Book Review

സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള പുതുചിന്തകള്‍

ജൂതരാഷ്ട്രമായ ഇസ്രയേലുകാരനാണ് യുവാന്‍ നോയല്‍ ഹരാരിയെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ എഴുത്തില്‍ കടന്നുവരുന്നില്ല. താനൊരു നിരീശ്വരവാദിയാണെന്നു മാത്രമല്ല, ഒരു ഡാര്‍വിനിസ്റ്റ് കൂടിയാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ നോണ്‍ഫിക്ഷന്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണിത്. ‘സാപ്പിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യുമന്‍കൈന്‍ഡ്’, ‘ഹോമോ ദയസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റമോറോ’ എന്നിവയാണ് മറ്റു ഗ്രന്ഥങ്ങള്‍. സാപ്പിയന്‍സ് ചര്‍ച്ച ചെയ്യുന്നത് നമ്മുടെ താവഴികളെപ്പറ്റിയാണെങ്കില്‍ ഹോമോ ദയസ് സംസാരിക്കുന്നത് ഭാവിയുടെ ആശങ്കകളാണ്. 21 Lessons for the 21st Century (ഇരുപത്തൊന്നാം നൂറ്റാണ്ടിനുള്ള ഇരുപത്തൊന്ന് പാഠങ്ങള്‍) എന്ന പുതിയ ഗ്രന്ഥം വര്‍ത്തമാനകാല സാഹചര്യങ്ങളെപ്പറ്റിയും മനുഷ്യസമൂഹങ്ങളുടെ അനതിവിദൂരമായ ഭാവിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ പിഎച്ച്ഡി നേടിയ ഹരാരി അഞ്ചുഭാഗങ്ങളായാണ് തന്റെ പഠനത്തെ വിഭജിക്കുന്നത്: സാങ്കേതിക മാറ്റങ്ങള്‍, രാഷ്ട്രീയ ഗതിവിഗതികള്‍, നിരാശയും പ്രതീക്ഷയും, സത്യവും വീണ്ടെടുപ്പും എന്നിങ്ങനെയാണ് വിഷയങ്ങള്‍.

Also read: സമ്പത്ത് അല്ലാഹുവിന്റേതാണ്‌; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്

ടെക്‌നോളജിയുടെ വെല്ലുവിളികള്‍ കാരണമായി, മനുഷ്യകുലം ഏറെനാള്‍ കൊണ്ടുനടന്നിരുന്ന ലിബറല്‍ മൂല്യങ്ങള്‍ ഇപ്പോള്‍ കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വാദിക്കുന്നു. ബയോ ടെക്‌നോളജിയും ഇന്‍ഫോ ടെക്‌നോളജിയുമൊന്നിക്കുന്നത് വര്‍ത്തമാനലോകത്തിന് വലിയൊരു വെല്ലുവിളിയായി മാറും. ആധുനിക ലോകം അത്യന്താപേക്ഷിതമെന്ന് കരുതുന്ന മാനുഷിക സ്വാതന്ത്ര്യത്തെയാകും അവ ബാധിക്കുക. പുരാതന, മധ്യകാലങ്ങളില്‍ സ്വാതന്ത്ര്യത്തെയും തെരെഞ്ഞെടുപ്പുകളെയും രൂപപ്പെടുത്തിയത് ദൈവത്തിന്റെയും പൗരോഹിത്യത്തിന്റെയും അധീശത്വമായിരുന്നു. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി രക്തവും മാംസവുമുള്ള മനുഷ്യരിലേക്ക് കൈമാറപ്പെട്ടിരുന്ന ഈ കര്‍തൃത്വം ഇപ്പോള്‍ അല്‍ഗോരിതങ്ങളിലാണ് ചെന്നെത്തിയിരിക്കുന്നത്. സാങ്കേതിക വിപ്ലവത്തിന്റെ വരവോടെ, ബിഗ് ഡേറ്റ അല്‍ഗോരിതങ്ങളുടെ നിയന്ത്രണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം തന്നെയില്ലാതാക്കുമെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. കൃത്രിമ ബുദ്ധിയെ പല രാഷ്ട്രങ്ങളും ചൂഷണം ചെയ്യുന്നതായി നമ്മള്‍ കാണുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സുപ്രധാന രാഷ്ട്രീയ റാലിയില്‍ വരെ ഫേഷ്യല്‍ റെക്കഗ്നീഷന്‍ സിസ്റ്റം ഉപയോഗിക്കപ്പെട്ടുവെന്നാണ് വിവരങ്ങള്‍.
മീഡിയ പടച്ചുവിടുന്ന വികാരങ്ങളാണ് വ്യക്തിസ്വാതന്ത്ര്യത്തെ നിര്‍ണയിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ തെരെഞ്ഞടുപ്പില്‍ തോല്‍ക്കുന്നതും ജയിക്കുന്നതുന്നതുമെല്ലാം പൊതുവികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുകള്‍ ഇതിനൊരുദാഹരണം മാത്രം. ഡോക്ടര്‍മാര്‍ കമ്പ്യൂട്ടറില്‍ നോക്കി കാര്യങ്ങള്‍ക്ക് തീര്‍പ്പു പറയുകയും ഗൂഗിളും ആമസോണുമടക്കമുള്ള ടെക് ഭീമന്‍മാരുടെ വലയിലകപ്പെടുകയും ചെയ്ത നമ്മുടെ രാഷ്ട്രത്തില്‍ എന്‍പിആര്‍ ഉള്‍പ്പെടെയുള്ള അജണ്ടകള്‍ നടപ്പാക്കാനായി ഭരണകൂടം വന്‍തോതില്‍ ഡാറ്റ വിനിയോഗിക്കുന്നുവെന്നത് ഒട്ടും അത്ഭുതാവഹമായ കാര്യമല്ല.

സമത്വത്തെപ്പറ്റിയാണ് ഗ്രന്ഥത്തിന്റെ അവസാന അധ്യായം. ഇരുപതാം നൂറ്റാണ്ടില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെയും തൊഴില്‍ കൈകാര്യകര്‍തൃത്വത്തിന്റെയും ഫലമായി സമത്വത്തിന് വലിയ തോതില്‍ ഇടിവു സംഭവിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലും ഇതുതന്നെ ആവര്‍ത്തിക്കുമെന്നൊന്നും നമുക്ക് പറയാനാകില്ല. കൃത്രിമ ബുദ്ധിയെയും ബയോ എന്‍ജിനീയറിംഗിനെയും ആശ്രയിക്കുന്ന ഈ നൂറ്റാണ്ടില്‍ വ്യവസായവല്‍കരണാനന്തരമുള്ള സാംസ്‌കാരികത ഏറെ സ്വയം പര്യാപ്തത ആര്‍ജിച്ചതായിരിക്കും. ഡാറ്റ കൈവശമുള്ളവരിലേക്ക് ഭാവി നിക്ഷിപ്തമാകുന്നത് അതിസമ്പന്നരെന്നും ദരിദ്രരെന്നുമുള്ള വിഭജനങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യും.

Also read: സംഘട്ടനങ്ങള്‍ക്കിടയിലെ കുടുംബവ്യവസ്ഥ: ചോദ്യങ്ങളും വെല്ലുവിളികളും

രാഷ്ട്രീയ വെല്ലുവിളികളെപ്പറ്റിയുള്ള രണ്ടാം ഭാഗത്തില്‍ ഇതിനുള്ള പരിഹാരം ആഗോളതലത്തിലുള്ള കൂട്ടായ മുന്നേറ്റങ്ങളിലൂടെ മാത്രമാണെന്ന് ഹരാരി എഴുതുന്നു. ദേശീയതയും മതവും സാംസ്‌കാരിക വിഭജനങ്ങളും മനുഷ്യകുലത്തെ പരസ്പര ശത്രുക്കളാക്കുകയും സഹകരണത്തിന്റെ വാതിലുകള്‍ അടച്ചുകളയുകയും ചെയ്യും. സമുദായത്തെയും കുടിയേറ്റത്തെയും അദ്ദേഹം ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നു.

നിലവിലുള്ള സമൂഹങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ഹരാരി അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി സമൂഹത്തിനിടയിലെ ഊഷ്മളത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വമ്പന്‍ കോര്‍പറേറ്റുകള്‍ക്കു പോലും ഈ നഷ്ടത്തെ നികത്താനായിട്ടില്ല. അഥവാ, പരസ്പരബന്ധിതമായ സമൂഹത്തില്‍ വ്യക്തികളെന്ന നിലയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ് മനുഷ്യര്‍.

ജനങ്ങള്‍ ഒറ്റ സംസ്‌കാരത്തെ പുണര്‍ന്ന് ഒരേ തരത്തിലുള്ള സാധ്യതകളെയും വെല്ലുവിളികളെയും പങ്കിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒന്നാണ് ദേശീയത. സാധാരണമായ ദേശസ്‌നേഹം അക്രമാസക്തമായ അതിദേശീയതയിലേക്ക് ചുരുങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. രാഷ്ട്രത്തോട് പൂര്‍ണമായും കൂറുള്ളവരായിരിക്കണമെന്നതാണ് ദേശീയവാദികളുടെ ആവശ്യം. എന്നാല്‍ ഒരു വ്യക്തി തന്റെ കുടുംബം, സമൂഹം, ചുറ്റുപാട്, ജോലി, അതുപോലെ രാഷ്ട്രം എന്നിവയോട് എപ്പോഴും വിധേയത്വമുള്ളവനായിരിക്കണം. യൂറോപ്യന്‍ യൂണിയന്റെ ഭരണഘടന ഇതിനൊരുദാഹരണമാണ്. ആണവയുദ്ധം, പരിസ്ഥിതി ശോഷണം, സാങ്കേതിക മുടക്കുകള്‍ എന്നിവയാണ് ലോകം ഇപ്പോള്‍ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്നതിനാല്‍ ദേശീയതക്ക് ഇവിടെ ഒന്നും ചെയ്യാനില്ല. എന്നാല്‍, സാര്‍വലൗകികമായ മതപാരമ്പര്യത്തിന് ഇതില്‍ പലതും ചെയ്യാനുണ്ടെന്ന് ഹരാരി കരുതുന്നു. രാഷ്ട്രീയ ഏറ്റുമുട്ടലുകളുണ്ടായിട്ടുപോലും പലപ്പോഴും ഇസ് ലാമും ക്രിസ്തുമതവും ആഗോളമാനകങ്ങള്‍ക്കടിസ്ഥാനമായി ചിന്തിക്കുകയും ജീവിതസമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതല്ലേയെന്ന് ഹരാരി ചോദിക്കുന്നു.

Also read: നാളെയുടെ വാഗ്ദാനങ്ങള്‍

ദൈവം, യുദ്ധം, മതേതരത്വം, ഭീകരവാദം എന്നിവയെപ്പറ്റിയാണ് പുസ്തകത്തിന്റെ മൂന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദികള്‍ മനസുകളെ നിയന്ത്രിക്കുന്നതില്‍ മിടുക്കരാണ്. വളരെക്കുറച്ച് പേരുടെ മാത്രം ജീവനെടുക്കുന്ന അവര്‍ക്ക് കോടിക്കണക്കിനാളുകളെയും വമ്പന്‍ രാഷ്ട്രീയ ശക്തികളെയും ഭീതിയിലാഴ്ത്താന്‍ കഴിയുന്നു- അദ്ദേഹം അഭിപ്രായപ്പെടുന്നു. 2001 മുതല്‍ 2016 വരെ 25,000 പേരെയാണ് ഭീകരവാദികള്‍ കൊന്നുകളഞ്ഞത്. എന്നാല്‍, 1.25 ദശലക്ഷം പേര്‍ മരിക്കുന്ന ട്രാഫിക്ക് ദുരന്തങ്ങളേക്കാളും പ്രതിവര്‍ഷം 3.5 ദശലക്ഷം പേരുടെ ജീവനെടുക്കുന്ന പ്രമേഹരോഗത്തേക്കാളും കണക്കുകളില്‍ വളരെ നിസാരമാണിത്. ‘പ്രധാന തീരുമാനങ്ങളെല്ലാം ശത്രുവിന്റെ കൈകളിലേക്ക് വിടുന്നു എന്ന കാരണത്താല്‍ പരാജയപ്പെട്ട ഒരു ആശയമാണ് ഭീകരവാദം. അഥവാ, ഒഴിഞ്ഞ പാത്രത്തിലെ ഒറ്റനാണയം പോലെ..’
ഭീകരവിരുദ്ധ യുദ്ധങ്ങളുടെ പരിണതികളെ വിലയിരുത്തുമ്പോള്‍ നമുക്ക് മനസിലാകുന്നത് വന്‍ശക്തികള്‍ക്ക് എപ്പോഴും പ്രയോഗിക്കാവുന്ന ഒരായുധമായി അത് മാറിക്കഴിഞ്ഞു എന്നതാണ്. എതിരാളികളെ ഭീകരവാദമുദ്ര ചാര്‍ത്തി കൊന്നുതള്ളാനാണ് അവര്‍ ശ്രമിക്കുന്നത്. ആഫ്രിക്കയിലേയും ഏഷ്യയിലേയും ശത്രുക്കളോട് കൂടുതല്‍ സംവാദത്തിന് താല്‍പര്യം കാണിക്കാത്തതും അതുകൊണ്ടാണ്. ഒരുപക്ഷേ, താലിബാന്‍ മാത്രമായിരിക്കും ഇതിനൊരപവാദം.

നമ്മള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണെന്ന് സ്വയം വിശ്വസിക്കുന്നത് ഏറെ അപകടകരമാണെന്ന് ഹരാരി പറയുന്നു. തങ്ങളുടെ കാലം മുതലാണ് ചരിത്രം ആരംഭിക്കുന്നതെന്ന് ഗ്രീക്കുകാര്‍ വാദിക്കുമ്പോള്‍ ചൈനീസ് ദേശീയവാദികളുടെ വാദപ്രകാരം ചരിത്രം ആരംഭിക്കുന്നത് ഷി, ഷാങ് ഭരണകൂടങ്ങളുടെ കാലത്താണ് എന്നാണ്. വിമാനങ്ങളും റോക്കറ്റുകളും പുരാതന ഋഷിമാരുടെ കണ്ടുപിടുത്തങ്ങളാണെന്ന് പല ഹിന്ദുക്കളും ഇപ്പോഴും വിശ്വസിക്കുന്നു. അടിസ്ഥാനരഹിതമായ ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ഹരാരി തന്റെ ഗ്രന്ഥത്തില്‍.

Also read: അവരുടെ രാഷ്ട്രീയം കൂടി മാറ്റി നിർത്തുക എന്നതാണ്

ഏകദൈവ വിശ്വാസത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിക്കപ്പെട്ട അസഹിഷ്ണുതയുടെ പേരിലും ക്രിസ്തുമതത്തെയും ഇസ് ലാമിനെയും ജൂതമത്തെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. നാലാം നൂറ്റാണ്ടിലെ ഗ്രീക്കുകാരുടെ അസഹിഷ്ണുതാപരമായ സമീപനങ്ങളെയാണ് ഇതിനുദാഹരണമായി അദ്ദേഹം കൊണ്ടുവരുന്നത്. എന്നാല്‍, ഇസ് ലാമിലെ അസഹിഷ്ണുതയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഗ്രന്ഥത്തിലില്ല. സത്യത്തെക്കുറിച്ചുള്ള നാലാം ഭാഗത്തില്‍ അതെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു പകരം അജ്ഞത, നീതി, സത്യാനന്തരം, സയന്‍സ് ഫിക്ഷനുകള്‍ എന്നിവയാണ് അദ്ദേഹം ചര്‍ച്ചക്കെടുക്കുന്നത്. ഒരേസമയം ഗൗരവതരവും രസകരവുമായ വായന പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണ് 21 ലെസന്‍സ് ഫോര്‍ 21st സെഞ്ചുറി.

വിവ. അഫ് സൽ പി.ടി. മുഹമ്മദ്

Facebook Comments
Related Articles
Show More
Close
Close