Current Date

Search
Close this search box.
Search
Close this search box.

തലച്ചോർ എന്ന നമുക്കുള്ളിലെ അനന്തപ്രപഞ്ചം

പത്തു വർഷത്തോളം ബൈലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ഡയറക്ടറും പിന്നീട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനുമായി സേവനമനുഷ്ഠിക്കുന്ന പ്രശസ്ത ന്യൂറോസയന്റിസ്റ്റായ ഡേവിഡ് ഈഗിൾമാൻ ആണ് The Brain: The Story of You എന്ന ഈ പുസ്തകം രചിച്ചത്. ന്യൂറോബയോളജിയെപ്പറ്റി ദീർഘമായ ഗവേഷണങ്ങൾ നടത്തിയ അദ്ദേഹം, നമ്മെയും നമ്മുടെ ജീവിതത്തെയുമെല്ലാം നിർവചിക്കുന്ന മനുഷ്യന്റെ ആന്തരിക പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി പഠിക്കാനായി കൂടുതൽ ആളുകളെ ആകർഷിക്കാനെന്നോണം ബിബിസി, ടെഡ് പോലുള്ള ചർച്ചാ വേദികളിൽ സ്ഥിരം സാന്നിധ്യമാണ്.
രണ്ടു വർഷത്തോളം നീണ്ട അക്കാദമിക പഠനങ്ങൾക്ക് ശേഷം എന്റെ വായനാശീലം പുനരുജ്ജീവിപ്പിക്കാനായി ഈ പുസ്തകം തെരെഞ്ഞെടുത്തത് ഒട്ടും തെറ്റായില്ലെന്നാണ് ഇതു വായിച്ചു തീർന്നപ്പോൾ തോന്നിയത്. നമുക്കുള്ളിലെ പ്രപഞ്ചത്തിലേക്ക് നമ്മെ വഹിച്ചു പോകുന്ന യാത്രയാണ് തലച്ചോറ്. എങ്ങനെയാണ് നമ്മുടെ ജീവിതം തലച്ചോറിന് ദിശാബോധം നൽകുന്നതെന്നും അത് തിരിച്ച് നമ്മുടെ തലച്ചോറിനെ എങ്ങനെ രൂപപ്പെടുത്തുന്നതെന്നുമുള്ള കഥയാണതിൽ.

ശരിക്കും പറഞ്ഞാൽ അറിവിന്റെ കടലിലേക്ക് ഊളിയിടുന്നത് പോലെയോ അല്ലെങ്കിൽ അനന്തമായ ലോകത്തേക്ക് പ്രവേശിക്കുന്നത് പോലെയോ ഉള്ള അനുഭവം. ജീവികളുടെ ലോകത്തെ കാര്യമെടുത്താൽ നമ്മൾ വികാസത്തിൽ അവരെക്കാൾ എത്രയോ പിന്നിലാണെന്ന കാര്യം ചർച്ച ചെയ്തുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത് തന്നെ. സീബ്രകൾ ജനിച്ച് 45 മിനിറ്റിനകം ഓടാനും ജിറാഫിന് മണിക്കൂറുകൾക്കകം എണീറ്റുനിൽക്കാനും ഡോൾഫിന് ജനിച്ച നിമിഷത്തിൽ തന്നെ നീന്താനും സാധിക്കുമെങ്കിൽ മനുഷ്യക്കുഞ്ഞിന് എണീറ്റുനിൽക്കാനും നടക്കാനും മാസങ്ങളെടുക്കും. ഈ കാര്യങ്ങൾ നമ്മൾ മറ്റു ജീവികളേക്കാൾ വളരെ പിന്നിലാണെന്ന് തോന്നിക്കുമെങ്കിലും അപൂർണരായി ജനിക്കുനതാണ് നമ്മുടെ ഏറ്റവും വലിയ ഒരു നേട്ടം. നമ്മുടെ ചുറ്റുപാടുകൾക്കനുസരിച്ച് നമ്മുടെ തലച്ചോറിന്റെ വ്യവസ്ഥയെ മാറ്റിപ്പണിയാൻ അത് നമ്മെ പ്രാപ്തരാക്കുകയും അത് ഭൂലോകത്തെ ഏതു സാഹചര്യത്തോടുമിണങ്ങാൻ പറ്റുന്നവരായി നമ്മെ മാറ്റുകയും ചെയ്യും.

Also read: സാലിമി(റ)ന്റെ മുലകുടിയും പ്രായപൂര്‍ത്തിയാവാത്ത യുക്തിവാദികളും

തലച്ചോറിനകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രൂണിങ് പോലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിവുപകരുന്ന ഈ പുസ്തകം അവ നമ്മുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയുമെല്ലാം എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ രൂപരേഖ നൽകുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങളും ജീവിതരീതികളും നമ്മൾ ഇടപഴകുന്ന വലിയവരുൾപ്പെടെയുള്ള ആളുകളുമെല്ലാം അതിനെ വലിയ തോതിൽ സ്വാധീനിക്കുന്നു. ഇതിന് തെളിവായി അദ്ദേഹം തന്റെ ചില ഗവേഷണ ഫലങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ലണ്ടനിലെ ടാക്സി ഡ്രൈവർമാർക്കിടയിൽ നടത്തിയ പഠനത്തിൽ ലണ്ടന്റെ ഓരോ മിടിപ്പുമറിയാവുന്നവരാക്കി അവരെ മാറ്റുന്ന കഠിന പരിശീലനത്തിന് അവരുടെ തലച്ചോറ് രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം ഐൻസ്റ്റീന്റെ ബുദ്ധിയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഇഷ്ട വിനോദമായ വയലിൻ വായന വലിയ തോതിൽ സ്വാധീനിക്കുകയും ചെയ്തുവെന്ന് നിരീക്ഷിക്കുകയുണ്ടായി.

മുന്നോട്ടുപോകും തോറും ഈ പുസ്തകം തലച്ചോറിന്റെ ഇലാസ്തികത, ഓർമയുടെ ഭ്രംശങ്ങൾ, മനുഷ്യർ വിചാരിക്കാത്ത കാര്യങ്ങൾ പോലും അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ശാസ്ത്രീയമായ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം അത് ചർച്ച ചെയ്യുകയും synesthesia പോലുള്ള മെന്റൽ ഡിസോർഡറുകൾ നേരിടുന്നവരിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. അവരുടെ ജീവിതവും അനുഭവങ്ങളുമെല്ലാം നമുക്ക് അനാവൃതമാക്കി തരുന്നത് തലച്ചോറ് എന്ന അനന്ത പ്രപഞ്ചത്തെയാണ്‌.

ബോധ മനസ്സ് എന്നത് നമ്മുടെ ന്യൂറൽ സംവിധാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും, നമ്മുടെ ജീവിത രീതികളും സ്വഭാവങ്ങളും ചുറ്റുപാടുകളുമെല്ലാം രൂപപ്പെടുത്തുന്ന അബോധ മനസ്സ് എന്ന നമ്മുടെ നിയന്ത്രണത്തിലല്ലാത്ത വലിയൊരു ഭാഗം തലച്ചോറിനുണ്ടെന്നും വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. അധിക സമയവും നാം ഓട്ടോ പൈലറ്റ് അല്ലെങ്കിൽ അബോധ മനസ്സിന്റെ നിയന്ത്രണത്തിലാണെന്നും രണ്ടു ബോധതലങ്ങൾക്കുമിടയിലുള്ള വ്യത്യാസം എന്താണെന്നും അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തുന്നു. The Chinese Room Argument, Trolley Dilemma എന്നിവ പോലെ നമ്മെ അത്ഭുതപ്പെടുത്തിക്കളയുന്ന ഒട്ടേറെ ചിന്താ പരീക്ഷണങ്ങളിലൂടെ അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നു.

Also read: ചിന്തിക്കൂ, നന്ദിയുള്ളവരാകൂ

നാസികൾ ജൂതന്മാരെ ഹോളോകോസ്റ്റ് നടത്തിയത് അടക്കമുള്ള ചരിത്രത്തിലുടനീളം നടന്നിട്ടുള്ള ഒട്ടേറെ കൂട്ട വംശഹത്യകളെ അദ്ദേഹം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. സമാനമായ സംഭവങ്ങളായിരുന്നു ഓട്ടോമൻ തുർക്കികൾ 1915ൽ ഒരു മില്യനിലേറെ അർമേനിയൻ വംശജരെ കൊന്നൊടുക്കിയതും 1937 ലെ നാൻകിങ് കൂട്ടക്കൊലയും അടുത്തിടെ തൊണ്ണൂറുകളിൽ നടന്ന യുഗോസ്ലാവിയൻ യുദ്ധത്തിൽ ആയിരക്കണക്കിന് സെർബിയൻ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത് വംശ ശുദ്ധി നടത്തിയതുമെല്ലാം.

മേൽപറഞ്ഞ ചരിത്രത്തിലെ ഇരുണ്ട ഏടുകളെ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നമ്മളെല്ലാം വീക്ഷിച്ചിട്ടുണ്ടെങ്കിലും ന്യൂറോളജിക്കൽ കാഴ്ചപ്പാടിലൂന്നി ഈഗിൾമാൻ നടത്തിയ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. ജനസാമാന്യത്തിന്റെ തലച്ചോറിൽ വന്ന മാറ്റങ്ങൾ അവരുടെ പ്രതികരണ ശേഷിയെ ഇല്ലാതാക്കുകയും മേൽ പറഞ്ഞതൊന്നും പ്രശ്നകരമല്ലാതാക്കി മാറ്റുകയും ചെയ്തു. Dehumanisation എന്ന് അദ്ദേഹം വിളിക്കുന്ന തലച്ചോറിലെ ഈ മാറ്റങ്ങൾ മനുഷ്യരെ വെറും വസ്തുക്കളായി കാണുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്തു. ഇരകളെ മനുഷ്യരല്ലാതാക്കി മാറ്റുന്ന ഇ വംശഹത്യാ ഉപകരണം ഉപയോഗിച്ചാണ് സെർബിയയിലും നാസി ജർമനിയിലുമെല്ലാം അവർ ഒരുപാട് മനുഷ്യരെ അമർച്ച ചെയ്തത്.

മനുഷ്യബുദ്ധിയെ വളരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന പ്രൊപഗണ്ട എന്ന ആയുധമുപയോഗിച്ചാണ് അവർ ഈ കൂട്ട നശീകരണങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കിയതെന്ന് ഈഗിൾമാൻ എഴുതുന്നു. യുദ്ധസമയത്ത്, മാധ്യമ സ്ഥാപനങ്ങളെല്ലാം സെർബിയൻ ഗവണ്മെന്റ് കയ്യേറുകയും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത്രെ. സെർബുകൾക്കെതിരെ ബോസ്നിയൻ മുസ്ലിംകളും ക്രോട്ടുകളും വംശീയ ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന് അവർ പൗരൻമാർക്കിടയിൽ കുപ്രചരണം നടത്തി. സെർബിയൻ വംശജരായ കുട്ടികളെ ബോസ്നിയൻ മുസ്‌ലിംകൾ സിംഹത്തിനു തീറ്റയായി എറിഞ്ഞുകൊടുത്തെന്നു വരെ അവിടെയുള്ള മുൻനിര മാധ്യമങ്ങൾ പോലും കൊട്ടിഘോഷിക്കുകയുണ്ടായി.

Also read: ആത്മാഭിമാനത്തിന്റെ പോരാട്ടത്തിന് 99 വയസ്സ്‌

ഇത്രയും ഭയാനകവും ദുഃഖകരമായ മനുഷ്യരല്ലാതാക്കൽ പ്രക്രിയകൾക്ക് കാലമേറെ കഴിഞ്ഞിട്ടും ഒരു ശമനവുമില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇനിയുള്ള കാലത്ത് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളൊഴിവാക്കാൻ കുപ്രചരണങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുകയും അവയാൽ സ്വാധീനിക്കപ്പെടാതിരിക്കുകയും മാത്രമാണ് പ്രതിവിധി.

പുസ്തകത്തിന്റെ അവസാന ഭാഗത്ത്, ഇപ്പോൾ മനുഷ്യ സംസ്കാരം എവിടെയെത്തി നിൽക്കുന്നുവെന്നും അതിനെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ബുദ്ധിയുടെ പങ്കെന്തെന്നും അടയാളപ്പെടുത്തുകയാണ് രചയിതാവ്. റെറ്റിനൽ ഇംപ്ലാന്റ് പോലുള്ള മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരുന്ന ടെക്നോളജിക്ക് വരുംകാലത്ത് ഐൻസ്റ്റീനെയും ഹോക്കിംഗിനെയും പോലുള്ള പ്രതിഭകളുടെ ബുദ്ധിയെ സൂക്ഷിച്ചു വെക്കാവുന്ന തരത്തിൽ മുന്നേറാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുന്നു. ശരിക്കും അവിസ്മരണീയമായൊരനുഭവം തന്നെയായിരുന്നു ഈ പുസ്തകത്തിന്റെ വായന. ഏറെ അൽഭുതത്തോടെയാണ് ഓരോ അധ്യായവും വായിച്ചു തീർത്തതും.

The Brain – The Story of You
David Eagleman, Neuroscientist
Canon Gate Publishers Edinburgh, London

വിവ- അഫ്സൽ പിടി മുഹമ്മദ്

Related Articles