ഖത്തര്‍ ലോകകപ്പ് പ്രത്യാശാ നിര്‍ഭരമായി മുന്നേറുകയാണ്. ചരിത്രത്തിലെ ശ്രദ്ധേയമായ ലോകകപ്പായി ഈ ലോകകപ്പ് വിലയിരുത്തപ്പെടും. സര്‍ഗാത്മകവും മനോഹരവുമായിരുന്നു ലോകകപ്പിന്റെ തുടക്കം. വംശീയതക്കെതിരെ മാനവികതയുടെ മുദ്രകള്‍ പതിപ്പിച്ചായിരുന്നു ഉല്‍ഘാടന ചടങ്ങ്. മനുഷ്യര്‍ തമ്മിലുള്ള ആദരവ് പ്രമേയമാക്കിയുള്ള കൊറിയന്‍ പോപ്പ് താരം ജങ്കൂക്കിന്റെ ഗാനം. ഐക്യത്തെ മുന്‍നിര്‍ത്തി അമേരിക്കയിലെ വയോധികനായ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ എന്ന കറുത്തവരുടെ പ്രതിനിധിയും, അരക്കുതാഴെ ശരീരമില്ലാത്ത ഗാനിം അല്‍മുഫ്ത എന്ന ഖത്തരി യുവാവും തമ്മിലുള്ള ലളിതവും സുന്ദരവുമായ സംഭാഷണം. അങ്ങനെ എല്ലാംകൊണ്ടും വ്യത്യസ്തമാവുന്നു ഖത്തര്‍ ലോകകപ്പ്. എന്നാല്‍, പാശ്ചാത്യ മീഡിയകള്‍ ഖത്തര്‍ ലോകകപ്പിന്റെ ഉല്‍ഘാടന ചടങ്ങിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്തത്. അതിന്റെ വലിയെ തെളിവാണ്, ഉല്‍ഘാടന ചടങ്ങ് ബി.ബി.സി ബഹിഷ്‌കരിച്ചത്. ഉല്‍ഘാടന സമയത്ത് ഖത്തറിനെക്കുറിച്ച് മുന്‍കൂട്ടി തയാറാക്കിയ കെട്ടുകഥകളാണ് ബി.ബി.സി സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. ഖത്തര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റും എതിരുനില്‍ക്കുന്നു……. അങ്ങനെപോവുന്നു ബി.ബി.സിയുടെ കല്ലുവെച്ച നുണകള്‍. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍(25: 1292) ‘ഒരുമയുടെ കളി; വിദ്വേഷത്തിന്റെ വിസില്‍’ എന്ന ശീര്‍ഷകത്തിലുള്ള യാസീന്‍ അശ്‌റഫിന്റെ മീഡിയാ സ്‌കാന്‍ ബി.ബി.സിയുടെ ഖത്തര്‍ വിരുദ്ധ നിലപാടുകളാണ് കൈകാര്യം ചെയ്യുന്നത്.
സ്ത്രീ-പുരുഷ തുല്ല്യത
‘ഖുര്‍ആനില്‍ ലിംഗവിവേചനമോ’ എന്ന തലക്കെട്ടില്‍ ഡോ. അക്‌റം കസാബിന്റെ ലേഖനം ‘ബോധന'(20: 02) ത്തിലുണ്ട്. വളരെ വിജ്ഞാനപ്രദമായ ഒരു സൃഷ്ടിയാണത്. ഇസ്‌ലാം സ്ത്രീക്കും പുരുഷനുമിടയില്‍ വിവേചനം കാണിക്കുന്നില്ല. അതിന് ഒത്തിരി തെളിവുകളുണ്ട്. മാതാവിന്റെ പാദങ്ങള്‍ക്ക് കീഴെയാണ് സ്വര്‍ഗമെന്നും പിതാവിനേക്കാള്‍ മൂന്ന് സ്ഥാനം മീതെയാണ് മാതാവെന്നും തിരുചര്യ പഠിപ്പിച്ചു. സ്വര്‍ഗത്തിലെ ആദിപാപത്തിന് നിമിത്തമായതി ഹവ്വ മാത്രമല്ല, ആദമും ഹവ്വയും ഒരുമിച്ചാണെന്നും വിശുദ്ധവേദം പഠിപ്പിച്ചു. ഈ വക കാര്യങ്ങള്‍ പറഞ്ഞശേഷം, അക്‌റം കസാബ് എഴുതുന്നത്, വിശുദ്ധവേദത്തിലെയും തിരുചര്യയിലെയും പുല്ലിംഗ-സ്ത്രീലിംഗ പ്രയോഗങ്ങള്‍ നോക്കി ഒരു വിഭാഗത്തെ പുകഴ്ത്തിയെന്നോ, ഇകഴ്ത്തിയെന്നോ പറയാവതല്ലെന്നാണ്. ഏതൊരു ഭാഷയിലും പുല്ലിംഗ പ്രയോഗങ്ങളാണ് അധികവും ഉണ്ടാവുക. ഒരു ലിംഗത്തിലേക്ക് സവിശേഷമാക്കുന്ന സാഹചര്യം ഇല്ലാത്തിടത്തോളം, അത്തരം പ്രയോഗങ്ങളെ സ്ത്രീയെയും പുരുഷനെയും ഉള്‍ക്കൊള്ളുന്ന പൊതു പ്രയോഗമായാണ് ഗ്രഹിക്കേണ്ടത്. ‘യാ അയ്യുഹല്ലദീന ആമനൂ’ എന്ന അഭിസംബോധന പുല്ലിംഗമാണെങ്കിലും, എല്ലാവരോടുമുള്ള പൊതുപ്രയോഗമാണ്. ദൈവം പുരുഷനും സ്ത്രീയും അല്ല. അവന് തുല്ല്യമായി ഒന്നുമില്ലെന്നാണ് തത്വം. അറബി ഭാഷയില്‍ പുല്ലിംഗ-സ്ത്രീലിംഗ പദങ്ങള്‍ പല രീതികളില്‍ വന്നിട്ടുണ്ട്. സ്ത്രീലിംഗത്തെ ദ്യോതിപ്പിക്കാത്ത സ്ത്രീലിംഗ പദങ്ങള്‍ കാണാം. ത്വാലിഖ്(വിവാഹമോചിത) ഉദാഹരണം. ശൈത്വാന്‍ പുല്ലിംഗവും മലാഇകത്ത് സ്ത്രീലിംഗവുമാണ്.
പ്രതിരോധത്തിന്റെ കവിതകള്‍
ഇന്ത്യയിലെ പതിനെട്ട് കവികളുടെ പ്രതിരോധ കവിതകളാല്‍ സമ്പന്നമാണ് ‘ദേശാഭിമാനി'(30: 53) വാരിക. സചിദാനന്ദനാണ് കവിതകള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഭയം നിര്‍ബാധം ഭരണം നടത്തുകയും പക രാഷ്ട്രീയത്തെ നിര്‍വചിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കവിതകളുടെ പ്രസക്തി. കവിതകളില്‍നിന്ന് ചില ഭാഗങ്ങള്‍ കുറിക്കട്ടെ. അസര്‍ ഉദ്ദീന്‍ സാഹാജിയുടെ കവിതയുടെ തുടക്കം ഇങ്ങനെയാണ്: ‘നിങ്ങളുടെ ബുള്‍ഡോസറുകളേക്കാള്‍ കരുത്തെനിക്കുണ്ട്/ എന്റെ ഓര്‍മ നിങ്ങളുടെ ഭരണകൂടത്തേക്കാള്‍ പ്രാചീനമാണ്’. പ്രജ്ഞാ അനിര്‍വാന്‍ എഴുതുന്നു: ‘ഇബ്‌നുസീനായുടെ ക്വാറന്റീനില്‍ ഞാന്‍ കാണുന്നു/ ചുളിവു വീണ ജലം/ തകര്‍ന്ന ഗുഹാശിലകള്‍/ അക്ഷമമായ നിലവിളികള്‍/ മൂകമായ സ്വകാര്യങ്ങള്‍/ ഹേ നഗരമേ, ലോകം തകര്‍ന്നു വീഴുകയാണ്’. ഇറോം ശര്‍മിളയുടെ വരികള്‍ക്ക് എന്തൊരു മൂര്‍ച്ചയാണ്: ‘എന്നെ സ്വതന്ത്രയാക്കൂ/ ഈ മുള്‍ച്ചങ്ങല അഴിച്ചുമാറ്റൂ/ എന്റെ വഴി ഞാന്‍ തെറ്റിക്കില്ല/ എന്നെ കുറ്റം പറയണ്ടാ/ ഇത് കൂട്ടില്‍ അടക്കപ്പെട്ട ഒരു പക്ഷിയുടെ ഒരേയൊരു ആഗ്രഹം’. ഹുച്ചംഗി പ്രസാദ് മുഴക്കുന്നത് ഇപ്രകാരമാണ്: ‘നിങ്ങളുടെ തോക്കിന്മുനയില്‍ കുരുവികള്‍ കൂട് കെട്ടട്ടെ/ നിങ്ങളുടെ തോക്കുകള്‍ ഞങ്ങളെ മുറിവേല്‍പ്പിച്ചിരിക്കാം/ പക്ഷേ, ഞങ്ങള്‍ വെറും ഉടലുകളല്ല/ നിശബ്ദമായ ഉടലുകളല്ല’. ഉസ്മാ അഷര്‍ ചോദിക്കുന്നു: ‘പുസ്തകങ്ങള്‍ തട്ടിപ്പറിക്കാന്‍ അവരാരാണ്?/ അതിരില്ലാത്ത വിദ്വേഷവുമായി വരുന്ന അവരാരാണ്?/ കൊലപാതകത്തില്‍ ആഹ്ലാദം കണ്ടെത്തുന്ന അവരാരാണ്?/ അവര്‍ മനുഷ്യര്‍ തന്നെയോ?’.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5