Current Date

Search
Close this search box.
Search
Close this search box.

അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കയ്യുക്കും പതനവും

അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും കയ്യുക്കും പതനവും – ഒരു ബംഗാൾ പാഠം എന്ന ശീർഷകത്തിൽ “കേരളശബ്ദം” പത്രാധിപ സമിതിയിലെ പ്രമുഖനായ ആർ പവിത്രൻ 2023 ജനുവരി 16ന്റെ (പു:62,ലക്കം 2) കേരള ശബ്ദം വാരികയിലെഴുതിയ സുദീർഘ കുറിപ്പ് വിപ്ലവ പാർട്ടി എന്ന് മേനി നടിക്കുന്ന മാർക്കിസ്റ്റ് പാർട്ടി എങ്ങനെയാണ് പയ്യെ പയ്യെ ദുഷിച് ക്ഷയിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. കേവല ഭൗതികതയും തജ്ജന്യമായ ആർഭാടവും, ആഡംബരവും വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും സംഘടനകളെയും ആന്തരികമായി കാർന്നുതിന്നുന്ന മാരകാർബ്ബുദങ്ങളാണെന്ന് ഗ്രഹിക്കാൻ മാർകിസ്റ്റ് സിദ്ധാന്തങ്ങളിൽ ഒരു പഴുതുമില്ലെന്ന് നിരവധി അനുഭവങ്ങളിൽ നിന്ന് നാം തിരിച്ചറിയുന്നുണ്ട്. ഇക്കാര്യം മാർക്സിസ്റ്റുകൾക്കോ ഇടതുപക്ഷത്തിനോ മാത്രം ബാധകമായ കാര്യമല്ല; മറിച്ച് കേവല ഭൗതികതയിൽ മാത്രം ഊന്നി നിൽക്കുന്ന, ആത്മീയ സദാചാരമൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത എല്ലാവർക്കും ബാധകമാണ്. അനുഭവം നല്ലൊരു അധ്യാപകനാണ് ഭരിച്ചതാണ് അതിന്റെ വേതനം. പല പതിറ്റാണ്ടുകൾ പാഴായി, നിരവധി കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങുമ്പോൾ പതിനായിരക്കണക്കിന് ശുദ്ധാത്മാക്കളും നിസ്വാർത്ഥരുമായ അനുയായികൾ ദശകങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്തതിന്റെ നിർഭാഗ്യകരമായ പരിണിതി കണ്ടും അനുഭവിച്ചും നീറി നീറി നിരാശാപൂർവ്വം കഴിയുകയാണ്.പവിത്രൻ സാറിന്റെ പ്രസക്ത വരികൾ കാണുക :

“……. എന്റെ അടുത്ത ബന്ധുവായ പെൺകുട്ടി യു.പി.എസ്.സി മത്സര പരീക്ഷയിൽ മികച്ച റാങ്ക് കിട്ടിയതിനെ തുടർന്ന് കേന്ദ്ര ആദായനികുതി വകുപ്പിൽ ഓഫീസർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിലേക്കായിരുന്നു ആദ്യ നിയമനം.ഉദ്യോഗജീവിതം ആഹ്ലാദകരമായി മുന്നേറവെ ഒരു ദിവസം സംഘടനാ നേതാവ് കൂടിയായ ഒരു സഹപ്രവർത്തകൻ (അദ്ദേഹം ബംഗാളിയാണ്) ഒരാൾ കാണാൻ വന്നിരിക്കുന്നുവെന്ന് പറഞ്ഞു. സന്ദേഹത്തോടെ അയാളോടൊപ്പം റിസപ്ഷനിൽ ചെന്നപ്പോൾ ബംഗാളി വേഷധാരിയായ ഒരാൾ കസേരയിൽ ഇരിക്കുന്നു…..
കണ്ടപാടെ ഒട്ടും മയമില്ലാത്ത പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു: നീ മലയാളിയാണ് അല്ലേ,അതാ ഇത്ര അഹങ്കാരം…..
ഒന്നും മനസ്സിലാവാതെ പെൺകുട്ടി പതറി നിന്നു.”നീ വന്നിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ. ഇതുവരെ പ്രൊധാനെ കാണാൻ സമയം കിട്ടിയില്ലേ. ഉടൻ ചെന്ന് മാപ്പുപറ അദ്ദേഹം വലിയ ദേഷ്യത്തിലാണ്…….
പരിഭ്രമിച്ചുപോയ പെൺകുട്ടിക്ക് ഒന്നും മനസ്സിലായില്ല. അത് മനസ്സിലാക്കിയ സഹപ്രവർത്തകർ ചെറുപുഞ്ചിരിയോടെ വിശദീകരിച്ചു: “പേടിക്കണ്ടാ.. മാർക്സിസ്റ്റ്പാർട്ടി നേതാവായ പ്രൊധാനാണ് ഈ പ്രദേശത്തെ സർക്കാർ ഓഫീസുകൾ നിയന്ത്രിക്കുന്നത്. ആര് പുതുതായി വന്നാലും പ്രൊധാനെ വീട്ടിൽപ്പോയി കണ്ടു അനുഗ്രഹം വാങ്ങാറുണ്ട്….. പേടിക്കണ്ട ഞാൻ കൂടെ വരാം.
അടുത്തദിവസം രാവിലെ ഏഴുമണിക്ക് സഹപ്രവർത്തകനുമൊത്ത് ലോക്കൽ നേതാവായ പ്രൊധാന്റെ (ലീഡർ) വീട്ടിലെത്തി. കാഴ്ചയിൽത്തന്നെ ആർഭാടം വ്യക്തമാക്കുന്ന രണ്ടുനില വീട്. പോർട്ടിക്കോവിൽ വില കൂടിയ കാറും ടൂവീലറുകളും…..
ഒന്നരമണിക്കൂറോളം കഴിഞ്ഞു ഭൃത്യൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു അകത്തേയ്ക്ക് ചെല്ല്.മിടിക്കുന്ന ഹൃദയത്തോടെ
സഹപ്രവർത്തകനോടൊപ്പം പെൺകുട്ടി അകത്തേയ്ക്ക് കയറി…. തൊഴുകൈകളോട് പെൺകുട്ടിയും സഹപ്രവർത്തകനും നിന്നു.
പെൺകുട്ടിയെ തറപ്പിച്ചു നോക്കി നേതാവ് ഗർജ്ജിച്ചു: “നിനക്കിവിടൂത്തെ ചിട്ടവട്ടങ്ങളൊന്നും ഒരുത്തനും പറഞ്ഞുതന്നില്ലേ? ” പെൺകുട്ടി ഒന്നും മിണ്ടിയില്ല.നേതാവ് തുടർന്നു: “എല്ലാ മാസവും മൂന്നാം തീയതി എന്റെ ആൾക്കാർ വരും. ഇത്രരൂപ (ഒരു തുക പറഞ്ഞു) ലെവിയായി കവറിലിട്ട് കൊടുത്തയയ്ക്കണം.അതിലൊരു വിട്ടുവീഴ്ചയും വരുത്തരുത്. മനസ്സിലായോ…. തുടർന്നുള്ള എല്ലാ മാസങ്ങളിലും ലെവി വാങ്ങിക്കൊണ്ടു പോകാൻ ആളെത്തിക്കൊണ്ടിരുന്നു.

1977 മുതൽ 2001 വരെ തുടർച്ചയായി മാർക്സിസ്റ്റ് ഭരണം നടന്നപ്പോൾ, ബംഗാളിൽ പാർട്ടി ക്ഷയിച്ച് ക്ഷയിച്ച് തീരെ ദുർബലമായി.പവിത്രന്റെ തുടർന്നുള്ള വരികൾ കൂടി കാണുക:”……പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് സി.പി.എം മന്ത്രിമാരായിരുന്നു. അതിലൂടെ ഭരണത്തിന്റെ സമസ്തമേഖലകളുടെയും നിയന്ത്രണം പാർട്ടിയുടെ സംസ്ഥാന – ജില്ലാ ലോക്കൽ നേതാക്കളിൽ കേന്ദ്രീകരിക്കപ്പെട്ടു. ഭരണത്തിന്റെ ഗുണഭോക്താക്കൾ അവരായി മാറി.

അണികൾ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ടു. അക്രമവും കൊലകളും ധാരാളമായി നടന്നു; രാഷ്ട്രീയ എതിരാളികൾ മാത്രമല്ല ഭരണത്തിൽ പങ്കാളികളായിരുന്ന മുന്നണിയിലെ ഘടകകക്ഷികളും ഒതുക്കപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും അവരുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കപ്പെട്ടു.

85% സീറ്റുകളിലും സി.പി.എം സ്ഥാനാർത്ഥികൾ മത്സരിച്ചു.വരുതിയിൽ നിൽക്കാത്ത പല കക്ഷികളേയും ഇല്ലായ്മ ചെയ്യാനും,പുറത്താക്കാനും തന്ത്രങ്ങൾ പയറ്റി…… ഒരു രാഷ്ട്രീയ പാർട്ടിയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കും വിധം സീറ്റുകൾ പിടിച്ചെടുത്തതിന് പുറമെ, അത് വാപൊത്തി. അനുസരിക്കാതിരുന്നവരെ കുലംകുത്തികളും പിതൃശൂന്യരുമാക്കുകയും ചെയ്തു.

ജ്യോതിബസുവിന്റെ കാലത്താണ് ഇന്ത്യയിൽ നക്സലൈറ്റുകൾ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത്.ധാരാളം പേർ കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടു. നൂറുകണക്കിന് യുവാക്കൾ നിത്യരോഗികളായി മാറി. ഒരു അന്തർദേശീയ മനുഷ്യാവകാശ സമിതി വസ്തുതാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് അക്കാലത്ത് വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. ആണികൾ തറച്ച പലകകൾ കൊണ്ടായിരുന്നു മർദ്ദിച്ചിരുന്നത്. അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ ഉപ്പിട്ടായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. ഭരണത്തിന്റെ അവസാനമായപ്പോഴേക്കും ഒരുതരം അരാജകാവസ്ഥ എല്ലാ രംഗങ്ങളിലും നടമാടി തുടങ്ങിയിരുന്നു. വളർച്ചയും വികസനവും മുരടിച്ച ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങളിൽ ഒന്നായി ബാംഗാൾ മാറി….

കമ്മ്യൂണിസ്റ്റ് ആദർശത്തിന്റെയും ലാളിത്യത്തിന്റേയും ഉത്തമമാതൃകയായി കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ജ്യോതിബസു നക്ഷതഹോട്ടൽ വ്യവസായിയായിരുന്ന മകൻ ഛന്ദൻ ബസുവിനൊപ്പം, അതിസമ്പന്നർ വസിച്ചിരുന്ന സാൾട്ട് ലേക്കിലായിരുന്നു താമസിച്ചിരുന്നത്. ഇത് വിമർശന വിധേയമായങ്കിലും ബസു തരിമ്പും വിലകൽപ്പിച്ചില്ല.(സി.പി.എം(എം) പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്ത് നടന്നപ്പോൾ, ജ്യോതിബസുവിന്റെ ഭാര്യ കമലാബസുവിനെ കോവളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് തിരുവനന്തപുരം ലേഖകൻ എം.മനോഹരനുമൊത്ത് ഇന്റർവ്യൂ ചെയ്തത് ഓർത്തു പോകുകയാണ്. തനിക്ക് ഈ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അവർ, താൻ അതിസമ്പന്നമായ ഒരു ജന്മികുടുംബത്തിലാണ് ജനിച്ചതെന്ന് അഭിമാനത്തോടെ പറയുകയുണ്ടായി)

…… അക്രമരാഷ്ട്രീയം പ്രവർത്തന രീതിയാക്കിയ അണികൾ,നിലനിൽപ്പിനും സംരക്ഷണത്തിനുമായി കൂട്ടത്തോടെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ അഭയം പ്രാപിച്ചു.തനിച്ച് ഭരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്ന പാർട്ടിയുടെ എം.എൽ.എമാരുടെ സംഖ്യ കൈവിരലുകളിൽ എണ്ണാവുന്നതായി…..
ഇന്നിപ്പോൾ പശ്ചിമബംഗാളിൽ ഒന്നെണീറ്റ് നിൽക്കണമെങ്കിൽ പോലും കോൺഗ്രസ്സിന്റെയോ ബി.ജെ.പിയുടെയോ കൈത്താങ്ങ് വേണമെന്നായിരിക്കുന്നു….

മുപ്പത്തിമൂന്ന് വർഷം തുടർച്ചയായി ഭരിച്ച പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ഭരണത്തുടർച്ചയുടെ ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലെ പാർട്ടി നേതൃത്വം കണ്ണ് തുറന്ന് കാണേണ്ടതുണ്ട്. അധികാര ഗർവും ഹുങ്കും, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും, മര്യാദയില്ലാത്ത പദപ്രയോഗവുമൊക്കെ പുനർവിചിന്തനത്തിന് വിധേയമാക്കണം. മാളികമുകളേറിയാൽ പിന്നെ ഒരിക്കലും താഴേയ്ക്കിറങ്ങി വന്നു നിലത്തു കാലുകുത്തേണ്ടി വരില്ലായെന്ന് ധരിച്ചുകളയരുത്. വിനയവും ക്ഷമയും എളിമയുമൊക്കെ നല്ല സ്വഭാവഗുണങ്ങളാണെന്ന് നേതാക്കൾ ആദ്യം മനസ്സിലാക്കണം. പിന്നെ അണികളേയും പഠിപ്പിക്കണം.”

പവിത്രൻ സാറിന്റെ ലേഖനം മുഴുവൻ വളരെ പ്രസക്തമാണ്. ചുരുക്കമേ ഉദ്ധരിച്ചിട്ടുള്ളൂ.എന്നാൽ മാന്യ ലേഖകൻ വിശകലനം ചെയ്യേണ്ട ഒരു ബിന്ദു, കൽക്കത്തയിൽ നിന്നുള്ള പലരും ശ്രദ്ധയിൽപ്പെടുത്തിയത് കൂടി ചൂണ്ടിക്കാണിക്കുകയാണ്.ഇന്ത്യയിലെ പല പാർട്ടികളിൽ എന്ന പോലെ മാർക്സിസ്റ്റ് പാർട്ടിയിലും ആർഎസ്എസ് ഏജന്റുമാർ നുഴഞ്ഞുകയറി വളരെ വിദഗ്ധമായി വിക്രിയകൾ നടത്തിയിട്ടുണ്ട്/ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. പകൽ മാർക്സിസ്റ്റും രാത്രി ആർഎസ്എസുമായി കഴിയുന്നവർ ബംഗാളിലെ പോലെ കേരളത്തിലുമുണ്ട്. കേരളത്തിൽ ബിജെപി വളരാത്തത് അവരെക്കാൾ വിദഗ്ധമായി മുസ്ലിം വിരുദ്ധത പ്രസരിപ്പിക്കാൻ ധാരാളത്തിലേറെ സഖാക്കൾ ഉള്ളതുകൊണ്ടാണ്. ചെങ്കൊടി പയ്യെ പയ്യെ കാവിയായി പരിണമിച്ചു കൊണ്ടിരിക്കുന്നു വെന്ന് മതേതര വീക്ഷണമുള്ള ധാരാളം സഖാക്കൾ സങ്കടപ്പെടുന്നുണ്ട്. അധികാരം നിലനിർത്താൻ ഒരുതരം മാർക്സിസ്റ്റ്- ഫാസിസ്റ്റ്-സിയോണിസ്റ്റ് ബാന്ധവം ഉണ്ടായി വരുന്നുണ്ട്. മാർകിസ്റ്റ് പാർട്ടി ദുഷിച്ച് പിന്നെ ക്ഷയിച്ച് ദുർബലമായി കിട്ടാൻ ആർഎസ്എസ് ബിജെപി ശക്തികൾ ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്. ധാരാളം മാർക്സിസ്റ്റുകൾ പരോക്ഷമായ മാർക്സിസ്റ്റ്- ഫാസിസ്റ്റ്-സിയോണിസ്റ്റ് ബാന്ധവത്തെ അങ്ങേയറ്റം വെറുക്കുന്നവരായുണ്ട്.

Related Articles