Current Date

Search
Close this search box.
Search
Close this search box.

കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

അടുത്തിടെ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡ് ഉള്‍പ്പെടെയുള്ള കറുത്ത വര്‍ഗക്കാരുടെ നീതിക്ക് വേണ്ടി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ കറുത്തവര്‍ക്കെതിരേയുള്ള വംശീയതയെപ്പറ്റിയും അവരുടെ സാമൂഹിക അടിമത്തത്തെപ്പറ്റിയുമുള്ള ചര്‍ച്ചകള്‍ക്ക് ലോകമെമ്പാടും വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരി ബാധിച്ച് മരിച്ചവരില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ എണ്ണം വര്‍ധിച്ചതും അവര്‍ക്കിടയില്‍ തൊഴിലില്ലായ്മ ഗണ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതുമെല്ലാം ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനത്തെ പുതിയൊരു വഴിത്തിരിവിലേക്കാണ് കൊണ്ടുപോയത്. മുസ്ലിംകളും ഈ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അമേരിക്കയിലെ കറുത്തവരുടെ ഇസ്ലാമിനെപ്പറ്റിയും അതിന്റെ നാള്‍വഴികളെപ്പറ്റിയുമെല്ലാം പഠിക്കാനാരംഭിക്കുകയും ചെയ്യുകയുണ്ടായി.

പ്രക്ഷോഭങ്ങളുടെയും അമേരിക്കയിലെ കറുത്ത മുസ്ലിംകളുടെ അവയിലെ പങ്കാളിത്തത്തെയും കുറിക്കുന്ന ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് പ്രസക്തിയേറിയവയെന്ന് തോന്നിയ അഞ്ചു പുസ്തകങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്താനുദ്ദേശിക്കുന്നത്.

അമേരിക്കയിലെ ബ്ലാക് മുസ്ലിംകള്‍ക്കും അതുപോലെ വംശീയ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2018-ല്‍, സോമാലിയന്‍ വംശജനായ ശുക്രി അലി സൈദ് എന്ന മാനസിക പ്രയാസങ്ങളനുഭവിക്കുന്ന മുപ്പത്തഞ്ചുകാരനെ ജോര്‍ജിയയില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരാണ് വെടിവെച്ചുകൊന്നത്. ഇതിലുള്‍പ്പെട്ട നാല് ഉദ്യോഗസ്ഥരും കുറ്റവിമുക്തരായി പുറത്തിറങ്ങുകയുണ്ടായി. ഈ വര്‍ഷം മെയില്‍ സുഡാനീ വംശജനായ യാസീന്‍ മുഹമ്മദും ജോര്‍ജിയയില്‍ വെച്ച് പോലീസിന്റെ വെടിയേറ്റുമരിക്കുകയുണ്ടായി. സൈദിന്റെയും യാസിന്റെയും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ പ്രാദേശിക തലത്തിലല്ലാതെ യാതൊരു ചലനവും സൃഷ്ടിച്ചില്ല. ബ്ലാക് സമൂഹത്തിനുള്ളില്‍ തന്നെ കറുത്ത മുസ്ലിംകളും അംഗപരിമിതിയുള്ള കറുത്തവരും നേരിടുന്ന പാര്‍ശ്വവല്‍കരണത്തിന്റെ പ്രതിഫലനമായിരുന്നു അത്.

ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷമാകുന്നേയുള്ളൂ. എന്നാല്‍, അഞ്ഞൂറു വര്‍ഷത്തോളമായി അടിമത്തത്തിനെതിരെയുള്ള വിമോചന സമരങ്ങളില്‍ കേന്ദ്ര സ്ഥാനത്ത് നിന്നിരുന്നത് പലപ്പോഴും കറുത്ത മുസ്ലിംകളായിരുന്നു. എഴുത്തുകാര്‍, അക്കാദമിക വിദഗ്ധര്‍, ആക്ടിവിസ്റ്റുകള്‍, സംഗീതജ്ഞര്‍ തുടങ്ങി ബ്ലാക് മുസ്ലിംകളുടെ വലിയൊരു നിര തന്നെ കറുത്തവരുടെ വിമോചനത്തിനായി വര്‍ത്തിച്ചിരുന്നു. പ്രക്ഷോഭങ്ങളുടെയും അമേരിക്കയിലെ കറുത്ത മുസ്ലിംകളുടെ അവയിലെ പങ്കാളിത്തത്തെയും കുറിക്കുന്ന ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് പ്രസക്തിയേറിയവയെന്ന് തോന്നിയ അഞ്ചു പുസ്തകങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്താനുദ്ദേശിക്കുന്നത്.

Also read: പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃക

സെര്‍വന്റ്‌സ് ഓഫ് അല്ലാഹ്/ സില്‍വിയന്‍ ഡിയൂഫ്

ബ്രസീല്‍, കരീബിയന്‍ മേഖലകള്‍ തുടങ്ങി അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അടിമകളാക്കി കൊണ്ടുപോയ ആഫ്രിക്കക്കാരില്‍ മുപ്പതുശതമാനത്തോളം മുസ്‌ലിംകളായിരുന്നു. അവിടെയെത്തിയ കറുത്തവര്‍ഗക്കാര്‍ വെള്ളക്കാരുടെ വംശീയാധിപത്യത്തോട് ചെറുത്തുനില്‍ക്കുകയും ദേശാടനങ്ങളിലൂടെയും മറ്റും ആഫ്രിക്കന്‍ വന്‍കരയോടും മറ്റും ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ശക്തമായ നിരീക്ഷണത്തിലായിരുന്നിട്ടുപോലും തങ്ങളുടെ മതസമ്പ്രദായങ്ങള്‍ കൈവിടാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. 2013-ല്‍ പുറത്തിറങ്ങിയ സില്‍വിയാന്‍ ഡിയൂഫിന്റെ പുസ്തകം സംസാരിക്കുന്നത് അതൊക്കെയാണ്. ഒമര്‍ ബിന്‍ സൈദ്, ബിലാലി മുഹമ്മദ് എന്നിവരെപ്പോലുള്ള ബ്ലാക്ക് മുസ്‌ലിംകള്‍ക്കിടയിലെ പണ്ഡിതരെയും എഴുത്തുകാരെയുമെല്ലാം ഈ ഗ്രന്ഥം പരിചയപ്പെടുത്തുന്നു.

അവരിലെ പരിശീലനം ലഭിച്ച സൈനികരായിരുന്ന പലരും തങ്ങളുടെ യുദ്ധപരമായ കഴിവിനെയും തന്ത്രങ്ങളെയും അടിമകള്‍ക്കിടയിലെ വിപ്ലവത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. ഉദാഹരണത്തിന്, 1835-ല്‍ ഒരു റമദാനില്‍ ബ്രസീലിലെ സാല്‍വദോറില്‍ നടന്ന മാലി കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലിം അടിമകളായിരുന്നു. കലാപകാരികളെ പൂര്‍ണമായും അമര്‍ച്ച ചെയ്‌തെങ്കിലും ബ്രസീലില്‍ അടിമത്തനിരോധനം നടപ്പില്‍വരുത്തുന്നതില്‍ വലിയൊരു പങ്കുവഹിക്കാന്‍ ആ വിപ്ലവത്തിന് കഴിഞ്ഞു. അലന്‍ ഡി അഗസ്റ്റിന്‍, മൈക്കല്‍ ഗോമസ് എന്നിവരുടെ സുപ്രധാനമായ കൃതികള്‍ക്കുശേഷം ആഫ്രിക്കന്‍ മുസ്‌ലിംകളെയും അറ്റ്‌ലാന്റിക് മുഖേനയുള്ള അടിമക്കച്ചവടത്തെയും കുറിച്ചെല്ലാം ഇംഗ്ലീഷില്‍ വന്ന ആദ്യ ഗ്രന്ഥങ്ങളിലൊായിരുന്നു സെര്‍വന്റ്‌സ് ഓഫ് അല്ലാഹ്. വ്യക്തിപരമായ ചരിത്രശേഖരണത്തിനപ്പുറത്തേക്ക് നീങ്ങി കരീബിയന്‍, അമേരിക്കന്‍ തീരങ്ങളിലെ ഇസ്‌ലാമിന്റെ ദേശാടനപരതയെക്കുറിച്ച് പഠിക്കാനാണ് ഈ ഗ്രന്ഥം ശ്രമിച്ചത്.

അമേരിക്കയിലെ മുസ്‌ലിംകളുടെ വേരുകളെപ്പറ്റി പ്രതിപാദിക്കുന്നതിനാല്‍ 9/11ന് ശേഷം ഈ പുസ്തകം ഏറെ ജനപ്രിയമാകുകയുണ്ടായി. ഇസ്‌ലാം അമേരിക്കക്ക് അന്യമാണെന്നുള്ള ധാരണകളെയാണ് ഈ പുസ്തകം വെല്ലുവിളിച്ചത്. ഇസ്‌ലാം ഒരു അമേരിക്കന്‍ മതമാണെന്നു സ്ഥാപിക്കാന്‍ കറുത്തവരല്ലാത്ത മുസ്‌ലിംകള്‍ ബദ്ധപ്പെടുന്നതിനിടെയായിരുന്നു ഇത്.

Also read: ട്രംപ് ജോബിഡൻ സംവാദം നല്‍കുന്ന സൂചനകള്‍

തങ്ങളുടെ ഇസ്‌ലാമിക വേരുകളെപ്പറ്റി സംശയം ഉന്നയിച്ച പല കറുത്തവരല്ലാത്ത മുസ്‌ലിംകള്‍ക്കും മറുപടി പറയാന്‍ ഈ ഗ്രന്ഥം കൊണ്ട് സാധിച്ചുവെന്ന് ദിയൂഫ് അവകാശപ്പെടുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം ഏറെ ജനകീയമായ ഈ കാലത്ത് ബ്ലാക്ക് വിരുദ്ധതയും ഇസ്‌ലാമോഫോബിയയും എത്രമാത്രം കെട്ടുപിണഞ്ഞുകിടക്കുന്നുവെന്ന്‌ ബോധ്യപ്പെടാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. അവ രണ്ടും അമേരിക്കയെയും കരീബിയയെയും നിര്‍മിക്കുന്നതില്‍ എത്ര വലിയ സംഭാവനയാണ് ചെയ്തതെന്നും.

മാല്‍ക്കം എക്‌സിന്റെ ആത്മകഥ

എലിജാ മുഹമ്മദും താനും കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുവെന്ന ആരോപണങ്ങള്‍ കേട്ടപ്പോള്‍ മാല്‍ക്കം മറുപടിയായി ഇങ്ങനെ എഴുതുകയുണ്ടായി: ‘കറുത്തവരില്‍ വലിയൊരു വിഭാഗം ഇപ്പോഴും ആക്രമിക്കപ്പെടുകയാണെങ്കില്‍ മറുകവിള്‍ കാണിച്ചുകൊടുക്കണമെന്നും മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗം കിട്ടുമെന്നുമുള്ള സിദ്ധാന്തങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആളുകളാണെന്നത് വലിയൊരത്ഭുതമാണ്. നൂറ്റാണ്ടുകളോളം വെള്ളക്കാരന്‍ അവരെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്, എന്നിട്ടും അവര്‍ സമാധാനകാംക്ഷികളായി മിണ്ടാതിരിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു.’

Also read: സംവാദരഹിതമായ ജനാധിപത്യം

അമേരിക്കയിലെ കറുത്തവര്‍ കടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ധാര്‍മിക രോഷത്തോടാണ് മാല്‍ക്കം സംസാരിക്കുന്നത്. അക്രമപാതയിലുള്ള കലാപങ്ങള്‍, സായുധ വിപ്ലവങ്ങള്‍, കറുത്തവരുടെ സ്വയം പ്രതിരോധം, ബ്ലാക്ക് പാന്തറുകള്‍, ഹാരിയറ്റ് ടുബ്മാന്‍ തുടങ്ങി സമ്പന്നമായൊരു ചരിത്രപാരമ്പര്യമുള്ള ഈ സമയത്ത് അതത്ര പ്രസക്തമായിക്കൊള്ളണമെന്നില്ല.
1965-ല്‍ പുറത്തിറങ്ങിയ മാല്‍ക്കമിന്റെ ജീവചരിത്രം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്‌തൊരാളുടെ രാഷ്ട്രീയപരമായും മതപരമായുമുള്ള വളര്‍ച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ്. അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ പ്രസക്തി മങ്ങാതെ നിലനില്‍ക്കുകയാണ്. അനവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകത്തില്‍, സ്റ്റേറ്റ് കറുത്തവരുടെ കുടുംബങ്ങളില്‍ എങ്ങനെ സാമൂഹികമായും മനഃശാസ്ത്രപരമായും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ബ്ലാക്ക് വിരുദ്ധ വംശീയതയും ഇസ്‌ലാമോഫോബിയയും ഊട്ടിയുറപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കെന്താണെന്നും ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ ഒത്തൊരുമിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെയും എല്ലാം മാല്‍ക്കം ചര്‍ച്ച ചെയ്യുന്നു. പൗരാവകാശങ്ങളെ ചര്‍ച്ചയാക്കുന്നതിനു പകരം മനുഷ്യാവകാശങ്ങളെ ചര്‍ച്ചക്കു വെക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള നീതിക്കുവേണ്ടിയുള്ള സമരങ്ങളെ ഒന്നിപ്പിക്കാനാകുമെന്നും വംശീയവിവേചനങ്ങള്‍ക്കെതിരെ പോരാടുന്നവരോട് മാല്‍ക്കം സൂചിപ്പിക്കുന്നു.

കറുത്തവര്‍ഗ്ഗക്കാര്‍ ദിനേനെ നേരിടുന്ന സ്വത്വപരമായ പ്രശ്‌നങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ക്ക് വലിയൊരു സഹായമാണ് മാല്‍ക്കമിന്റെ ജീവചരിത്രം. അറുപത്തഞ്ചുകളില്‍ പൗരാവകാശ മുന്നേറ്റത്തിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാതിരുന്നിട്ടും അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ വിജയിച്ചുവെങ്കില്‍ കറുത്തവര്‍ വംശീയവിവേചനം നേരിടുന്ന ഇക്കാലത്ത് അതിന് എന്തുകൊണ്ടും പ്രസക്തിയുണ്ട്.

Also read: ബാബരി; ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന വിധി!

ബ്ലാക്ക് സ്റ്റാര്‍, ക്രസന്റ് മൂൺ/ സുഹൈല്‍ ദൗലത്സായ്

സുഹൈല്‍ ദൗലത്സായ് 2017 – ലെഴുതിയ ഈ പുസ്തകം മാല്‍ക്കം എക്‌സിന്റെ ആത്മകഥക്ക് ആസ്വാദനമായെഴുതിയതാണ്. ഓഡ്ലി മൂര്‍, ലൂയിസ് ലിറ്റില്‍ എന്നിവരെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ പിന്നാലെ ബ്ലാക്ക് ഇന്റര്‍നാഷണലിസത്തെ പുല്‍കി എന്നതായിരുന്നു അമേരിക്കന്‍ ഇസ്ലാമില്‍ മാല്‍ക്കം വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന്. ബ്ലാക്ക് ഇസ്ലാം, ബ്ലാക്ക് റാഡിക്കലിസം, ലോക മഹായുദ്ധാനന്തര കാലത്തെ മുസ്ലിം മൂന്നാം ലോകം എന്നിവയുടെയെല്ലാം സാംസ്‌കാരികവും രാഷ്ട്രീയവുമായ ചരിത്രത്തെ വിശകലനം ചെയ്യാനുള്ള ടൂളായാണ് ദൗലത്സായ് മാല്‍ക്കമിനെ തന്റെ പുസ്തകത്തില്‍ ഉപയോഗിക്കുന്നത്. എങ്ങനെയാണ് ബ്ലാക്ക് റാഡിക്കലുകള്‍ തങ്ങളുടെ സ്വത്വത്തെയും കലയെയും ആക്ടിവിസത്തെയുമെല്ലാം ആഫ്രിക്കയിലെയും ഏഷ്യയിലെയും വിമോചന പ്രസ്ഥാനങ്ങളുമായി ബന്ധിപ്പിച്ചതെന്നും അവക്കെല്ലാം പൊതുവായ ലക്ഷ്യങ്ങളും പ്രതിസന്ധികളുമാണുള്ളതെന്നും എടുത്തു കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. 2014-ലും മറ്റും അമേരിക്കയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ കാലത്ത്, ഭരണകൂട ഭീകരത അനുഭവിച്ച ഫലസ്തീനീ, ലെബനീസ് ആക്ടിവിസ്റ്റുകളുടെ ട്വീറ്റുകള്‍ എങ്ങനെയാണ് പോലീസിന്റെ ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും പോലുള്ളവയെ നേരിടാന്‍ കറുത്ത വര്‍ഗക്കാരെ പഠിപ്പിച്ചതെന്ന് പുസ്തകം വിവരിക്കുന്നു.

അമേരിക്കയിലെ ചില കറുത്ത വര്‍ഗക്കാര്‍ ചെറുത്തുനില്‍പ്പിനായുള്ള ഉപാധിയായും മറ്റുള്ള ഇടങ്ങളിലേക്കുള്ള പാലമായും ഇസ്ലാമിനെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും അതിനെ അമേരിക്കന്‍ ഭരണകൂടം ഭയക്കുന്നത് എന്തിനെന്നും പുസ്തകം നമ്മോട് പറയുന്നു. ‘നിങ്ങളെ അമേരിക്കക്കാരനല്ലാതാക്കാന്‍ ബ്ലാക്ക് സ്വത്വം ധാരാളം മതി. അതിനു പുറമേ, നിങ്ങളൊരു മുസ്ലിം കൂടിയാണെങ്കില്‍ ഉറപ്പായും നിങ്ങളെ ഒരു അമേരിക്കന്‍ വിരുദ്ധനായേ അവര്‍ കാണൂ.’- അദ്ദേഹം എഴുതുന്നു.

Also read: മഹല്ലുകളുടെ ആധുനികവല്‍കരണത്തിന് പത്ത് ഇന കര്‍മ്മ പദ്ധതികള്‍

ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ ബറാക് ഒബാമയുടെ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പിന്റെ സമയത്ത് പുറത്തിറങ്ങിയ ഈ പുസ്തകം, ഉന്നതസ്ഥാനങ്ങളില്‍ കറുത്തവരുണ്ടാകുന്നത് വിമോചനത്തിന്റെ സൂചനയല്ലെന്ന് അടിവരയിട്ടു പറഞ്ഞിരുന്നു. (ഒബാമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വംശീയത അവസാനിച്ചുവെന്ന് വിശ്വസിച്ചവരുണ്ടായിരുന്നുവത്രെ). ഈ കാഴ്ചപ്പാടിനെ ശക്തമായി വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം ബാള്‍ട്ടിമോര്‍, ചിക്കാഗോ പോലുള്ള കറുത്തവര്‍ മേയര്‍ സ്ഥാനങ്ങളിലിരിക്കുന്ന നഗരങ്ങള്‍ തന്നെ എന്തുകൊണ്ടാണ് ബ്ലാക്ക് വിരുദ്ധ വംശീയതയുടെ കളിത്തൊട്ടിലായി മാറിയതെന്ന് നമുക്ക് കാണിച്ചുതരുന്നു.

ബീയിംഗ് മുസ്ലിം/ സില്‍വിയ ചാന്‍മാലിക്

ബ്ലാക്ക് മുസ്‌ലിം സ്ത്രീകളെയും അവരുടെ ബൗദ്ധിക സംഭാവനകളെയും അവഗണിച്ചു എതായിരുന്നു ദൗലത്സായിയുടെ പുസ്തകത്തിന്റെ ഒരു പോരായ്മ. എന്നാല്‍ കവിതയിലും ഫോട്ടോഗ്രാഫുകളിലും വല്ലപ്പോഴും മാത്രം വന്നുപോകുന്ന മുസ്‌ലിം സ്ത്രീ ആക്ടിവിസത്തിന്റെ പ്രാധാന്യത്തെ ശ്രദ്ധേയമായി അടയാളപ്പെടുത്തുന്ന ഒരു പുസ്തകമാണ് ചാന്‍ മാലികിന്റേത്.

‘അമേരിക്കന്‍ ഇസ്ലാമിനെയോ, അമേരിക്കന്‍ സംസ്‌കാരത്തെയോ കുറിക്കുന്ന ഏതൊരു ചരിത്രരേഖയും ബ്ലാക്ക് അമേരിക്കന്‍ സ്ത്രീകളുടെ ജീവിതത്തെയും അനുഭവങ്ങളെയും കേന്ദ്രസ്ഥാനത്തുനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്. അമേരിക്കയിലെ ഇസ്‌ലാമിന്റെ സാന്നിധ്യത്തെയും അര്‍ഥത്തെയും അടയാളപ്പെടുത്തുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ നല്‍കിയിട്ടുള്ളത്’ അവര്‍ എഴുതുന്നു. അത്തരത്തില്‍, അമേരിക്കയിലെ വംശത്തെയും ലിംഗത്തെയും രൂപപ്പെടുത്തുന്നതിലും മുസ്‌ലിം ആചാരങ്ങളെയും സ്വത്വങ്ങളെയും പണിയുന്നതിലും സുപ്രധാന പങ്കുവഹിച്ച പുതിയ നൂറ്റാണ്ടുകളിലെ കറുത്തവര്‍ഗക്കാരികളായ മുസ്‌ലിം സ്ത്രീകളെ കൃത്യമായി രേഖപ്പെടുത്തുകയാണ് ബീയിംഗ് മുസ്ലിം എന്ന ഈ പുസ്തകം. കാലാനുഗതമായി, 1920-കളിലെ അഹ്‌മദിയാ മുസ്ലിം മൂവ്‌മെന്റിനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. അവസാനിക്കുന്നതാകട്ടെ അമേരിക്കയിലെ സമകാലിക മുസ്ലിം ഫെമിനിസത്തെപ്പറ്റിയുള്ള ചര്‍ച്ചയോടെയുമാണ്.

ഇസ്‌ലാം ഒരു വിദേശ മതമാണെന്ന തീര്‍പ്പുകളെ പൊളിച്ചെഴുതുകയാണ് ഈ പുസ്തകം. അമേരിക്കയിലെ വെള്ളക്കാരേക്കാളും മുമ്പുള്ള കറുത്ത വര്‍ഗ്ഗക്കാരായ മുസ്‌ലിംകളുടെ, മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യത്തെ അദൃശ്യമാക്കിക്കളയുന്നുണ്ടത്. അമേരിക്കയിലെ എല്ലാ മുസ്‌ലിംകളും കറുത്തവര്‍ഗ്ഗക്കാരായ മുസ്‌ലിംകളുടെ അധ്വാനത്തിന് നന്ദിയുള്ളവരായിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് പുസ്തകത്തിലുടനീളം ചാന്‍ മാലിക് പങ്കുവെക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ വംശവും ലിംഗവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

Also read: സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശം

മുസ്ലിം കൂള്‍/ സുആദ് അബ്ദുല്‍കബീര്‍

2016-ല്‍ പുറത്തിറങ്ങിയ ‘മുസ്ലിം കൂള്‍’ എ ഗ്രന്ഥത്തെ ഒരു ചരിത്രപുസ്തകമായൊന്നും എണ്ണാനാവില്ല. എന്നാല്‍ അമേരിക്കയിലെ മുസ്ലിം സമൂഹത്തിനുള്ളിലെ വംശത്തിന്റെ നിര്‍മിതിയെപ്പറ്റി അതിവിശാലമായ ചര്‍ച്ചക്ക് വഴിയൊരുക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്.

‘മുസ്‌ലിം കൂള്‍’ എന്നതിനെ ഗ്രന്ഥകര്‍ത്താവായ സുആദ് അബ്ദുല്‍കബീര്‍ നിര്‍വചിക്കുന്നതിങ്ങനെയാണ്: ‘അമേരിക്കയിലെ വംശീയ ആധിപത്യക്രമങ്ങളെ പുതുക്കിപ്പണിയുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തില്‍ ചിന്തിക്കാനാവുന്ന മുസ്ലിം.’ അമേരിക്കയിലെ വംശീയാധിപത്യ ക്രമം ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് വെള്ളക്കാരെയാണ്. ഏറ്റവും താഴെ കറുത്തവരും ഇടക്കായി മറ്റു വിഭാഗങ്ങളും. വംശീയതയുടെ കാലം കഴിഞ്ഞുവെന്നും അത് ഇപ്പോള്‍ അവശേഷിക്കുന്നത് കറുത്തവര്‍-വെള്ളക്കാര്‍ എന്ന ദ്വന്ദപരികല്‍പനയില്‍ മാത്രമാണെന്നുമുള്ള കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുകയാണ് പുസ്തകം. വംശീയത ഇതുവരെ ചത്തൊടുങ്ങിയിട്ടില്ല.

കറുപ്പ് അമേരിക്കന്‍ ഇസ്ലാമിന്റെ സുപ്രധാന ഘടകമാണെന്നും മുസ്ലിം വ്യക്തികളെയും മുസ്‌ലിംകള്‍ക്കിടയിലെ സാമൂഹികബന്ധങ്ങളെയുമെല്ലാം രൂപപ്പെടുത്തുന്നത് അതാണെന്നും അബ്ദുല്‍കബീര്‍ വാദിക്കുന്നു. അതിന് കാരണം അമേരിക്കയിലെ മുസ്‌ലിംകളെപ്പറ്റിയുള്ള പൊതുബോധം സൃഷ്ടിച്ചത് നാഷന്‍ ഓഫ് ഇസ്‌ലാം, ഫൈവ് പെര്‍സെന്റേഴ്‌സ്, ബ്ലാക്ക് സുന്നി സംഘടനകള്‍ ഉള്‍പ്പെടെയുള്ള കറുത്ത മുസ്‌ലിംകളാണ് എന്നതാണ്.

ചിക്കാഗോയിലെ ഇന്റര്‍സിറ്റി മുസ്ലിം ആക്ഷന്‍ നെറ്റ്‌വര്‍ക്ക്(ഇമാൻ) എന്ന സംഘടനയെപ്പറ്റി മുസ്ലിം കൂള്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രാദേശികതലത്തില്‍ വംശീയതക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് രചയിതാവ് ആ സംഘടനയെ മുസ്‌ലിം കൂളില്‍ ഉള്‍പെടുത്താന്‍ കാരണം. മുസ്ലിം, മുസ്ലിമേതര സമൂഹങ്ങള്‍ക്കിടയിലെ ബ്ലാക്ക് വിരുദ്ധതക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതോടൊപ്പം സംഘടനയും അതിന്റെ വളണ്ടിയര്‍മാരുമെല്ലാം വ്യത്യസ്ത വംശക്കാരാണ് എന്നതും വംശീയതക്ക് അതീതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ ഒരു വലിയ മാതൃകയാണ് ഈ സംഘടന എന്ന വാദത്തെ ശക്തിപ്പെടുത്തുന്നു.

Also read: അൽപ്പമെങ്കിലും വിനീതരാവുക, സത്യം കണ്ടെത്താം

പല മുസ്ലിം എന്‍ജിഒകള്‍ക്കും മധ്യവര്‍ഗ, ഉപരിവര്‍ഗ ബ്ലാക്ക് ഇതര മുസ്ലിംകളുടെ ആശങ്കകള്‍ക്കപ്പുറത്തേക്ക് പോവാനോ, കുടിയേറ്റക്കാരുടെ പൗരാവകാശ സമരങ്ങള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ ആക്ടിവിസത്തെ നീട്ടാനോ കഴിഞ്ഞില്ല. അത്തരത്തിലുള്ള സമരങ്ങളോടൊപ്പം തന്നെ ബ്ലാക്ക് മുസ്‌ലിംകളടങ്ങുന്ന കറുത്ത വംശജരുടെ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയണം. വ്യത്യസ്ത വംശവിഭാഗങ്ങള്‍ക്കിടയില്‍ പാലം പണിയാനും, ബ്ലാക്ക് ആക്ടിവിസത്തെപ്പറ്റിയുള്ള ആളുകളുടെ കാഴ്ചപ്പാട് മാറ്റാനുമെല്ലാം ഇമാന്‍ പോലുള്ള സംഘടനകള്‍ ഹിപ്‌ഹോപ് പോലുള്ള കലാരൂപങ്ങളെയാണ് ഉപയോഗിക്കാറ്.

പുസ്തകം അവസാനിക്കുന്നത് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചയോടെയാണ്. ഹിപ്‌ഹോപ് ഉള്‍പ്പെടെയുള്ള ബ്ലാക്ക് കള്‍ച്ചറിനെ പുണരുന്ന മുസ്‌ലിംകള്‍ക്കും അതിനെ വിലകുറച്ചു കാണുന്നവര്‍ക്കുമിടയിലെ നേരിയ അന്തരത്തെ പുറത്തുകൊണ്ടുവരികയാണ് ഈ പുസ്തകം. കറുത്തവരല്ലാത്ത മുസ്ലിം ഹിപ്‌ഹോപ് ഗായകര്‍ കറുത്തവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യകതയെപ്പറ്റിയും അബ്ദുല്‍കബീര്‍ സൂചിപ്പിക്കുന്നു. വംശീയവിരുദ്ധ ആക്ടിവിസത്തിന്റെ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്ന ചര്‍ച്ചകള്‍ ഇനിയും ഉയരേണ്ടതുണ്ട് എന്ന് ഈ പുസ്തകങ്ങളെല്ലാം തന്നെ ആവശ്യപ്പെടുന്നു.

വിവ- അഫ്സൽ പിടി മുഹമ്മദ്

Related Articles