Current Date

Search
Close this search box.
Search
Close this search box.

നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

നിലവിലെ പ്രശസ്തമായ എല്ലാ ആധുനിക തത്വശാസ്ത്രങ്ങളുടെയും വ്യവസ്ഥകളുടെയുമെല്ലാം പ്രശ്നം അവ തങ്ങളുടെ ഗുണപരമല്ലാത്ത ഭാഗങ്ങളെയെല്ലാം മറച്ചുവെച്ച് അവ സമ്പൂർണമാണെന്ന പോലെ നടിക്കും എന്നതാണ്. അവർക്കെതിരായി ആരെങ്കിലും ബദൽ വ്യവഹാരങ്ങൾ ഉയർത്തിക്കൊണ്ടു വന്നാലാകട്ടെ അവർ വളരെ വിമർശനാത്മകമായി, വിട്ടുവീഴ്ചയില്ലാതെ അതിനെ സമീപിക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ മാനുഷികതക്ക് ഏറെ അപകടങ്ങൾ വരുത്തുന്ന സാമ്പത്തിക, രാഷ്ട്രീയ ലോകശക്തികളുടെ പദ്ധതികളെ നിരന്തരം വിമർശന വിധേയമാക്കുകയാണ് പ്രമുഖ ചിന്തകനായ ജാവേദ് ജമീൽ. നിലവിൽ മംഗളുരുവിലെ യെനെപ്പോയ യൂണിവേഴ്സിറ്റിയുടെ തലവനാണ് അദ്ദേഹം. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ സാമ്പത്തിക മൗലികവാദത്തെക്കുറിച്ചും പ്രത്യേകിച്ച് സാമൂഹികപരമായും കുടുംബപരമായും വലിയ വിപത്തുകളിലേക്ക് നയിച്ചിട്ടുള്ള മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളുടെ വാണിജ്യവൽകരണത്തെക്കുറിച്ചുമുള്ള പഠനങ്ങൾ ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.

Economics First or Health First? (2019) എന്ന അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പുസ്തകം പറയുന്നത് സാമ്പത്തിക കാര്യങ്ങൾക്ക് ആരോഗ്യരംഗത്തേക്കാൾ പരിഗണന കൊടുക്കുന്നതിനെ വിമർശിച്ചാണെങ്കിൽ Justice Imprisoned എന്ന നമ്മൾ ചർച്ച ചെയ്യുന്ന പുസ്തകം വിമർശന വിധേയമാക്കുന്നത് സാമ്പത്തിക കാര്യങ്ങൾക്ക് നിയമ സംവിധാനങ്ങളെക്കാൾ പ്രാധാന്യം കൊടുക്കുന്നതിനെയാണ്.

കുറ്റങ്ങൾ, നിയമ നടപടികൾ, തടവുശിക്ഷ എന്നിവയുടെയെല്ലാം കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നത് അതിനെ തുടർന്നുള്ള ഫലങ്ങൾ പരിശോധിക്കുകയാണെങ്കിൽ അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥ വലിയ തോതിൽ പരാജയമാണെന്ന് വ്യക്തമാകും എന്നാണ്.

“സാമ്പത്തിക മൗലികവാദം എന്ന പ്രത്യയശാസ്ത്രത്തിൽ ഊന്നിയുള്ളതും പാശ്ചാത്യ കേന്ദ്രീകൃതവുമായ അന്താരാഷ്ട്ര നീതിവ്യവസ്ഥ നീതി നൽകുന്നതിനേക്കാൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. നീതി നൽകാനും നടപ്പിലാക്കാനുമുള്ള അവകാശം വലിയ മെഷീനറികൾക്കാണ് “- അദ്ദേഹം എഴുതുന്നു.

Also read: സ്ത്രീധനം ഭരണഘടനാ വിരുദ്ധം

മില്യൺ കണക്കിന് കൗൺസിലർമാരും പോലീസുകാരും ജഡ്ജിമാരുമെല്ലാമാണ് നീതി കുറ്റമറ്റതാക്കാൻ രാപ്പകൽ യത്നിച്ച് കൊണ്ടിരിക്കുന്നത്. ഈ പ്രക്രിയയിൽ നിയമവും അതിൻ്റെ കൈവഴികളുമെല്ലാം വലിയ തോതിൽ വ്യവസായവൽക്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ഈ വ്യവസായത്തിന് കാര്യമായ ഫണ്ട് ലഭിക്കുന്നത് ഗവൺമെൻ്റിൻ്റെ കയ്യിൽ നിന്നുമാണ്.

ഒരിക്കലും നിർത്താത്ത ഈ സംഗീത കച്ചേരിയിൽ സംഗീത വാദകൻ കേൾവിക്കാരെ കേൾപ്പിച്ചുകൊണ്ടിരിക്കുന്നത് അയാൾ ഇഷ്ടപ്പെടുന്ന രാഗങ്ങൾ മാത്രമാണ്. അഥവാ, അയാൾ സന്തുഷ്ടനെന്നർഥം. അതുപോലെ, കേസുകൾ വർദ്ധിച്ചാലും ലാഭം മാത്രം നോക്കുന്ന ഈ വ്യവസായത്തിന് അത് സന്തോഷം മാത്രമേ നൽകുന്നുള്ളൂ.

“മില്യൺ കണക്കിന് ഡോളറുകൾ നീതി നടപ്പാക്കാനായി വിനിയോഗിക്കപ്പെട്ടിട്ടും, നിയമപാലനത്തിനായി ഒരുപാട് പേർ രംഗത്തിറങ്ങിയിട്ടും, ഒരുപാട് അഭിഭാഷകരും അത്ര കണ്ട് ജഡ്ജുമാരുമുണ്ടായിട്ടും ആയിരക്കണക്കിന് കോടതികളും ജയിലുകളുമുണ്ടായിട്ടും, കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളുമുൾപ്പെടെയുള്ള നീതികേടുകളും കുറ്റകൃത്യങ്ങളുമെല്ലാം ദിനംപ്രതി വർദ്ധിക്കുകയാണ്. അതിനെയെങ്ങനെയാണ് നമുക്ക് സംതൃപ്തി തരുന്ന നിയമസംവിധാനമെന്ന് വിളിക്കാനാവുക? നീതി എന്ന വാക്ക് എങ്ങനെയാണ് ഈ വികസിത ലോകത്തും തുറങ്കിലടക്കപ്പെട്ടിരിക്കുന്നത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്. ” – അദ്ദേഹം പറയുന്നു.

ഈ പുസ്തകത്തിന് മുഖവുരയെഴുതിയ പ്രമുഖ അക്കാദമിക വിചക്ഷണനും ഹൈദരാബാദിലെ നൽസാർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ഡോ. ഫൈസാൻ മുസ്തഫ ചില ഇടങ്ങളിൽ അക്കാദമിക വിയോജിപ്പുകൾ രേഖപ്പെടുത്തിയിരിക്കുന്നു എന്നതൊഴിച്ചാൽ, ഈ പുസ്തകത്തിന് കുറ്റകൃത്യങ്ങൾ കുറക്കുന്നതിലെ ആധുനിക നീതി വ്യവസ്ഥയുടെ പരാജയത്തെക്കുറിച്ചും മാനുഷികമായ പരിഗണനകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തിരികൊളുത്താനാവുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.

Also read: യെമന്‍ യുദ്ധവും ആയുധവിപണിയുടെ സമൃദ്ധിയും

അദ്ദേഹം പറയുന്നതിങ്ങനെ: “പൊതുജനത്തിന് കോടതിയിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, നിരർത്ഥകമായ തത്വശാസ്ത്ര ചർച്ചകളിൽ ഏർപ്പെടാതെ ഫലപ്രാപ്തിയുള്ള ചർച്ചകളാണ് നമ്മൾ നടത്തേണ്ടത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്ന സംവിധാനങ്ങളാണ് ശരിക്കും പരിഗണിക്കപ്പെടേണ്ടത്. അനാവശ്യ ചർച്ചകളിൽ നേരം കളയുന്നത് നമ്മുടെ പരിശ്രമങ്ങളെയെല്ലാം വൃഥാവിലാക്കാനെ ഉപകരിക്കൂ.”

വധശിക്ഷക്കെതിരായ ‘നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെടരുത്’ എന്ന വാമൊഴി സൂചിപ്പിച്ചു കൊണ്ട്, അത്തരമൊരു ചിന്താഗതി കാരണമായിരിക്കാം പീഢനങ്ങൾ, കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതെന്ന് ആമുഖത്തിൽ ഡോ. ജമീൽ എഴുതുന്നുണ്ട്. ഒരൊറ്റ നിരപരാധിയെ രക്ഷിക്കാനായി നിരപരാധികളായ ആയിരങ്ങളുടെ ജീവനാണ് ബലി കൊടുക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറയുന്നു. ഈ വാമൊഴി അത്രമേൽ പരിപാവനമാണെങ്കിൽ എന്തുകൊണ്ടാണ് ഒരു നിരപരാധിക്ക് മരണം വരെ തടവ് വിധിക്കുന്നതെന്നും അത് ഒഴിവാക്കപ്പെടേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

അത്തരമൊരു വാമൊഴി കാരണം അപരാധികൾ രക്ഷപ്പെടുന്ന അവസ്ഥയും വരാം. വധശിക്ഷയെ കോടതികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പോലീസ് ഏറ്റുമുട്ടലുകളിലും മറ്റും കൊല്ലപ്പെടുന്നവർ ഒട്ടേറെയാണ് – അദ്ദേഹം കണക്കുകൾ നിരത്തുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ, കുറ്റം തെളിയിക്കപ്പെടാതെ പ്രതികൾ നീതി വ്യവസ്ഥയുടെ മെഷീനറിയുടെ കൈകളാൽ തന്നെ വധിക്കപ്പെടുമ്പോൾ വധശിക്ഷയെ എതിർക്കുന്ന തത്വശാസ്ത്രങ്ങൾക്ക് എന്താത്മാർഥതയാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.

Also read: വ്യക്തിത്വവും ശുചിത്വപരിപാലനവും

സാമ്പത്തിക ശക്തികളും പ്രതികളെ പരമാവധി തടവിലിടാൻ ശ്രമിക്കുന്നത് വ്യക്തമാക്കുന്നത് ആധുനിക നീതിന്യായ വ്യവസ്ഥയുടെ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിന് പ്രതിവിധിയായി അദ്ദേഹം നിർദ്ദേശിക്കുന്നതിങ്ങനെ: “നിശ്ചിത ഘട്ടങ്ങളിലേക്ക് മാത്രം തടവുശിക്ഷ പരിമിതപ്പെടുത്തി, അധിക കേസുകൾക്കും സാമൂഹികമായോ, സാമ്പത്തികമായോ ശാരീരികമായോ ഉള്ള ശിക്ഷ ഉറപ്പുവരുത്തുക.”
14 അധ്യായങ്ങളും 182 പേജുകളുമുള്ള ഈ പുസ്തകം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ മുതൽ തടവുശിക്ഷ ഉൾപ്പെടയുള്ള കാര്യങ്ങളിൽ എങ്ങനെ ഗവൺമെൻ്റ് ഫണ്ടിൻ്റെ വിനിയോഗം കുറക്കാം എന്നതടക്കമുള്ള നമ്മുടെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങൾ പ്രതിപാദിക്കുന്ന കനപ്പെട്ട ഒരു കൃതിയാണ്. ഇത്രമേൽ സുതാര്യതയോടെ, റെഫറൻസുകളുടെയെല്ലാം പിന്തുണയോടെ ഈ വിഷയത്തെപ്പറ്റി എഴുതിയവർ കുറേയൊന്നും ഉണ്ടാകാൻ വഴിയില്ല. യെനപ്പോയ യൂണിവേഴ്സിറ്റിയുടെ തന്നെ ഭാഗമായ യെനപ്പോയ പബ്ലിഷേഴ്സ് ആണ് Justice Imprisoned എന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിവ: അഫ്സൽ പി.ടി മുഹമ്മദ്

Related Articles