Current Date

Search
Close this search box.
Search
Close this search box.

ദിക്റുകളുടെ കരുത്ത് നമ്മളിലുണ്ടാവണം

നമുക്കെന്തെങ്കിലും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോഴാണല്ലോ അല്ലാഹുവിനെ കൂടുതലായി ഓർക്കാറുള്ളത്. നമുക്കോ പ്രിയപ്പെട്ടവർക്കോ വല്ല അസുഖമോ സാമ്പത്തിക പ്രയാസമോ വരുമ്പോ നമ്മുടെ നമസ്കാരങ്ങളിലൊക്കെ സൂക്ഷ്മത കൂടും സുജൂദുകൾക്ക് ദൈർഘ്യം വർദ്ദിക്കും പ്രാർഥനകളിൽ ആത്മാർഥത നിറയും . മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അല്ലാഹുവെ ആവശ്യമുണ്ടാകുമ്പോഴാണ് അവനിലേക്ക് മനസ്സറിഞ്ഞ് നമ്മൾ തിരിയാറുള്ളത് .എന്നാൽ നമ്മളൊന്ന് നമ്മളിലേക്ക് നോക്കിയാൽ മനസിലാകും അവനെ ആവശ്യമില്ലാത്ത ഏത് സമയമാണ് നമ്മളിലുള്ളത്. ഒന്നനങ്ങണമെങ്കിൽ, കൈകാലുകൾ ചലിപ്പിക്കണമെങ്കിൽ , കണ്ണുകൾ തുറക്കുമ്പോൾ വർണാഭമായ കാഴ്ചകൾ കാണണമെങ്കിൽ പ്രയാസങ്ങളില്ലാതെ ശ്വാസോഛാസം നടത്തണമെങ്കിൽ എല്ലാം അവൻ്റെ ഉതവി വേണം.

എൻ്റെ അനക്കവും അടക്കവും അവൻ്റെ തീരുമാനം കൊണ്ടാണെന്നും അവൻ്റെ നിശ്ചയത്തിന് മുന്നിൽ നിശ്ചലമായിപ്പോകുന്ന കഴിവുകളേ എനിക്കുള്ളൂ എന്ന ബോധ്യം അവനിലേക്ക് നമ്മളെ ചേർത്ത് നിർത്തും. ‘എൻ്റെ കണ്ണിമ വെട്ടുന്ന നേരെത്തേക്ക് പോലും എൻ്റെ കാര്യങ്ങൾ നോക്കാൻ നീ എന്നെ ഏൽപിക്കരുത് നാഥാ ‘ എന്ന് റസൂൽ (സ) പ്രാർഥിച്ചിരുന്നതിൻ്റെ പൊരുളും ഇത് തന്നെയാണ് .

ഈയൊരു തിരിച്ചറിവ് സദാ മനസിൽ നിലനിർത്തൽ പൊതുവെ പ്രയാസകരമാണ് .എന്നാൽ അതിന് നമ്മെ സഹായിക്കുന്ന സുപ്രധാനമായൊരു കാര്യമാണ് ദിക്റുകൾ .രാവിലെ എഴുന്നേറ്റത് മുതൽ ഉറങ്ങും വരെ ഓരോ ദിവസവും ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങൾക്ക് മുമ്പും ശേഷവുമുള്ള ദിക്റുകൾ പുണ്യകർമം മാത്രമല്ല അല്ലാഹു എങ്ങനെയാണ് നമ്മുടെ ജീവിതത്തിലൊക്കെ സൂക്ഷ്മമായി ഇടപെടുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഉത്ബോധനം കൂടിയാണ്. ഇമാം ഹസനുൽ ബന്ന ഇഖ് വാൻ പ്രവർത്തകർക്ക് ശീലമാക്കാനും ഒറ്റക്കും കൂട്ടമായിരുന്നുമൊക്കെ ചൊല്ലാനുള്ള ദിക്റുകൾ ക്രോഡീകരിച്ച കൈ പുസ്തമാണ് അൽ- മഅസൂറാത്ത് .

വളരെ ലളിതമായ മലയാള മൊഴി മാറ്റത്തിലൂടെ കാമ്പസ് അലൈവ് പ്രസിദ്ധീകരിച്ച പുസ്തകം ഐ.പി.എച്ച് വഴി ലഭിക്കും. ഇത് വായിച്ച് തീർക്കേണ്ട ഒരു പുസ്തകമല്ല. ഓരോ ഏടും ജീവിതത്തിലേക്ക് ചേർത്ത് വെക്കാനുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മധൈര്യമായും പോരാട്ടത്തിൻ്റെ തെരുവുകളിൽ പതറാതെ നിലകൊള്ളാനും ദിക്റുകളുടെ കരുത്ത് നമ്മളിലുണ്ടാവണം.

 

Related Articles