Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പ് ഒളിച്ചുകടത്തിയ ഇസ്ലാമിക വാസ്തുവിദ്യ

ഇസ്ലാമിക കലയുടെ വിഭിന്നങ്ങളായ രൂപങ്ങൾ യൂറോപ്പ് അനുഭവിക്കുന്നത് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ്. ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിന് വെളിച്ചമായി മാറിയത് ഇസ്ലാമിൻ്റെ വൈജ്ഞാനിക സമ്പാദ്യങ്ങളായിരുന്നു. പിൽക്കാലത്ത് അവയുടെ അപ്പോസ്തലന്മാരായി പാശ്ചാത്യർ സ്വയം അവരോധിക്കപ്പെട്ടു. എന്നാൽ യൂറോപ്യൻ സംസകാരത്തിൻ്റെ പ്രധാന ഭാഗധേയം നിർണയിക്കുന്ന വാസ്തുവിദ്യയുടെ യഥാർത്ഥ ഏടുകളിലേക്കുള്ള എത്തിനോട്ടമാണ് ഡയാന ഡാർക്കിൻ്റെ ‘Stealing from the Saracens: How Islamic Architecture Shaped Europe’ എന്ന പുസ്തകം.

ഡയാന ഡാർക്കിൻ്റെ ‘Stealing from the Saracens: How Islamic Architecture Shaped Europe’ എന്ന പുസ്തകം ഇസ്ലാമിക വാസ്തുവിദ്യ എങ്ങനെയാണ് ഇന്നത്തെ വടക്കൻ യൂറോപ്പിൻ്റെ വാസ്തുവിദ്യയുടെ ഉയർച്ചയിൽ നിർണായക സ്വാധീനശക്തിയായി മാറിയതെന്ന് വിശദമാക്കിത്തരുന്നുണ്ട്.

‘Stealing from the Saracens: How Islamic Architecture shaped Europe’ എന്ന ഈ പുസ്തകത്തിൻ്റെ തലവാചകം തന്നെ വിസ്മയം ജനിപ്പിക്കുന്നതാണ്. ‘saracens’ എന്ന പദം ‘സറഖ’ എന്ന അറബി വാക്കിലേക്കാണ് സൂചന നൽകുന്നത്. ഒളിച്ചുകടത്തൽ/കവർച്ച/ മോഷണം എന്നൊക്കെയാണ് ‘സറഖ’ എന്ന വാക്കിനർത്ഥം. ഇസ്ലാമിക കലാവൈവിധ്യങ്ങളെ യൂറോപ്പ് എങ്ങനെയാണ് ‘ഒളിച്ചുകടത്തി’യതെന്ന് തൻ്റെ പുസ്തകത്തിലൂടെ തെളിവുകൾ നിരത്തി ഡയാന വരച്ചിടുന്നു. ഗവേഷകയുടെ വേഷം ധരിച്ച് ഡയാന ഡാർക്ക് മധ്യപൗരസ്ത്യ ദേശങ്ങളിലൂടെ നടത്തിയ ദീർഘയാത്രകൾ തൻ്റെ പഠനങ്ങൾക്ക് ഏറെ ഉപകാരപ്രദമായതായി അവർ വിശദീകരിക്കുന്നുണ്ട്.

ഇസ്ലാമിക ലോകത്ത് നിന്ന് യൂറോപ്പിലേക്കുള്ള വാസ്തുവിദ്യയുടെ കടന്നുവരവിൽ കച്ചവടക്കാർ, കലാകാരന്മാർ, പുരോഹിതന്മാർ തുടങ്ങി നിരവധി പേരുടെ സ്വാധീനം കാണാൻ സാധിക്കും. അതിൽ തന്നെ ചർച്ചുകളുടെ വാസ്തുവിദ്യാ ശാസ്ത്രത്തെക്കുറിച്ച് പഠിക്കാൻ സിറിയയിലേക്ക് പോയ ഐറിഷ് പുരോഹിതന്മാരിലൂടെയാണ് ഇംഗ്ലണ്ടിലും അയർലണ്ടിലും ചർച്ചുകളുടെ ആദ്യകാല രൂപങ്ങൾ ഉയർന്നു വന്നതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.

യഥാർത്ഥത്തിൽ മുസ്ലിം സെപയിനിലൂടെയാണ് യൂറോപ്പ് ഇസ്ലാമിക വാസ്തുവിദ്യയുടെ മഹനീയ മുദ്രകൾ അനുഭവിക്കുന്നത്. 750 കളിൽ സിറിയയിൽ നിലനിന്ന ഉമയ്യ ഭരണകൂടത്തിലെ അവസാന വ്യക്തി അബ്ദുർറഹ്മാൻ ഒന്നാമൻ സ്പെയിനിലെത്തിയതിന് ശേഷമുള്ള ചരിത്രവുമായി യൂറോപ്പിൻ്റെ വാസ്തുവിദ്യക്ക് ബന്ധമുണ്ട്. മുസ്ലിംകൾ സെപയിൻ ഭരിക്കുമ്പോൾ അന്ന് കൊറദോവയിൽ പടുത്തുയർത്തപ്പെട്ട കെട്ടിട സമുച്ചയങ്ങൾക്ക് സിറിയൻ സംസ്കാരത്തിൻ്റെയും ഡമസ്ക്കസിൽ നിലനിന്നിരുന്ന ബൈസൻ്റെയിൻ കലാവിഷ്കാരങ്ങളുടെയും സാമ്യതയും തലയെടുപ്പും വേണ്ടുവോളം ഉണ്ടായിരുന്നു.

ഇന്ന് യൂറോപ്യൻ വാസ്തുവിദ്യയിൽ പേരെടുത്ത ഗോത്തിക് (Gothic) വാസ്തു ശാസ്ത്രം യഥാർത്ഥത്തിൽ പിന്തുടർന്നത് ഇസ്ലാമിക വാസ്തുവിദ്യയുടെ ശൈലികളായിരുന്നെന്ന് ഡയാന പറഞ്ഞുവെക്കുന്നു. മുസ്ലിം സെപയിനിലും മധ്യപൗരസ്ത്യ ദേശത്തും തുടക്കം കുറിച്ച ഇസ്ലാമിൻ്റെ വാസ്തുശാസ്ത്രശൈലികളുടെ സ്വാധീനഫലമായി യൂറോപ്പിൽ ഉയർന്നുവന്ന വാസ്തുശാസ്ത്രമാണ് ഇന്നത്തെ ഗോത്തിക് ശൈലികൾ എന്ന വസ്തുത വിസ്മരിക്കാവതല്ല. 12 മുതൽ 16 നൂറ്റാണ്ട് വരെ യൂറോപ്പിൽ സജീവമായി കാണപ്പെട്ട വാസ്തുവിദ്യാശൈലികളാണ് ഗോത്തിക് ശൈലികൾ. 8 മുതൽ 11 വരെയുള്ള നൂറ്റാണ്ടുകളിലാണ് ഇസ്‌ലാമിക ലോകത്ത് നിന്ന് യൂറോപ്പിലേക്ക് മേൽപരാമർശിക്കപ്പെട്ട വാസ്തുവിദ്യാ മേഖലയിലെ പരിവർത്തനങ്ങൾ നടക്കുന്നത്. ഉയർന്ന മുകൾത്തട്ടുള്ള, അഗ്രം കൂർത്ത, ത്രിദൈവ സങ്കൽപത്തിൻ്റെ പ്രതിരൂപമായ (trefoil)ചിഹ്നങ്ങൾ എന്നിവയെക്കുറിച്ച ആഴത്തിലുള്ള ഗവേഷണങ്ങളാണ് പ്രധാനമായും ഈ പുസ്തകം പറഞ്ഞുവെക്കുന്നത്.

സ്പെയിനിലെത്തിയ അബ്ദുർറഹ്മാൻ ഒന്നാമനാണ് ആദ്യമായി മേൽപരാമർശിക്കപ്പെട്ട ത്രിദൈവ സങ്കൽപ ചിഹ്നങ്ങളെ യൂറോപ്യൻ വൻകരയിൽ പരിചയപ്പെടുത്തിയത് എന്ന് തെളിവുകൾ നിരത്തി ഈ പുസ്തകം വിശദീകരിക്കുന്നു. കൊറദോവയിൽ ഇന്ന് കാണുന്ന പല ചർച്ചുകളുടെയും തൂണുകളാൽ താങ്ങി നിർത്തപ്പെട്ട വാതിൽപ്പടി മാതൃകകളിൽ അവയെ അനുഭവിക്കാം.

ഇന്ന് ക്രിസ്ത്യൻ ചർച്ചുകളിൽ കാണുന്ന അഗ്രം കൂർത്ത കുംഭഗോപുര മാതൃകകൾ ഒമ്പതാം നൂറ്റാണ്ടിൽ കൈറോയിൽ നിർമിക്കപ്പെട്ട ഇബ്നു തുലൂൻ പള്ളിയുടെ പകർത്തെഴുത്താണെന്ന് സയാന വ്യക്തമാക്കുന്നു. ഇറ്റലിയിലൂടെ കടന്നുവന്ന പ്രസ്തുത വാസ്തുവിദ്യാശൈലി പിന്നീട് ഫ്രാൻസിലൂടെ യൂറോപ്പിലാകമാനം വമ്പിച്ച പ്രചാരം നേടുകയുണ്ടായി. ജ്യാമിതീയ കലകൾ (Geometry) മുസ്ലിംകൾ സെപയിനിൽ അവതരിപ്പിക്കുന്ന കാലത്ത് യൂറോപ്യൻ വാസ്തുശാസ്ത്ര ശാഖയിലെ ഒരു ഭാഗമേ ആയി ജ്യാമിതീയ കലകൾ അക്കാലത്ത് മാറിയിട്ടില്ലെന്ന് ഡയാന പ്രസ്താവിക്കുന്നുണ്ട്.

11-ാം നൂറ്റാണ്ടിൽ കൈറോയിൽ ജനിച്ച പ്രശസ്തനായ മുസ്ലിം ശാസ്ത്രജ്ഞൻ ഇബ്നു അൽ ഹൈതമിയുടെ ഇസ്ലാമിക വാസ്തുവിദ്യാരീതികളെക്കുറിച്ചുള്ള പഠനങ്ങൾ അവലംബമാക്കിയാണ് ഇറ്റലിയിൽ പ്രശസ്തമായ Brunelleschi’s dome of Florence കതീഡ്രലിൻ്റെ നിർമാണം നടന്നിട്ടുള്ളതെന്ന പരാമർശങ്ങൾ തെളിവുകൾ സഹിതം ഡയാന വ്യക്തമാക്കുന്നു.

2020ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഇതോടകം വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2019 ഏപ്രിലിൽ ഫ്രാൻസിലെ പാരിസിൽ നിലകൊള്ളുന്ന പ്രശസ്ത ‘Notre-Dame’ കതീഡ്രലിലുണ്ടായ തീപിടുത്തമായി ബന്ധപ്പെട്ടാണ് ഈ പുസ്തകം ഇറങ്ങാൻ തന്നെ കാരണമായതായി വിലയിരുത്തുന്നത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അറബി ഭാഷയിൽ ഡയാന ബാച്ച്ലർ ഡിഗ്രി കരസ്ഥമാക്കുന്നത്. പിന്നീട്
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ Islamic Art and Architecture വിഭാഗത്തിൽ നിന്നും മാസ്റ്റർ സിഗ്രിയും നേടി. My House in Damascus: An Inside View of the Syrian Crisis (3rd edition 2016), The Merchant of Syria (2018), co-author of The Last Sanctuary in Aleppo (2019) എന്നിവയാണ് ഡയാന ഡാർക്കിൻ്റെ മറ്റ് പ്രധാന പുസ്തകങ്ങൾ.

Related Articles