രേവതി ലോളിന്റെ ശ്രദ്ധേയമായ കൃതിയാണ് ‘വെറുപ്പിന്റെ ശരീരശാസ്ത്രം’. സംഘ്ഫാഷിസത്തിന്റെ വെറുപ്പ് അപരനെ എങ്ങനെ ഉന്മൂലനം ചെയ്യുന്നുവെന്നും ഉന്മൂലനം ചെയ്യപ്പെട്ട ശവശരീരത്തെ എങ്ങനെ വികൃതമാക്കുന്നുവെന്നും രേവതി ലോൾ കൃതിയിൽ പരിശോധിക്കുന്നുണ്ട്. കൃതിയുടെ രചനയിലേക്ക് നയിച്ച പശ്ചാത്തലത്തെ മുൻനിർത്തി രേവതി ലോളുമായി പി.എൻ ഗോപീകൃഷ്ണനും ശ്രീജിത്ത് ദിവാകരനും നടത്തുന്ന അഭിമുഖമുണ്ട് ‘ദേശാഭിമാനി'(53: 24) വാരികയിൽ. കൃതിയുടെ ഉള്ളടക്കവും സംഘഫാഷിസത്തിന്റെ വെറുപ്പിന്റെ ആഴവും ഗ്രഹിക്കാൻ സഹായകമാണ് അഭിമുഖം.
2002ൽ നടന്ന ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യയെ ആധാരമാക്കിയാണ് രേവതി ലോൾ തന്റെ അന്വേഷണം വികസിപ്പിക്കുന്നത്. കൃതി നൽകുന്ന ഓരോ വിവരവും ഉള്ളകത്തെ പിടിച്ചുകുലുക്കും. ഒരു സംഭവം മാത്രം എഴുതാം: വലിയൊരു ദുരന്തം സംഭവിക്കാൻ പോവുകയാണെന്ന സൂചന അബ്ദുൽ മജീദിന് നേരത്തേ ലഭിച്ചിരുന്നു. എന്നാൽ, ‘കിച്ചഡി’യാണ് ദുരന്തത്തെ ഉറപ്പിച്ചത്. ഉച്ചകഴിഞ്ഞ സമയം. ആൾക്കൂട്ടം നരോദാപാട്യ വളഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഒരു വീടിന് മുകളിൽ ഒളിച്ചിരിക്കുകയാണ് മജീദും കുടുംബവും. അപ്പോഴാണ് സുഹൃത്തായ ജയ് ഭവാനി മജീദിനോട് സംസാരിക്കാൻ വരുന്നത്. ‘നിങ്ങളൊന്നും കഴിച്ചില്ലല്ലോ, താഴോട്ട് ഇറങ്ങിവരൂ, അടുക്കളയിൽ നിങ്ങൾക്ക് തൈരിന്റെ കിച്ചഡി ഉണ്ടാക്കി തരാം’, ഭവാനി മജീനിനോട് പറഞ്ഞു. ‘അത് ശവമടക്കിനല്ലേ ഉണ്ടാക്കുക’, ഉടലാകെ വിറച്ചുകൊണ്ട് മജീദ് ചോദിച്ചു. ‘അതെ, നീയെല്ലാം ചാവാൻ പോവുകയാണ്, ഭവാനി പറഞ്ഞുനിർത്തി’.
ഉമ്മയെയും ഭാര്യയെയും കുഞ്ഞുങ്ങളെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമത്തിലായി മജീദ്. തെളിഞ്ഞ പകലിലും ഇരുട്ടിന്റെ പ്രതീതി. ഒരുവിധം, സുരക്ഷിതമെന്ന് തോന്നിയ കൂനക്ക് മുകളിൽ മജീദെത്തി. പുറകിൽ വാളുപോലെ എന്തോ തറച്ചിരിക്കുന്നതിന്റെ തോന്നലുകൾ. ബോധത്തിനും അബോധത്തിനും ഇടയിലുള്ള നിമിഷങ്ങൾ. മകളുടെ ‘അബ്ബാ’ എന്ന വിളിയാണ് മജീദിനെ ഉണർത്തിയത്. അപ്പോഴേക്കും ഉമ്മയെയും ഗർഭിണിയായ ഭാര്യയെയും മക്കളെയും മജീദിന് നഷ്ടപെട്ടിരുന്നു. പെട്രോളൊഴിച്ച് കത്തിച്ചാണ് വെറുപ്പിന്റെ സംഘ്കനലുകൾ മജീദിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തത്. മജീദിന്റെ രണ്ട് പെൺമക്കൾ അവരുടെ അമ്മൂമ്മയെ കെട്ടിപ്പിടിച്ച് കത്തിക്കരിഞ്ഞ് കരികട്ടയായി തീർന്ന അവസ്ഥയെ സംബന്ധിച്ച രേവതി ലോളിന്റെ വിവരണം നിർവികാരത്തോടെയേ വായിക്കാനാവുള്ളൂ.
തിരുനബി മാഹാത്മ്യങ്ങൾ
തിരുനബി വിഷയത്തിൽ മനോഹരമായ രണ്ട് വിവർത്തന കവിതകൾ ‘രിസാല'(38: 08) വാരികയിലുണ്ട്. പ്രവാചക കവി ഹസ്സാനുബ്നു സാബിത്തിന്റെയും അല്ലാമാ ഇഖ്ബാലിന്റെയും കവിതകൾ. ‘പ്രകാശത്തിന്റെ തിളക്കം’, ‘പ്രവാചകനോട്’ എന്നിങ്ങനെയാണ് യഥാക്രമം ശീർഷകങ്ങൾ പ്രവാചക വർണനകളാണ് ഇരു കവിതകളുടെയും ഇതിവൃത്തം. പ്രവാചകന്റെ മുഖകാന്തി അത്ഭുതകരമായിരുന്നുവെന്ന് ഹസ്സാൻ പറയുന്നു. ‘സൂര്യനും ചന്ദ്രനും ഒന്നുചേർന്നപോലെ അവിടുത്തെ മുഖം പ്രകാശിച്ചു’വെന്ന് അദ്ദേഹം പ്രവാചകനെ വിശേഷിപ്പിച്ചു. മുഹമ്മദ് മനുഷ്യനാണ്. എന്നാൽ, മറ്റ് മനുഷ്യരെ പോലെയല്ല. ഈ സത്യത്തെ ഹസ്സാൻ ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നു: ‘അവിടുന്ന് കറയറ്റ ഒരു രത്നം/ മറ്റുള്ളവരോ വെറും ചരൽക്കല്ലുകളും’.
ഒരു പുതുയുഗത്തിന്റെ പിറവിയായിരുന്നു പ്രവാചകന്റെ നിയോഗത്തോടെ ഉണ്ടായതെന്ന് ഇഖ്ബാൽ ഭാവനയിൽ ദർശിക്കുന്നു. എത്ര തത്വശാസ്ത്രപരമാണ് അദ്ദേഹത്തിന്റെ വരികൾ. ‘അവിടുന്ന് പരുപരുത്ത പായയിലുറങ്ങി/ പക്ഷേ, ഖുസ്രാവിന്റെ കിരീടം അവിടുത്തെ അനുയായികളുടെ കാൽചുവട്ടിൽ വീണുകിടന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് കവിതയുടെ തുടക്കം. പ്രാർഥനയും പോരാട്ടവും പ്രവാചകനിൽ ഒരുപോലെ വിലയിച്ചു: ‘പോരാട്ടത്തിന്റെ നാഴികകളിൽ അവിടുത്തെ വാളിന്റെ പ്രഭയിൽ ഇരുമ്പ് ഉരുകിയൊലിച്ചു/ പ്രാർഥനാവേളകളിൽ അവിടുത്തെ കണ്ണുകളിൽ നിന്നും മഴത്തുള്ളികൾ പോലെ കണ്ണീർത്തുള്ളികൾ വീണു’. സമത്വത്തിന്റെ പാഠങ്ങൾ മാനവതക്ക് പ്രവാചകൻ സമർപ്പിച്ചുവെന്ന് എഴുതിയാണ് കവിത അവസാനിക്കുന്നത്: ‘അവിടത്തെ കണ്ണിൽ ഉയർന്നവനും താഴ്ന്നവനും/ അവിടുന്ന് അടിമകളുമായ് ഒന്നായ് തീൻമേശയിലിരുന്നു/ ജന്മത്ത്വത്തിന്റെയും ഗോത്രത്തിന്റെയും വരേണ്യതയെ ചാമ്പലാക്കി’.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp