Current Date

Search
Close this search box.
Search
Close this search box.

മതം, ഗോത്രം, അധികാരം എന്നിവയെക്കുറിച്ചുള്ള പുനരാലോചനകൾ

ഇബ്ൻ ഖൽദൂനിന്റെ മുഖദ്ദിമയുടെ വായന അറബ് എന്നതിന്റെ അർത്ഥത്തെക്കുറിച്ച് വ്യത്യസ്തമായ വികാരങ്ങൾ നമ്മിലുളവാക്കും. ഒരു വശത്ത്, പരിഷ്കൃത അറബ് സംസ്ക്കാരത്തെക്കുറിച്ചുള്ള അഭിമാന ബോധം ബൃഹത്തായ ഈയൊരു കൃതി നമുക്ക് പകർന്നു തരും. മറുവശത്ത്, ‘ദേശ രാഷ്ട്രങ്ങളുടെ ചരിത്രത്തിലെ സ്തംഭനാവസ്ഥ’ എന്ന് ഖൽദൂൻ വിശേഷിപ്പിച്ച ഇടത്തിലേക്ക് അറബ് സംസ്കാരം വളർന്നതെങ്ങനെയെന്ന സന്ദേഹത്തെ തെല്ലും ബാക്കിവെക്കാതെയത് മായ്ച്ചുകളയും.

അറബ് സമൂഹങ്ങളുടെ പുരോഗതിക്ക് തടസ്സമാകുന്ന ഈ സ്തംഭനാവസ്ഥയെ മറികടക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിൽ ഭൂതകാലത്തെ കുറിച്ചുളള പഠനങ്ങൾ വലിയ പ്രചോദനമായിട്ടുണ്ട്. കൃത്യമായ വസ്തുതകളുടെയും ചരിത്ര റെക്കോർഡുകളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശദമാക്കാൻ ചരിത്രകാരന്മാരും തകർച്ചയുടെ മൂലകാരണങ്ങൾ മനസ്സിലാക്കി അറബ് നാഗരികതയുടെ നവോത്ഥാനത്തിന് നിർദ്ദേശങ്ങൾ നൽകാൻ തത്വചിന്തകന്മാരും ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, അറബ് സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രത്തിൽ വന്ന സ്തംഭനാവസ്ഥയെ വിവരിക്കുന്ന വൈകാരിക ഘടന രൂപപ്പെടുത്തുന്നതിൽ എന്ത് സംഭവിച്ചുവെന്നത് പറയാൻ ഫിക്ഷനിലൂടെ സാഹിത്യകാരന്മാരും പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.

തന്റെ മാസ്റ്റർപീസ് കൃതി ‘അന്നാറു വൽഅൻഖാഇ’ലൂടെ തന്റെ ഏറ്റവും മികച്ച കഴിവ് ഉപയോഗിച്ച് ഒരു ചരിത്ര വിവരണത്തെ മനുഷ്യ വികാരങ്ങളുടെ കലവറയാക്കി മാറ്റാനുള്ള ശ്രമമാണ് വലീദ് സൈഫ് നടത്തുന്നത്. അറബ് സാംസ്കാരിക പ്രതിസന്ധിയുടെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ ഏതൊരാളെയും അത് പ്രേരിപ്പിക്കും. സൂക്ഷ്മവും ആകർഷണീയവുമായ ഭാഷയിലും ശൈലിയിലും പ്രധാന കഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തിലേക്ക് നടത്തുന്ന യാത്ര മാനുഷിക വ്യവഹാരങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതിലേക്കും അധികാരം അതിനെയെങ്ങനെ രൂപപ്പെടുത്തുന്നുവെന്നതിലേക്കും വെളിച്ചം വീശുന്നുണ്ട്.

രൂപ, ഭാവപ്പകർച്ച വന്ന ഭർത്താവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തിലൂടെ സൈഫ് എഴുതുന്നു: “എന്റെ ഭർത്താവ്! ശരിക്കും ഇതെന്റെ ഭർത്താവ് തന്നെയാണോ? അദ്ദേഹത്തിന് അരികിൽ ഇരിക്കുമ്പോൾ ഞാനേതോ അപരിചിതന്റെ കൂടെയാണെന്ന തോന്നലുണ്ടാകുന്നു. സൗമ്യനും നിഷ്കളങ്കനുമായ ഒരു ഭർത്താവിനെയാണ് താൻ വിവാഹം കഴിച്ചിരുന്നതെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു. ഇതാണോ പുരുഷ കേന്ദ്രീകൃതവും പാറ്റേണലുമായ സുൽത്താനേറ്റ് എന്നു പറയുന്നത്? അടിച്ചമർത്താൻ ശേഷിയുള്ള, സ്വേച്ഛാധിപത്യ സ്വഭാവമുള്ള പുരുഷന്മാർക്ക് മാത്രമേ സുൽത്താനേറ്റിലേക്ക് എത്താൻ കഴിയൂ എന്നുണ്ടോ?”

സമാന ഭാഗത്ത്, അന്ദലൂഷ്യയിലെ അമവി ഭരണകൂട സ്ഥാപകനും ആഖ്യാനത്തിലെ പ്രധാന കഥാപാത്രവുമായ അബ്ദുറഹ്മാൻ അധികാരത്തെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പറയുന്നുണ്ട്: “ഇതാണ് സുൽത്താനേറ്റിന്റെ അവസ്ഥ. നാം അതിനെ ഫാബ്രിക്കേറ്റ് ചെയ്യുന്നത് പോലെ അത് നമ്മെയും ഫാബ്രിക്കേറ്റ് ചെയ്യുന്നു. ഹൃദയത്തെ വാളിൽ നിന്നും വേർതിരിക്കാൻ നമ്മെയത് നിർബന്ധിക്കുന്നു”.

ഒരേസമയം അധികാരിയെന്ന നിലയിലും പ്രേമഭാജനമെന്ന നിലയിലും അക്രമാസക്തമായ ഭരണാധികാരി, സാധാരണ പൗരൻ എന്ന നിലയിലും ജീവിതവുമായുള്ള സുൽത്താന്റെ ബന്ധത്തെക്കുറിച്ച് പുതിയ ആലോചനകൾ നൽകുന്ന മനോഹരവും ഹൃദയഹാരിയുമായ ആഖ്യാന ഭാഗങ്ങൾ വായനക്കാരനെ ഒരു അടിസ്ഥാന പ്രശ്നത്തിലേക്കാണ് തള്ളിയിടുക. പ്രധാന കഥാപാത്രങ്ങളുടെയെല്ലാം വികാരങ്ങളെ ഇഴകീറിയുള്ള സൈഫിന്റെ പരിശോധന, അധികാരത്തിന്റെ ഭാഗമായ വൈകാരിക ഘടനയുടെ കാതലായ മൂലച്ഛേതം വരുത്താൻ കഴിയാത്ത ഒരു വികാരം അവരിലെല്ലാം ഒളിഞ്ഞു കിടപ്പുണ്ടെന്നതിന്റെ തെളിവാണ്. ഭരണത്തിലേക്ക് വരുമ്പോൾ അവിടെ രണ്ടു ഓപ്ഷനുകളെയുള്ളൂ; ഒന്നുകിൽ ഭരിക്കുക അല്ലെങ്കിൽ തന്നെ ഭരിക്കുന്ന അധികാരത്തെ അതിയായി മോഹിക്കുക. ലോകത്ത് നടന്നിട്ടുള്ള എല്ലാ വഞ്ചനകളും ഗൂഢാലോചനകളും കൊലകളും അധികാരത്തെ ഉറപ്പിച്ചു നിർത്താനോ നേടിയെടുക്കാനോ വേണ്ടി നടന്നവയാണ്.

മറച്ചുവയ്ക്കപ്പെടുന്ന വരികൾ

അധികാരം ജീവിതത്തിന്റെ സുപ്രധാന ഭാഗമാക്കിയ, ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടയിലൊരു മറ അസാധ്യമായ മധ്യകാല സംസ്കാരത്തെ അരക്കിട്ടുറപ്പിക്കുന്ന വികാരങ്ങളെ സ്വതന്ത്രമാക്കിയെടുക്കാനുള്ള ശ്രമം കൂടിയാണ് ‘അന്നാറു വൽഅൻഖാഇ’ലും സൈഫിന്റെ മറ്റു കൃതികളിലുമുള്ള ചരിത്ര സംഭവങ്ങളുടെ വിവരണത്തിന്റെ ലക്ഷ്യം. നായക, നായികമാർക്കിടയിലെ തത്വചിന്താപരമായ പരിചിന്തനവും ബൗദ്ധിക വിനിമയവും ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. ഭരണാധികാരിയുടെ തുടിപ്പുമായി ‘അധികാര കൈമാറ്റത്തെ’ ബന്ധപ്പെടുത്തുന്നത് തീർത്തും അപര്യാപ്തമാണെന്നത് ഉറക്കെപ്പറയുന്നുണ്ട്. മരിച്ചുപോയ അധികാരിയുടെ മൃതദേഹത്തിന്മേൽ പുതിയ ഭരണാധികാരി സിംഹാസനാരൂഢനാവുകയെന്നത്‌ അധികാരക്കളിയുടെ നിയമങ്ങളിൽ ഒന്ന് മാത്രമാണ്.

ലൈറ്റ്മോട്ടീഫുകളായി പ്രവർത്തിക്കുന്ന സുഭാഷിതങ്ങളെയും അധികാര നിയമങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും ക്രിസ്റ്റലൈസ് ചെയ്യുന്ന കഥാപാത്രങ്ങളുടെ ഡയലോഗുകൾക്കെതിരായുള്ള ഒരു പശ്ചാത്തലം രൂപപ്പെടുത്തുകയെന്നതാണ് ചരിത്ര സംഭവങ്ങൾ പറയുന്നിടത്ത് സൈഫ് ഉപയോഗിക്കുന്ന മനോഹരമായ ശൈലിയുടെ താൽപര്യം.

‘സുൽത്താൻ പദവിയെന്നത് കൊട്ടാരം മുതൽ കുഴിമാടം വരേയാണെ’ന്നതാണ് ഈ രാഷ്ട്രീയ പ്രമാണങ്ങളിലൊന്ന്. ജീവനോടെ നിലനിൽക്കാൻ അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുക്കയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഭരണാധികാരികൾ സ്വയം കണ്ടെത്തുന്ന ദാരുണ സാഹചര്യത്തെയാണ് ഈ പ്രമാണം ഊന്നിപ്പറയുന്നത്. ഈയൊരു സിദ്ധാന്തം അനുസരിച്ച്, ആഡംബരപൂർണമായ അധികാരത്തിൽ നിന്നുള്ള സമാധാനപരമായ പിന്മാറ്റമെന്നത്‌ ഒരു സുൽത്താനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഉൾകൊള്ളാനാകില്ല. അധികാരക്കൊതി മൂത്ത നിലക്കാത്ത രക്തച്ചൊരിച്ചിലായിരിക്കും അതിന്റെ അനന്തരഫലം.

‘അധികാരമണ്ഡലമൊരു വന്ധ്യയാണ്’ എന്നതാണ് മറ്റൊരു സിദ്ധാന്തം. അധികാരം സംരക്ഷിക്കുന്നതിനായി അടുത്ത കുടുംബാംഗങ്ങളെ ഇല്ലായ്മ ചെയ്യാൻ നിർദ്ദേശിക്കുന്ന അതിജീവന സഹജാവബോധത്തിനും ഈ കുടുംബാംഗങ്ങളോടുള്ള അന്ധമായ സ്നേഹത്തിനുമിടയിൽ സുൽത്താന് അനുഭവപ്പെടുന്ന വൈകാരിക സംഘട്ടനങ്ങളെയും സംഘർഷങ്ങളെയും അറിയിക്കുന്നതാണീ സൂത്രവാക്യം. അമവി ഭരണകൂടത്തെ പുനരുജ്ജീവിപ്പിച്ച, അന്ദലൂഷ്യയുടെ ഏകീകൃതനായ, കിഴക്കിലെ അബ്ബാസി ഭരണാധികാരികളുടെ പീഡനത്തിൽ നിന്നും സ്വന്തം കുടുംബത്തെ സംരക്ഷിച്ച സുൽത്താൻ അബ്ദുറഹ്മാൻ യാതൊരു മടിയും വെറുപ്പും കൂടത്തെത്തന്നെ തന്റെ പ്രിയപ്പെട്ട മരുമക്കളിൽ ഒരാളുടെ ശിരച്ഛേദം നടത്തുന്നത് കാണാം.

ഹൃദയം വേദനകൊണ്ട് പിടയുമ്പോൾ തന്നെ കുറ്റബോധത്തെ എങ്ങനെയാണ് സുൽത്താൻ ചെറുത്തുനിർത്തുന്നതെന്നു സൈഫ് വിശദീകരിക്കുന്നുണ്ട്. സൈഫ് പറയുന്നു: “സുൽത്താനായിരിക്കുന്നതിന്റെ സുഖങ്ങളും ദുഖങ്ങളും അനുഭവിക്കുന്നതിന് മുമ്പ് ‘അധികാരമണ്ഡലമൊരു വന്ധ്യയാണ്’ എന്ന സിദ്ധാന്തത്തെ അബ്ദുറഹ്മാൻ ഒരു അപവാദമായി വ്യാഖ്യാനിച്ചിരുന്നു. അതേ സിദ്ധാന്തത്തെ തന്നെയാണ് പിന്നീട് അദ്ദേഹം ന്യായീകരണമായി സ്വീകരിച്ചത്”.

അതേ, കുടുംബാംഗങ്ങൾ തമ്മിലുള്ള അധികാര വടംവലിയിൽ നിന്നും സ്റ്റേറ്റിനെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യമെങ്കിൽ അധികാരമണ്ഡലത്തെ വന്ധ്യയാക്കാൻ കഴിയില്ല. അതേസമയം, ഗോത്രക്കവർച്ചക്കിടെ നേടിയെടുത്ത കൊള്ളമുതലായും സ്വന്തം കുടുംബത്തിന് അനന്തരമായി ലഭിച്ച തോട്ടത്തിൽ നിന്നും ലഭിക്കുന്ന ഫലമായുമാണ്‌ അധികാരത്തെ കാണുന്നതെങ്കിൽ ആ പ്രയോഗം ശരിയായി ഭവിക്കുകയും ചെയ്യും. അന്ദലൂഷ്യയിലെ അമവി സ്റ്റേറ്റോ? അതേ! അമവികളിൽ ഒരാൾ ധൈര്യപൂർവ്വം ഭരിച്ച സ്റ്റേറ്റ്. അദ്ദേഹത്തിന് ശേഷം യോഗ്യനായ ഒരു മകന് തന്റെ അധികാരത്തെ അദ്ദേഹം ഓസ്യത്തായി നൽകുന്നു. അതിന് എതിര് നിൽക്കുന്നത് സാധാരണക്കാരനാണെങ്കിലും സ്വന്തം കുടുംബാംഗങ്ങളാണെങ്കിലും അവരെല്ലാം സ്റ്റേറ്റിന്റെ ശത്രുക്കളാണ്.

മുളയിലേ നുള്ളിക്കളയൽ

അബ്ദുറഹ്മാന്റെ കുടുംബാംഗവും ഉപദേഷ്ടാക്കളിൽ ഒരാളുമായ അൽമർഉവാനി ശത്രുക്കളോട് കാണിച്ച അനുകമ്പയാണ്‌ കിഴക്കിൽ അമവി ഭരണകൂടത്തിന്റെ തകർച്ചക്ക് കാരണമായതെന്ന് വിവരിക്കുന്നുണ്ട്. അവരുടെ പ്രത്യയശാസ്ത്രത്തെ മുളയിലേ നുള്ളിക്കളഞ്ഞിരുന്നുവെങ്കിൽ കിഴക്കിൽ അമവി ഭരണകൂടത്തെ സംരക്ഷിക്കാൻ ആകുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

‘സുൽത്താനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് മൂന്നാമതൊരു ചോയ്സില്ലെന്നതാണ് സത്യം; ഒന്നുകിൽ നിങ്ങൾ ജയിക്കും അല്ലെങ്കിൽ ശത്രുക്കൾ നിങ്ങളെ അതിജയിക്കും. അല്ലാത്തപക്ഷം സിംഹാസനം മറ്റൊരാൾക്ക് ഒഴിഞ്ഞു കൊടുക്കുന്നതാണ് നല്ലത്. ഇനി നിങ്ങൾ നിങ്ങളുടെ അധികാരത്തിൽ തന്നെ പിടിച്ചുനിൽക്കുകയാണെങ്കിൽ ശത്രു ആക്രമിക്കും മുന്നേ ശത്രുവിനെ ആക്രമിക്കുക. നിങ്ങൾ ചിന്തിക്കുന്ന നിമിഷം പോലും അവർക്ക് മുതലെടുപ്പിനുള്ള അവസരമാക്കിക്കൊടുക്കരുതെ’ന്ന അധികാരത്തിന്റെ അടിസ്ഥാന തത്വം പോലും ഉൾകൊണ്ടില്ലെന്നതാണ് കിഴക്കിൽ അവർ തുടച്ചുനീക്കപ്പെടാനുള്ള പ്രധാന കാരണം.

പൈശാചികമായ വംശീയ ഉന്മൂലനത്തിന് വിധേയരായവരുടെ സംരക്ഷകനായി മാറിയ അബ്ദുറഹ്മാൻ അതിനു തോളോട് തോൾ ചേർന്ന് നിന്ന് തന്നെ സഹായിച്ച സേവകരാലും സാധാരണക്കാരാലും എങ്ങനെയാണ് അഭിനന്ദിക്കപ്പെട്ടതെന്നും പിന്നീട് സുൽത്താനായി മാറിയപ്പോൾ അവരെയെങ്ങനെയാണ് അദ്ദേഹം അകറ്റി നിർത്തിയതെന്നും ‘അന്നാറു വൽഅൻഖാഇല്‍‌’ സൈഫ് ചിത്രീകരിക്കുന്നുണ്ട്. അതിലേറ്റവും അവിസ്മരണീയമായ നീക്കം ബദർ എന്ന വ്യക്തിക്കെതിരെ അദ്ദേഹം സ്വീകരിച്ച നടപടിയായിരുന്നു. അബ്ദുറഹ്മാന്റെ അധികാരാരോഹണത്തിലും സൈനിക സജ്ജീകരണത്തിലും നിർണായക പങ്ക് വഹിച്ച തന്റെ വിശ്വസ്ത സേവകനായ ബദറിനെ അദ്ദേഹം ചുമതലയിൽ നിന്നും പിരിച്ചുവിട്ടു.
ചരിത്രകാരന്മാർ തന്റെ യജമാനനോടൊത്ത് തന്റെ പേരും രേഖപ്പെടുത്തുമെന്ന മിഥ്യാധാർണ ഉള്ളിൽ കൊണ്ടുനടന്ന പാവം ബദർ കൊട്ടാരത്തിൽ നിന്നും ഏറെ ദൂരെ ഏകാന്തതയിലാണ് ശിഷ്ടകാലം ജീവിച്ചു തീർത്തത്. പ്രപഞ്ചത്തിൽ യാതൊരു അടയാളവും ബാക്കി വെക്കാനില്ലാതെ തന്റെ പ്രിയതമയുടെ ഖബറിന് മുന്നിൽ കണ്ണീർ വാർത്താണ് ബദർ ചരിത്രത്തിന്റെ ഇരുളിലേക്ക് മറയുന്നത്.

അന്ദലൂഷ്യയിലേക്കുള്ള അപകടകരവും സാഹസികവുമായ യാത്രയുടെ ആദ്യ ഘട്ടത്തിൽ ബദർ അബ്ദുറഹ്മാനോട് ചോദിക്കുന്നുണ്ട്: “മുമ്പ് നിങ്ങൾ കൊട്ടാരത്തിൽ ജീവിച്ച ആളായിരുന്നില്ലല്ലോ. യജമാനനെ, ഇതാണ് യദാർത്ഥ ജീവിതം. ആയിരക്കണക്കിന് പാവങ്ങളെ ഭക്ഷിപ്പിക്കാൻ മാത്രം സമ്പാദ്യവും ഭൂമിയും സ്വന്തമായുള്ള, നിങ്ങളെ പാട്ടിലാക്കാൻ ശ്രമിക്കുന്ന കുലീനരായ ആളുകളെക്കാൾ അത്യാഗ്രഹികൾ ഈ വെറുക്കപ്പെട്ട പാവങ്ങളാണോ? അധികാരത്തിന് വേണ്ടി രക്തച്ചൊരിച്ചിൽ നടത്തുന്ന നേതാക്കളെക്കാളും കൊട്ടാരവാസികളെക്കാളും അനീതി കാണിക്കുന്നവരാണോ ഈ അത്യാഗ്രഹികളെന്ന് പറയുന്നവർ?”

“അവരതിനെ യുദ്ധമെന്ന് വിളിക്കുന്നു. വിജയികൾ വീരപുരുഷന്മാരായി മാറുന്നു. ദൈവിക വചനത്തെ ദുർവ്യാഖ്യാനം ചെയ്ത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള യുദ്ധങ്ങളെ വിശുദ്ധ യുദ്ധങ്ങളാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എല്ലാവരും ഉച്ചത്തിൽ വിളിച്ചു പറയും: ഞങ്ങൾ നിങ്ങളെപ്പോലെയല്ല. ഞങ്ങളിൽ മരിച്ചവർ സ്വർഗ്ഗത്തിലും നിങ്ങളിൽ നിന്ന് മരിച്ചവർ നരഗത്തിലുമാണ്”. ജീവിതത്തിന്റെ സങ്കീർണതകളിൽ തളർന്നുപോകുന്ന രണ്ടു ജീവിതങ്ങളെയാണ് ‘അന്നാറു വൽഅൻഖാഇല്‍‌’ നാം കാണുന്നത്; സുൽത്താൻ അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ വിശ്വസ്തനും സേവകനുമായ ബദറും.

അവരിരുവരുടെയും സംഭാഷണങ്ങളുടെ സ്വരം നിഹിലിസത്തിന്റെയും സെപ്റ്റിസിസത്തിന്റെയും ധാരണകളെ തകർത്തു കളയുന്നതാണ്. അധികാരത്തിന്റെ പാതയിൽ തുടരുകയെന്നത് അത്ര കുഴപ്പം പിടിച്ച പണിയാണോയെന്നാണ് അബ്ദുറഹ്മാൻ ച ചോദിക്കുന്നത്. തന്റെ മാനുഷിക വികാരങ്ങളെയെല്ലാം നശിപ്പിച്ചു കളയുന്ന അധികാരം നേരിട്ട് അനുഭവിച്ചതിനാൽ തന്നെ കിഴക്കിലെ അമവി ഭരണകൂടത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച അബ്ബാസികളോട് അബ്ദുറഹ്മാന് ഉണ്ടായിരുന്ന വെറുപ്പും പകയും ഇല്ലാതാകുന്നുണ്ട്. അടിസ്ഥാനപരമായി, അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശം തീർക്കുക മാത്രമാണ് അവർ ചെയ്തതെന്ന് അദ്ദേഹം സ്വന്തത്തോട് തന്നെ ആവർത്തിച്ചാവർത്തിച്ച് പറയുന്നു.

ചിന്തകളാൽ നിറഞ്ഞത്

തന്റെ പീഡകരിൽ നിന്നും രക്ഷപ്പെട്ട് ഒരു കർഷക കുടുംബത്തിലാണ് അബ്ദുറഹ്മാൻ ഒളിച്ചിരിക്കുന്നത്. താനൊരു രാജകുമാരനാണെന്ന് അറിയുമായിരുന്നില്ലാത്ത കർഷക കുടുംബത്തിലെ ഒരു മകൻ പറയുന്നത് അബ്ദുറഹ്മാൻ കേട്ടു: “പോയവരെക്കുറിച്ച് ഓർത്ത് എനിക്കൊട്ടും സങ്കടമില്ല. പുതുതായി വന്നവരെക്കുറിച്ചോർത്ത് സന്തോഷവുമില്ല. അധികാരത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. കൊന്നവനേക്കാൾ ഉത്തമനല്ല കൊല്ലപ്പെട്ടവൻ. കാരണം, കൊല്ലപ്പെട്ടവനാണ് ആദ്യം കൊല്ലാൻ അവസരം കിട്ടിയിരുന്നതെങ്കിൽ യാതൊരു മടിയും കൂടാതെത്തന്നെ അയാൾ മറ്റയാളെ കുത്തിമലർത്തുമായിരുന്നു”.

പിതാവ് പ്രകോപിപ്പിച്ച സമയത്ത് യുവാവായ മകൻ വീണ്ടും തുടർന്നു: “ഖലീഫമാരായിരുന്നിട്ടും സുൽത്താന്മാർക്ക്‌ ഇതിക്കുറിച്ചൊന്നും ഒരു വിചാരവുമില്ല. സ്വാർത്ഥ താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും പിന്നിലോടി തന്റേത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ഭരണമാണെന്നവർ പറയുന്നു. തങ്ങളുടെ ഇംഗിതങ്ങൾക്കു വേണ്ടി ദൈവിക ഭരണത്തെ യഥേഷ്ടം വ്യാഖ്യാനിക്കുന്നു. സുൽത്താൻ എപ്പോഴും സുൽത്താൻ തന്നെയാണ്. അത് അബ്ബസിയായാലും അമവിയായാലും ശരി”.

‘അന്നാറു വൽഅൻഖാഉ’ സമകാലിക അറബ് ലോകത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ലഘു നോവലാണ്.
സുൽത്താന്റെ ഇടറുന്ന ശബ്ദം, ബദറിന് നേരെയുള്ള നിശബ്ദമായ നോട്ടം, ബദർ പിരിഞ്ഞുപോകുമ്പോൾ അവർക്കിടയിൽ രൂപപ്പെടുന്ന വിടവ്, പഴയകാല കൂട്ടുകെട്ട് തിരിച്ചുകിട്ടാനുള്ള അതിയായ ആഗ്രഹം, ബദറിന്റെ മുധുരിതമായ ശബ്ദം എന്നിവയെല്ലാം ഒരുപാട് അർത്ഥങ്ങളെ ഒളിച്ചുവെക്കുന്നുണ്ട്‌. സമകാലിക അറബ് യാഥാർഥ്യത്തിലെ അസംതൃപ്തിയുടെ ഉത്ഭവത്തിൽ വന്ന പിളർപ്പുകളെയാണത് ഓർമ്മപ്പെടുത്തുന്നത്.

പാരമ്പര്യമായി ലഭിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെയും അനുബന്ധമായ അധികാര ഘടനയുടെയും വെളിച്ചത്തിൽ, പൂർവികർ ഉപേക്ഷിച്ചുപോയ ഒരു പദ്ധതിയായി വിഭാവനം ചെയ്യപ്പെട്ട അറബ് നവോത്ഥാനം എന്തുകൊണ്ടൊരു നടക്കാ സംരംഭമാണെന്ന് മനസ്സിലാക്കാൻ അത്ര പ്രയാസമൊന്നുമില്ല. അധികാരവും ജനങ്ങളും തമ്മിലുള്ള വിഭജനമാണ് ആധുനിക രാഷ്ട്രീയ സംസ്കാരത്തിലേക്കുള്ള അറബ് സംസ്കാരത്തിന്റെ കടന്നുകയറ്റത്തിന് തടസമായി നിൽക്കുന്നത്.

സമകാലിക അറബ് രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷത എന്ന് പറയുന്നത് പാശ്ചാത്യ ജനാധിപത്യത്തെ സമന്വയിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്. ‘ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നിർമ്മിച്ച ജനങ്ങളുടെ ഗവണ്മെന്റ്’ എന്ന എബ്രഹാം ലിങ്കന്റെ വാക്കും ഗോത്രത്തിൽ നിന്നും മതത്തിൽ നിന്നും അവയുടെ നിയമസാധുത നേടിയെടുക്കാൻ സഹായകമാകുന്ന പാരമ്പര്യ അധികാര ഘടനകളുമാണ് അതിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത്.

മതം, ഗോത്രം, അധികാരം

അറബ് ലോകത്തെ മറ്റാരേക്കാളും നന്നായി അധികാരവുമായി ബന്ധപ്പെടുത്തുന്നതിൽ മതത്തിനുള്ള പങ്ക് സുനിശ്ചിതമാണ്. വ്യക്തികൾ, ഗോത്രങ്ങൾ തുടങ്ങിയവയെല്ലാം ഒന്നിച്ച് ചേർത്ത് നിർത്തുന്ന ആത്മീയ ഇടമാണ് അതിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത്.

അധികാരികളും ദുർബലരും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിലെ ഭൂതകാല പരിമിതികളെ മറികടന്ന് സിവിൽ അധികാരങ്ങൾക്കും മതാവകാശങ്ങൾക്കും ഇടയിൽ പുതിയൊരു സന്തുലിതാവസ്ഥ കൊണ്ടുവരത്തക്ക രീതിയിൽ മത നിയമങ്ങളെ മാനുഷിക നിയമങ്ങളാക്കി മാറ്റുന്നതിൽ അറബ് സമൂഹം പരാജയപ്പെട്ടുവെന്ന വാദം ഒട്ടും ശരിയല്ല. അറബ് സമൂഹത്തിന് പുതിയ കാഴ്ചപ്പാടും വീക്ഷണവുമുള്ള ഒരു രാഷ്ട്രീയ ജീവിതം കൈവരിക്കണം എന്നുണ്ടെങ്കിൽ അതിനു മതവും വർഗ്ഗവും അധികാരവും പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.

സൈഫിന്റെ ‘അന്നാറു വൽഅൻഖാഉ’ വായിക്കുമ്പോൾ വാക്കിന്റെ മായികശക്തി നമുക്ക് നന്നായി അനുഭവപ്പെടും. അറബ് വായനക്കാരെ സംബന്ധിച്ചിടത്തോളം തങ്ങൾ ആരായിരിന്നുവെന്ന് ഇതവരെ ഓർമ്മിപ്പിക്കും. സുൽത്താന്മാർക്കും രാജാക്കന്മാർക്കും നൽകപ്പെട്ട ദൈവികമായ സ്വീകാര്യതയും അംഗീകാരവും അവകാശങ്ങളും പൂർണ്ണമായും അംഗീകരിക്കുന്ന ഒരു പഴയ സംസ്കാരത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധ്യം അതവരിൽ ഉണർത്തും. അതേസമയം, തങ്ങളുടെ പൂർവികരുടെ അനുഭവങ്ങളിൽ അവർക്ക് വന്ന വീഴ്ചകൾ മനസ്സിലാക്കി അതിനെ മറികടക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാനും അതവരെ പ്രേരിപ്പിക്കും. അബ്ദുറഹ്മാന്റെ വിശ്വസ്ത സേവകനായ ബദർ ഒരു തരത്തിലുള്ള ചെറുത്തുനിൽപ്പിനാണ് ശ്രമിക്കുന്നത്. അത് ദൈവികമോ ഗോത്രപരമോ ആയ സുൽത്താന്റെ അവകാശങ്ങൾക്ക് എതിരേയല്ല. മറിച്ച്, ശത്രുക്കളെ മാത്രമല്ല സ്വന്തം വിശ്വസ്ത സേവകരെപ്പോലും അന്യനാക്കി മാറ്റുന്ന ഹൃദയശൂന്യമായ അധികാര പ്രയോഗത്തിനെതിരെയാണ് ആ ചെറുത്തുനിൽപ്പ്.

അബ്ദുറഹ്മാൻ എന്ന കഥാപാത്രത്തിലൂടെ, അറബ് ചരിത്രത്തിൽ ഗോത്രവും മതവും അധികാരവും തമ്മിലുള്ള ബന്ധത്തിൽ അടിസ്ഥാനപരമായ ഒരു ശിഫ്റ്റിങ് സംഭവിക്കുന്നില്ലായെങ്കിൽ, വിഭജനത്തിന്റെ വിത്തുകൾ മുളപ്പിക്കുന്ന വ്യർഥമായ സംരംഭമായി വിപ്ലവങ്ങളെല്ലാം മാറുമെന്ന ആഴമേറിയ ആശങ്കയാണ് സൈഫ് പങ്കുവെക്കുന്നത്. പുരുഷന്മാരെ അവരുടെ വ്യക്തിഗത കഴിവുകൾ പുറത്തെടുക്കാൻ പ്രാപ്തരാക്കുമ്പോഴും അറബ് സമൂഹങ്ങളെ മുഴുവൻ ഗ്രസിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സാധ്യമാകുന്ന സർഗ്ഗാത്മക ബദൽ മാർഗങ്ങളെക്കുറിച്ചുള്ള ആലോചനകളൊന്നും തന്നെ ഉണ്ടാകുന്നില്ല.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles