Current Date

Search
Close this search box.
Search
Close this search box.

പ്രതിനിധാനത്തിന്റെ പുനർവായനകൾ

തങ്ങളുടെ കഴിഞ്ഞ കാലത്തെ നിരൂപണാത്മകമായി വിലയിരുത്താനുള്ള ബൗദ്ധിക ശ്രമങ്ങൾ ഇസ്ലാമിക പ്രസ്ഥാനങ്ങൾ നടത്തി വരുന്നുണ്ട്. പുതിയ ചിന്തകൾ അവതരിപ്പിച്ചു കൊണ്ട് ഇടക്കിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ അതിന്റെ ഭാഗമാണ്. അവയെ ഉൾപ്പാർട്ടി ചർച്ചകളായി കാണാം. നിലപാടുകൾ ശരിപ്പെടുത്താനും പതിവ് നിലപാടുകളിൽ നിന്ന് മാറിച്ചിന്തിക്കാനും അത് നിമിത്തമാവുന്നു.

ഇത്തരം ധീരമായ എഴുത്തുകളിലൊന്നാണ് ബൈറൂത്തിലെ ദാറു ലുബ്നാൻ ലിത്ത്വിബാഅത്തി വന്നശ്ർ പ്രസിദ്ധീകരിച്ച പുതിയ ഗ്രന്ഥം. ഡോ. വാഇൽ നജ്മ് ആണ് ഗ്രന്ഥകാരൻ. അദ്ദേഹം സമകാലിക ഇസ്ലാമിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന പണ്ഡിതൻ മാത്രമല്ല, ലബ്നാനിലെ ഏറ്റവും ആദ്യത്തെ ഇസ്ലാമിക പ്രസ്ഥാനമായ അൽ ജമാഅ ഇസ്ലാമിയ്യയുടെ തലപ്പത്തുള്ള നേതാവ് കൂടിയാണ്. പുസ്തകത്തിന്റെ പേര് : ‘ദൈവിക പ്രാതിനിധ്യം – സമുന്നത ലക്ഷ്യങ്ങൾ’ (മഖാസ്വിദുൽ ഇസ്തിഖ്ലാഫ്). തന്റെ പ്രതിനിധിയായി മനുഷ്യനെ ഭൂമിയിൽ നിശ്ചയിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞതിന്റെ സമകാലിക വിവക്ഷ എന്തൊക്കെയാവാം എന്നതിനെക്കുറിച്ച പുതിയ ചിന്തകളാണ് ഇതിൽ അവതരിപ്പിക്കുന്നത്. സുഡാനിലെ ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ നേതാവ് ഹസൻ തുറാബിയെക്കുറിച്ചും ഡോ. വാഇലിന്റെ ശ്രദ്ധേയമായ ഒരു പഠനമുണ്ട്. ഏകദേശം മൂന്ന് വർഷം മുമ്പ് ഇമാം അൽ ഔസാഈ കോളേജിൽ നിന്ന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചതും ഈ വിഷയത്തിലാണ്. ആ പഠനത്തിൽ ചർച്ച ചെയ്ത ഡോ. തുറാബിയുടെ പല അഭിപ്രായങ്ങളും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമാവുകയും ചെയ്തിരുന്നു.

പുതിയ പുസ്തകത്തിൽ ഡോ. വാഇൽ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രാനുഭവങ്ങളിലൂടെ വല്ലാതെയൊന്നും കടന്നു പോകുന്നില്ല. ആ അനുഭവങ്ങളെയും പരീക്ഷണങ്ങളെയും നേർക്കു നേരെ നിരൂപണത്തിന് വിധേയമാക്കുന്നുമില്ല. ഈയടുത്തകാലത്ത് പണ്ഡിത വൃത്തങ്ങളിൽ ഏറെ പ്രചാരം സിദ്ധിച്ച മഖാസിദുശ്ശരീഅ ചിന്തകളുമായി ദൈവ പ്രാതിനിധ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ചേർത്തു വെക്കുകയാണ് അദ്ദേഹം. പ്രപഞ്ചത്തിലും ജീവിതത്തിലും സംഭവ ലോകത്തും മനുഷ്യന്റെ റോൾ എന്തായിരിക്കണമെന്ന് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാതലത്തിൽ നോക്കിക്കാണാനുള്ള ശ്രമമെന്ന് ഈ പുസ്തകത്തെ വിലയിരുത്താം. ചില ഇസ്ലാമിസ്റ്റ് ധാരകൾ മനുഷ്യന്റെ റോൾ ചില പരിമിതവൃത്തങ്ങളിൽ തളച്ചിടുന്നത് കൊണ്ട് അത് ചിലപ്പോഴെങ്കിലും തീവ്രവാദത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

ദൈവ പ്രതിനിധി (ഖലീഫ) ആയ മനുഷ്യന്റെ പ്രതിനിധാനം (ഇസ്തിഖ് ലാഫ്) എങ്ങനെ എന്ന ചോദ്യത്തിന് ഖുർആന്റെയും നബിചര്യയുടെയും അടിത്തറയിൽ തന്നെ പുതിയ ഉത്തരങ്ങൾ അദ്ദേഹം കണ്ടെത്തുന്നു. നിലവിലുള്ള വെല്ലുവിളികളെ മാത്രമല്ല, ഭാവിയെക്കൂടി മുമ്പിൽ കണ്ടു കൊണ്ടുള്ള ഒരു അവതരണമാണിത്. ആദം നബി തൊട്ടുള്ള മനുഷ്യ ചരിത്രം പരിശോധിച്ചാൽ ആ പ്രതിനിധാനത്തിന്റെ സ്വഭാവം മനസ്സിലാകും. അതിങ്ങനെ സംഗ്രഹിക്കാം : ഈമാൻ, നേർവഴി സഞ്ചാരം, നീതി നിർവഹണം, സംസ്കൃതിയുടെ / നാഗരികതയുടെ നിർമാണം. ഈ ആശയങ്ങളുടെ പുതിയ ആവിഷ്കാരമാണ് അദ്ദേഹം അന്വേഷിക്കുന്നത്. സമ്പൂർണ്ണ ദൈവിക ദർശനം എന്ന പരികൽപ്പനയിൽ ഊന്നി നിന്നു കൊണ്ട് തന്നെയാണ് ഈ അന്വേഷണം വികസിക്കുന്നത്. നാഗരികതക്ക് രൂപം നൽകുമ്പോൾ വിവിധ ജന വിഭാഗങ്ങൾക്കിടയിൽ സമ്പത്തിന്റെ പങ്ക് വെപ്പും ബന്ധങ്ങളുടെ ഇഴയടുപ്പവും എങ്ങനെ സാധ്യമാക്കാമെന്നും സംഘർഷങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നുമുള്ള ചിന്തയാണ് വികസിക്കേണ്ടത്.

ഇബാദത്ത്, പ്രവൃത്തി (അമൽ) എന്നീ പദങ്ങൾക്ക് വിശാലമായ അർഥ തലങ്ങളാണ് ഗ്രന്ഥകാരൻ നൽകുന്നത്. സാധാരണ മനസ്സിലാക്കപ്പെടുന്ന ദീനീ പ്രവൃത്തികളിലും അനുഷ്ഠാനങ്ങളിലുമായി അവയെ തളച്ചിടരുത്. ഭൂമിക്ക് പുതുജീവൻ നൽകുന്ന എല്ലാ നിർമാണ പ്രവൃത്തികളും മുഴുവൻ മനുഷ്യ സമൂഹത്തിനും പ്രയോജനപ്പെടുന്ന സേവന സംരംഭങ്ങളും അതിൽ പെടും. ഈയൊരു വിശാല പരിപ്രേക്ഷ്യത്തിലാണ് ഗ്രന്ഥകാരൻ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇസ്ലാമിക പ്രസ്ഥാനങ്ങളും ആ ആശയത്തോട് ചായ് വുള്ളവരും നടത്തിവന്നിരുന്ന രാഷ്ട്രീയ പരീക്ഷണങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നത്. ഒരു സംഘടനയെയും അദ്ദേഹം പേരെടുത്ത് പറയുന്നില്ല. അത്തരം ചില സംഘടനകൾ ഭൂമിയിലെ വികസന പ്രവൃത്തികളെ (ഇഅ് മാർ ) യും ദൈവ പ്രതിനിധാന (ഇസ്തിഖ് ലാഫ്) ത്തെയും ഇസ്ലാമിക പാരമ്പര്യത്തിലുളള അധികാരാരോഹണമായി (ഖിലാഫത്ത്) ചുരുക്കി മനസ്സിലാക്കുന്നു. അല്ലെങ്കിൽ ഈ നിർവഹണങ്ങൾക്കൊക്കെയുളള ഏക വഴി അത് മാത്രമാണെന്ന് ധരിക്കുന്നു. ഒപ്പം നിലനിൽക്കുന്ന ഭരണ സംവിധാനങ്ങളെ അവ നിയമാനുസൃതമല്ലെന്നും ജാഹിലിയ്യത്താണെന്നും ചൂണ്ടിക്കാട്ടി അവയെ എതിരിടുന്നു. അവ നിഷ്കാസനം ചെയ്യപ്പെടേണ്ടതാണെന്ന ബോധ്യത്തിൽ അതിന് വേണ്ടി തീവ്രതയുടെ വഴിയിലേക്കും ബലപ്രയോഗത്തിലേക്കും എത്തിച്ചേരുന്നു. ഇത്തരം സംഘർഷങ്ങളിലേക്ക് നീങ്ങാതെ എല്ലാ മനുഷ്യരെയും സഹകരിപ്പിക്കാൻ ഉതകുന്ന ഇഅ് മാറിന്റെയും ഇസ്തിഖ് ലാഫിന്റെയും പുതുവഴികൾ തേടണമെന്നാണ് ഗ്രന്ഥകാരൻ മുന്നോട്ട് വെക്കുന്ന ആശയം.

ഇങ്ങനെയൊരു കാഴ്ചപ്പാട് രൂപപ്പെട്ടിരിക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പുറത്ത് നിന്നല്ല, അകത്ത് നിന്ന് തന്നെയാണ്. ഒരു പാട് രാഷ്ടീയാനുഭവങ്ങളുള്ള അൽ ജമാഅ അൽ ഇസ്ലാമിയുടെ നേതൃനിരയിൽ തന്നെയുള്ള ആളാണ് ഗ്രന്ഥകാരൻ. മഖാസ്വിദ്ശ്ശരീഅ മുമ്പിൽ വെച്ചുള്ള പുനരാലോചനയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ശരീഅത്തിന്റെ പ്രയോഗവൽക്കരണം എങ്ങനെയായിരിക്കണമെന്നതും പുതിയ കാലത്തെ മുമ്പിൽ വെച്ച് പുനർവായിക്കണം. ലക്ഷ്യങ്ങൾ പുനർ നിർണ്ണയിക്കുകയും അതിലേക്ക് എത്തിച്ചേരാനുളള ടൂളുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്യണം. പലരുമായുള്ള നിതാന്ത സംഘർഷങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ഒട്ടുമിക്ക അറബ്- മുസ്ലിം ലോകത്തെയും ഇസ്ലാമിക പ്രസ്ഥാനങ്ങൾ തങ്ങളുടെ മുൻകാല പരീക്ഷണങ്ങൾ പുനരവലോകനം ചെയ്യണം. വിവിധ ചിന്താ ധാരകളുമായി സമാധാനപരമായ സഹവർത്തിത്വവും സഹകരണവും വളർത്തിക്കൊണ്ടുവരാനുതകുന്ന രീതിയിൽ സ്ട്രാറ്റജികൾ രൂപപ്പെടുത്തണം. ഓരോ മനുഷ്യന്റെയും ആവശ്യങ്ങൾ നിറവേറ്റുകയെന്നതും മൗലികാവകാശങ്ങൾ സംരക്ഷിക്കുകയെന്നതും അജണ്ടകളിലെ മുഖ്യ ഇനമാവുമ്പോൾ പാർട്ടി ഭേദമില്ലാതെ എല്ലാവരും അതിനോട് സഹകരിക്കാൻ തയ്യാറാകും.

പാരമ്പര്യ ഇസ്ലാമിക ചിന്തയുടെ വക്താക്കൾ ഈ പുതിയ കാഴ്ചപ്പാടിനെതിരെ വിമർശനങ്ങളും എതിർവാദമുഖങ്ങളും ഉയർത്താനിടയുണ്ട്. ഏതായാലും സംവാദത്തിനും മൂല്യ നിർണ്ണയത്തിനും അത് ഉപകാരപ്പെടുമല്ലോ. ഭരണകൂടത്തോടാവട്ടെ മറ്റുള്ള കൂട്ടായ്മകളോടാവട്ടെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ബന്ധങ്ങൾ എങ്ങനെയാവണമെന്നതിനെക്കുറിച്ച ഒരു മാറിച്ചിന്തിക്കലിനും ഈ കൊച്ചു കൃതി നിമിത്തമായേക്കും.

 വിവ : അശ്റഫ് കീഴുപറമ്പ്

Related Articles