Current Date

Search
Close this search box.
Search
Close this search box.

സമയവും കാലവും ഖുർആനിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ

ജീവിതത്തിൽ ഉടനീളം നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ് സമയം എന്നത്. ലോക് ഡൗൺ കാലത്ത് കൂടുതലായി നാം സമയത്തെക്കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. പടച്ച റബ്ബിന്റെ വലിയ അനുഗ്രഹമാണ് സമയം. അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോഴാണ് സമയത്തിന്റെ വിലയും നിലയും നമുക്ക് മനസ്സിലാവുക. അല്ലാഹു ഈ മഹാ പ്രപഞ്ചത്തിൽ ഏർപ്പെടുത്തിയ ആസൂത്രണ മികവും അനുഗ്രഹത്തികവും അപ്പോഴാണ് നാം അനുഭവിച്ചറിയുക.

ഓരോ ജീവനും സമയത്തിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നു. സമയമില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വളരെ ക്ലേശകരമായിരിക്കും ആ ജീവിതം. ആ ഒരവസ്ഥയെക്കുറിച്ച് നാം ചിന്തിക്കുമ്പോഴാണ് സമയം എന്നത് പടച്ച റബ്ബിന്റെ വലിയ ഒരു അനുഗ്രഹമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുക. കൃത്യമായി കഴിഞ്ഞ കാലത്തെ നമുക്ക് ഓർക്കാൻ സാധിക്കുന്നതും വരാനിരിക്കുന്ന കാലത്തെ പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുവാൻ കഴിയുന്നതുമൊക്കെ ഒരു സമയക്രമം ജീവിതത്തിൽ ഉള്ളത് കൊണ്ട് തന്നെയാണ്. ഇത്രത്തോളം മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രതിഭാസത്തെ കൃത്യമായി ആർക്കും നിർവ്വചിക്കാൻ കഴിയാത്തത് അത്ഭുതകരമായ കാര്യമാണ്‌.! വിശുദ്ധ ഖുർആന്റെ വ്യത്യസ്ഥ സൂറകളിലായി വൈവിദ്ധ്യമാർന്ന ഉപമകളിലൂടെ സമയത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിക്കുന്നത് കാണാം. അടിസ്ഥാനപരമായി നമ്മെ സംബന്ധിച്ചിടുത്തോളം സയമം അളക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡം എന്നത് ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളുമൊക്കെയാണ്. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സമയത്തിന്റെ അളവുകോലുകളാണ് ഇതെല്ലാം. അതിനെ തന്നെ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളുമായും വിഭജിച്ചിരിക്കുന്നു. ഇതാണ് നമ്മുടെ ഏറ്റവും അടിസ്ഥാനപരമായ സമയക്രമം. 24 മണിക്കൂർ അഥവാ ഒരു ദിവസം കൃത്യമായി നമുക്ക് ലഭിക്കുന്നത് തന്നെ ഭൂമി അതിന്റെ അച്ഛു തണ്ടിൽ കൃത്യമായി ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. അതായത്, ഭൂമി അതിന്റെ ചെരുവിൽ ഒരു തവണ തിരിയുന്ന സമയം. ഭൂമിയുടെ കറക്കം എന്നത് ഒരു ചെറിയ വേഗതയല്ല. ഭൂമി അപാരമായ വേഗതയിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും അത് 1,600 km വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അതായത് നാം നിൽക്കുന്ന പ്രദേശം 1,600 km വേഗത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുന്നു.!! ഓരോ സെക്കന്റിലും ½ Km വേഗത്തിൽ നമ്മൾ കറങ്ങിക്കൊണ്ടിരിക്കുന്നു.! മാത്രമല്ല, ഭൂമി സൂര്യനെ ലക്ഷ്യം വെച്ച് സഞ്ചരിക്കുന്ന വേഗത എന്നത് 1,08000 km ആണ്.! ചുരുക്കത്തിൽ ഈ രണ്ട് ഭയാനകരമായ ചലനങ്ങൾക്ക് നാം നിൽക്കുന്ന പ്രദേശം വിധേയമായിക്കൊണ്ടിരിക്കുകയാണ്.! 1,08000 km വേഗത്തിൽ മുന്നോട്ടും 1,600 km വേഗത്തിൽ പിന്നോട്ടും തിരിഞ്ഞു കൊണ്ടിരിക്കുന്നു ഓരോ പ്രദേശവും. ഈ ഭീമമായ കറക്കത്തിന്റെ ഒരു നേർത്ത സ്പർശം പോലും നമുക്ക് അനുഭവപ്പെടുന്നില്ല എന്നത് പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്‌.! അതി മനോഹരമായാണ് അല്ലാഹു അതിന്റെ വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വാകർഷണ ബലം എന്നൊക്കെ നമ്മൾ അതിനെ ശാസ്ത്രീയമായി വിളിക്കുന്നു.!

വിശുദ്ധ ഖുർആനിൽ അനേകം സ്ഥലങ്ങളിൽ ഭൂമിയുടെ സ്യഷ്ടിപ്പും അതിന്റെ വ്യവസ്ഥയും പരാമർശിക്കുന്നത് കാണാം. ഏകദേശം 461 ൽ പരം ആയത്തുകളിൽ ഭൂമിയുടെ ആകൃതിയേയും ഉപരിതലത്തിലെ പാറകളെയും മണ്ണിനെയും കുറിച്ചെല്ലാം വിവരിക്കുന്നു. ഭൂമിശാസ്ത്ര പരമായ തെളിവുകൾ നൽകുന്ന 110 ൽ അധികം സൂക്തങ്ങളും. ഇവിടെ ചേർത്ത് മനസ്സിലാക്കേണ്ട ഒരു കാര്യം; ഭൂമിയുടെയോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വസ്തുക്കളേയോക്കുറിച്ച് പഠിപ്പിക്കാൻ അവതരിപ്പിച്ചതല്ല ഖുർആൻ എന്നതാണ്. ശാസ്ത്രീയ സത്യങ്ങൾ സമർത്ഥിക്കലുമല്ല ഖുർആന്റെ ലക്ഷ്യം. Qur’an is not a book of Science, ‘S-C-I-E-N-C-E’ but a book of Signs ‘S-I-G-N-S.! മാനവരാശിക്ക് മാർഗദർശനത്തിന്റെ വഴി കാട്ടുക എന്നതാണ് ഖുർആന്റെ ധർമ്മം.പ്രാപഞ്ചിക ദ്യഷ്ടാന്തങ്ങളുടെ സൂചനയെല്ലാം തന്നെ മനുഷ്യബുദ്ധിയുടെ വികാസത്തിനും അവന്റെ ഗവേഷണ പാഠങ്ങൾക്കുമാണ്‌. അതിലൂടെ അവൻ പടച്ച റബ്ബിന്റെ അനുഗ്രഹത്തിന്റെ വലിപ്പം തിരിച്ചറിഞ്ഞ് സുജൂദിൽ വീഴാൻ.!! ഓരോന്നിനും കൃത്യമായ വ്യവസ്ഥ അല്ലാഹു നിശ്ചയിചിരിക്കുന്നു. ഒന്നും ഒരണുവിട തെറ്റുകയില്ല. ഒന്നും തന്നെ അതിന്റെ സ്ഥാനത്തു നിന്നും തെന്നിമാറുകയില്ല.

“كُلّٞ فِي فَلَكٖ يَسۡبَحُونَ” (ഓരോന്നും അതിന്റെ ഭ്രമണപഥത്തിൽ കൃത്യമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു). “قَالَ رَبُّنَا ٱلَّذِیۤ أَعۡطَىٰ كُلَّ شَیۡءٍ خَلۡقَهُۥ ثُمَّ هَدَىٰ” [Surah Ta-Ha 50] ( അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌).

ഭൂമിയെങ്ങാനും അതിന്റെ കറക്കത്തിന്റെ വേഗത കൂറക്കുകയോ അല്ലെങ്കിൽ കൂട്ടുകയോ ചെയ്താൽ അതുവഴി സമയ ക്രമത്തിൽ തന്നെ വല്ലാത്ത മാറ്റം സംഭവിക്കും. ഭയാനകമായ പലതിനും നാം സാക്ഷിയാകേണ്ടിയുംവരും.! ഉദാ: 1,600 Km വേഗത്തിൽ സഞ്ചരിക്കുന്ന ഭൂമി അതിന്റെ ഇരട്ടി വേഗം സ്വീകരിച്ചാൽ 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു ദിവസം ആയിരിക്കും നമുക്ക് ലഭിക്കുക.! പകൽ 6 മണിക്കൂറും രാത്രി 6 മണിക്കൂറുമായി ചുരുങ്ങും.! എത്ര പ്രയാസകരമായിരിക്കുമത്. ദിനചര്യകൾ നിർവ്വഹിക്കാൻ പോലും സമയമില്ലാത്ത ഒരവസ്ഥയിലേക്ക് നാം എത്തിച്ചേരും. ഇനി ഭൂമിയുടെ കറക്കത്തിന്റെ വേഗത നേർപകുതിയായാലും പ്രശ്നം തന്നെയാണ്. ഇനി ഭൂമിയുടെ സഞ്ചാരം നിലച്ചാലോ ! ?

ഇത്തരം അവസ്ഥകളെ മുന്നിൽ കണ്ടു സൂറത്തുൽ ഖസ്വസിലെ 71,72,73 ആയത്തുകൾ വായിക്കുകയാണെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹിത്തിന്റെ വലിപ്പമറിഞ്ഞു കൊണ്ട് നാം സുജൂദിൽ വീണു പോകും.!!

“قُلۡ أَرَءَیۡتُمۡ إِن جَعَلَ ٱللَّهُ عَلَیۡكُمُ ٱلَّیۡلَ سَرۡمَدًا إِلَىٰ یَوۡمِ ٱلۡقِیَـٰمَةِ مَنۡ إِلَـٰهٌ غَیۡرُ ٱللَّهِ یَأۡتِیكُم بِضِیَاۤءٍۚ أَفَلَا تَسۡمَعُونَ”
( നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ?).

“قُلْ أَرَأَيْتُمْ إِنْ جَعَلَ اللَّهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُمْ بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ”
( പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രികൊണ്ട് വന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?).

ഈ ചോദ്യങ്ങൾക്കു ശേഷം പടച്ച റബ്ബ് പറയുന്നു;
‘وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّیۡلَ وَٱلنَّهَارَ لِتَسۡكُنُوا۟ فِیهِ وَلِتَبۡتَغُوا۟ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ”
( അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി).

ഇങ്ങനെയുള്ള ചില പ്രാപഞ്ചിക ദ്യഷ്ടാന്തങ്ങൾ സൂചിപ്പിച്ചു കൊണ്ടുള്ള ആയത്തുകൾ അല്ലാഹു അവസാനിപ്പിക്കുന്നത് لَعَلَّكُمۡ تَشۡكُرُونَ
എന്നീ രൂപത്തിലാണ്.

സമയത്തെക്കുറിച്ച് ആധികാരികമായ ഒരു ഗണിത ശാസ്ത്ര വിശദീകരണം നൽകിയത് സർ ഐസക് ന്യൂട്ടണെന്ന ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ 1687-ൽ പുറത്തിറങ്ങിയ ” Principia mathematica” എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം അത് വിശദീകരിച്ചത്. യഥാർത്ഥത്തിൽ ഭൗതിക ശാസ്ത്രത്തിന്റെ ഭാഷ എന്നത് ഗണിതമാണ്. ഗണിതത്തിലൂടെയാണ് ഭൗതിക ശാസ്ത്രം നമ്മോട് സംസാരിക്കുന്നത്. കോടാനു കോടി ഗാലക്സികളിലുള്ള നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങളെല്ലാം നാം കൃത്യമായി കണക്കാക്കുന്നത് ഗണിത ശാസ്ത്രത്തിന്റെ സഹായം മൂലമാണ്. ഇതിനെല്ലാം കാരണം പടച്ച റബ്ബ് അവന്റെ സൃഷ്ടികൾക്ക് ഓരോന്നിനും കൃത്യമായ കണക്കും വ്യവസ്ഥയും നൽകിയത് കൊണ്ടാണ്. ഇതിന്റെ കൃത്യത തന്നെ അല്ലാഹു ഉണ്ടെന്നുള്ള കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് (ദൈവ നിഷേധികൾക്ക്). കാലവുമായി ബന്ധപ്പെട്ട ന്യൂട്ടന്റെ ചില പ്രസിദ്ധമായ നിരീക്ഷണങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്. ഒന്നാമതായി അദ്ദേഹം പറഞ്ഞു: ‘കാലം എന്നത് സ്വതന്ത്രമായ ഒരു വസ്തുതയും, ഒന്നുമായും അതിനു ബന്ധവുമില്ല എന്നാണ്’. അതായത്, പ്രപഞ്ചത്തിൽ നിലനിൽക്കുന്ന സ്വതന്ത്രമായ ഒരു വസതുതയാണ് സമയം എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

രണ്ട്: ” കാലം എന്നത് ശാശ്വാതമാണ്, പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പും കാലമുണ്ട്, കാലം ഒരു റെയിൽപാളം പോലെ ഇരു ദിശയിലേക്കും പരന്നുകിടക്കുന്ന ഒന്നാണ്, പ്രപഞ്ചത്തിൽ എന്ത് സംഭവിച്ചാലും അതൊന്നും കാലത്തെ ബാധിക്കുകയില്ല, പ്രപഞ്ചം നശിക്കുകയാണെങ്കിൽ പോലും കാലം എന്നത് നിലനിൽക്കുമെന്നല്ലാമാണ് അദ്ദേഹം വിശദീകരിച്ചത്.

മൂന്ന്: ” കാലം എന്നത് പ്രപഞ്ചത്തിൽ എല്ലാ സ്ഥലത്തും ഒരുപോലെയാണ്.” ഉദാ: നമ്മുടെ വാച്ചിൽ സമയം പത്ത് മണി ആണെങ്കിലും ചൊവ്വയിലുള്ള ഒരു മനുഷ്യന്റെ വാച്ചിലും ഒരേ സമയം ആയിരിക്കും എന്നതാണ്. അതായത്, കാലത്തിന്റെ പ്രവാഹം പ്രപഞ്ചത്തിലുടനീളം ഒരുപോലെയാണെന്നാണ് അദ്ദേഹം വാദിച്ചത്. ഈ വിശദീകരണം നിരവധി കാലം ശാസ്ത്ര ലോകത്ത് ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. എത്രത്തോളമെന്നാൽ ഏകദേശം 300 വർഷക്കാലം വരെയും അദ്ദേഹത്തിന്റെ ഈ ഒരു പഠനം നിലനിന്നിരുന്നു. ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും ദൈവനിഷേധികളായിട്ടുള്ള ആളുകൾ മത വിശ്വാസികളെ പരിഹസിക്കാറുണ്ടായിരുന്നു. പ്രധാനമായും കാലത്തെക്കുറിച്ചുള്ള ഈ വിശദീകരണം പിൻതാങ്ങി കൊണ്ട് അന്നത്തെ പല ഭൗതികവാദികളും ചോദിക്കാറുണ്ടായിരുന്നു: “കാലം ശാശ്വാതമാണെങ്കിൽ പ്രപഞ്ചം സൃഷ്ടിക്കുന്നതിൽ മുമ്പ് ദൈവത്തിനു എന്തായിരുന്നു പണിയെന്ന്”. ഈ പരിഹാസ ചോദ്യങ്ങൾ മത വിശ്വാസികൾ നേരിടേണ്ടി വന്നിരുന്നു. അങ്ങനെ, 1905-ലാണ് ചില ശാസ്ത്ര സിദ്ധാന്തങ്ങൾക്കു തുടക്കം കുറിക്കുന്നത്. 1905 എന്നത് ശാസ്ത്ര ലോകത്ത് വലിയ ഒരു വിപ്ലവത്തിനു തുടക്കം കുറിക്കുകയായിരുന്നു. അക്കാലത്താണ് ഐൻസ്റ്റീൻ എന്ന് പറയുന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞന്റെ താരോദയം ഉണ്ടാകുന്നത്. അദ്ദേഹം 1905-ൽ സമർപ്പിച്ച 3 പ്രബന്ധങ്ങളാണ് വലിയ വിപ്ലവത്തിനു തുടക്കം കുറിച്ചത്. സമയത്തെയും കാലത്തെയും പ്രകാശത്തെയും കുറിച്ച് അദ്ദേഹം എഴുതിയ 3 പ്രബന്ധങ്ങളാണ് അതുവരെയുള്ള ശാസ്ത്ര സങ്കൽപ്പങ്ങളെയെല്ലാം തിരുത്തി എഴുതിയത്. ഈ പ്രബന്ധങ്ങളിലൂടെ അദ്ദേഹം എത്തിച്ചേർന്നത് “.

സാമാന്യ ആപേക്ഷികതാ സിദ്ധാന്തം( special theory of relativity) എന്നതിലേക്കാണ്. ഈ സിദ്ധാന്തമാണ് ഇന്നും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പിന്നീട് 10 വർഷത്തിനു ശേഷം അദ്ദേഹം ഗുരുത്വാകർഷണത്തേയും കൂടി ഉൾപ്പെടുത്തി കൊണ്ട് അദ്ദേഹം തന്നെ അത് നവീകരിക്കുകയുണ്ടായി. അതാണ് പിന്നീട് ” പൊതു ആപേക്ഷികതാ സിദ്ധാന്തം( General theory of relativity) എന്നതിൽ അറിയപ്പെട്ടത്. ഈ രണ്ടു സിദ്ധാന്തങ്ങളാണ് ഇന്നും നമ്മൾ സ്ഥൂല പ്രപഞ്ചത്തെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്നത്. മാത്രമല്ല, 2017-ൽ അതിന്റെ 100-ാം വാർഷികം ശാസ്ത്രലോകം ഗംഭീരമായി ആഘോഷിച്ചത് നാം കണ്ടതാണ്. സൂക്ഷമ പ്രപഞ്ചത്തെ നാം വിശദീകരിക്കാൻ ഉപയോഗിക്കുന്നത് പ്രധാനമായും ‘ക്വാണ്ടം മെക്കാനിസം’ എന്ന ശാസ്ത്ര ശാഖയിലൂടെയാണ്. മാത്രമല്ല, ന്യൂട്ടന്റെ പഠനത്തിൽ നിന്നും ഐൻസ്റ്റീൻ എത്തിച്ചേർന്ന നിഗമനങ്ങൾ ഇന്ന് സ്ഥീതികരിക്കപ്പെട്ട വസ്തുതയാണ്. ഇവിടെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രധാന പ്രശ്നം എന്തെന്നാൽ ചെറുപ്പം മുതലേ നാം കണ്ട് മനസ്സിലാക്കിയ യാഥാർത്ഥ്യങ്ങൾക്ക് നേർ വിപരീതമാണ്. അതിനെ പല സമയങ്ങളിലായി ശാസ്ത്ര ലോകം സ്ഥിതീകരിക്കുകയും ചെയ്ത വസ്തുത ആയിട്ടു പോലും നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. ഐൻസ്റ്റീൻ ആദ്യമായി പറഞ്ഞു വെച്ചത് സ്ഥലം എന്നത് സ്വതന്ത്രമായ ഒരു വസ്തുതയല്ല എന്നതാണ്. ന്യൂട്ടനെ സംബന്ധിച്ചിടുത്തോളം സ്ഥലം എന്നത് സ്വതന്ത്രമാണ്. അവിടെയാണ് ഐൻസ്റ്റീൻ വ്യക്തമാക്കിയത്; സ്ഥലത്തിനകത്തു തന്നെയാണ് കാലം എന്നുള്ളത്. അതായത്, സ്ഥലത്തിൽ നിന്നും ഒരിക്കലും കാലത്തെ വേർതിരിക്കാൻ സാധ്യമല്ല എന്നതാണ് വിശദീകരണം. വ്യത്യസ്ഥ സ്ഥലങ്ങളിൽ വ്യത്യസ്ഥ കാലമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെ space time എന്നാണ് നാം പറയാറുള്ളത്. ഒരിക്കലും Space എന്ന് മാത്രം മാറ്റിനിർത്തി ആരും പറയാറില്ല. മാത്രമല്ല, സമയത്തിന് ആകൃതി ഉണ്ടെന്ന് പോലും പിന്നീട് പറയപ്പെടുകയുണ്ടായി. നമുക്കറിയാം ഈ അടുത്ത് മരണപ്പെട്ട ലോക പ്രശസ്ത ശാസ്തജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ഈ വിഷയത്തിലെ ഒരു ഗ്രന്ഥമാണ് ” A breaf history of time” ( സമയത്തിന്റെ സംക്ഷിപത ചരിത്രം). ഈ ഗ്രന്ഥത്തിൽ അദ്ദേഹം ഒരു അധ്യായം മുഴുവൻ വിശദീകരിക്കുന്നത് തന്നെ കാലത്തിന്റെ ആകൃതിയെക്കുറിച്ചാണ്. യഥാർത്ഥത്തിൽ സമയത്തിന്റെ ആകൃതി എന്നത് സ്ഥലത്തിന്റെ ആകൃതി തന്നെയാണ്. അപ്പോൾ സ്ഥലത്തിനകത്താണ് കാലം എന്നത് കൊണ്ട് തന്നെ സ്ഥലത്തിന്റെ തുടക്കം, അതായത് പ്രപഞ്ചോൽപ്പത്തി തന്നെയാണ് സമയത്തിന്റെയും തുടക്കമെന്നാണ് പിന്നീട് ശാസ്ത്ര ലോകം ഒടുവിൽ എത്തിച്ചേർന്നത്.

പ്രപഞ്ചം സ്യഷ്ടിക്കപ്പെട്ടതാണെന്ന് വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ വിശ്വാസികൾ ഉറച്ച് വിശ്വസിക്കുന്നു. മാത്രമല്ല, കാലവും സമയവുമെല്ലാം പടച്ച റബ്ബിന്റെ അത്ഭുത സൃഷ്ടി തന്നെയാണ്. വിശുദ്ധ ഖുർആന്റെ നിരവധി സ്ഥലങ്ങളിൽ അല്ലാഹു അവന്റെ സൃഷ്ടികളെപറ്റി സത്യം ചെയ്യുന്നതും കാണാം. കാലത്തിന്റെ സൃഷ്ടാവായ അല്ലാഹു കാലത്തിനും സമയത്തിനുമെല്ലാം മാറ്റം വരുത്താൻ കഴിവുള്ളവനുമാണ്. ഉദാ: സൂറത്തുൽ കഹ്ഫിൽ ഗുഹാവാസികളായിട്ടുള്ള ആ യുവാക്കൾ ഉറങ്ങിയതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അവർ തങ്ങളുടെ ഗാഢനിദ്രയിൽ നിന്നും എണീറ്റതിനു ശേഷം അവർ പരസ്പരം സംസാരിക്കുന്നത് വിശുദ്ധ ഖുർആൻ കൃത്യമായി ഉദ്ധരിക്കുന്നുണ്ട്;
“قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖ..”
(അവർ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ ആണ് കഴിച്ചുകൂട്ടിയത്). കുറച്ച് കഴിഞ്ഞു വരുന്ന വചനത്തിൽ അല്ലാഹു അവരുടെ ഈ പരാമർശത്തെ തിരുത്തുന്നത് കാണാം:
“وَلَبِثُواْ فِى كَهْفِهِمْ ثَلَٰثَ مِاْئَةٍۢ سِنِينَ وَٱزْدَادُواْ تِسْعًا”
(അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു).

ഇവിടെ മനസ്സിലാക്കേണ്ട കാര്യം, രണ്ട് സമയങ്ങളുടെ അത്ഭുത പ്രതിഭാസമാണ്. ഗുഹക്കകത്തുള്ള സമയത്തെ അല്ലാഹു നിശ്ചലമാക്കുകയും പുറത്തുള്ള സമയത്തെ തുറന്ന് വിടുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം.!! വിശുദ്ധ ഖുർആന്റെ ഒരു മുഅ്ജിസത്ത് തന്നെ എക്കാലവും കാലികമായി അത് വ്യാഖ്യാനിക്കാൻ കഴിയും എന്നതാണ്.! കാലത്തിനുള്ളിലാണ് സ്ഥലം എന്നതാണ് ശാസ്ത്രിയമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധിക്കുക. അല്ലാഹുവിനെ സംബന്ധിച്ചിടുത്തോളം അതും വേർതിരിക്കാൻ കഴിയും എന്നത് മനോഹരമായി സൂറത്തുൽ ബഖറ യുടെ 259-ാം വചനത്തിൽ പരാമർശിക്കുന്നുണ്ട്.
” أَوۡ كَٱلَّذِی مَرَّ عَلَىٰ قَرۡیَةࣲ وَهِیَ خَاوِیَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ یُحۡیِۦ هَـٰذِهِ ٱللَّهُ بَعۡدَ مَوۡتِهَاۖ فَأَمَاتَهُ ٱللَّهُ مِا۟ئَةَ عَامࣲ ثُمَّ بَعَثَهُۥۖ قَالَ كَمۡ لَبِثۡتَۖ قَالَ لَبِثۡتُ یَوۡمًا أَوۡ بَعۡضَ یَوۡمࣲۖ قَالَ بَل لَّبِثۡتَ مِا۟ئَةَ عَامࣲ فَٱنظُرۡ إِلَىٰ طَعَامِكَ وَشَرَابِكَ لَمۡ یَتَسَنَّهۡۖ وَٱنظُرۡ إِلَىٰ حِمَارِكَ وَلِنَجۡعَلَكَ ءَایَةࣰ لِّلنَّاسِۖ ”
(അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്‌); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്‌, അത് ദ്രവിച്ച് മണ്ണായിരുന്നു). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്‌).

ഇവിടെയും സൂറത്തുൽ കഹ്ഫിലെ ഗുഹാവാസികൾ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇവിടെ ഇദ്ദേഹവും പറയുന്നത്. ഇവിടെ നാം വായിച്ചെടുക്കേണ്ട ഒരു കാര്യം ഒരേ സ്ഥലത്ത് തന്നെ അല്ലാഹു രണ്ട് സമയ പ്രവാഹങ്ങളെ പ്രവേശിപ്പിക്കുന്ന ഒരത്ഭുതമാണ് നാം കാണുന്നത്. അതായത്, അദ്ദേഹത്തിന്റെ ഭക്ഷണവും പാനീയവും വെച്ച സ്ഥലത്തുള്ള സമയത്തെ അല്ലാഹു നിശ്ചലമാക്കുകയും അതേ സമയം കഴുത നിന്ന സ്ഥലത്തുള്ള സമയത്തെ അല്ലാഹു സാധാരണ പോലെ സ്വതന്ത്രമാക്കുകയുമാണ് ചെയ്തത്.! ഒരേ സമയത്തു തന്നെ രണ്ട് സമയ പ്രവാഹങ്ങൾ! ഇത് തീർച്ചയായും ഒരാൾക്കേ കഴിയൂ. പ്രപഞ്ചത്തെ സൃഷ്ടിച്ച പ്രപഞ്ച നാഥനു മാത്രം!

ന്യൂട്ടന്റെ സിദ്ധാന്ത പ്രകാരം സമയം എന്നത് പ്രപഞ്ചത്തിൽ എല്ലാ സ്ഥലത്തും ഒരുപോലെയാണെന്നാണ് വിശദീകരിച്ചത്. ഈ വിശദീകരണമാണ് പിന്നീട് ഐൻസ്റ്റീർ തിരുത്തിയതെന്നും പറഞ്ഞു. സമയം എന്നത് പ്രപഞ്ചത്തിലില്ല, മറിച്ച് സമയങ്ങളാണ് ഉള്ളതെന്നതിലേക്ക് ശാസ്ത്രം എത്തിയത്. അതായത് സമയം എന്നത് ആപേക്ഷികമാണ്. ഇനി നാം മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം ഇത്തരത്തിലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്, ഒരിക്കലും വിശുദ്ധ ഖുർആൻ ദൈവികമാണെന്ന് സ്ഥാപിക്കാൻ വേണ്ടിയല്ല.! വിശുദ്ധ ഖുർആൻ ദൈവികമാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് വിശുദ്ധ ഖുർആൻ തന്നെയാണ്.! ഒരിക്കലും കേവലം മനുഷ്യനുണ്ടാക്കിയ ശാസ്ത്രത്തിന്റെ ഒരു സർട്ടിഫിക്കറ്റ് ഖുർആന് ആവിശ്യമില്ല. ഖുർആനെ കാലികമായി വ്യാഖ്യാനിക്കുമ്പോഴാണ് الشيخ يوسف القرضاوي യെപ്പോലെയുളള പണ്ഡിതന്മാരുടെ നിരീക്ഷണങ്ങൾ നമ്മെ ചിന്തിപ്പിക്കേണ്ടത്: ” അതെല്ലാം തന്നെ നമ്മുടെ തഖ് വയും ഈമാനും വർദ്ധിപ്പിക്കാൻ കാരണമാകും”.

പ്രശസ്ത ഇസ്ലാമിക ചിന്തകൻ Adnan Ibrahim (عدنان إبراهيم) പറയുന്നു: ” വിശുദ്ധ ഖുർആൻ ശാസ്ത്ര സൂചന നൽക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങൾക്കു വേണ്ടിയാണ്. ഒന്ന്: ആരാധനക്കർഹൻ ഏകാനായ അല്ലാഹു മാത്രമാണെന്ന് സ്ഥാപിക്കാൻ. രണ്ട്: മരണാന്തര ജീവിതന്റെ യാഥാർത്ഥ്യങ്ങൾ പങ്കു വെക്കാൻ. മൂന്ന്: അവൻ സൃഷ്ടിച്ചു വെച്ച എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ച് മനസ്സിലാക്കി അവന് നന്ദി ചെയ്യാൻ.

References;
تفسير الكبير. (الإمام فخر الدين الرازي)
‘A Brief History of Time’ (Stephen Hawking).
‘The world as i see it’ ( Albert einstein).

Related Articles