വസ്ത്രമെന്ന സൂചകത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ വസ്ത്രത്തിന് അനല്‍പമായ പങ്കുണ്ട്. വസ്ത്രം ധരിക്കല്‍ മാത്രമല്ല, അതൊരു ധാരണ കൂടിയാണ്. ധാരണകള്‍ അഥവാ സങ്കല്‍പനങ്ങള്‍ മാറുന്നതിനനുസരിച്ച് വസ്ത്ര സങ്കല്‍പ്പങ്ങളും മാറുന്നു. അതിനാലാണ് വസ്ത്രത്തിന്റെ രൂപത്തിലും ഭാവത്തിലും രീതിയിലുമൊക്കെ വൈവിധ്യങ്ങള്‍ കാണാനാവുന്നത്. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളാണ് ‘നാം എന്ത് ധരിക്കണം?’ എന്ന ശീര്‍ഷകത്തില്‍ ‘മാധ്യമം’ ആഴ്ചപ്പതിപ്പി(25: 1287)ല്‍ വന്ന ഡോ. സിബു മോടയില്‍, ആല്‍വിന്‍ അലക്‌സാണ്ടര്‍ എന്നിവരുടെ പഠനം. ഹിജാബ് വിഷയത്തില്‍ പരമോന്നത കോടതി പ്രകടിപ്പിച്ച ഭിന്ന വിധികളുടെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ചിന്തകള്‍. സ്വത്വപ്രകാശത്തിനുള്ള മുഖ്യ ഉപാധിയാണ് വസ്ത്രം. സംരക്ഷണം, ഔചിത്യം, അലങ്കാരം, അന്തസ്സ് എന്നിവയാണ് വസ്ത്രധാരണത്തിന്റെ പ്രേരകങ്ങള്‍. മനുഷ്യന് ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വസ്ത്രം മൂകമായ ഒരു വസ്തുവല്ല. വസ്ത്രത്തിനും അതിന്റെതായ സംവേദനക്ഷമതയുണ്ട്. ആശയവിനിമയവും പ്രവൃത്തിയും വസ്തുക്കള്‍ക്കും സാധ്യമാണെന്ന അര്‍ജുന്‍ അപ്പാദുരൈയുടെ അഭിപ്രായം വസ്ത്രത്തിനും ബാധകമാണ്. ജൈവശരീരത്തെ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒന്നായി പരിവര്‍ത്തിപ്പിക്കാന്‍ വസ്ത്രത്തിന് സാധിക്കുന്നു. വസ്ത്രവും ലൈംഗികതയും, വസ്ത്രവും ചരിത്രവും, വസ്ത്രവും ജാതിബോധവും എന്നിങ്ങനെ അനേകം അടരുകളിലേക്ക് മേല്‍പഠനം കടന്നുചെല്ലുന്നുണണ്ട്.
വചനശാസ്ത്രത്തിന്റെ വികാസം
ഇസ്‌ലാമിക ലോകത്ത് ഭൗതികവും അധ്യാത്മികവുമായ പല ശാസത്രങ്ങളും ഉടലെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, തത്വശാസ്ത്രം എന്നിവ ഭൗതിക ശാസ്ത്രങ്ങള്‍ക്കും വേദശാസ്ത്രം, തിരുചര്യാശാസ്ത്രം, കര്‍മശാസ്ത്രം എന്നിവ അധ്യാത്മിക ശാസ്ത്രങ്ങള്‍ക്കും ഉദാഹരണങ്ങളാണ്. വചനശാസ്ത്രം അഥവാ ഇല്‍മുല്‍കലാം അധ്യാത്മിക ശാസ്ത്രമാണ്. ‘ഇസ്‌ലാമിക ദൈവശാസ്ത്രം: യുഗാന്തരങ്ങളുടെ ചരിത്ര വായന’ എന്ന തലക്കെട്ടില്‍ ‘സത്യധാര'(13: 10) യില്‍ വന്ന സിയാദ് റമദാന്റെ ലേഖനം വചനശാസ്ത്ര സംബന്ധിയായ ഒന്നാണ്. ലേഖനത്തിന്റെ ആദ്യഭാഗത്ത് വചനശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ കാണാം. ‘വിശ്വാസ കാര്യങ്ങളുടെ ബൗദ്ധിക തെളിവുകളും അതില്‍നിന്ന് വ്യതിചലിച്ചവര്‍ക്കെതിരെയുള്ള ഖണ്ഡനവും ഉള്‍ക്കൊള്ളുന്ന വിജ്ഞാനശാഖയാണ് വചനശാസ്ത്ര’മെന്ന് ഇബ്‌നുഖല്‍ദൂന്‍ പറയുന്നു. വിശ്വാസ കാര്യങ്ങളില്‍ വിജ്ഞാനം നേടല്‍ വിധികളില്‍ വിജ്ഞാനം നേടുന്നതിനേക്കാള്‍ പ്രധാനമാണെന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടുണ്ട്. വചനശാസ്ത്രത്തിന്റെ ഉല്‍പത്തിക്ക് സവിശേഷമായ പശ്ചാത്തലമുണ്ടായിരുന്നു. ഗ്രീക്ക് തത്വജ്ഞാനം പോലുള്ള ചിന്തകള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് വചശാസ്ത്രം രൂപംകൊള്ളുന്നത്. ഹശവിയ്യ, മുഅ്തസില, ഇസ്മാഈലിയ്യ, സൈദിയ്യ, ളാഹിരിയ്യ, മാതുരീദി, ഖദരിയ്യ, ഹനാബില തുടങ്ങിയവ വചനശാസ്ത്രത്തിന്റെ ഭാഗമായി ഉണ്ടായ വിശ്വാസധാരകളാണ്. ഈ വിശ്വാസങ്ങള്‍ക്കെതിരെ പോരാടി യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസം ജനസമക്ഷം സമര്‍പ്പിച്ച വ്യക്തിയാണ് അബുല്‍ ഹസന്‍ അശ്അരി.
ജീര്‍ണതക്കെതിരെയുള്ള രചനകള്‍
സര്‍ഗാത്മക സാഹിത്യത്തിന്റെ പിറവിക്ക് നിമിത്തം ഉണ്ടായിരിക്കും. രചനകള്‍ക്ക് പ്രചോദനമായ നിമിത്തങ്ങള്‍ സാഹിത്യകാരന്മാര്‍ വെളിപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഒക്‌ടോബര്‍ മാസം പുറത്തിറങ്ങിയ ‘ഗ്രന്ഥാലോക’ത്തിലെ എന്‍.പി ഹാഫിസ് മുഹമ്മദിന്റെ ‘മധുരത്തിനുള്ളിലെ കയ്പ്’ എന്ന കുറിപ്പ്. ‘ഫ്രൂട്ട് സലാഡ’, ‘ഫലൂദ’, ‘ഐസ്‌കണ്ടി’ തുടങ്ങിയ കഥകളുടെ രചനക്ക് നിമിത്തമായ കാരണങ്ങളാണ് കഥാകൃത്ത് എഴുതുന്നത്. മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക ജീര്‍ണതകളാണ് കഥകളില്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. ജാതിബോധം ഉദാഹരണം. ജാതിബോധത്തിന് ഇസ്‌ലാമിക അടിത്തറയില്ല. എങ്കിലും, മുസ്‌ലിംസമൂഹത്തില്‍ കുറഞ്ഞ അളവില്‍ അതുണ്ട്. കഥാകൃത്തിലേക്ക് എത്തുന്ന രണ്ടുപേരുടെ ദുരനുഭവങ്ങളാണ് ‘ഫ്രൂട്ട് സലാഡ’ക്ക് നിമിത്തമാവുന്നത്. ബാര്‍ബര്‍ കുടുംബത്തിലെ അംഗങ്ങളാണവര്‍. പഠിച്ച് മുന്നേറാന്‍ ശ്രമിച്ചിട്ടും ബാര്‍ബര്‍ ജോലി മ്ലേഛമാണെന്ന ബോധത്തെ ഇല്ലാതാക്കാന്‍ അവര്‍ക്കാവുന്നില്ല. അവരുടെ വേദനകളുടെ ആഴമാണ് ഹാഫിസ് മുഹമ്മദ് ആവിഷ്‌കരിക്കുന്നത്. മുസ്‌ലിം സമൂഹത്തില്‍ നന്മകള്‍ ഏറെയുണ്ട്. അതോടൊപ്പം ജീര്‍ണതകളുമുണ്ട്. ഇസ്‌ലാമെന്ന ആശയത്തിന്റെ പ്രശ്‌നമല്ല അവയുടെ സാന്നിധ്യം. ഒരു സമൂഹമെന്ന നിലക്ക് സ്വാഭാവികമായും ഉണ്ടാവുന്നതാണ് ജീര്‍ണത. അതിനെതിരെയുള്ള പ്രതികരണം മാനവികതയുടെ ഭാഗമാണ്. എന്നാല്‍, മുസ്‌ലിങ്ങളിലെ നന്മകളുടെ നിരാകരണമാവരുത് ജീര്‍ണതക്കെതിരെയുള്ള പ്രതികരണം. ആവിഷ്‌കാര സ്വാതന്ത്ര്യമാണെങ്കിലും, മുസ്‌ലിം സമൂഹത്തിന്റെ ജീര്‍ണതകള്‍ മാത്രം പ്രശ്‌നവല്‍ക്കരിക്കകയെന്നത് കഥാകൃത്തിന്റെ പൊതുപ്രവണതയാണ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp