Current Date

Search
Close this search box.
Search
Close this search box.

2015; മുസ്‌ലിം ആനുകാലികങ്ങളെ വായിക്കുമ്പോള്‍

fallen-leaf.jpg

2015ലെ കേരളത്തിലെ മുസ്‌ലിം മതസംഘടനകളുടെ പ്രസിദ്ധീകരണ ഉള്ളടക്കം കേരളീയ മുസ്‌ലിം ജീവിതത്തിന്റെ നേരനുഭവങ്ങള്‍ കൂടിയാണ്. ഈ സമുദായം ഒരു വര്‍ഷം അനുഭവിച്ച ആശങ്കയും പ്രതീക്ഷകളും സന്തോഷവും വെല്ലുവിളികളുമെല്ലാം അക്ഷരങ്ങളായി ആ പേജുകളില്‍ ഉള്ളടങ്ങിയിട്ടുണ്ട്. പ്രബോധനം, സത്യധാര, രിസാല, ശബാബ്, വിചിന്തനം എന്നീ ആനുകാലികങ്ങളുടെ 2015ലെ പേജുകളാണ് ഇവിടെ പരിശോധനാര്‍ഥം മറിച്ചു നോക്കുന്നത്.

മോദി ഭരിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ ഭാഗമെന്ന നിലക്ക് അസഹിഷ്ണുതയുടെ വ്യത്യസ്ത പേടിപ്പെടുത്തലുകളെ പ്രതിഫലിപ്പിക്കുന്നതാണ് ഒറ്റനോട്ടത്തില്‍ മുസ്‌ലിം ആനുകാലികങ്ങളുടെ പോയ വര്‍ഷത്തെ ഉള്ളടക്കത്തിന്റെ സിംഹഭാഗവും. ആഗോളതലത്തിലെ ഐഎസിന്റെ തേരോട്ടവും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും അതു ശക്തിപ്പെടുത്തിയ ഇസ്‌ലാമോഫോബിയയും മറ്റ് തീവ്രവാദാരോപണ പ്രത്യാരോപണങ്ങളുമാണ് ഉള്ളടക്കത്തില്‍ രണ്ടാം സ്ഥാനം നേടിയ വായനാ വിഭവം. പിന്നെ പതിറ്റാണ്ടുകളായി മതേതര ലിബറല്‍ മേഖലകളില്‍ നിന്ന് സ്ഥിരമായി ഇസ്‌ലാമിനെതിരെ ഉയരുന്ന സ്ഥിരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍ ആവര്‍ത്തിച്ച് സ്ഥലം കണ്ടെത്തിയിരിക്കുന്നു. ഇതില്‍ തന്നെ മുസ്‌ലിം പെണ്ണും അവളുടെ ഇടവം വസ്ത്രവുമെല്ലാം പോയ വര്‍ഷവും ഹോട്ട് വിഭവമായിരുന്നു.

ദേശീയ തലത്തില്‍ നടക്കുന്ന അസഹിഷ്ണുതയുടെ വര്‍ത്തമാനങ്ങളെ പ്രശ്‌നവതകരിക്കുന്നതനൊടൊപ്പം രാജ്യത്തിന്റെ ചിരിത്രവും ഭരണഘടനയും ഉയര്‍ത്തിക്കാട്ടി സമാശ്വാസം കൊള്ളുന്ന ഒട്ടേറെ ലേഖനങ്ങള്‍ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ ഒരേ സമയത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ പകര്‍ത്തുന്നു:
‘ഘര്‍വാപസി കാലത്ത് ജനാധിപത്യത്തെ കാക്കാന്‍ നമുക്ക് വേണ്ട മുന്‍കരുതലുകള്‍’ (പ്രബോധനം 2015 ജനുവരി 23)
‘സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് നേരെ ഉയരുന്ന കൊലക്കത്തികള്‍’ (വിചിന്തനം 2015 ഒക്ടൊബര്‍ 30)
‘അസഹിഷ്ണുതയുടെ ഭൂതത്തെ കൂട്ടിലടക്കുക’ (ശബാബ് – 2015 ഒക്ടോബര്‍ 30)
‘ഇന്ത്യ സസ്യബുക്കാവാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്’ (രിസാല – 2015 ഒക്ടോബര്‍ 21)
‘ഹിന്ദുത്വം ഇന്ത്യയുടെ നാവരിയുന്നു’ (സത്യധാര – 2015 നവംബര്‍ 1-15)

രണ്ട് രീതിയാണ് ഫാസിസ്റ്റ് കാലത്തെ അസഹിഷ്ണുതയെ പ്രതിരോധിക്കാന്‍ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ സ്വീകരിച്ചത്. ഒന്ന്, ഫാസിസ്റ്റ് വിരുദ്ധരായ പൊതു എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും ചേര്‍ത്തു നിര്‍ത്തി അവരുടെ ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു. രണ്ട്, വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ഉയര്‍ത്തി കാണിക്കുകയും ബഹുസ്വരതയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഒട്ടേറെ ലേഖനങ്ങളും അഭിമുഖങ്ങളും ഈ വിഷയകമായി കഴിഞ്ഞ വര്‍ഷം മഷി പുരണ്ടിട്ടുണ്ട്. സച്ചിദാനന്ദന്‍ (പ്രബോധനം, 2015 ജൂണ്‍ 19), ടീസ്റ്റ് സെറ്റല്‍വാദ് (ശബാബ്, 2015 ആഗസ്റ്റ് 21), എം. മുകുന്ദന്‍ (രിസാല, നവംബര്‍ 4), പ്രഫ. എ.കെ രാമകൃഷ്ണന്‍ (സത്യധാര, നവംബര്‍ 1-15) തുടങ്ങിയ ഫാസിസ്റ്റ് വിരുദ്ധരായ പൊതുവ്യക്തികളുമായുള്ള അഭിമുഖ സംഭാഷങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രം.

ഓണം പോലുള്ള സവര്‍ണ ആഘോഷങ്ങളെ പോലും ബഹുസ്വര സൗഹാര്‍ദത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പോയ വര്‍ഷം മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ആലോചനക്ക് വിധേയമാക്കിയത് സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടാണ്. പ്രബോധനം ആഗസ്റ്റ് 28ല ‘സാംസ്‌കാരിക ഫാസിസം നനവും പശിമയുമില്ലാത്ത ഈഷരതയിലേക്ക് നമ്മെ നയിക്കുന്ന കാലത്ത് ഓണം എങ്ങനെ ആവണം’ എന്ന് കവര്‍ സ്റ്റോറിയും ‘ഓണവും അനാവശ്യ തര്‍ക്കങ്ങളും’ എന്ന ശബാബ് വാരികയുടെ എഡിറ്റോറിയലും (സെപ്റ്റംബര്‍ 20) പങ്കുവെച്ചത് സാമൂഹിക സൗഹാര്‍ദങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നായിരുന്നു. ‘സാമുദായിക ധ്രുവീകരണം കൊണ്ട് കേരളത്തനിമ വീണ്ടെടുക്കാനാവുമോ’ എന്ന വിചന്തനം ലേഖനത്തിലും (ജൂലൈ 31) ‘ഈ അസഹിഷ്ണുത ഇസ്‌ലാമിന്റേതാണെന്ന് ആരു പറഞ്ഞു’ എന്ന രിസാല ലേഖനത്തിലും (ഒക്ടോബര്‍ 7) ബഹുസ്വര സമൂഹത്തിന്റെ അനിവാര്യതയെ കുറിച്ച പരാമര്‍ശങ്ങള്‍ കാണാം.

ദേശീയതലത്തില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി പകര്‍ത്തുന്നതിലും അതിന്റെ പരിഹാര മാര്‍ഗങ്ങളിലും മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ ഒരേ ചിന്തയിലാണ് ഏറെക്കുറെ സഞ്ചരിച്ചത്. അത് പോലെ ഐസിസ് ഭീകരതയെയും അതിന് പിന്നിലെ സൈദ്ധാന്തിക അടിത്തറകളും വിശകലനം ചെയ്തപ്പോള്‍ ഭിന്നാഭിപ്രായവും പര്‌സപരാരോപണവുമായി ധ്രുവീകരിച്ചു പോയതും കാണാം. ഐസിസിനെ തള്ളിപ്പറുന്നതില്‍ എല്ലാവരും യോജിക്കുന്നുണ്ടെന്നത് ശരിയാണ്. ഐസിസിന്റെ സൈദ്ധാന്തിക അടിത്തറയെ തങ്ങളഉടെ എതിര്‍ സ്ഥാനത്ത് നില്‍ക്കുന്ന കൂട്ടായ്മയിലേക്ക് ചാര്‍ത്താന്‍ ചിലരെങ്കിലും ഈ സന്ദര്‍ഭത്തെ മാറ്റി. രിസാല വാരികയും വിചിന്തനവുമാണ് ഈ പരസ്പരാരോപണത്തില്‍ മുന്നില്‍ നിന്നത്. തീവ്രസലഫിസവും രാഷ്ട്രീയ ഇസ്‌ലാമുമാണ് ഐസിസിന്റെ സൈദ്ധാന്തിക മൂലധനമെന്ന് വിശദീകരിക്കുന്ന ഒട്ടേറെ ലേഖനങ്ങള്‍ രിസാലയില്‍ പ്രത്യക്ഷപ്പെട്ടു. രിസാല ഫെബ്രുവരി 25, മാര്‍ച്ച് 25, ജൂലൈ 8, സെപ്റ്റംബര്‍ 16 തുടങ്ങിയ ലക്കങ്ങളിലെ എഴുത്തുകള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടതാണ്.

ലോകതലത്തില്‍ തന്നെ തീവ്രസലഫിസമാണ് ഐസിസിന്റെ പിന്‍ബലമെന്ന വായന ശക്തമാകുമ്പോഴും അത് സമര്‍ത്ഥമായി മറച്ചുവെച്ച് രാഷ്ട്രീയ ഇസ്‌ലാമിന്റെ വകഭേദമാണ് ഐസിസ് എന് വരുത്തിതീര്‍ക്കാനായ് ഒട്ടേറെ ലക്കങ്ങളിലായി വിചിന്തനം ശ്രമിച്ചത്. പ്രബോധനം പൂര്‍ണമായും ശബാബ് വാരിക ഏറെക്കുറെയും പരസ്പരാരോപണം നടത്താതെ ഇസ്‌ലാമിന് തന്നെ പുറത്താണ് ഐസിസിന്റെ സ്ഥാനമെന്നാണ് അടയാളപ്പെടുത്തിയത്. അറബ് വസന്തത്തെ അട്ടിമറിച്ചതിന്റെ ഫലമായി പശ്ചിമേഷ്യയില്‍ കാലങ്ങളായി നിലനിന്നിരുന്ന വ്യത്യസ്ത രാഷ്ട്രീയ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്നു വന്ന ഛിദ്രശക്തിയാണ് ഐസിസ് എന്ന് സമര്‍ഥിക്കുന്ന പ്രബോധനം വാരികയിലെ പഠന പരമ്പര ഈരംഗത്തെ മികച്ച വായനാനുഭവമായിരുന്നു. ഐസിസ് വിഷയത്തില്‍ പരസ്പരം ആക്ഷേപം  ചൊരിഞ്ഞുവെങ്കിലും വിചിന്തനം വാരിക മാറ്റിവെച്ചാല്‍ ഇതര മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ സ്ഥിരവിഭവമാവുന്ന പഴഞ്ചന്‍ ശൈലി ഏറെക്കുറെ എല്ലാവരും മാറ്റിവെച്ച വര്‍ഷമായിരുന്ു 2015. (ഐഎസ് വിഷയത്തിലെ വായനകള്‍ ഒരര്‍ഥത്തില്‍ ആഗോള വായനയുടെ ഭാഗവുമായിരുന്നു.) പ്രായാധിക്യത്തിനൊപ്പം ചിന്താവാര്‍ധക്യവും ബാധിച്ച ചില എഴുത്തുകാര്‍ തുടരുന്ന ഇതര സംഘടനാ വിരുദ്ധ പരമ്പരകള്‍ വായിക്കാന്‍ ആ സംഘനടയിലെ തന്നെ പുതുതലമുറയെ കിട്ടുന്നില്ലെന്ന് എഡിറ്റര്‍മാര്‍ എത്ര വേഗം തിരിച്ചറിയുന്നുവോ അത്രയും അവര്‍ക്ക് നല്ലത്.

പൊതുവായി പങ്കിടുന്ന ഈ വിഷയങ്ങള്‍ക്ക് പുറമേ പങ്കുവെക്കേണ്ട വിഷയമാണ് ചില വിഷയങ്ങളിലെ ആഴമുള്ള സംവാദങ്ങള്‍. കേരള മുസ്‌ലിം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ വ്യത്യസ്ത തലങ്ങളില്‍ വായനക്ക് വിധേയമാക്കിയ സത്യധാരയാണ് ഈ രംഗത്ത് 2015-ല്‍ മികച്ച് നിന്നത്. വ്യത്യസ്ത തലങ്ങളില്‍ ഈ വിഷയങ്ങളെ സമീപിച്ചു കൊണ്ടുള്ള പഠനാര്‍ഹമായ ചരിത്രവിശകലനങ്ങളാണ് സത്യധാരയുടെ പേജുകളെ ധന്യമാക്കിയത്. ‘പഴയ ഉത്തരങ്ങള്‍ കൊണ്ട് യുവതലമുറയെ അടിച്ചിരുത്താനാവില്ല’ എന്ന കവര്‍ കുറിപ്പോടെ വ്യത്യസ്ത യുവജന സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ശബാബ് വാരിക (2015 നവംബര്‍ 16) നടത്തിയ സംവാദവും ഈ രംഗത്തെ ശ്രദ്ധേയമായ വായനാ വിഭവമായിരുന്നു. ഇതര സംഘടനാ പ്രതിനിധികളുമായുള്ള അഭിമുഖങ്ങളും അവരുടെ സംഘടനാ വാര്‍ത്തകളും പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികയുടെ വേറിട്ട വഴിയും അടയാളപ്പെടുത്തേണ്ടതാണ്.

പൊതുവെ മികച്ച സാമൂഹിക വിശകലനങ്ങളും ദേശീയ അന്താരാഷ്ട്ര വായനകളെയുമെല്ലാം മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ സജീവമാകുമ്പോഴും കാമ്പുള്ള ഇസ്‌ലാമിക പഠനങ്ങള്‍ ഒട്ടും ഉണ്ടാവുന്നില്ല എന്നത് പങ്കുവെക്കാതിരിക്കാനാവില്ല. പ്രാദേശിക ചരിത്ര വായനകള്‍ക്ക് ഇടം ലഭിക്കുമ്പോഴും തദ്ദേശീയ പ്രതിസന്ധികളോ അവക്കുള്ള ഇസ്‌ലാമിക പരിഹാരങ്ങളോ പഠനവിധേയമാക്കപ്പെടുന്നില്ല. ഉലമാക്കള്‍ എഴുത്തുകാരല്ലത്തതും എഴുത്തുകാര്‍ ഉലമാക്കള്‍ അല്ലാത്തതും ഇതിന് ഒരു കാരണമാകാം.

2016ലെ ഉള്ളടക്കത്തില്‍ നിലവിലെ ഉള്ളടക്ക വൈവിധ്യത്തോടും ചടുലതയോടുമൊപ്പം ആഴമുള്ള ഇസ്‌ലാമിക വായനയും ഉണ്ടാകുമെന്ന് ആശ്വസിക്കാം. പരസ്പര ഭിന്നത പുലര്‍ത്തുന്ന വിഷയങ്ങളിലെ ആവര്‍ത്തന ചര്‍ച്ചകള്‍ക്ക് പകരം പുതിയ കാലത്തെ ഉള്‍ക്കൊള്ളുന്ന സൗഹാര്‍ദങ്ങള്‍ക്ക് 2016 ശക്തിപകരട്ടെയെന്ന് ആശംസിക്കുന്നു.

Related Articles