ യുക്തിയെന്താണെന്നും വിശദീകരിക്കും.

അന്തിമ ചിന്തകൾ
ഗ്രന്ഥകാരൻ ഹൌസൽ പുസ്തകത്തിന്റെ അവസാനം ഒരു അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്, ഉപഭോക്താവ് എന്തിനാണ് ചിന്തിക്കുന്നത് എന്നതിന്റെ ഒരു ഹ്രസ്വചരിത്രമാണത്. ആധുനിക ഉപഭോക്താവിന്റെ അവസ്ഥയുടെ രസകരമായ വികാസത്തെ എടുത്തു കാണിക്കുകയാണദ്ദേഹം. മൊത്തത്തിൽ, ദി സൈക്കോളജി ഓഫ് മണി വ്യക്തിഗത സാമ്പത്തിക വിഷയത്തിന് പുതിയൊരു മാനം നൽകുന്ന ഗ്രന്ഥമാണ്. ഒരു സാമ്പത്തിക പദ്ധതി കെട്ടിപ്പടുക്കുന്നതിന്റെ സൂക്ഷ്മമായ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പണവുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ ഈ പുസ്തകം നൽകുന്നു. ഈ ധാരണയോടെ നിങ്ങൾ പുസ്തകം കയ്യിലെടുക്കുകയാണെങ്കിൽ തീർച്ചയായും ഭാവിയിലെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കുന്ന മാനസിക തീരുമാനങ്ങളെടുക്കാൻ നിങ്ങൾ ഒരുക്കമാകും.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles