Current Date

Search
Close this search box.
Search
Close this search box.

സി പി എമ്മിലിപ്പോള്‍ നേതാക്കളില്ല, അവരെല്ലാം മാനേജര്‍മാരല്ലേ..

വികസനവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട് പശ്ചിമബംഗാള്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് അബ്ദുര്‍റസാഖ് മുല്ല. മാധ്യമം മാര്‍ച്ച് 07 ലക്കത്തില്‍ എ റശീദുദ്ദീനുമായുള്ള അഭിമുഖത്തില്‍ വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം നമ്മോട് പങ്കുവെക്കുന്നത്. മുസ്‌ലിമിനും ദലിതനുമൊന്നും ഇടതുപക്ഷത്തില്‍ ഇടമില്ലെന്ന് തുറന്നെഴുതുന്നു അബ്ദുര്‍റസാഖ് മുല്ല.
പാര്‍ട്ടിയിലിപ്പോള്‍ നേതാക്കളില്ലത്രെ.. മുഴുവന്‍ മാനേജര്‍മാരാണ്…. ഒരു കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.. ‘പഴയ കിഴക്കന്‍ പാകിസ്താനില്‍ നിന്നും അഭയാര്‍ഥിയായി വന്ന ഒരാള്‍ ഇന്ന് പ്രമുഖനായ ഒരു സിപിഎം നേതാവും മന്ത്രിയുമാണ്.റെയില്‍വേ സ്‌റ്റേഷനിലെ വെറും നിലത്താണ് അന്ന് അദ്ദേഹം മാസങ്ങളോളം കിടന്നുറങ്ങിയത്. പിന്നീട് പാര്‍ട്ടിയുടെ ആളായി. ക്രമേണ ഒരു സ്ഥലം കൈയേറി. ഇന്ന് മൂന്ന് നിലയുള്ള എയര്‍ കണ്ടീഷന്‍സ് മണിമാളികയിലാണ് ഈ നേതാവ് താമസിക്കുന്നത്.’

പണം എങ്ങനെ ഒരു കമ്യൂണിസ്റ്റിനെ നിര്‍മിക്കുന്നു എന്ന കഥയാണ് അബ്ദുര്‍റസാഖ് മുല്ല പറയാതെ പറയുന്നത്.

**************
ഇവിടുത്തെ ഭാവി മാത്രമല്ല, ഭൂതവും പ്രവചനാതീതമാകുന്നു…
ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി സര്‍വരും വേണ്ടുവോളം പ്രസംഗിക്കുന്ന കാലമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരുടെ നെഞ്ചത്ത് കയറിയിരുന്ന് നിരങ്ങാനുള്ള ടൂള്‍ ആക്കരുത് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ആര്‍ക്കും അവരവരുടെ വീക്ഷണങ്ങള്‍ പറയാനും പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നത് തന്നെയാണ് ശരി. എതിരഭിപ്രായമുള്ളവര്‍ക്ക് അതിനെ വിമര്‍ശിക്കുകയും വിശകലനം ചെയ്യുകയും ആവാമല്ലോ.

ഞങ്ങളെ വിമര്‍ശിച്ചുകൂടാ എന്ന കാര്‍ക്കശ്യത്തെയാണ് ഫാഷിസം എന്ന് വിളിക്കേണ്ടത്.മതത്തെയായാലും മതേതരത്വത്തെയായാലും പരസ്പരം എതിര്‍ക്കാനും കേള്‍ക്കാനുമുള്ള വിശാലതയിലേക്കാണ് നമ്മളിനിയും വികസിക്കേണ്ടത്. പ്രശസ്ത ഇന്‍ഡോളജിസ്റ്റായ വെന്‍ഡി ഡോളിഗറുടെ പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് പിന്‍വലിച്ചതിനെപ്പറ്റി വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ വേണ്ടുവോളം ലേഖനങ്ങള്‍ വന്നതാണ്. കൃതിയുടെ ആധികാരികതയെ ചോദ്യം ചെയ്യല്‍ പ്രയാസമായതിനാലാണ് അതിനെ നിലനില്‍ക്കാന്‍ പോലും അനുവദിക്കാതിരിക്കുന്നത് എന്നെഴുതുന്നുണ്ട് എന്‍ ഇ സുധീര്‍ (ഭാഷാപോഷിണി മാര്‍ച്ച്).
ഇങ്ങനെ അസഹിഷ്ണുതകള്‍ പെരുകുന്നത് കണ്ട് മടുത്തിട്ടാണെന്ന് തോന്നുന്നു ഭാവിയെപ്പോലെ തന്നെ ഭൂതകാലവും പ്രവചനാതീതമായ രാജ്യമാണ് ഇന്ത്യ എന്ന് ഡോണിഗര്‍ പറഞ്ഞത്. എന്തായിരുന്നു നമ്മുടെ ചരിത്രം എന്ന അന്വേഷണം പോലും ദേശവിരുദ്ധവും മതവിരുദ്ധവും ആകുന്ന ഈ അവസ്ഥാ വിശേഷം എന്തുമാത്രം സങ്കുചിതമല്ല.

*************

വാട്ട്‌സപ്പിന് ഒരു പ്രതികാരത്തിന്റെ കഥയുണ്ട്.. നമുക്കറിയാം.. ഇന്ന് വളരെ പ്രചാരത്തിലുള്ള മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സപ്പ്. 19 ബില്യണ്‍ ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് അതിനെ വാങ്ങിയത് ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. ഒരു കാലത്ത് പട്ടിണികിടന്ന് വലഞ്ഞ് ഫേസ്ബുക്കിന്റെ പടിക്കല്‍ വന്ന് ജോലിക്കായി കേണിട്ടുണ്ട് ജാന്‍ കോം. ബ്രയാണ്‍ ആക്ടണ്‍ ട്വിറ്ററിനെയും സമീപിച്ചിരുന്നു. അന്ന് തിരസ്‌കരിക്കപ്പെട്ട അവര്‍ 2009 ല്‍ വാട്ട്‌സപ്പ് എന്ന ആശയം വികസിപ്പിക്കുകയായിരുന്നു.ഇന്നവര്‍ രണ്ടുപേരും ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോഡിലുണ്ട്. സി ആര്‍ ശുഭലക്ഷ്മി വാട്ട്‌സപ്പിനെ പറ്റി എഴുതിയിരിക്കുന്നു കലാ കൗമുദിയില്‍.

Related Articles