Current Date

Search
Close this search box.
Search
Close this search box.

സംഗീതവും ഹറാമും തല്ലുകൂടട്ടെ, നമുക്ക് ഉഹ്ദ് പടപ്പാട്ട് കേള്‍ക്കാം

ഒരുപിടി നിറക്കൂട്ടുകള്‍ പുറംചട്ടകളില്‍ വാരിവിതറിയാണ് ഇത്തവണത്തെ മുഖ്യധാരാ മാപ്പിള മാഗസിനുകള്‍ വായനാവിപണിയില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. മതത്തിനെന്താ ഇവയിലൊക്കെ കാര്യം എന്ന് പറഞ്ഞ് കണ്ണുരുട്ടുന്ന ആഭ്യന്തര/ആഭ്യന്തരേതര പുരോഹിത/പുരോഗമന വാദികളെ ശരിക്കും ചൊടിപ്പിക്കുന്നത് തന്നെയാണ് അകകാമ്പിലേക്കുള്ള സൂചനകളായി പുറന്തോടില്‍ കൊത്തിവെച്ചിരുന്ന അവയുടെ തലകെട്ടുശകലങ്ങള്‍.

സിനിമ, രാഷ്ട്രീയം, മാപ്പിള സ്വത്വം, സംഗീതം, തിരുനബി, ഫാഷിസം, മാപ്പിള പൈതൃകം, ജനാധിപത്യം, മതമേളകള്‍, പടപ്പാട്ട് തുടങ്ങിയ ചൂടും തണുപ്പം ലയവും താളവും പ്രസരിപ്പിക്കുന്ന ഒരു പിടിപദങ്ങളെ ചുറ്റിതിരിഞ്ഞ് നയനാനന്ദകരമായ സൂഫീനൃത്തമാടുകയാണ് നമ്മുടെ വാരികകള്‍. ‘നമ്മുടെ’ എന്ന് മനഃപൂര്‍വ്വം പ്രയോഗിച്ചത് തന്നെയാണ്, കാരണം ‘ഇഹ്ദിനാ’ എന്നാണല്ലോ നാം പറയാറുള്ളത്.

സിനിമ എന്ന ആധിപത്യശേഷിയുള്ള മാധ്യമത്തിന് നേരെ ഹറാമിന്റെ വാളോങ്ങുന്നവരോട് ധിക്കാരത്തിന്റെ വിരല്‍ ചൂണ്ടി സംസാരിക്കുന്നുണ്ട് ഇത്തവണത്തെ തേജസ് (2015 ജനുവരി 1-15). നമ്മെ രാഷ്ട്രീയം പറയാന്‍ പഠിപ്പിക്കുന്നതും, കല്ലായ ഹൃദയം അലിയുന്ന മഞ്ഞാക്കി മാറ്റാന്‍ സഹായിക്കുന്നതും, കണ്ണുമൂടിക്കെട്ടി നില്‍ക്കുന്ന നീതിദേവതയുടെ അരികില്‍ നിന്നൊരായിരും കണ്ണായ് തുറക്കാന്‍ പ്രേരിപ്പിക്കുന്നതുമായ സിനിമാനുഭവങ്ങളുമായെത്തിയ പി.എന്‍ ഗോപീകൃഷ്ണന് മുന്‍താളുകള്‍ നല്‍കിയ തേജസ് അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പറയാതെ വയ്യ.

മാപ്പിള എന്ന പദത്തിന്റെ വിവിധങ്ങളായ കര്‍തൃത്വങ്ങളെ കുറിച്ചാണ് ശബാബ് വാരിക (2015 ജനുവരി 9) വാചാലമാകുന്നത്. മാപ്പിള പൈതൃകങ്ങള്‍, മാപ്പിളപ്പാട്ട്, മാപ്പിളസ്വത്വം, മാപ്പിള സംസ്‌കാരം, മാപ്പിളകല എന്നിങ്ങനെയുള്ള പദാവലികള്‍ക്ക് അസതിത്വം നല്‍കാന്‍ ആ ഒറ്റ പദത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ഉള്ളിലൊളിപ്പിച്ച മുത്തിന്റെ തിളക്കവും മാറ്റുമറിയാന്‍ ആഗ്രഹിക്കുന്നവരെയാണ് ശബാബ് വിരുന്നൂട്ടുന്നത്. അതോടൊപ്പം തന്നെ മാപ്പിള പൈതൃക സംരക്ഷണത്തില്‍ സമുദായം പരാജയപ്പെട്ടെന്ന് ഉറക്കെ വിളിച്ചു പറയാനും, മാപ്പിളത്വത്തിന്റെ മൊഞ്ചിനെ കുറിച്ച് വാതോരാതെ സംസാരിക്കാനും എം.എന്‍ കാരശ്ശേരി എന്ന മാപ്പിളസ്വത്വ വാഹകന് സ്ഥലം അനുവദിച്ച് കൊടുത്ത ശബാബ്‌ നമ്മുടെയൊക്കെ ഹൃദയത്തിലേക്ക് വിരല്‍ചൂണ്ടി ചിലതൊക്കെ നിശബ്ദമായി ചോദിക്കുന്നുണ്ട്.

സംഗീതവും ഹറാമും തമ്മിലുള്ള സ്ഥിരം സംഘട്ടനങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശബ്ദകോലാഹലങ്ങള്‍ക്കും നേര്‍ക്ക് അല്‍പ്പനേരത്തേക്കെങ്കിലും കണ്ണും കാതും നമുക്ക് അടച്ചു വെക്കാം. എന്നിട്ട് സ്വസ്ഥമായി ഒരിടത്ത് പോയിരുന്ന് സത്യാസത്യ സംഘട്ടനത്തെ കുറിച്ചും, മുത്ത് മുഹമ്മദ് മുസ്ത്വഫയോടുള്ള തീവ്രാനുരാഗത്തെ വര്‍ണ്ണിച്ചും മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ രചിച്ച ഉഹ്ദ് പടപ്പാട്ടിനെ അധികരിച്ച് രിസാല വാരികക്ക് (2015 ജനുവരി 7) പറയാനുള്ളതിനെല്ലാം നമുക്ക് ചെവികൊടുക്കാം.

പള്ളിയുടെ അകത്തളത്തില്‍ നിന്നും മുഴങ്ങിക്കേള്‍ക്കുന്നതിനെല്ലാം ചെവി കൊടുക്കുന്നത് മാത്രമല്ല ഇസ്‌ലാം, സൂര്യന് കീഴില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നതിനോടും, വാടിവീണതിനോടും സംവദിക്കുന്നത് കൂടിയാണ് ഇസ്‌ലാം.

Related Articles