Current Date

Search
Close this search box.
Search
Close this search box.

തസവ്വുഫ് : നാൾവഴികൾ

ഞങ്ങൾ ഒരു സലഫി ദഅവതും സുന്നീ ത്വരീഖതും സൂഫീ ഹഖീഖതും ആയതോടൊപ്പം തന്നെ ഒരു രാഷ്ട്രീയ കൂട്ടായ്മയും കായിക സംഘവും ശാസ്ത്രീയ സാംസ്കാരിക വേദിയും സാമ്പത്തിക വ്യവഹാരവും സർവ്വോപരി സാമൂഹിക ആശയവുമാണ് എന്ന് ആധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ് വാനെ പരിചയപ്പെടുത്തിയത് അതിന്റെ ശില്പി ശഹീദ് ഹസനുൽ ബന്നയാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏഷ്യൻ പതിപ്പായ ജമാഅതെ ഇസ്ലാമിയുടെ സംഘടനാപരമായ സാങ്കേതിക പദങ്ങളധികവും സ്ഥാപക നേതാവായ മൗലാനാ മൗദൂദിയുടെ കുടുംബത്തിന്റെ ത്വരീഖത് ബന്ധങ്ങളുടെ നാട്ടക്കുറികളാണ്.

ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങളുടെ വിശദാംശങ്ങളായ ഇസ്ലാം , ഈമാൻ , ഇഹ്സാൻ എന്നിവയിൽ ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങൾ ശരീഅതും ഫിഖ്ഹും കൈകാര്യം ചെയ്യുന്നത് പോലെ ഈമാന്റെ വിശദാംശങ്ങൾ അഖീദയും കലാമുമാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ അവ രണ്ടിന്റേയും പൂർണ്ണതയും സൗന്ദര്യവും സമ്മേളിക്കുന്നത് ഇഹ്സാന്റെ ലഭ്യതയിലൂടെയാണ്. ഇസ്ലാമിന്റെ തുടർച്ചയാണ് ഈമാനെങ്കിൽ ഈമാന്റെ വളർച്ചയാണ് ഇഹ്സാൻ.

ആത്മാവിനെയും ഹൃദയത്തെയും ബോധവൽക്കരിക്കുകയും അവയെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഇടമാണ് വാസ്തവത്തിൽ ഇഹ്സാൻ. ഇസ്‌ലാമിന്റെയും ഈമാനിന്റെയും തൂണുകൾക്ക് ശേഷം സമ്പൂർണ്ണ ദൈവിക മതത്തിന്റെ മൂന്നാമത്തെ സ്തംഭമായ ഇഹ്സാൻ പഠിപ്പിക്കുന്ന ആ ക്രമം ദീർഘമായ ഒരു പ്രവാചക വചനത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ നിലക്ക് തസവ്വുഫിനെ വ്യവഛേദിച്ച സലഫീ പണ്ഡിതനായ ഇബ്നുൽ ഖയ്യിമിന് ശേഷം ആ ശൈലിയിൽ ഇഹ്സാനെ കൈകാര്യം ചെയ്യാൻ സലഫി ചിന്താധാരക്ക് പിന്തുടർച്ചക്കാരില്ലാതെ പോയി.സൂഫികൾ സുന്നത്തും ഈമാനും ശരീഅതും പാലിച്ചുകൊണ്ട് ശുദ്ധ സലഫീ ബുദ്ധി കൂർമ്മതയിലേക്കു പ്രവേശിക്കുകയും ; സലഫീ ധാരക്കാർ റബ്ബിന്റെ മഅരിഫതിലേക്കെത്താൻ അവനോട് ചേർന്ന് നിന്ന് സൂഫി ഹൃദയ വിശുദ്ധിയിലേക്കും മടങ്ങേണ്ടതുണ്ട് എന്ന ഖറദാവിയുടെ ആഹ്വാനമാണ് ആ ദിശയിൽ പ്രത്യാശ നല്കുന്ന പാണ്ഡിത്യ ഗരിമയുള്ള ഇസ്ലാമിസ്റ്റ് വർത്തമാനം. തസ്വീഫുസ്സലഫിയ്യ എന്നും തസ് ലീഫു സ്സൂഫിയ്യ എന്നും അദ്ദേഹം പ്രഘോഷണം നടത്തുന്ന ആ മധ്യമ നിലപാടിലേക്ക് ചേർത്ത് വെക്കാൻ കഴിയുന്ന ഒരു അകാദമിക വ്യവഹാരമാണ് ഈയിടെ പുറത്തിറങ്ങിയ തസവ്വുഫ് ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ എന്ന ലഘു കൃതി. മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹിയെയും സദറുദ്ദീൻ വാഴക്കാടിന്റെയും വിഷയ സംബന്ധമായ പുസ്തകങ്ങൾ വായിച്ച മലയാളി പ്രബോധകർക്ക് അധികവായനക്ക് ഉപകരിക്കുന്ന അവലംബമാണ് കുറിപ്പുകാരന്റെ അരുമ ശിഷ്യൻ ഡോ. സൈഫുദ്ദീൻ കുഞ്ഞ് എസിന്റെ ഉപരിസൂചിത പുസ്തകം. സൂഫിസത്തിന്റെ നാൾവഴികൾ അതിസൂക്ഷ്മമായി ചികഞ്ഞെടുത്ത് ത്വരീഖതുകളുടെ രൂപഘടനയും ആശയങ്ങളും ചിന്തകളും അതിനേക്കാൾ സൂക്ഷ്മമായി പോസ്റ്റുമോർട്ടം നടത്തി ആധ്യാത്മിക മേഖലകളിലും പോരാട്ട വീഥികളിലും സൂഫീ ധാരകൾ സൃഷ്ടിച്ച സ്വാധീനവും വൈജ്ഞാനിക മേഖലകളിൽ സമർപ്പിച്ച സംഭാവനകളും കേവലം 136 പേജുകളിലായി വളരെ അടുക്കും ചിട്ടയോടെയും ഒതുക്കിപ്പറയുന്നു എന്നത് ഗ്രന്ഥകാരൻ ശീലിച്ചെടുത്ത ആറ്റിക്കുറുക്കൽ എന്ന ബൗദ്ധിക വ്യായാമത്തിന്റെ ഗുണമാണ്.

കാമ്പില്ലാത്തവർ ആയിരം പേജുള്ള നൂറു പുസ്തകങ്ങളിൽ ഘോര ഘോരം ഛർദ്ദിക്കുന്നതിനെക്കാൾ ഇക്കാലത്തെ ചെറുപ്പക്കാർ ഇഷ്ടപ്പെടുന്നത് ഇത്തരം ചുരുക്കെഴുത്തുകളാണ്. തുർക്കി, ലിബിയ, തിർമിദ് , ഹദറമൗത് തുടങ്ങി ഇന്ത്യയിലെ സമുദ്രതീരങ്ങളിലെ വരെ ചെറുതും വലുതുമായ നിരവധി സൂഫി സാന്നിധ്യങ്ങളെ അടയാളപ്പെടുത്തുകയും കലന്ദരീ, മദാരീ, സ്വഫവീ, സനൂസി ധാരകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിരിയിച്ചെടുത്ത സ്നേഹാരാമങ്ങളും ഖിലാഫതിന്റെ വീണ്ടെടുപ്പിന് ഇബ്നു അറബിയെ പോലുള്ളവരുടെ സൗമ്യ സ്പർശങ്ങളും പണ്ഡിതോചിതമായി ലളിത ഭാഷയിൽ വിവരിക്കുന്നുണ്ട് സൈഫുദ്ദീൻ . ഷാഹ് വലിയുല്ലാഹിദ്ദഹ് ലവി മുതൽ മൗലാനാ മൗദൂദിയും അലി മിയാ നുമടക്കമുള്ളവരുടെ തദ്വിഷയകമായ ഇടപെടലുകളെ കുറിച്ച് ദാർശനികമായും പ്രമാണപരമായും പരാമർശിക്കുകയും ഖിലാഫതിന്റെ വിവിധമാനങ്ങളും ഊന്നലുകളും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്യുന്നു ഗ്രന്ഥകാരൻ .

അറബി, ഇംഗ്ലീഷ് ,ഫാരിസി , ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ടർക്കിഷ് ഭാഷയിലുള്ള നിരവധി ഗ്രന്ഥങ്ങൾ അവലംബമാക്കിയാണ് എന്റെ ശിഷ്യൻ ഈ വിരുന്നൊരുക്കിയിരിക്കുന്നത്. പല ഭാഷാ മാസികകളിലും സ്വതന്ത്രവും പരിഭാഷകളുമായി വർഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന ഗ്രന്ഥകാരന്റെ ആദ്യ കൃതിയാണെന്ന് വായനക്കാരന് തോന്നാത്ത രീതിയിലുള്ള ഒഴുക്കുള്ള വായനയാണ് തസവ്വുഫ് സമ്മാനിക്കുന്നത്.

ബിബ്ലിയോഫീലിക് എന്ന പുതുമുഖ പ്രസാധക സംഘമാണ് ബുക്ക് പ്രസിദ്ധീകരിച്ചതെങ്കിലും പുതുക്കത്തിന്റെ യാതൊരു പതർച്ചയുമില്ലാതെയാണ് ഫഹദ് ഷാനവാസും അജീർ യൂനുസും സംഘവും ഈ സമ്മാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. 200 രൂപ മുഖവിലയായി നിശ്ചയിച്ചിരിക്കുന്ന പുസ്തകം വേണ്ടവർ 7306616094 എന്ന നമ്പറിൽ ബന്ധപ്പെടുക.

തസവ്വുഫ് : ത്വരീഖത്തുകളുടെ ചരിത്രാഖ്യാനങ്ങൾ 
വില- 200, പേജ്- 136, പ്രസാധനം- ബിബ്ലിയോഫീലിക്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles