Book Review

ഖുർആൻ പഠനം ഇനി ഈസി

മലയാളത്തിൽ ഖുർആൻ പഠനത്തിനുള്ള ഏറ്റവും എളുപ്പത്തിലുള്ള ഗൈഡാണ് ജനാബ് അബ്ദുല്ലാ മൻഹാം സാഹിബ് രചിച്ച് ഐ.പി എച്ച് പ്രസിദ്ധീകരിച്ച ഖുർആൻ ശബ്ദകോശം . അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണം മുതൽ ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂർ എന്നിവർ ചേർന്നിറക്കിയ ഖുർആൻ ലളിതസാരമടക്കമുള്ള മലയാളത്തിലിറങ്ങിയ മിക്കവാറും ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ കാമ്പാണ് ഖുർആൻ ശബ്ദകോശം . ഇബ്നുകസീർ , നസഫീ എന്നിവരുടെ പരമ്പരാഗത ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ , മൗദൂദി സാഹിബിന്റെ തഫ്ഹീമുൽ ഖുർആൻ, വഹീദുദ്ദീൻ ഖാന്റെ ദി ഖുർആനടക്കമുള്ള ഇരുപതിലേറെ ഗ്രന്ഥങ്ങളിൽ വന്നിരിക്കുന്ന ഭാഷാർഥ / ആലങ്കാരികാർഥങ്ങളെല്ലാം അക്ഷരമാലാ ക്രമത്തിൽ അടക്കി വെക്കുവാൻ ഗ്രന്ഥകാരൻ പുലർത്തിയ സൂക്ഷ്മത ഒരു സ്വതന്ത്ര തഫ്സീർ രചനയേക്കാൾ ഗഹനമാണെന്ന് ഗ്രന്ഥത്തിന്റെ കെട്ടിലും മട്ടിലുമുള്ള ഒതുക്കിയ ശൈലിയിൽ നിന്നും മനസ്സിലാവുന്നു.

Also read: ഹ്യൂമൻ റൈറ്റ്സ് വാച്ചും സൗദിയുടെ വിമൻ 20 ഉച്ചകോടിയും

ആദ്യാക്ഷരമായ അലിഫു മുതൽ അവസാനാക്ഷരമായ യാഅ് വരെയുള്ള ഏതു വാക്കിന്റേയും അക്ഷരമാലാ ക്രമത്തിൽ അടുക്കി വെച്ചിരിക്കുന്നതോടൊപ്പം അതിന്റെ ഏക /ദ്വി / ബഹു വചനങ്ങൾ പു/സ്ത്രീ ലിംഗങ്ങൾ കർത്തരി – കർമണി പ്രയോഗങ്ങൾ, ക്രിയാധാതുവടക്കം ഒറ്റനോട്ടത്തിൽ വായിച്ചെടുക്കാൻ പ്രഥമ പഠിതാവിനാവുന്നു. ഒറ്റത്തവണ മാത്രം വന്ന വാക്കുകൾക്ക് കൃത്യമായ ക്രോസ് റഫറൻസും അല്ലാത്തവയ്ക്ക് എത്ര തവണ വന്നിരിക്കുന്നുവെന്ന സൂക്ഷ്മമായ എണ്ണവും അറിയുവാനും ഉപകരിക്കുന്ന രീതിയിലാണ് ഗ്രന്ഥം ക്രോഡീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് അബൂ ലഹബ് എന്ന നാമത്തെ കുറിച്ച് പറയുമ്പോൾ 111:1 എന്ന ആയത്ത് നമ്പർ കൊടുക്കുന്നതോടൊപ്പം അയാളുടെ യഥാർഥ നാമമെന്തെന്നും നല്കിയിരിക്കുന്നു.

ചില വ്യക്തിനാമങ്ങൾ കൊടുക്കുമ്പോൾ അത് ഖുർആനിൽ എത്ര തവണ വന്നിരിക്കുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തുന്നു. ഉദാ: ഇബ്റാഹീം (69). വാക്കുകളുടെ ധാതു തിരിയാത്തവർക്കായി മൂലരൂപം കണ്ടെത്താൻ സഹായിക്കുന്ന 5 പേജുള്ള ചാർട്ട് അധിക വായനക്ക് നല്കിയിരിക്കുന്നു. മദ്രസകളിലും ദർസുകളിലും സർഫ് /നഹ് വ്  എന്നിവ പഠിച്ചു മറന്നവർക്കോർത്തെടുക്കാനും പ്രാഥമിക പഠിതാവിന് അതു സംബന്ധിയായ അത്യാവശ്യ തെളിച്ചം ലഭിക്കാനും ആ ചാർട്ട് എമ്പാടും ഉപകാരപ്പെടും.

Also read: മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവാക്കുന്ന ഏഴ് കാര്യങ്ങള്‍

പ്രബോധനം വാരിക ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്ന പ്രസ്തുത ഗ്രന്ഥം അൽ ജാമിഅ: അൽ ഇസ്ലാമിയ്യ പ്രസിദ്ധീകരണ വിഭാഗവും അൽ ഹുദാ ബുക്സും പ്രസിദ്ധീകരിച്ചിരുന്നു. ഖുർആൻ വായിക്കാനറിയുന്ന ഏതു മലയാളിക്കും മറ്റൊരു അവലംബവും കൂടാതെ പ്രഥമാർഥം അന്വേഷിക്കുവാൻ 185 രൂപ മാത്രം ചെലവഴിച്ചാൽ മതി എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. പ്രഗത്ഭ അറബി ഭാഷാ പണ്ഡിതൻ പ്രൊ . മുഹമ്മദ് കുട്ടശ്ശേരി, ഖുർആൻ ബോധനത്തിന്റെ രചയിതാവ് ടി.കെ. ഉബൈദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അറബി വിഭാഗം തലവൻ ഡോ. മൊയ്തീൻ കുട്ടി എന്നിവർ ഒന്നിച്ച് പ്രാമാണികത സാക്ഷ്യപ്പെടുത്തിയ , പ്രാമാണികമായ തഫ്സീറുകളും നിഘണ്ടുക്കളും അവലംബിച്ച് വിദഗ്ദരായ ഖുർആൻ പണ്ഡിതർ സൂക്ഷ്മ പരിശോധന നടത്തിയ വെറും ഇരുനൂറു പേജുള്ള ഈ ഗ്രന്ഥം നിങ്ങളുടെ ഗ്രന്ഥശേഖരത്തിന് വെറുമലങ്കാരമാവില്ല എന്ന് ഉറപ്പ്.

Facebook Comments

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker