Current Date

Search
Close this search box.
Search
Close this search box.

മദീനാ കരാർ സാധ്യമാക്കിയ സമാധാനം

ബഹുസ്വര സമൂഹത്തിലാണ് നമ്മുടെ ജീവിതം. മത, മതരഹിത വിഭാഗങ്ങൾ അതിലുണ്ട്. ഹൈന്ദവർ, മുസ്‌ലിങ്ങൾ, ക്രൈസ്തവർ എന്നിവരാണ് മതവക്താക്കൾ. മാർക്‌സിസ്റ്റുകൾ, നിരീശ്വരവാദികൾ എന്നിവർ മതരഹിതരാണ്. വ്യത്യസ്ത വിഭാഗങ്ങളുണ്ടാവുമ്പോൾ, ആശയ വൈവിധ്യങ്ങളുണ്ടാവുക സ്വാഭാവികമാണ്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുമ്പോഴാണ് സമൂഹത്തിൽ ശാന്തിയുണ്ടാവുന്നത്. ആശയവൈവിധ്യം സംഘർഷത്തിന് വഴിമാറുമ്പോൾ, സമൂഹം അരാജകത്വത്തിലേക്ക് വീഴുന്നു.

പ്രവാചകൻ മുഹമ്മദിന്റെ മദീനാ രാഷ്ട്രം ബഹുസ്വരമായിരുന്നു. മുസ്ലിങ്ങൾ, ജൂതർ, ക്രൈസ്തവർ, ബഹുദൈവവാദികൾ എന്നിവരായിരുന്നു മദീനയിലെ ജനങ്ങൾ. സൗഹൃദത്തിലാണ് അവർ കഴിഞ്ഞത്. പ്രവാചകന് അങ്ങനെ സാധിച്ചത് മദീനാ കരാറിന്റെ രൂപീകരണത്തിലൂടെയും. ‘ശബാബ് വാരിക’ പുസ്തകം 46, ലക്കം 02ലെ, ‘മദീനാ ചാർട്ടറും സംഘർഷ പരിഹാരത്തിനുള്ള ഇസ്ലാമിക മാതൃകയും’ എന്ന ശീർഷകത്തിലുള്ള യത്കിൻ എൽദിരിമിയുടെ പഠനം ഈ വിഷയകമായ ഒന്നാണ്. ഇസ്ലാമിലെ പ്രഥമ ലിഖിത ഭരണഘടനയാണ് മദീനാ കരാർ. പ്രവാചക ആഗമനത്തിനുമുമ്പ് മദീന അരാജകത്വത്തിലായിരുന്നു. ഗോത്ര സംഘർഷങ്ങളാണ് കാര്യങ്ങളെ നിയന്ത്രിച്ചത്. പിന്നീട്, പ്രവാചകൻ മദീനയുടെ അധിപനായി. തുടർന്നാണ് കരാറിന്റെ രൂപീകരണം. അനസിന്റെ വീട്ടിൽ ഒത്തുകൂടിയാണ് തയാറാക്കുന്നത്. ഓരോ ഗ്രൂപ്പിന്റെയും അഭിപ്രായങ്ങളും അവകാശങ്ങളും കടമകളും ഉൾക്കൊള്ളിച്ചാണ് കരാറിന്റെ രൂപകൽപ്പന. ആദ്യഭാഗം മുസ്ലിങ്ങളെയും രണ്ടാംഭാഗം ജൂതരെയും അഭിസംബോധന ചെയ്യുന്നു. ഗോത്രഭാവത്തിൽനിന്ന് സമൂഹനിർമിതിയിലേക്ക് മദീനയെ ഉയർത്താൻ കരാറിന് സാധിച്ചു. ഡോ. മുഹമ്മദ് ഹമീദുല്ലയുടെ ചിന്തകളെ അവലംബിച്ചാണ് യത്കിൻ എൽദിരിമ് പഠനം തയാറാക്കിയിരിക്കുന്നത്.

ജ്ഞാനശാസ്ത്രങ്ങളുടെ പ്രപഞ്ചം

‘പ്രബോധനം വാരിക’ വാള്യം 79 ലക്കം 12ലെ സഈദ് പൂനൂരിന്റെ ‘പടിഞ്ഞാറൻ ജ്ഞാനശാസ്ത്രത്തിന്റെ പരിമിതികൾ’ എന്ന തലക്കെട്ടിലുള്ള ലേഖനം ശ്രദ്ധേയമാണ്. വിജ്ഞാനത്തെ സംബന്ധിച്ച പഠനമാണ് ജ്ഞാനശാസ്ത്രം. വിജ്ഞാനത്തിന്റെ സ്വഭാവം, ഉറവിടം, പരിധി തുടങ്ങിയ ചർച്ചകളുടെ ലോകമാണത്. വ്യത്യസ്തമായ ജ്ഞാനശാസ്ത്രങ്ങളുണ്ട്. പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിനാണ് ഇന്ന് മേൽക്കൈ. യുക്തിയെയും അനുഭവത്തെയുമാണ് അത് വിജ്ഞാനത്തിന്റെ ഉറവിടങ്ങളായി കാണുന്നത്. യുക്തിസഹിത ജ്ഞാനശാസ്ത്രം യുക്തിവാദമെന്നും അനുഭവസഹിത ജ്ഞാനശാസ്ത്രം അനുഭവമാത്രവാദമെന്നും അറിയപ്പെടുന്നു. യുക്തിവാദത്തിന് അടിത്തറയിട്ട ദാർശനികനാണ് റെനെ ദെക്കാർത്തെ. തെളിവുകൾക്കൊണ്ട് നീതീകരിക്കപ്പെടുന്ന വിശ്വാസങ്ങളെന്നാണ് വിജ്ഞാനത്തെ യുക്തിവാദം നിർവചിച്ചത്. തെളിവെന്നാൽ യുക്തിചിന്തനമാണ്. അതിലൂടെ ദൈവത്തിന്റെ ഉണ്മയിലേക്കും എത്തിച്ചേർന്നേക്കാം. ജോൺ ലോക്കെ, ഫ്രാൻസിസ് ബേക്കൺ, ഡേവിഡ് ഹ്യൂം എന്നിവരാണ് അനുഭവമാത്രവാദത്തിന്റെ വക്താക്കൾ. പഞ്ചേന്ദ്രിയങ്ങളെയാണ് വിജ്ഞാനത്തിന്റെ സ്രോതസ്സായി അനുഭവമാത്രവാദികൾ എണ്ണുന്നത്. അനുഭവമാത്രവാദത്തിൽ അധ്യാത്മികതക്ക് പ്രസക്തിയേയില്ല. പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിന്റെ പരിമിതി ആത്മീയതയുടെ അഭാവമാണെന്നാണ് ലേഖനത്തിന്റെ ചുരുക്കം.

ഇസ്ലാമിന്റെ ജ്ഞാനശാസ്ത്രം തികച്ചും വ്യത്യസ്തമാണ്. വിജ്ഞാനത്തെ രണ്ടായി തിരിച്ചിരിക്കുന്നു ഇസ്ലാം. ഒന്ന്, വെളിപാട് വിജ്ഞാനം. രണ്ട്, ധിഷണാ വിജ്ഞാനം. ഒന്നാമത്തേത് പ്രവാചകന്മാർക്കാണ് ലഭിക്കുക. അധ്യാത്മിക വിജ്ഞാനം ലഭിക്കുന്നത് വെളിപാടിലൂടെയാണ്. രണ്ടാമത്തേത് ബുദ്ധി പ്രയോഗിക്കുന്ന ആർക്കും ലഭിക്കും. മുസ്‌ലിം നാഗരികതയിൽ വ്യത്യസ്തമായ ശാസ്ത്രങ്ങൾ വികസിച്ചത് ധൈഷണികമായ ഇടപെടലിലൂടെയായിരുന്നു. അവക്ക് ആത്മീയ സ്പർശമുണ്ടായതാവട്ടെ വെളിപാട് വിജ്ഞാനത്തിലൂടെയും. ഇസ്ലാമിൽ വിജ്ഞാനത്തിന്റെ ഉള്ളടക്കം, കൈമാറ്റരീതി, സ്വീകർത്താവ് എന്നിവ പ്രധാനമാണെന്നും കൈമാറുന്ന വിജ്ഞാനത്തിന്റെ മഹത്വമനുസരിച്ച് അതിനോടുള്ള പെരുമാറ്റത്തിൽ അന്തരങ്ങളുണ്ടാകുമെന്നും മലേഷ്യൻ ചിന്തകൻ നഖീബുൽ അത്താസിനെ ഉദ്ധരിച്ച് സഈദ് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. ആധുനികതയുടെ പടിഞ്ഞാറൻ ധാരണകൾക്കപ്പുറമാണ് ഇസ്ലാം പോലുള്ള മതങ്ങളുടെ സാധ്യതയെന്ന് തലാൽ അസദിനെപ്പോലുള്ള സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യവും യാഥാർഥ്യങ്ങളും

രാജ്യം സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചു. എങ്കിലും, സ്വാതന്ത്ര്യവും യാഥാർഥ്യങ്ങളും ഭിന്നമായ ധ്രുവങ്ങളിലാണെന്നതാണ് സത്യം. സ്വാതന്ത്ര്യപ്പുലരിയുടെ തലേദിവസമാണ്, കുടിവെള്ള പാത്രത്തിൽനിന്ന് വെള്ളമെടുത്ത് കുടിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ജലോർ ജില്ലയിലെ വിദ്യാലയത്തിൽ ദലിത് ബാലൻ ജാതിക്കൊലക്ക് ഇരയാവുന്നത്. ഇവിടെയാണ് ‘മാധ്യമം ആഴ്ചപ്പതിപ്പ്’ പുസ്തകം 25 ലക്കം 1277ൽ പ്രസിദ്ധീകരിച്ച, ഓട്ടോ റെനേ കാസ്റ്റില്ലോയുടെ സ്വാതന്ത്ര്യ സംബന്ധിയായ കവിതകൾ പ്രസക്തമാവുന്നത്. ലാറ്റിനമേരിക്കൻ സാഹിത്യത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ ശ്രദ്ധേയനാണ് കാസ്റ്റില്ലോ. കവി തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ദിനങ്ങളെക്കുറിച്ച് വർണിക്കുന്നു: ‘എന്റെ രാഷ്ട്രമേ/ നിന്റെ വേദന എന്റെ ആത്മാവിന്റെ ഔന്നിത്യങ്ങളോളം ഞാനനുഭവിക്കുന്നു/ മുറിവേറ്റവനാണെന്ന കാരണത്താൽ നിന്റെ ദുരന്തങ്ങളിൽനിന്ന് എനിക്ക് മോചനമേയില്ല’. മറ്റൊരിടത്ത് ദുരന്തദിനങ്ങൾ ഓർക്കുന്നു: ‘എന്നിരുന്നാലും അതെന്റെ ജീവകാലമായിരുന്നു/ വ്രണബാധിതമായത്/ നായിനെപ്പോലുള്ളത്/ ബീഭത്സമായത്/ തീർച്ചയായും ചെന്നായ് സൃഷ്ടിച്ചത്/ സ്‌നേഹത്തിന്റെയും ജീവിതത്തിന്റെയും പേരിൽ വെറുപ്പാലും മരണത്താലും തകർക്കപ്പെട്ടത്/ എത്ര ഭയാനകം എന്റെ കാലഘട്ടം’. യാഥാർഥ്യലോകത്ത് കാസ്റ്റില്ലോ കോറിയിട്ട വ്യഥകൾ തന്നെയല്ലേ ഓരോ ഇന്ത്യൻ പൗരനും അനുഭവിക്കുന്നത്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles