Current Date

Search
Close this search box.
Search
Close this search box.

മഹാരഥനാണ് ആ മനുഷ്യൻ

പ്രവാചകൻ മുഹമ്മദിന്റെ ജനനംകൊണ്ട് വിശ്രുതമായ മാസമാണ് റബീഉൽ അവ്വൽ മാസം. പ്രവാചകന്റെ അപദാനങ്ങളാൽ ഈ മാസം മുഖരിതമാവുക സ്വാഭാവികമാണ്. ബഹുദൈവത്വത്തിന്റെയും നൂതന പ്രവണതകളുടെയും സ്പർശങ്ങൾ ഇല്ലാത്തിടത്തോളം പ്രവാചക സ്മരണകളിൽ തെറ്റൊന്നുമില്ല. ഒരു മുസ്‌ലിമിന് തന്റെ മാതൃകാ പുരുഷനായ പ്രവാചകനോടുള്ള കൂറ് ഊട്ടിയുറപ്പിക്കാനുള്ള അവസരമായി റബീഉൽ അവ്വൽ മാസത്തെ സമീപിക്കാവുന്നതേയുള്ളൂ.

സമകാല പ്രസിദ്ധീകരണങ്ങളുടെ താളുകളും പ്രവാചക ഓർമകൾകൊണ്ട് നിറഞ്ഞതാണ്. മുസ്‌ലിം പ്രസിദ്ധീകരണങ്ങളായ രിസാല, സത്യധാര, പ്രബോധനം, സുന്നി അഫ്കാർ, വിചിന്തനം, ശബാബ് പോലുള്ളവ പ്രവാചക രചനകൾകൊണ്ട് സുഭിക്ഷം.

‘പ്രവാചക സ്നേഹത്തിന്റെ പ്രത്യയശാസ്ത്ര ഭേദങ്ങൾ’ എന്ന ശീർഷകത്തിൽ ‘സത്യധാര'(11: 09) യിൽ വന്ന മുആവിയ മുഹമ്മദ് ഫൈസിയുടെ ലേഖനം മനോഹരമാണ്. സ്നേഹത്തിന്റെ സൈദ്ധാന്തിക വശം സ്പർശിച്ചാണ് ലേഖനം ആരംഭിക്കുന്നത്. സമൂഹങ്ങളുടെ ഉൽഭവം സ്നേഹത്തിൽ നിന്നത്രെ. സ്നേഹ ബന്ധങ്ങളാണ് സാമൂഹ്യ ബന്ധങ്ങളെ ദൃഢപ്പെടുത്തുന്നത്. മുസ്‌ലിം സമൂഹത്തിന് വിശ്വാസപരമായ പൂർണതയുടെ ഭാഗമാണ് പ്രവാചക സ്നേഹം.

മുആവിയ ലേഖനത്തിൽ വരച്ചിടുന്ന മുഖ്യപ്രമേയം, ദേശത്തോടും ദേശവാസികളോടുമുള്ള പ്രവാചകനുള്ള സ്നേഹത്തിന്റെ ആഴമാണ്. ദൈവത്തിലുള്ള അഗാധമായ വിശ്വാസം, മക്കയെയും മദീനയെയും അവയിലെ ജനങ്ങളെയും സ്നേഹിക്കുന്നതിൽനിന്ന് പ്രവാചകനെ തടഞ്ഞില്ല. മതജാതി ഭേദമന്യേ മുഴുവൻ മനുഷ്യരെയും ഉന്നത വിതാനത്തിലേക്ക് വിടർത്താൻ പ്രവാചകന് സാധിച്ചു. അതിനായി പ്രവാചകൻ മദീനാ ഭരണഘടന നിർമിച്ചതും അതിലെ വകുപ്പുകൾ ക്രോഡീകരിച്ചതും ലേഖകൻ പരാമർശിക്കുന്നുണ്ട്.

പ്രവാചകന്റെ ഉദാത്തമായ മാനവസ്നേഹത്തെ സമകാല ഇന്ത്യൻ അവസ്ഥകളുമായി മുആവിയ ചേർത്തുവെക്കുന്നുണ്ട്. പ്രവാചകന്റെ ദേശസ്നേഹം തീവ്രമായ ദേശീയ സങ്കൽപത്തിലേക്ക് വഴിമാറിയില്ല. തീവ്ര ദേശീയതയാണ് സംഘ്ഫാഷിസത്തിന്റെ അടിത്തറ. സംഘ് ആചാര്യന്മാരായ ഗോൾവാൾക്കറിന്റെയും സവർക്കറിന്റെയും ഹെഡ്ഗെവാറിന്റെയും എഴുത്തുകളിലും സംസാരങ്ങളിലും ദേശ കേന്ദ്രിതമായ വംശീയതയാണ് നുരഞ്ഞുയരുന്നത്. മനുഷ്യ സ്നേഹങ്ങൾക്ക് പകരം അനവധി മനുഷ്യ ഹിംസകളാണ് അത് ഇന്ത്യക്ക് സമ്മാനിച്ചതെന്ന് ലേഖകൻ വ്യക്തമാക്കുന്നു.

‘പ്രബോധന'(79: 20) ത്തിൽ വന്ന മുഹമ്മദ് ജബാറയുടെ ‘ലോകത്തെ മാറ്റിപ്പണിത വിപ്ലവകാരി’ എന്ന ലേഖനം, പ്രവാചക വിപ്ലവം കാൽപ്പനികമായി ചിത്രീകരിക്കുന്ന രചനയാണ്. മക്കാ നിവാസികൾക്കിടയിൽ ‘ചുവപ്പ് കലർന്ന വെളുപ്പ് നിറമുള്ള മനുഷ്യൻ’ എല്ലാറ്റിലും വ്യതിരിക്തനായിരുന്നു. നിറം, രൂപം, സ്വഭാവം, വസ്ത്രധാരണം, സമീപനം, വിശുദ്ധി, ചിട്ട തുടങ്ങി എല്ലാ കാര്യങ്ങളിലും. അതിനാൽ, മക്കക്കാർ പ്രവാചകന് നൽകിയ നാമമായിരുന്നു ‘കാര്യങ്ങളിലെ പൂർണൻ’ എന്നത്‌.

പ്രവാചക വിപ്ലവത്തിന് തുടക്കമാവുന്നത്, കഅബയിൽനിന്ന് നിശ്ചിത അകലമുള്ള അബൂഖുബൈസ് എന്ന് പേരുള്ള ചെറുകുന്നിൽ കയറി പ്രവാചകൻ പരസ്യ പ്രബോധനം പ്രഖ്യാപിച്ചതോടെയാണ്. പ്രസ്തുത സന്ദർഭത്തിലെ പ്രവാചകനെ ജബാറ ഭാവനയിൽ കാണുന്നു: ‘ആറടി ഉയരവും വിശാലമായ തോളുമുള്ള നാൽപതുകാരൻ അരോഗ ദൃഢഗാത്രനായിരുന്നു. യുവാവെങ്കിലും പക്വതയുള്ള ആൾ. വശ്യമനോഹരമായ കറുത്ത കണ്ണുകൾ, തുവെള്ള ദന്ത നിര, അതിനൊപ്പം നിൽക്കുന്ന തെളിഞ്ഞ ഒലിവു ചർമം. വെട്ടിത്തിളങ്ങുന്ന കാർക്കൂന്തൽ. ചുവപ്പ് രാശിയുള്ള കറുപ്പ് നിറം ചെവിക്ക് പിറകിലേക്ക് ചുരുളു ചുരുളായി വാർന്നുവെച്ചിരിക്കുന്നു’. അബൂ ഖുബൈസിലെ പ്രഖ്യാപനത്തോടെ പ്രവാചകൻ ഒറ്റപ്പെട്ടു. മുഹമ്മദിന്റെ പിരി ഇളകിപ്പോയിരിക്കുന്നുവെന്ന് ചിലർ പരിഹസിച്ചു. എന്നാൽ, പ്രവാചകൻ തന്റെ ശക്തി വീണ്ടെടുത്തു. ഇരുപത്തിമൂന്ന് വർഷത്തിനുള്ളിൽ ആ മഹാരഥൻ ചരിത്രത്തെയും ലോകത്തെയും മാറ്റിപ്പണിതു.

നൗഷാദ് പുഞ്ചയുടെ പ്രവാചക കവിത ആസ്വാദ്യകരമാണ്. ‘എന്റെ നബി’ എന്നാണ് കവിതയുടെ പേര്. അച്ചടിച്ചു വന്നിരിക്കുന്നത് ‘സുന്നി അഫ്കാറി'(13: 05)ൽ. കവിത അങ്ങനെത്തന്നെ താഴെ ചേർക്കുന്നു:

‘കനൽ പഥമേറി, കാതങ്ങൾ താണ്ടി കനിവിൻ കെടാവിളക്കേന്തി
ഒരു ദിവ്യ ദർശനത്തിൻ മുഗ്ധ ഗീതികൾ, ഉല ചിന്തും കാന്തിയോടോതി
ദൈവം അവനേകൻ
ഈ ഉലകിന്നധിപൻ
ഞാനോ, സന്ദേശ വാഹകൻ, ദൂതൻ
നമുക്കായ് ഉജ്വലം കത്തുന്ന സൂര്യൻ
നമുക്കായ് നിലാവല തീർക്കുന്ന ചന്ദ്രൻ
നമ്മെ കൊതിപ്പിക്കും പുഞ്ചിരിപ്പൂക്കൾ
കിന്നരം പാടുന്ന കിളികൾ കിനാക്കൾ
വിസ്മയ വിതാനം
അനുപമം വാനം
അനഘം അരണ്യം
അവാച്യം അനന്തം
ഒറ്റപ്പദം കൊണ്ടൊരുക്കിയോൻ ഏകൻ
ഒറ്റയാണുറ്റവരില്ലാത്ത നാഥൻ
അവനാണു നാളം, അവനാണു നാദം
അവനാണു ജീവിതത്തിനർത്ഥ ഗന്ധം
ഭ്രാന്തൻ, മാരണം
കല്ലെറിഞ്ഞാട്ടൂ,
മാന്ത്രികൻ ഇവനെ ആട്ടിയോടിക്കൂ
സ്വന്തം കുടുംബം അലറി വിളിച്ചു
ആർത്തലക്കുന്നുവോ നരക നാഗങ്ങൾ
കല്ലേറു കൊണ്ടു തുളയുന്നു ദേഹം
ധാരയായി രക്തം ഉതിർന്നു വീഴുന്നു
അന്ധകാരം, കണ്ണടക്കുന്നു ത്വാഇഫ്
അരുതെന്നു പറയുവാനാരുമില്ലാതെ
തൃപ്പാദ പങ്കജച്ചോട്ടിൽ കിനിയുന്ന രക്ത ബിന്ദുക്കളേ സത്യം!
തിക്തം, പകരുമീ ശാപകോലങ്ങളെ
ഈ മാമലയാൽ ഞെരുക്കാം
അങ്ങെനിക്കനുവാദമേകൂ
നാഥന്റെ കൽപനയാണരുൾ ചെയ്‌വൂ
താന്തനായ് മേവുമെൻ തിരുനബിതൻ ചാരത്ത് വന്നോതി മാലാഖ ജിബ്‌രീൽ
അറിവില്ലാത്തേഴകൾ മാപ്പേകണേ നാഥാ.
എൻ നോവതിൽ ലയിക്കുന്നു
നാളെയീ പാതയിൽ ഒരു പുതുനാളമായ്
അവരിൽ ഒരാൾ വന്നണഞ്ഞാൽ
പാപിക്കു മാപ്പെന്ന പാഠം പഠിപ്പിച്ച
പാവനമാണെന്റെ ദൂതൻ
മനമാണു മാനമെന്നുയിർ തൊട്ടുപാടിയ
മാനവനാണെന്റെ ദൂതൻ’

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles