Current Date

Search
Close this search box.
Search
Close this search box.

ഇമാം ഗസ്സാലിയുടെ ഉപദേശങ്ങൾ

ഇസ്‌ലാമിന് വേണ്ടി സംഘടന എന്ന അവസ്ഥയിൽനിന്ന് മാറി സംഘടനക്ക് വേണ്ടി ഇസ്‌ലാം എന്ന പരുവത്തിലേക്ക് മുസ്‌ലിംകളിൽ പലരും എത്തിപ്പെടാറുണ്ട്. തന്റെ സംഘടനയുടേതല്ല എന്ന കാരണത്താൽ മാത്രം പല നന്മകൾക്ക് നേരെയും കണ്ണടക്കുകയും അവരുടെ വീഴ്ചകൾ പൊലിപ്പിച്ചുകാണിക്കുകയും ചെയ്യുന്ന പ്രവണത അത്തരക്കാരിൽ ദർശിക്കാം. ശാഖാപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പോലും പരസ്പരം ളാല്ലും മുളില്ലും മുബ്തദിഉം കാഫിറുമൊക്കെയായി ചാപ്പകുത്തുന്നവരും കുറവല്ല. തെറ്റിപ്പിരിയാനും ഐക്യപ്പെടാതിരിക്കാനും എന്തുണ്ട് വഴി എന്നതായിരിക്കും അവരുടെ ഗവേഷണ വിഷയം. തന്റെ എതിർ വീക്ഷണക്കാരന്റെ വാചകങ്ങൾ ഉദ്ധരിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കാനും വിമർശിക്കാനുള്ള സൗകര്യത്തിനും വേണ്ടി വാചകങ്ങൾ കട്ടുമുറിക്കലും കോട്ടിമാട്ടലും സാധാരണമാകുന്നത് അങ്ങനെയാണ്. ഇന്ന് മാത്രമല്ല പണ്ടുകാലത്തും അതുണ്ടായിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങളിൽ പലതും ഖുർആനോ സുന്നത്തോ ഖണ്ഡിതമായി പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ല, വ്യാഖ്യാനങ്ങളുടെ പേരിലാണ് എന്നതാണ് ഏറെ ഗൗരവതരമായ കാര്യം. ഗർഹണീയവും.

ഇമാം അബുൽ ഹസൻ അൽഅശ്അരി എഴുതുന്നു: “ചിലർ മറുകക്ഷിയുടെ വാദം ഉദ്ധരിക്കുന്നതിൽ വീഴ്ചവരുത്തുന്നു. ചിലർ അബദ്ധം ചെയ്യുന്നു. എതിർ വിഭാഗക്കാരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുമ്പോൾ പലതും വിട്ടുകളയുന്നവരാണ് ഒരു കൂട്ടർ. എതിരാളികളുടെ വാദഗതികളോട് പലതും കൂട്ടിച്ചേർക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഇതിനൊക്കെ തങ്ങൾ നിർബന്ധിതരാണെന്നത്രെ അവരുടെയൊക്കെ ധാരണ. ഇത് റബ്ബാനികളുടെയോ വിവേചനാധികാരം പുലർത്തുന്ന ബുദ്ധിമാന്മാരുടെയോ രീതിയല്ല.” (‘മഖാലതുൽ ഇസ്‌ലാമിയ്യീൻ’ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽനിന്ന്.)

കക്ഷിത്വപരമായ പക്ഷപാതിത്വം ഫണം വിടർത്തിയാടിയിരുന്ന കലുഷിത മത-രാഷ്ട്രീയ സാഹചര്യത്തിൽ മനം നൊന്ത് പ്രതിഭാധനനും ചിന്തകനുമായ ഇമാം ഗസ്സാലി, കക്ഷിത്വത്തിന്റെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് ചെറുതെങ്കിലും കാമ്പുള്ള ഒരു കൃതി രചിക്കുകയുണ്ടായി. ‘ഫൈസലുത്തഫ്‌രിഖ: ബൈനൽ ഇസ്‌ലാമി വസ്സന്തഖ:’ (ഇസ്‌ലാമിനും നിഷേധത്തിനുമിടയിലെ വേർതിരിവിന്റെ സൂക്ഷ്മ വിധി) എന്നാണ് അതിന്റെ പേര്.

ഈ പുസ്തകം ‘കക്ഷി വഴക്ക്: ഇസ്‌ലാമിക കാഴ്ചപ്പാട്’ എന്ന പേരിൽ ഇഎൻ ഇബ്‌റാഹീം മൗലവി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ധിഷണ ബുക്സ് ചെറുവാടി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉള്ളടക്കം കൊണ്ടും വിവർത്തകന്റെ മുഖക്കുറിപ്പ് കൊണ്ടും ശ്രദ്ധേയമാണെങ്കിലും എന്തുകൊണ്ടോ മലയാളക്കരയിൽ വലിയ പ്രചാരം ലഭിച്ചിട്ടില്ലാത്ത ഒരു കൃതിയാണിത്. പ്രസ്തുത കൃതിയിൽനിന്നുള്ള ഏതാനും ഉദ്ധരണികളാണ് താഴെ. എന്തിന്റെ പേരിലാണെങ്കിലും, സംഘടനാ സങ്കുചിതത്വവും ഗ്രൂപ്പിസവുമൊക്കെ സത്യത്തെ മൂടിവെക്കാനുള്ള നിമിത്തമാകാതിരിക്കാൻ ഈ ഉപദേശങ്ങൾ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു:

ഉമവികളെക്കുറിച്ച് ഒരു കവി പാടി: ‘അവർ കക്ഷികളായിപ്പിരിഞ്ഞു. ഓരോ ഗോത്രത്തിനും ഓരോ അമീറുൽ മുഅമീനിനും ഓരോ മിമ്പറും!’
ശൗഖി ചോദിക്കുന്നു: ‘നിങ്ങൾക്കിടയിലെ ഈ ഭിന്നത ഏതുവരെ? ഈ വലിയ ഒച്ചപ്പാട് എന്തിന്റെ പേരിൽ? എന്തിനുവേണ്ടി നിങ്ങൾ പരസ്പരം തന്ത്രം മെനയുന്നു? ശത്രുതയും കക്ഷിത്വവും പ്രകടിപ്പിക്കുന്നത് എന്തിന്റെ പേരിൽ?’

‘അശ്അരിയുടെ കാഴ്ചപ്പാടിന്, അല്ലെങ്കിൽ മുഅതസിലിയുടെ അഭിപ്രായത്തിന്, അതുമല്ലെങ്കിൽ ഹമ്പലിയുടെയോ മറ്റാരുടെയെങ്കിലുമോ അഭിപ്രായത്തിന് വിരുദ്ധമാവലാണ്‌ കുഫ്‌റിന്റെ അതിരെന്ന് ഒരാൾ വാദിക്കുന്നുവെങ്കിൽ അറിയുക, അയാൾ വഞ്ചകനും വിഡ്ഢിയുമാണ്. അനുകരണം അയാളെ വരിഞ്ഞുകെട്ടിയിരിക്കുന്നു. അയാളെ നന്നാക്കിക്കളയാമെന്ന് കരുതി സമയം പാഴാക്കാതിരിക്കുക. അയാളെ ഉത്തരം മുട്ടിക്കാൻ എതിർ കക്ഷിയുടെ വാദം മാത്രം മതിയാവും താങ്കൾക്ക് ന്യായവാദമായി. കാരണം തനിക്കും തന്റെ എതിർ ചേരിയിലെ അനുകർത്താക്കൾക്കും ഇടയിൽ എന്തെങ്കിലുമൊരു വ്യത്യാസമോ തീർപ്പോ കണ്ടെത്താൻ അയാൾക്കാവുകയില്ല.’

‘ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹ്’ എന്ന് സത്യസന്ധമായി ഉരുവിടുകയും അതിന് വിരുദ്ധം പ്രവർത്തിക്കാതിരിക്കുകയും അത് മുറുകെ പിടിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെക്കുറിച്ച് അവരുടെ മാർഗങ്ങൾ വ്യത്യസ്തങ്ങളെങ്കിൽ പോലും നാവിൽ വന്നതെന്തും വിളിച്ചുപറയുകയും അവർക്കെതിരിൽ കുഫ്ർ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതിൽനിന്ന് താങ്കൾ വിട്ടുനിൽക്കുക. അല്ലാഹുവിന്റെ ദൂതരെ അദ്ദേഹം കൊണ്ടുവന്ന ഏതെങ്കിലും ഒരു കാര്യത്തിൽ തള്ളിപ്പറയലാണ് കുഫ്റ്. അദ്ദേഹം കൊണ്ടുവന്ന മുഴുവൻ കാര്യങ്ങളിലും അദ്ദേഹത്തെ ശരിവെക്കൽ ഈമാനും. കുഫ്‌റ്‌ സുവ്യക്ത പ്രമാണം വഴി ലഭിക്കണം. അല്ലെങ്കിൽ സുവ്യക്ത പ്രമാണത്തോട് തുലനം ചെയ്തുള്ള തീർപ്പാവണം… ഖണ്ഡിത തെളിവില്ലാതെ ഊഹത്തെ മാത്രം കണക്കിലെടുത്ത് വ്യാഖ്യാനത്തിന് മുതിരുന്ന ചിലരുണ്ട്. അത്തരക്കാരെക്കുറിച്ച് പോലും കാഫിറെന്ന് പറയാൻ ധൃതി കാണിക്കരുത്. എന്നല്ല, അത്തരക്കാരെക്കുറിച്ച് ചിന്തിച്ചുവേണം വല്ലതും പറയുന്നത്. അടിസ്ഥാനദർശങ്ങളും അവയുടെ സുപ്രധാന ഘടകങ്ങളുമായി ബന്ധപ്പെട്ടതല്ല വ്യാഖ്യാനമെങ്കിൽ നാം അവരെക്കുറിച്ച് കാഫിർ എന്ന് പറയുകയില്ല.’

‘വീക്ഷണങ്ങൾ രണ്ടുതരമാണ്. അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ശാഖാപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. മൗലിക വിശ്വാസം മൂന്നാണ്. അല്ലാഹുവിലും അവന്റെ ദൂതനിലും അന്ത്യനാളിലുമുള്ള വിശ്വാസം. അല്ലാത്തതൊക്കെ ശാഖകളാണ്. അറിയുക: ശാഖാ പ്രശ്നങ്ങളെച്ചൊല്ലി ഒരിക്കലും കാഫിറാക്കാൻ പാടില്ല. ഒരു കാര്യത്തിൽ മാത്രമാകാം, പ്രവാചകനിൽനിന്ന് അനിഷേധ്യമായി ലഭിച്ച ഏതെങ്കിലും ദീനീ അടിസ്ഥാനത്തെ നിഷേധിക്കലാണത്. എന്നാൽ അതിൽതന്നെ ചിലതിൽ കുറ്റപ്പെടുത്താനേ പറ്റൂ. മറ്റു ചിലതിന്റെ കാര്യത്തിൽ മുബ്തദിഅ* എന്ന് പറയാം. ഇമാമത്ത്, സ്വഹാബിമാരുടെ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദാഹരണം.’

‘അല്ലാഹുവിന് ‘ഉപരിതലം’ ഉണ്ടെന്ന് സമ്മതിക്കുന്ന കാര്യത്തിലും അർശിൽ ഇരിപ്പുറപ്പിക്കുന്നത് സംബന്ധിച്ച പ്രശ്നത്തിലും തിരുദൂതരെ തള്ളിപ്പറഞ്ഞു എന്ന് വാദിച്ചുകൊണ്ട് ഹമ്പലി, അശ്അരിയെക്കുറിച്ച് കാഫിറെന്ന് പറയുന്നു. അല്ലാഹുവിന് തുല്യനെ സങ്കൽപിക്കുന്നവനും അവന്ന് തുല്യം ഒന്നുമില്ല എന്ന കാര്യത്തിൽ തിരുദൂതരെ തള്ളിപ്പറയുന്നവനുമാണെന്ന് പറഞ്ഞ് അശ്അരി ഹമ്പലിയെ കാഫിറെന്ന് വിളിക്കുന്നു. അല്ലാഹുവിനെ ദർശിക്കാമെന്ന കാര്യത്തിലും അറിവ് കഴിവ് തുടങ്ങിയ ഗുണങ്ങൾ അല്ലാഹുവിന് അംഗീകരിച്ചുകൊടുക്കുന്ന കാര്യത്തിലും തിരുദൂതരെ തള്ളിപ്പറയുന്നു എന്ന് വാദിച്ച് അശ്അരി മുഅതസിലിയെ കാഫിറെന്ന് വിധിക്കുന്നു. അല്ലാഹുവിന് വിശേഷണങ്ങളുണ്ടെന്ന് പറയുക വഴി പൂർവികരിൽ കുഫ്‌റ്‌ ചാർത്തുകയും ഏകത്വ സിദ്ധാന്തത്തിന്റെ കാര്യത്തിൽ തിരുദൂതരെ തള്ളിപ്പറയുകയും ചെയ്യുന്നു എന്ന് ആരോപിച്ച് മുഅതസിലി അശ്അരിയെക്കുറിച്ച് കാഫിറെന്ന് പറയുന്നു. തള്ളിപ്പറയുക, ശരിവെക്കുക എന്നിവയുടെ നിർവചനവും യാഥാർഥ്യവും മനസ്സിലാക്കുമ്പോൾ മാത്രമേ ഈ അപകടത്തിൽനിന്ന് രക്ഷപ്പെടാൻ താങ്കൾക്ക് സാധിക്കുകയുള്ളൂ. പരസ്പരം കാഫിറാക്കുന്നതിൽ ഈ വിഭാഗങ്ങൾ കൈക്കൊള്ളുന്ന ധാരാളിത്തവും അതിർലംഘനവുമൊക്കെ അപ്പോൾ ബോധ്യമാവും.’

‘ഒരുപറ്റം വചനശാസ്ത്രകാരന്മാർ കടുത്ത തീവ്രവാദികളും ധൂർത്തന്മാരുമാണ്. അവർ മുസ്‌ലിം ബഹുജനത്തെ കാഫിർ എന്ന് വിധിച്ചുകളയുന്നു. അവരുടെ അറിവിനൊത്ത് വചനശാസ്ത്രം പഠിച്ചിട്ടില്ലാത്ത, തങ്ങൾ ശുദ്ധി ചെയ്തെടുത്ത തെളിവുകളുടെ പിൻബലത്തിൽ ഇസ്‌ലാമികാദർശങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത ആളുകൾ കാഫിറുകളാണെന്ന് അവർ വാദിച്ചുകളയുന്നു. ഇക്കൂട്ടർ ഒന്നാമതായി ചെയ്തിരിക്കുന്നത് അല്ലാഹുവിന്റെ വിശാലാനുഗ്രഹത്തെ മനുഷ്യർക്ക് അപ്രാപ്യമാക്കുകയാണ്. ഒരു ചെറിയ സംഘം വചനശാസ്ത്ര പടുക്കൾക്ക് വേണ്ടി അവർ സ്വർഗം സംവരണം ചെയ്തുകളഞ്ഞു. രണ്ടാമതായി ഖണ്ഡിത നബിചര്യയെ അവർ അവഗണിച്ചുകളഞ്ഞു…’

‘രണ്ട് മുസ്‌ലിംകളിൽ ഒരാൾ അപരനെക്കുറിച്ച് കുഫ്ർ ആരോപിച്ചുവെങ്കിൽ രണ്ടിലൊരാൾ അതുമായി തിരിച്ചുപോകും എന്നുള്ള തിരുദൂതരുടെ പ്രസ്താവമുണ്ട്. അപരനെക്കുറിച്ച് അയാൾ അല്ലാഹുവിന്റെ ദൂതനെ സത്യപ്പെടുത്തുന്നവനാണ് എന്ന് അറിയാമായിരിക്കേ കാഫിറെന്ന് പറയുന്നുവെങ്കിൽ ആ പറയുന്നവൻ കാഫിറായിത്തീരും… ഈ തത്വത്തെ ആഴത്തിൽ പരിഗണിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താങ്കളെ ഉണർത്തുകയാണ് ഞാൻ.’

Related Articles