Current Date

Search
Close this search box.
Search
Close this search box.

വ്യത്യസ്തതകള്‍ പരസ്പരം മിണ്ടിപറയുമ്പോള്‍

ലോകത്തിന്നോളം പിറവിയെടുത്തിട്ടുള്ള സംസ്‌കാരങ്ങളും, നാഗരികതകളും മാറ്റത്തിന് വിധേയമായിട്ടുണ്ട് എന്നത് ചരിത്രവസ്തുതയാണ്. മനുഷ്യന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഫലമായുണ്ടാകുന്നത്, അഭൗതികം അല്ലെങ്കില്‍ ദൈവികം എന്ന് വിളിക്കാവുന്ന ഇടപെടലുകള്‍ മൂലം ഉണ്ടാവുന്നത് എന്നിങ്ങനെ മാറ്റങ്ങളുടെ പ്രേരകങ്ങളെ തരംതിരിക്കാവുന്നതാണ്. നാഗരികതകളുടെ നിലനില്‍പ്പും, അതിജീവനവും നിര്‍ണയിക്കുന്നത് അവ ഉള്‍വഹിക്കുന്ന സാംസ്‌കാരിക വ്യക്തിത്വം അതിന്റെ ചുറ്റുവട്ടങ്ങളോട് സംവദിക്കുന്ന രീതികള്‍ എത്രത്തോളം കാലിക പ്രസക്തമാണ് എന്നതിനെ ആശ്രയിച്ചാണ്. ഒരു സംസ്‌കാരത്തിന്റെ നാഗരിക തടത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥി സ്വന്തം സാംസ്‌കാരിക തനിമ അപരന് കൈമാറുകയാണോ ചെയ്തത്, അതോ സ്വന്തം സാംസ്‌കാരിക വ്യക്തിത്വം അപരന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോ ചെയ്തത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇരു സംസ്‌കാരങ്ങളുടെയും നിലനില്‍പ്പും, അതിജീവനവും. സാംസ്‌കാരത്തെ നിര്‍ണയിക്കുന്ന ചേരുവകള്‍ അപര സംസ്‌കാരങ്ങളുമായി പങ്കുവെക്കുമ്പോള്‍ ഗുണ-ദോഷ ഫലങ്ങള്‍ക്ക് തുല്യ സാധ്യതയുണ്ട്. ഏറ്റുമുട്ടലുകളോ കൂടിച്ചേരലുകളോ സംഭവിക്കാം. എന്നിരുന്നാലും നാഗരികതകള്‍ തമ്മിലുള്ള ഗുണപരമായ കൊള്ളകൊടുക്കലുകള്‍ തന്നെയാണ് നടക്കേണ്ടത് എന്നതിന് സാമുവല്‍ ഹണ്ടിംഗ്ടണ്‍ അല്ലാതെ മറ്റ് അപവാദങ്ങളൊന്നും തന്നെയില്ല.

ഇസ്‌ലാമും പടിഞ്ഞാറും
ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ബന്ധങ്ങളെ പ്രശ്‌നവത്കരിക്കുന്ന വിഭവങ്ങളുമായാണ് രിസാല വാരിക ഇത്തവണ (ഒക്ടോ 22/2014) വായനക്കാരെ അഭിമുഖീകരിക്കുന്നത്. പടിഞ്ഞാറിന്റെ ഇസ്‌ലാം വിലയിരുത്തലില്‍ ബോധപൂര്‍വ്വമോ, അല്ലാതെയോ സംഭവിച്ച അക്ഷരത്തെറ്റുകള്‍ക്ക് പിന്നിലെ പ്രചോദനങ്ങള്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്നുണ്ട് ചരിത്ര പണ്ഡിതനായ ഹുസൈന്‍ രണ്ടത്താണി. ‘അറേബ്യന്‍ സംസ്‌കാരമാണ് യഥാര്‍ഥമായ നവോത്ഥാനത്തിന് തുടക്കമിട്ടതെന്നും, സ്‌പെയിനാണ് അതിന്റെ കളിത്തൊട്ടിലെന്നും’ പ്രസ്താവിച്ച ബ്രിഫാള്‍ട്ട്, ‘അജ്ഞതയില്‍ നിന്ന് ക്രിസ്തീയ ലോകത്തെ രക്ഷപ്പെടുത്തിയത് അറബ് ശാസ്ത്രവും ചിന്തയുമാണെന്ന്’ പ്രഖ്യാപിച്ച ജോനാഥന്‍ ലയണ്‍സ് തുടങ്ങിയവരുടെ മറുവായനയും രണ്ടത്താണി പരിചയപ്പെടുത്തുന്നുണ്ട്. ചരിത്രബോധത്തില്‍ വിഷം കുത്തിവെച്ച ഓറിയന്റലിസ്റ്റുകളെ പൊളിച്ചു കാട്ടിയ എഡ്വേര്‍ഡ് സെയ്ദും വായനക്കാരന്റെ ബോധ്യങ്ങള്‍ക്ക് ശക്തപകരാനായി കടന്നു വരുന്നുണ്ട്.
പടിഞ്ഞാറും ഇസ്‌ലാമും ; സംസാരിച്ചു തുടങ്ങാം‘ എന്ന തലകെട്ടിന് കീഴില്‍ സ്വാലിഹ് ന്യൂസ്ട്രീറ്റ് എഴുതിയ പുസ്തപരിചയം പ്രസക്തമാണ്. രണ്ട് സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ടു പേര്‍ നടത്തിയ സംഭാഷണങ്ങളാണ് ‘എ കോണ്‍വര്‍സേഷന്‍ വിത്ത് ഴാക് ദെറീദ’ എന്ന പുസ്തകം ഉള്‍വഹിക്കുന്നത്. അള്‍ജീരിയയില്‍ ജനിക്കുകയും ഫ്രഞ്ച് ദാര്‍ശനികനായി അറിയപ്പെടുകയും ചെയ്ത വ്യക്തിത്വമാണ് ദറീദ. മറ്റൊരു അള്‍ജീരിയക്കാരനായ മുസ്തഫ് ശരീഫുമായാണ് അദ്ദേഹം സംസാരിക്കുന്നത്. പാശ്ചാത്യന്‍ സംസ്‌കാരം ഇതര സംസ്‌കാരങ്ങളോട് വെച്ചു പുലര്‍ത്തുന്ന ആധിപത്യ മനോഭാവത്തെ ഉടച്ചു വാര്‍ക്കുന്നതിനെ കുറിച്ചും, അപരനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള സംസാരങ്ങളെ കുറിച്ചും ദറീദ വാചലനാവുന്നുണ്ട്.

ബ്രസീലും അറേബ്യയും
പൗലോ കൊയ്‌ലോ എന്ന ബ്രസീലിയന്‍ എഴുത്തുകാരന്റെ നോവലുകളിലെ അറേബ്യന്‍ പരിസരങ്ങളിലേക്കുള്ള ഒരു യാത്രാ സംഘത്തിലെ അംഗങ്ങളായി മാറുകയാണ് സിദ്ദീഖ് നദ്‌വി ചേരൂര്‍ എഴുതിയ ‘ ആല്‍ക്കമിസ്റ്റിലെ അറബ്-മുസ്‌ലിം മുദ്രകള്‍‘ (ചന്ദ്രിക ആഴ്ചപ്പതിപ്പ് ഒക്ടോ 25/2014) എന്ന ലേഖനത്തിലൂടെ കടന്നു പോകുന്ന ഒരോ വായനക്കാരനും. ലാറ്റിന്‍ അമേരിക്കയിലെ ബ്രസീലിലാണ് പൗലോ കൊയ്‌ലോ ജനിച്ചത്. ഒരു കാത്തലിക് ക്രിസ്ത്യന്‍ മതവിശ്വാസി. മധ്യ പൗരസ്ത്യ ദേശവുമായോ അറബ്-മുസ്‌ലിം പൈതൃകവുമായോ അടുത്ത ബന്ധമൊന്നുമില്ലാത്ത പൗലോ കൊയ്‌ലോയുടെ കൃതികളില്‍ അറേബ്യന്‍ മരുഭൂമി വിശാലമായി പരന്ന്കിടക്കുന്നു, മണല്‍കാറ്റ് വീശിയടിക്കുന്നു. ‘അദ്ദേഹത്തിന്റെ ചിന്തകളിലും, കഥാപാത്രങ്ങളിലും പൗരസ്ത്യദര്‍ശനങ്ങളുടേയും ആത്മജ്ഞാനികളുടെ ചിന്താധാരകളുടെയും ചേതോഹരമായ മിന്നലാട്ടം കാണാം. അറബ്-ഇസ്‌ലാമിക ദര്‍ശനങ്ങളുടെയും പാരമ്പര്യശീലങ്ങളുടെയും ആചാര വിചാരങ്ങളുടേയും നേര്‍ചിത്രങ്ങളുമായി ഇത്ര ഇഴയടുപ്പം കൊയ്‌ലോ എങ്ങനെ നേടിയെടുത്തു’ എന്ന് ലേഖകന്‍ ആശ്ചര്യം കൊള്ളുന്നു.

ശീഇകളും സുന്നികളും
അഭിപ്രായ വൈവിധ്യം വ്യത്യസ്തമായ സംഘടനാ ശരീരം എന്ന നിലയിലേക്ക് രൂപം പ്രാപിച്ചപ്പോള്‍ സംഭവിച്ച ദുരന്തമായിരുന്നു സുന്നി-ശീഈ എന്നീ വിഭാഗങ്ങളുടെ പിറവി. ഇവരില്‍ തന്നെയുള്ള അവാന്തര വിഭാഗങ്ങളുടെ പിറവിയിലേക്ക് നയിച്ചതും മേല്‍ സൂചിപ്പിച്ച കാരണം തന്നെയായിരുന്നു. ‘ശീഈ-സുന്നി ദ്വന്ദവും സമകാലിക മുസ്‌ലിം രാഷ്ട്രീയവും‘ എന്ന തലകെട്ടിന് കീഴില്‍ പരസ്പരം മിണ്ടി പറഞ്ഞ് ഒരുമിച്ചിരിക്കേണ്ട അനിവാര്യതയെ കുറിച്ച് ആര്‍. യൂസുഫ് ( പ്രബോധനം വാരിക ഒക്ടോ 31/ 2014) ഉറക്കെ സംസാരിക്കുന്നുണ്ട്. സുന്നികള്‍ക്കും ശീഇകള്‍ക്കും ഇടയിലുള്ള കണ്ടുകൂടായ്മയെ ഏറ്റുപിടിക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും, മാനസികാവസ്ഥയെയും നിലപാടുകളെയും പ്രശ്‌നവത്കരിക്കുകയാണ് ലേഖകന്‍. അപവാദങ്ങളെ പൊതുവത്കരിക്കുന്നതിലെ അപകടങ്ങളെ കുറിച്ചും, പരസ്പരം കാഫിറാക്കുന്നതിലെ പ്രമാണ ഭദ്രതയില്ലായ്മയെ പറ്റിയും ലേഖനം മര്‍മ്മ പ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളെ അഭിപ്രായ വൈവിധ്യങ്ങളായി തിരുത്തി വായിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ നമുക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ സാധിക്കുകയുള്ളു.

Related Articles