Current Date

Search
Close this search box.
Search
Close this search box.

സിറിയൻ ജയിൽ സാഹിത്യങ്ങൾ വായനക്കെടുക്കുമ്പോൾ

2010ൽ സിറിയൻ വിപ്ലവം തുടങ്ങുന്നതിനു മാസങ്ങൾക്ക് മുമ്പാണ് ഡമസ്‌ക്കസിലെ ഒരു കൂട്ടം അജ്ഞാത സിനിമ നിർമ്മാതാക്കൾ ചേർന്ന് അബുനദ്ദാറ(കണ്ണടധാരിയായ മനുഷ്യൻ) എന്ന പേരിൽ ലോകശ്രദ്ധ ആകർഷിച്ച ഒരു കൂട്ടായ്മ രൂപീകരിച്ചത്. സിനിമ നിർമ്മാതാക്കൾ മുന്നോട്ട് വെച്ച സന്ദേശം വളരെ ലളിതമായിരുന്നു: സാർവത്രികമായ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയായിരുന്നു അവർ വാദിച്ചത്; ‘ചിത്രത്തിനുള്ള അവകാശം’.

കൂട്ടായ്മയെ സംബന്ധിച്ചെടുത്തോളം, മനുഷ്യ വേദനയെ പ്രതിനിധാനം ചെയ്യുന്നവയെല്ലാം അവർക്ക് രാഷ്ട്രീയവും ധാർമ്മികവുമായ അവസരങ്ങളായിരുന്നു. അവകളെയെല്ലാം അഭിമാന ക്ഷതമേറ്റവരും നിശ്ശബ്ദരാക്കപ്പെട്ടവരും നേരിടുന്ന മനുഷ്യാവകാശ ധ്വംസനമായി ഇവർ ചിത്രീകരിച്ചു.

2015ൽ തുർക്കി കടൽ തീരത്ത് മുഖം മണലിൽ കമിഴ്ത്തി ചലനമറ്റ ശരീരമായി കിടക്കുന്ന സിറിയൻ ബാലൻ അയ്ലാൻ കുർദിയുടെ വേദനിപ്പിക്കുന്ന വൈറലായ ചിത്രമായിരുന്നു അവയിലൊന്ന്. അയ്‌ലാൻ കുർദിയുടെ ചിത്രം ഉപയോഗിക്കുന്നത് മാധ്യമങ്ങൾ നിർത്തണമെന്ന് അയ്ലാന്റെ കുടുംബം ലോക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. അതിനെ മനുഷ്യാവകാശ ലംഘനം എന്നാണ് അബുനദ്ദാറ വിശേഷിപ്പിച്ചത്. അബുനദ്ദാറ പുറത്തുവിട്ട സിറിയയിലെ തടങ്കൽ, പീഢനങ്ങൾ എന്നിവയുടെ നേർചിത്രങ്ങളും വീഡിയോകളും വിപ്ലവം തുടങ്ങിയതോടെ കൂടുതൽ ശ്രദ്ധ നേടി.

മുഖ്യധാരാ മാധ്യമങ്ങൾ, തകർന്ന കെട്ടിടങ്ങളുടെയും അഭയാർത്ഥി ക്യാമ്പുകളുടെയും ഉന്മൂലനം ചെയ്യപ്പെട്ട മനുഷ്യജീവനുകളുടെയും ചിത്രങ്ങൾ ഒപ്പിയെടുക്കാൻ തിരക്ക് കൂട്ടിയപ്പോൾ സംഘർഷങ്ങളെക്കുറിച്ചും പീഢനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന റിപ്പോർട്ടുകളിലെ അപശ്രുതികളിൽ നിന്നും മാറി ഓരോ വ്യക്തികളുടെയും ജീവിതാനുഭവങ്ങളിലേക്കാണ് സിനിമ നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. എമർജൻസി സിനിമ എന്ന വാക്കുപയോഗിച്ച് ഹ്രസ്വമായ പ്രതിവാര ബുള്ളറ്റ് ഫിലിമുകൾ അവർ പുറത്തിറക്കി. സമകാലീന സിറിയൻ വിപ്ലവാനുഭവത്തെയും കുടിയിറക്കപ്പെടലിനെയും സെൻസർഷിപ്പിനെയും ഹാസ്യരൂപത്തിലാണ് അവർ ചിത്രീകരിച്ചത്.

ഇവർ പുറത്തിറക്കുന്ന ചലച്ചിത്രങ്ങൾ, ഒരു സിറിയക്കാരൻ കഥ പറയുന്ന സൈദ്നായ പ്രിസൺ പരമ്പര പ്രത്യേകിച്ചും, ഒറ്റനോട്ടത്തിൽ തന്നെ ആഗോള മനുഷ്യാവകാശ നിയമ വ്യവസ്ഥയെ വിമർശിക്കുന്നവയാണെന്ന് കാണാം. അസദിന്റെ ക്രൂര ചെയ്തികൾ പ്രതിരോധിക്കുന്നതിലും മാനുഷിക ധ്വംസനങ്ങൾക്ക് പരിഹാരം കാണുന്നതിലും വ്യവസ്ഥ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ഓരോ ചലച്ചിത്രവും പറഞ്ഞുവെക്കുന്നു.

കേവല കുറ്റാരോപണത്തിനപ്പുറം, യഥാർത്ഥത്തിൽ മനുഷ്യാവകാശം എന്താണെന്ന ചിന്തയിലേക്ക് അന്താരാഷ്ട്ര സമൂഹത്തെ കൊണ്ടുവരാനാണ് ചലച്ചിത്ര പ്രവർത്തകർ ശ്രമിക്കുന്നത്. പ്രശ്നകരവും അവകാശ ധ്വംസനത്തെ കുറിച്ചുള്ളതുമായ ഡോക്യുമെന്ററികൾ നിർമ്മിച്ച് റിപ്പോർട്ടുകളിൽ നിന്നും ഒഴിവാക്കപ്പെട്ട സുപ്രധാന വിഷയങ്ങളെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ വക്താക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയെന്നതുമാണ് അവരുടെ ഉദ്ദേശ്യം.

ഷാരിയ തെലഗാനി തന്റെ ‘റീഡിംഗ്സ് ഇൻ സിറിയൻ പ്രിസൻ ലിറ്ററേച്ചർ: ദി പോയറ്റിക്സ് ഓഫ് ഹ്യൂമൺ റൈറ്റ്സ്’ എന്ന പുസ്തകത്തിൽ കൊണ്ടുവന്ന അനേകം ഉദാഹരണങ്ങളിൽ ഒന്നാണ് മേൽപറഞ്ഞ സിനിമ. മനുഷ്യാവകാശ ധ്വംസനങ്ങളെയും സിറിയൻ ജയിൽ സാഹിത്യങ്ങളെയും നന്നായി കൈകാര്യം ചെയ്യുന്ന ഏറ്റവും സമഗ്രമായ ഒന്നാണ് ഈ പുസ്തകം.

ഇതിനെക്കുറിച്ച് ഇറാഖി നോവലിസ്റ്റും പരിഭാഷകനുമായ സിനാൻ ആന്റൂൺ ഫെബ്രുവരി 26നു നടന്ന ഒരു വെബിനാറിൽ പറഞ്ഞത് ഇങ്ങനെയാണ്: അറബി സാഹിത്യം ഇഷ്ടപ്പെടുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണിത്. മാത്രമല്ല, ആഗോള തലത്തിലുള്ള മനുഷ്യാവകാശത്തെക്കുറിച്ച് അറിയേണ്ടവരും അനിവാര്യമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

പുസ്തകമെഴുത്തിന് പിന്നിലെ പ്രചോദനം

ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയുടെ ക്വീൻസ് കോളജിൽ മിഡിൽ ഈസ്റ്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഇറാനിയൻ-അമേരിക്കൻ എഴുത്തുകാരിയാണ് തെലഗാനി. ഒരു നിയമജ്ഞയോ ആക്ടിവിസ്റ്റോ ആയിത്തീരണമെന്ന് മോഹിച്ചിരുന്ന അവർ ഹൈസ്കൂളിലെ മനുഷ്യാവകാശ വിഭാഗത്തിലാണ് ആദ്യം താൽപര്യം പ്രകടിപ്പിച്ചത്. 9/11ന്‌ ശേഷം ‘ഭീകരവാദത്തിനെതിരെ യുദ്ധം’ എന്ന പേരിൽ യുഎസ് ഗവണ്മെന്റ് നടത്തുന്ന ചൂഷണത്തിൽ സംശയാലുവായ അവർ പാശ്ചാത്യർ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചുള്ള കപട സംവാദത്തിനെതിരെ ശക്തമായി രംഗത്ത് വന്നു.

പ്രശസ്തയായ ലബനീസ് നോവലിസ്റ്റ് ഏലിയാസ് ഖൗറിക്കൊപ്പം നടത്തിയ ഗ്രാജ്വേറ്റ് ക്ലാസ്സാണ് സിറിയൻ ജയിൽ സാഹിത്യത്തെ കുറിച്ചുള്ള മോഹം അവരിൽ ഉണ്ടാക്കിത്തീർത്തത്.

ഇംഗ്ലീഷിലുള്ള സിറിയൻ സാഹിത്യം വലിയ തോതിൽ അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ്. അതുപോലെത്തന്നെ, ഇംഗ്ലീഷ് ഭാഷ സ്കോളർഷിപ്പിൽ നിന്നും പൂർണ്ണമായി ഒഴിവാക്കപ്പെട്ട ഒന്നാണ് സിറിയൻ ജയിൽ സാഹിത്യം. 2011ന് മുമ്പ് നിസാർ ഖബ്ബാനി, ഹന്ന മിന, സകരിയ തമീർ തുടങ്ങി പ്രശസ്തരായ ഏതാനും ചില സിറിയൻ സാഹിത്യകാരുടെ കൃതികൾ മാത്രമാണ് ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്.

9/11ന്‌ ശേഷം അമേരിക്കയിൽ സാഹിത്യത്തിലും മനുഷ്യാവകാശത്തിലും ഉപമേഖലകൾ വരും മുമ്പേ അറബ് സാഹിത്യത്തിന് മനുഷ്യാവകാശ വ്യവഹാരങ്ങളുമായും ജയിൽ സാഹിത്യങ്ങളുമായും വലിയ ബന്ധമുണ്ടായിരുന്നെന്ന് അവരുടെ ഗവേഷണത്തിനിടെ അവർ കണ്ടെത്തിയിരുന്നു.

ഖൗറിയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് അമ്മേൽ അൽകലായുടെ നിർദ്ദേശ പ്രകാരം ഫറാജ് ബൈറക്ദാറിന്റെ ഹമ്മാമ മുതല്ലഖത്തുൽ ജിനാഹൈൻ(ഡോവ് ഇൻ ഫ്രീ ഫ്ലൈറ്റ് ) എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം തെലഗാനി ആരംഭിച്ചു. അതിന്റെ മൂലകൃതിയിൽ നിന്നും ആവേശം കൊണ്ടാണ് തടങ്കൽ പാലയങ്ങളെക്കുറിച്ചുള്ള കൂടുതൽ രചനകളിലേക്കു അവരുടെ വായന വികസിക്കുന്നത്. തലഗാനിയുടെ രചനകളെല്ലാം ഒരേസമയം വർഗ്ഗ സിദ്ധാന്തത്തെയും വിമർശനാത്മക മനുഷ്യാവകാശ സിദ്ധാന്തത്തെയും തുറന്നു കാട്ടുന്ന അക്കാദമിക് സ്വഭാവമുള്ളതും കൂടുതൽ പ്രേക്ഷകരെ ലക്ഷ്യമിട്ട് കൊണ്ടുള്ളവയുമാണ്.

സിറിയയിലെ ജയിലുകളുടേതോ സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെയോ മാത്രം ഒരു ചരിത്ര പുസ്തകമല്ല ഇത്. തെലഗാനി പ്രധാനമായും രണ്ടു ചോദ്യങ്ങളാണ് ഉയർത്തുന്നത്; സിറിയൻ ജയിൽ സാഹിത്യങ്ങൾ വായിക്കുന്നതിലൂടെ നമുക്കെന്താണ് മനസിലാക്കാനാവുക? സിറിയൻ ജയിൽ സാഹിത്യങ്ങൾ എങ്ങനെയാണ് മാനവികതയെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും സംസാരിക്കുന്നത്?

സാഹിത്യത്തെ കുറിച്ചും മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചുമുള്ള മിക്ക ഇംഗ്ലീഷ് ഭാഷ സ്കോളർഷിപ്പുകളും നോവലുകളെയും ഓർമ്മക്കുറിപ്പുകളെയുമാണ് അവലംബിക്കാറുള്ളത്. എന്നാൽ, ചെറുകഥകളും കവിതകളും അതോടൊപ്പം തന്നെ സംസാരിക്കേണ്ട ഒരു വിഷയം എന്ന നിലക്ക് തടങ്കൽ പാളയങ്ങളെയും തടവുകാരെയും രചയിതാക്കൾ അവരുടെ സാഹിത്യത്തിൽ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച അന്വേഷണം എന്നിവയായിരുന്നു തെലഗാനിയുടെ ഇഷ്ട മേഖല.

‘Syrian Prison Literature’ aims to tell the realities of human rights abuses, instead of using the blanket terminology deployed by the international community

ജയിൽ സാഹിത്യം ഒരു പ്രശ്‌നാത്മക നിർമ്മാണം, പ്രാതിനിധ്യവും പീഢനവും, ജയിലിന്റെയും ജയിൽ ജീവിതങ്ങളെയും ചിത്രീകരണം, കാർസറൽ മെറ്റാഫിക്ഷനും പ്രവാസവും തമ്മിലുള്ള ബന്ധം തുടങ്ങിയ ചാപ്റ്ററുകളാണ് പുസ്തകത്തിന്റെ ശ്രദ്ധാ കേന്ദ്രം. പാൽമിറയിലെ കുപ്രസിദ്ധ തദ്മീർ മിലിറ്ററി ജയിലിനേക്കുറിച്ച് ഒരു അധ്യായം തന്നെ തെലഗാനി പുസ്തകത്തിൽ ചേർക്കുന്നുണ്ട്.

അദബുസ്സുജൂൻ; ഒരു താർക്കിക പദം

ജയിൽ സാഹിത്യവും സാഹിത്യകാരന്മാരും സിറിയയിലോ അറബ് ലോകത്തോ മിഡിൽ ഈസ്റ്റിലോ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. തടവുകാരന്റെ വീക്ഷണകോണിൽ നിന്നും എഴുതപ്പെട്ടവയെല്ലാം ആംഗ്ലോ-അമേരിക്കൻ സാഹിത്യത്തിൽ ജയിൽ സാഹിത്യമായി വേർതിരിക്കുന്നു.

പരിഷ്കരണവാദികളായ യുഎസ് ബുദ്ധിജീവികളുടെ ജയിൽ എഴുത്തുകൾ നിരീക്ഷിച്ചതിൽ നിന്നും പ്രശസ്ത പണ്ഡിതൻ ഡിലൻ റോഡ്രിസിന് മനസ്സിലായത്, ജയിൽ സാഹിത്യമെന്ന പദം കൂടുതൽ വാണിജ്യവൽകരിക്കപ്പെടുകയും ലിബറൽ വായനക്കാരെ ലക്ഷ്യം വെക്കുന്ന ഒന്നാക്കി മാറ്റപെടുകയും ചെയ്തിട്ടുണ്ട്. ഭരണകൂട ആധിപത്യ വ്യവസ്ഥയെ പുനർനിർമ്മിക്കുന്ന ഒന്നായാണ് ‘ജയിൽ സാഹിത്യ’മെന്ന പദം പ്രയോഗിക്കപ്പെടുന്നത്. അത്തരം കൃതികളെ ജയിൽ സാഹിത്യമെന്ന് നിർവചിക്കുന്നതിലൂടെ പൊതു സാഹിത്യ സ്വഭാവത്തിൽ നിന്നും വിത്യസ്തമായി കൂടുതൽ ഏകീകൃതവും എന്നാൽ പരിമിതവുമായ ഒരു മേഖലയാണ് ഇതെന്ന് പറയാനാകും.

തങ്ങൾ ജയിലിൽ വെച്ച് എഴുതിയ സാഹിത്യ ഗ്രന്ഥങ്ങൾക്ക്‌ ജയിൽ സാഹിത്യമെന്ന ലേബൽ പതിച്ചു നൽകുന്നതിനെ പല സിറിയൻ എഴുത്തുകാരും ശക്തമായി എതിർത്തിട്ടുണ്ട്. പ്രമുഖ മാർക്സിസ്റ്റ് വിമത ബുദ്ധിജീവിയായ യാസീൻ അൽ-ഹാജ് സാലിഹ് തന്റെ ആത്മകഥാ സ്വഭാവമുള്ള Salvation O Boys: 16 year in Syrian prisons എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തന്റെ ആത്മകഥക്ക്‌ യോജിച്ചതല്ല ആ ലേബൽ, അതേസമയം ജാമിൽ ഹത്‌മാലിന്റെ ചെറുകഥകൾ, മുസ്തഫ ഖലീഫയുടെ ദി ഷെൽ തുടങ്ങിയ ഫിക്ഷനുകൾക്ക്‌ അവ പതിച്ചു നൽകുന്നതിൽ പ്രശ്നവുമില്ല എന്നാണ് അദ്ദേഹം എഴുതിയത്.

അതുപോലെത്തന്നെ, ഫറാജ് ബൈരഖ് ദാറിനെ പോലെയുള്ളവർ തങ്ങളുടെ ഓർമ്മക്കുറിപ്പുകളെ അദബുസ്സുജൂനിൽ പെട്ടവയായി എണ്ണുമ്പോൾ കവിത പോലെയുള്ളവയെ ജയിൽ സാഹിത്യങ്ങളിൽ ഉൾപ്പെടുത്തുന്നിടത്ത് വലിയ ജാഗ്രത പുലർത്തുന്നുമുണ്ട്. തടങ്കൽ അനുഭവങ്ങളുടെ നേർവിവരണമല്ല അതെന്നാണ് അതിനവർക്കുള്ള ന്യായം. ഇംഗ്ലീഷ് സാഹിത്യത്തിൽ എന്നപോലെ അറബി സാഹിത്യത്തിലും ജയിൽ സാഹിത്യമെന്നത് അവ്യക്തവും രൂപരഹിതവുമായ ഒരു ഉപശാഖയാണ്.

അറബ്, സിറിയൻ പശ്ചാത്തലമുള്ള പല എഴുത്തുകാരും രാഷ്ട്രീയ കാരണങ്ങളാൽ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. അവരാണ് തങ്ങളുടെ രചനകളിലേക്ക് ഈ ലേബലിനെ വ്യാപകമായി കൊണ്ടുവന്നിട്ടുള്ളത്. അതിനാൽത്തന്നെ, ഈയൊരു പദത്തെ സിറിയൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഒരു രാഷ്ട്രീയ അനിവാര്യതയായിട്ടാണ് തെലഗാനി വായിച്ചെടുക്കുന്നത്. സർക്കാർ സ്പോസർഡ് ആയിട്ടുള്ള ക്രിയാത്മക രചനാ പരിശീലനങ്ങളോ വിദ്യാഭ്യാസ പദ്ധതികളോ മിഡിൽ ഈസ്റ്റ് ജയിലുകളിൽ ഇല്ലെന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചതെന്ന് തെലഗാനി എഴുതുന്നു.

മനുഷ്യാവകാശ വ്യവഹാരങ്ങളുടെ പരിമിതി

ഒട്ടും ശ്രദ്ധയില്ലാത്ത വായനക്കാർ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനകളെ വിമർശിക്കുന്നു എന്നതിനാൽ തെലഗാനിയെയും വിമർശിച്ചേക്കാം. എന്നാൽ, തെലഗാനി ഇവരുടെ വിമർശനങ്ങളിൽ നിന്നെല്ലാം ഒരുപാട് വിദൂരത്താണ്. മനുഷ്യാവകാശ സംഘടനകളുടെ വ്യവസ്ഥ, ഭാഷ, ‌‍ഡിസ്കോഴ്‌സ് എന്നിവ ലക്ഷ്യമിട്ടുള്ള വളരെ സൂക്ഷ്മമായ വിമർശനമാണ് അവരുടേത്. അവയിലൊക്കെ തന്നെയും മനുഷ്യാവകാശ സംഘടനകൾക്ക്‌ കാര്യക്ഷമായ ഇടപെടൽ നടത്താതിരിക്കാനാകില്ല.

വിമർശനത്തിൽ മറ്റു പണ്ഡിതന്മാരുടെ വഴികൾ തന്നെയാണ് തെലഗാനിയും സ്വീകരിക്കുന്നത്. മനുഷ്യാവകാശ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ തുറന്നു കാട്ടുന്നതോടൊപ്പം മനുഷ്യാവകാശങ്ങളുടെയെല്ലാം സംരക്ഷണം നാഷണൽ സ്റ്റയ്‌റ്റിനാണെന്ന ധാരണയെ പൊളിച്ചെടുക്കുകയുമാണ് അവരുടെ ഉദ്ദേശ്യം. ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്താൻ സാധ്യമാകുന്ന സ്ഥാപനം കൂടിയാണ് സ്റ്റയ്റ്റെന്നു അവർ വാദിക്കുന്നു(1948ൽ യുഎൻ നടത്തിയ മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനം നടക്കുമ്പോൾ തന്നെ യുഎന്നിനെ ഹന്ന ആരന്റ്‌ ഇക്കാര്യം ഉണർത്തിയിട്ടുണ്ട്).

മനുഷ്യാവകാശത്തിന്റെ ചരിത്ര വായന നടത്തിയ തെലഗാനി സാഹിത്യമടക്കമുള്ളവയുടെ ബാഹ്യ സ്വാധീനത്താൽ മനുഷ്യാവകാശത്തിന്റെ മോഡേൺ കൻസെപ്റ്റ് എങ്ങനെയാണ് ഇത്ര സങ്കീർണ്ണമായതെന്ന് വിശദീകരിക്കുന്നുണ്ട്.

മനുഷ്യാവകാശ റിപ്പോർട്ടുകൾ ചേർത്തുള്ള സാഹിത്യ കൃതികൾ സൂക്ഷ്മമായി വായിക്കുന്നതിലൂടെ അവർക്ക് ബോധ്യപ്പെട്ടതും അതനുസരിച്ച് അവർ വാദിക്കുന്ന കാര്യവും വളരെ വ്യക്തമാണ്. മനുഷ്യാവകാശങ്ങളുടെ ധ്വംസനത്തിന് ഇരയായവരുടെയും അതിനെ അതിജീവിച്ചവരുടെയും വ്യക്തിഗത ജീവിതങ്ങളും ശബ്ദങ്ങളും അവഗണിക്കുക വഴി അത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം പതിയെ രക്ഷനേടാനാണ്‌ അവർ ശ്രമിക്കുന്നത്.

Yassin al-Haj Saleh does not approve of his autobiographical work being described as ‘prison literature’

ഇത്തരം സംഭവങ്ങൾ ഇടക്കിടെ ഉണ്ടാകാറുള്ളതാണെങ്കിലും അവയുടെ റിപ്പോർട്ടുകളെല്ലാം വേണ്ട രീതിയിൽ പരിഗണിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകാറില്ല. അതവർക്കും അതിജീവനക്കാർക്കുമിടയിൽ വലിയ അന്തരം സൃഷ്ടിക്കുന്നു. സീസർ ഫോട്ടോഗ്രാഫുകളാണ് എടുത്ത് പറയേണ്ടുന്ന ഒരു ഉദാഹരണം. തടങ്കലിൽ പട്ടിണി കിടക്കേണ്ടി വരികയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടവരുടെ ചിത്രങ്ങൾ യുഎന്നികും യുഎസിലെ ഹോളോകോസ്റ്റ് മെമോറിയൽ മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

മനുഷ്യാവകാശ സങ്കൽപ്പത്തെയും വ്യവസ്ഥയെയും വിമർശിക്കുന്ന ചില പണ്ഡിതന്മാർ ഈ സംവിധാനം പൂർണ്ണമായും പിരിച്ചുവിടണമെന്ന് വാദിക്കുമ്പോൾ, ‘എങ്കിൽപ്പിന്നെ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നവർ ഇനിയെന്ത് ചെയ്യുമെന്ന’ മറുചോദ്യമാണ് തെലഗാനി ഉയർത്തുന്നത്. തെലഗാനി പറയുന്നു: ‘അക്രമവും അടിച്ചമർത്തലും മരണവും നേരിടാത്ത കാലത്തോളം അത് ധൈര്യമായി പറയാം’. തന്റെ ജയിൽ സാഹിത്യ വായനയിൽ മൻസൂർ ഉമരി, മാസെൻ ദർവീഷ് തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ രചനകളും തെലഗാനി ഗൗരവത്തോടെ വായനക്കെടുക്കുന്നു.

താഴെത്തട്ടിലുള്ള മനുഷ്യാവകാശ സംഘടനകൾ തയ്യാറാക്കിയ രേഖകളും തെളിവ്‌ ശേഖരണവും സാക്ഷ്യങ്ങളുമാണ് സിറിയയിലും ലോകത്തെ മറ്റിടങ്ങളിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളും ധ്വംസനങ്ങളും സത്യസന്ധമായി അറിയാനുള്ള ഏകവഴി. ഏതു സംവിധാനവും ആശയവും വിമർശനാതീതമാണെന്ന് വിശ്വസിക്കുന്ന ആളല്ല തെലഗാനി. മനുഷ്യാവകാശമെന്നത് മനുഷ്യ നിർമ്മിതമായ വ്യവസ്ഥയും ആശയവുമാണ്. അതിനാൽ തന്നെ അതിൽ നവീകരണവും പരിഷ്ക്കാരവും ആവശ്യായി വരും. കാലാനുസരണം അതിനെ പരിഷ്കരിക്കാനും പുനർനിർമ്മാണം നടത്താനും സാധ്യമാകണം. ആഗോളതലത്തിൽ താഴെത്തട്ടിൽ നിന്നുള്ള ആക്‌റ്റിവിസത്തിലൂടെ അത് സാധ്യമാക്കിയെടുക്കാം എന്നാണ് തെലഗാനിയുടെ അഭിപ്രായം.

നിലവിൽ നമ്മുടെ അടുത്തുള്ള വ്യവസ്ഥിതി പ്രായോഗികവും ചിലപ്പോൾ അവ പൂർണ്ണ വിജയവും ആകാറുണ്ട്. ഉദാഹരണത്തിന്, സിറിയയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയവരെ ഈയടുത്ത് ജർമനിയിൽ വെച്ച് വിചാരണ ചെയ്തു, അതുപോലെ വ്യക്തിഗത തടവുകാരെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ആഗോള തലത്തിൽ നടന്ന കാമ്പയിൻ. ചിലരെ സംബന്ധിച്ചിടത്തോളം ഇത് നിഷ്കളങ്കവും അസാധ്യവും ഗുണപരമായ നേട്ടമാണെന്നുമെല്ലാം തോന്നാം. എന്നാൽ, തെലഗാനിയെ സംബന്ധിച്ചെടുത്തോളം മനുഷ്യാവകാശ വ്യവഹാരത്തിന്റെ സംവാദങ്ങളെയും പരിമിതികളെയും വെല്ലുവിളിക്കുകയും അതിനെതിരെ പ്രതിസ്വരം മുഴക്കുകയും ചെയ്യുന്ന സിറിയൻ എഴുത്തുകാരെയാണ് അവർ പിന്തുടരുന്നത്. അതിൽനിന്ന് തന്നെ ഇവരുടെ പുസ്തകത്തിന്റെ മൂല്യവും പ്രാധാന്യവും എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാം. ഇരകൾക്ക് അവരുടെ അഭിമാനത്തെ തിരിച്ചു പിടിക്കാനും മനുഷ്യാവകാശത്തെ കുറിച്ചുള്ള നമ്മുടെ ചിന്തയെ പുനരുജ്ജീവിപ്പിക്കാൻ സിറിയൻ ജയിൽ സാഹിത്യങ്ങൾക്കാകുമെന്ന്‌ ഉറപ്പാണ്.

അറബ് പഠനമേഖലയിൽ വളർന്നു വരുന്ന ഗവേഷകരെ സംബന്ധിച്ചെടുത്തോളം, ജയിൽ സാഹിത്യങ്ങളെ കുറിച്ച് നിരവധി ചരിത്രങ്ങളും ആഖ്യാനങ്ങളും പഠിക്കാനുണ്ട്. അവകളുടെ വിവർത്തനം കാത്തിരിക്കുന്ന ഒരു വലിയ സമൂഹം തന്നെ ആഗോള തലത്തിലുണ്ട്. ഇരുണ്ട രാഷ്ട്രീയ കാലഘട്ടത്തിൽ തെലഗാനിയെ പോലോത്തവർ ജയിൽ സാഹിത്യങ്ങളിൽ ഗവേഷണവും നിരീക്ഷണവും നടത്തുന്നത് ആശാവഹം തന്നെയാണ്. മനുഷ്യാവകശത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട സംവാദങ്ങൾക്കും പുതുചിന്ത നൽകാൻ തെലഗാനിയുടെ പഠനങ്ങൾക്ക് കഴിയുമെന്ന് ഉറപ്പ്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles