Book Review

‘സമാധാനത്തിന്റെ സുഗന്ധം’

‘സമാധാനത്തിന്റെ സുഗന്ധം’ എന്നാണ്‌ പുസ്തകത്തിനു പേര്‌. അത് തന്റെ ജീവിതത്തിലേക്ക് പലപ്പോഴായി സ്രഷ്ടാവ് കാത്തുവെച്ച ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച കുറിപ്പുകളാണെന്ന് സാക്ഷ്യം. അതിലുമപ്പുറം ഇതൊരന്വേഷണത്തിന്റെ വിജയകരമായ പരിണിതി കൂടിയാണെന്ന് ഗ്രന്ഥകര്‍ത്താവിന്റെ ഇതിനുമുമ്പുള്ള കുറിപ്പുകളില്‍ നിന്ന് അനുമാനിക്കാനുമാവും. അങ്ങനെയൊക്കെയാവുമ്പോള്‍ ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംബന്ധിക്കണമെന്ന് തന്നെ എനിക്കു തോന്നി. അത് സാര്‍ത്ഥകമായി. പുസ്തകവും വാങ്ങി.

കോഴിക്കോട് നിന്നും കാസറഗോട്ടെ വീട്ടിലെത്തി കിടന്നുറങ്ങുന്നതിനു മുമ്പ് ഞാനാ പുസ്തകം വായിച്ചു. കിടക്കുമ്പോള്‍ എനിക്ക് എന്നെത്തന്നെ ചോദ്യം ചെയ്യാതിരിക്കാനായില്ല. ഏറെ ദാഹം തോന്നുന്ന ഒരുച്ചനേരത്ത് ലഭിക്കുന്ന ഒരു കോപ്പ ശുദ്ധജലത്തില്‍ പോലും സ്രഷ്ടാവിന്റെ അനുഗ്രഹത്തെ ദര്‍‌ശിക്കണം എന്നൊക്കെ ആഗ്രഹിക്കുമ്പൊഴും അത് ജീവിതത്തില്‍ എത്രമാത്രം പ്രാവര്‍ത്തികമാകുന്നുണ്ടെന്ന് ഉള്ളിലേക്ക് ചൂഴ്ന്നന്വേഷിക്കാന്‍ എനിക്ക് പ്രേരകമാകുന്നുണ്ട് ഈ ‘സുഗന്ധം’.

പ്രസന്നന്‍ കെ.പി എന്ന വ്യക്തി തന്റെ ആത്മകഥ വിസ്തരിച്ചു പ്രതിപാദിക്കുന്നില്ല ഈ പുസ്തകത്തില്‍. എന്നാല്‍, തന്റെ ജീവിതത്തിന്റെ ആത്മാംശമൊട്ടും ചോരാതെ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ്‌ ഓരോ അധ്യായവും രചിച്ചിട്ടുള്ളത്. അറിവുവെച്ചു തുടങ്ങുന്ന പ്രായം മുതല്‍ തന്നെ താന്‍ കണ്ടുതുടങ്ങിയ ജീവിതക്കാഴ്ച്ചകളില്‍ പലയിടത്തും മുറിപ്പെട്ടുപോകുന്ന നീതിയെ സങ്കടത്തോടെ നോക്കുന്ന പ്രസന്നനെ ഇതില്‍ കാണാം. അസ്വസ്ഥമായിപ്പോകുന്ന മനസ്സില്‍ ‘എന്തിനീ ജീവിതം’ എന്ന ചിന്ത പതിയെ പതിയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ആ ചിന്തയുടെ വികാസം തന്നെയാണ്‌ പ്രസന്നനെ വെളിച്ചത്തിലേക്കു വഴിനയിക്കുന്നതും.

അനീതിയില്‍ അസ്വസ്ഥനാവുമ്പൊഴും, ജീവിതത്തിലെ നിര്‍മ്മലമായ സ്നേഹാനുഭവങ്ങളെ അത്രതന്നെ ആഴത്തില്‍ മനസ്സില്‍ കൊത്തിവെക്കാനും അദ്ദേഹം മറക്കുന്നില്ല. ബാല്യകാലത്തെ ഒരനുഭവം ഇങ്ങനെയാണ്‌: ഹോക്കി കളിക്കാനായി കോവിലകത്തെ പറമ്പില്‍ നിന്നും കമ്പുകള്‍ വെട്ടിയ കുട്ടികളെ ഉടമ കൈയ്യോടെ പിടികൂടുന്നു. വിചാരണ കാണാനായി നിന്ന, നിരപരാധിയായ പ്രസന്നനെയാണ്‌ പക്ഷേ ഉടമ പിടിച്ചുകളഞ്ഞത്. നേരു വിവരിക്കാന്‍ മാത്രം ബലമില്ലാതിരുന്ന ആ ബാലന്റെ നിസഹായതയിലേക്ക് ‘ഞാനാണ്‌ അത് ചെയ്തത്’ എന്നുപറഞ്ഞ് രക്ഷയുമായി വന്ന കൂട്ടുകാരന്റെ നിലപാടിനെ നീതിയുടെ സംസ്ഥാപനത്തിനായുള്ള പരിശ്രമമായി പ്രസന്നന്‍ ഓര്‍ത്തുവെക്കുന്നുണ്ട്.

മുതിര്‍ന്നതിനു ശേഷമുള്ള ട്രെയിന്‍ യാത്രകളിലൊന്നില്‍ ഉണ്ടായൊരനുഭവം പുസ്തകത്തിന്റെ അവസാനതാളുകളില്‍ പരാമര്‍ശിച്ചുകാണാം. സീസണ്‍ ടിക്കറ്റുകാര്‍ റിസര്‍‌വ്വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറുന്ന സര്‍‌വ്വസാധാരണമായൊരനുഭവമാണത്. എന്നാല്‍ അങ്ങനെ കയറിപ്പോയ അയമുട്ടി മാപ്ല ‘മോനേ, ഇത് റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റ് ആയിപ്പോയല്ലോ’ എന്ന് സങ്കടപ്പെടുകയും തിരിച്ചിറങ്ങാന്‍ തുനിയുകയും ചെയ്യുന്നു. വണ്ടി വിടാറായതിനാല്‍ അങ്ങനെ ചെയ്യരുതെന്ന് വിലക്കിയിട്ടും, തനിക്ക് അര്‍ഹതയില്ലാത്ത ഒരു ആനുകൂല്യം അരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ള അയമുട്ടി മാപ്ല കമ്പാര്‍ട്ടുമെന്റ് മാറിക്കേറുക തന്നെ ചെയ്തു. അനീതിയുടെ കാഴ്ച്ചകളില്‍ മുറിവേറ്റും നന്മയുടെ നേര്‍ത്ത അനുഭവങ്ങളെപ്പോലും ദൃഷ്ടാന്തങ്ങളായി ഹൃദയത്തിലേറ്റിയും മുന്നേറുന്ന ജീവിതയാത്രയുടെ സരളമായ പ്രതിപാദനം തന്നെയാവുന്നു ‘സമാധാനത്തിന്റെ സുഗന്ധം’. അത്തരം ദൃഷ്ടാന്തങ്ങള്‍ ചിന്തയിലുണ്ടാക്കിയ സ്വാധീനമാണ്‌ തന്റെ വഴി തെളിച്ചുതന്നതെന്ന് ഈ പുസ്തകത്തിലൂടെ പറയുകയാണ്‌ ഗ്രന്ഥകാരന്‍. നീതിക്ക് വേണ്ടി അധ്വാനത്തെ വ്യയം ചെയ്യുമ്പോഴാണ്‌ ‘തൗഹീദ്’ ഒരേ സമയം വിശ്വാസവും വിപ്ലവവും ആയിത്തീരുന്നത് എന്ന ആശയത്തെ പറയുക മാത്രമല്ല, ജീവിതത്തില്‍ നിന്ന് അതിന്റെ ചീന്തുകള്‍ അനുവാചകരിലേക്ക് പകര്‍ന്നുതരുക കൂടി ചെയ്യുകയാണ്‌ പ്രസന്നന്‍ തന്റെ പുസ്തകത്തിലൂടെ.

നീതിയെയും അറിവിനെയും സംബന്ധിച്ച് നിരന്തരമന്വേഷിക്കുന്ന അദ്ദേഹം ആത്യന്തികമായി എത്തിച്ചേരുന്നൊരറിവുണ്ട്. ‘പൂര്‍ണ്ണമായ നീതി’ യും ‘പൂര്‍ണ്ണമായ അറിവും’ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നതാണത്. ഭൗതികലോകത്ത് നീതിക്കും നന്മയ്ക്കും വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത നയനിലപാടുകളും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണ്‌ ഒരാളുടെ ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് എന്നറിയുമ്പൊഴും, ‘പൂര്‍ണ്ണമായ നീതി’ ഭൗതികതയ്ക്ക് അപ്രാപ്യമാണ്‌ എന്നദ്ദേഹം പറഞ്ഞുവെക്കുന്നു. ആ അന്വേഷണമാണ്‌ ശരിയായ ദൈവത്തിന്റെ ഉണ്മയെയും പരലോകബോധത്തെയും മനുഷ്യനില്‍ ഊട്ടിയുറപ്പിക്കുന്നത് എന്ന് സ്വന്തം ജീവിതം സാക്ഷ്യം നിര്‍ത്തി അദ്ദേഹം പറയുന്നു. ‘എല്ലാ അറിവുള്ളവര്‍ക്കും മേലെ അറിവുള്ളവനായൊരുവന്‍’ എന്ന് ഖുര്‍‌ആന്‍ സൂറഃ യൂസുഫ് (76) ല്‍ വിവരിക്കുന്ന അറിവിന്റെ പൂര്‍ണ്ണതയെ തന്നെയാണ്‌ പ്രസന്നന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നത് എന്നര്‍ത്ഥം.

കൂടുതല്‍ അറിയുന്തോറും അറിവിന്റെ ആ പൂര്‍ണ്ണതയെ വണങ്ങുകയാണ്‌ മനുഷ്യന്‍ ചെയ്യേണ്ടതെന്ന് ശ്രീനാരായണഗുരു തന്റെ ആത്മോപദേശശതകം ആരംഭിക്കുന്നിടത്ത് പറയുന്നുവല്ലോ.

[അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-
ന്നുരുവിലുമൊത്തു
പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം]

നീതിയുടെ സംസ്ഥാപനം ലക്ഷ്യമാക്കി ജീവിക്കുന്ന വിശ്വാസികളെ സംബന്ധിച്ച് സമൂഹത്തില്‍ മഹാഭൂരിപക്ഷവും ഇപ്പൊഴും പുലര്‍ത്തിപ്പോരുന്ന വികലമായ ധാരണകള്‍ തന്റെയും തുടക്കത്തിലെ ധാരണകള്‍ തന്നെയായിരുന്നുവെന്ന് പുസ്തകം ആരംഭിക്കുന്നിടത്ത് ഗ്രന്ഥകാരന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ‘അല്ലാഹു അക്‌ബര്‍’ എന്ന് പള്ളിയില്‍ നിന്ന് കേള്‍ക്കുമ്പോള്‍, ‘നിങ്ങള്‍ മുസ്ലിംകള്‍ എന്തിനാണ്‌ ഇപ്പൊഴും അക്‌ബര്‍ ചക്രവര്‍ത്തിയെ പ്രകീര്‍ത്തിക്കുന്നതെ’ന്ന ചോദ്യം ഇപ്പൊഴും സമൂഹത്തില്‍ നിന്ന് മുഴങ്ങുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. വായിക്കാനും അറിയാനും തയ്യാറുള്ളവര്‍ക്ക് ഇത് എളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂവെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു അദ്ദേഹം.

മനുഷ്യന്‍ എപ്പോഴും എന്തിനെയെങ്കിലും ആരാധിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനെയും ആരാധിക്കുന്നില്ലെന്നു പറയുന്നവന്‍ സ്വന്തം ഇച്ഛയെയെങ്കിലും ആരാധിക്കുന്നുണ്ട്. സത്യത്തില്‍ മനുഷ്യന്‍ എന്തിനെയെങ്കിലും ആരാധിക്കേണ്ട ആവശ്യമുണ്ടോയെന്നും, ഉണ്ടെങ്കില്‍ അങ്ങനെയൊരു ആരാധന അര്‍ഹിക്കുന്നവന്‍ തന്നെയാവില്ലേ ‘ദൈവം’ എന്നുമുള്ള ചിന്ത തന്നെ മഥിച്ചുതുടങ്ങിയ ആദ്യകാലത്തെ ഗ്രന്ഥകാരന്‍ ‘ആരാധന’ എന്ന അധ്യായത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ഒരാളുടെ ജീവിതം അയാള്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണ്‌ ആത്യന്തികമായി കെട്ടിപ്പടുക്കുന്നത്, അതാണ്‌ അയാളുടെ ദൈവം എന്ന താത്വികമായ നിലപാട് ഒടുക്കം പരാമര്‍ശിക്കുന്നു.

‘കാഴ്ച്ചകള്‍’ എന്ന് ഭാഗീകരിച്ച പുസ്തകത്തിന്റെ ആദ്യഭാഗത്ത് തൗഹീദിലേക്ക് തന്നെ വഴിനയിച്ച ചിന്തകളെ, കാഴ്ച്ചകളെ, വായനകളെ, സൗഹൃദങ്ങളെ, അനുഭവങ്ങളെയൊക്കെ ഒറ്റവാക്കിലൊതുങ്ങിയ തലക്കെട്ടുകള്‍ക്ക് താഴെ ഓര്‍ത്തെടുത്തുവെക്കുകയാണ്‌ ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഏതൊരാള്‍ക്കും ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന വിധം ലളിതമായി വിവരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കു ചുവടെ, ഓരോ അധ്യായവുമായും ചേര്‍ന്നുപോകുന്ന ഖുര്‍‌ആന്‍ സൂക്തങ്ങള്‍ കൂടി ഉദ്ധരിക്കുന്നുണ്ടദ്ദേഹം. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തനിക്കു മുമ്പിലേക്കു വന്ന ദൃഷ്ടാന്തങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ജീവിതത്തെ താന്‍ പരിവര്‍ത്തിപ്പിച്ചുവെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് അത്തരം അനുഭവങ്ങളെ ദൃഷ്ടാന്തങ്ങളെന്ന് വിളിക്കണം എന്ന ചോദ്യത്തിന്റെ മറുപടികൂടിയാവുന്നുണ്ട് വേദവാക്യങ്ങളുടെ ഈ കോര്‍ത്തുവെപ്പ്.

പരിവര്‍ത്തനത്തിന്റെയും പരിപൂര്‍ണ്ണമായുള്ള പരമകാരുണികനിലേക്കുള്ള കീഴൊതുങ്ങലിന്റെയും ഓര്‍മ്മക്കുറിപ്പുകള്‍ക്കു പിറകെ ‘വായനകള്‍’ എന്ന രണ്ടാം ഭാഗം വരുന്നുണ്ട്. മുസ്ലിം സമൂഹത്തിലെ അംഗമെന്ന നിലയില്‍ മുസ്ലിംകളെയും, ഇസ്ലാമിലേക്ക് കടന്നുവരുന്നവരെയും, പൊതുസമൂഹത്തെയും വായിച്ചെടുക്കുന്നവന്റെ കാഴ്ച്ചപ്പാടുകളാണ്‌ മുഖ്യമായും ഈ ഭാഗത്ത് കടന്നുവരുന്നത്. മുസ്ലിംകളോടായാലും പൊതുസമൂഹത്തോടായാലും പ്രസന്നന്‍ പങ്കുവെക്കുന്ന കാഴ്ച്ചപ്പാടുകള്‍ പക്വത നിറഞ്ഞതാണ്‌.

മതംമാറ്റം വര്‍ത്തമാനകാല പരിസരത്ത് വലിയ ആഘോഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമാവുമ്പോള്‍, അതൊന്നുമില്ലാത്ത സ്വാഭാവികതയില്‍ അവനവന്റെ ബോധ്യങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും തീര്‍ത്തും വ്യതിരിക്തങ്ങളായ ബോധ്യങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ക്കെല്ലാം എങ്ങനെ സമാധാനപൂര്‍‌ണ്ണമായി ഒത്തൊരുമിക്കാനാവുമെന്നും പ്രസന്നന്‍ തന്റെ ജീവിതം കൊണ്ടും അത്തരം ജീവിതം സൃഷ്ടിക്കുന്നവരുടെ അനുഭവങ്ങള്‍ കൊണ്ടും നമ്മിലേക്ക് പകരുന്നു. താനും ഇണയും മക്കളും ഒരു മുറിയില്‍ മഗ്‌രിബ് (സന്ധ്യാ) നമസ്ക്കാരം നിര്‍‌വ്വഹിക്കുമ്പോള്‍ മറ്റൊരു റൂമില്‍ അമ്മ നാമം ചൊല്ലുകയും ഇതിലൊന്നും പങ്കെടുക്കാതെ സഹോദരി പുറത്ത് ഉലാത്തുകയും ചെയ്യുന്ന മനോഹരമായ മതേതരത്തം പുലരുന്ന ഒരു വീടും പരിസരവും പ്രസന്നന്‍ പരിചയപ്പെടുത്തുന്നു.

ഇത്തരത്തില്‍ വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കൊപ്പം ഇഴകള്‍ തുന്നിച്ചേര്‍ത്ത് ഒരു സമൂഹമായി കഴിയാന്‍ പ്രവാചകന്‍ മുഹമ്മദ് [സ] പഠിപ്പിച്ചതിന്റെ ബാക്കിപത്രമാണ്‌ അവിടുന്ന് മരണപ്പെടുമ്പോള്‍ തന്റെ പടയങ്കി ഒരു ജൂതന്റെയടുക്കല്‍ പണയത്തിലാണെന്ന് നമ്മള്‍ വായിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

പുസ്തകത്തിലുടനീളം പക്വതയും ലാളിത്യവും കൈവിട്ടുപോകാത്ത വിശ്വാസിയുടെ മനസ്സ് പ്രകടമാകുന്നുണ്ട്. പേരു കൊണ്ടും പാരമ്പര്യം കൊണ്ടും കൈവന്ന വിശ്വാസത്തിന്റെ പേരില്‍ അഹന്ത നടിക്കുകയും കിട്ടിയ അവസരങ്ങളിലെല്ലാം ഇതരനെ പഠിപ്പിക്കാന്‍ നില്‍ക്കുകയും ചെയ്യുന്ന പാരമ്പര്യ വിശ്വാസികള്‍ക്കു മുന്നില്‍, പേരു മാറ്റാതെ തന്നെ ഇബ്രാഹീം പാരമ്പര്യത്തെ ഇത്രമേല്‍ ഉള്‍ക്കാഴ്ച്ചയോടെ വിവരിക്കുന്ന ഒരാളുടെ കുറിപ്പുകൾ ചോദ്യചിഹ്നമാവുമെന്നതില്‍ സംശയമില്ല.

പ്രസാധനം : വചനം ബുക്സ്, മാവൂർ റോഡ്, കോഴിക്കോട്
വില : 170

Facebook Comments
Related Articles
Show More
Close
Close