Current Date

Search
Close this search box.
Search
Close this search box.

വിളവ് തിന്നുന്ന വേലികള്‍

രക്ഷിതാവ് എന്ന പദം രക്ഷകന്‍, മാതാവ്, പിതാവ് എന്നീ കര്‍ത്തൃത്വങ്ങളുടെ ധാര്‍മിക ബാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കുടുംബമെന്ന സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തിനകത്ത് മേല്‍ പറയപ്പെട്ട നാമരൂപങ്ങളിലാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. കുടുംബത്തിന് പുറത്ത് ആ ധര്‍മം നിര്‍വഹിക്കുന്നത് വ്യത്യസ്തങ്ങളായ സാമൂഹിക സ്ഥാപനങ്ങളാണ്. അവ ചിലപ്പോള്‍ ഭരണകൂടം നേരിട്ട് നേതൃത്വം കൊടുക്കുന്നതായിരിക്കാം, അല്ലെങ്കില്‍ സൗകാര്യസ്ഥാപനങ്ങള്‍ നടത്തുന്നതായിരിക്കാം. പോലിസ് മുതല്‍ എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വാച്ച്മാന്‍ വരെ രക്ഷിതാവ് എന്ന പദം കൊണ്ടര്‍ത്ഥമാക്കുന്ന വിവിധങ്ങളായ സാമൂഹിക ധാര്‍മിക ബാധ്യതകള്‍ നിര്‍വഹിക്കുന്നു. ക്രമം തെറ്റിക്കുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അക്രമം മൂല്യനിരാസമാണെന്നതില്‍ രണ്ടഭിപ്രായമില്ല. അക്രമത്തിന് ഹേതുവാകുന്ന കാര്യ കാരണങ്ങളെ സാധ്യമാകും വിധം തടയുന്നതിനാണ് നിയമ നിര്‍മാതാക്കളും, നിയമങ്ങളും, നിയമപാലകരും. ഇവര്‍ അക്രമികളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണമേകുന്നു. ക്രമരാഹിത്യങ്ങളില്‍ നിന്നും പൊതുജന ശ്രദ്ധ തെറ്റാതെ നോക്കുവാന്‍ മാധ്യമങ്ങള്‍ സജീവമാണ്. പക്ഷെ വിളവ് തിന്നുന്ന വേലികള്‍ക്കും, കള്ളന് കഞ്ഞി വെച്ചു കൊടുക്കുന്നവര്‍ക്കും ഇക്കാലത്ത് വംശവര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്ന സൈനികര്‍
സൈനികരുടെ ആത്മഹത്യ അതിശയിപ്പിക്കുന്നതാണ്. കാരണം അവരെ കുറിച്ച് നാം സങ്കല്‍പ്പിച്ച് കൂട്ടിയിരിക്കുന്ന കാര്യങ്ങള്‍ വിരുദ്ധമാണ് അവരുടെ ആത്മഹത്യകള്‍. ഭീരുത്വം, ദുര്‍ബലമനസ്സ് തുടങ്ങിയവ മനുഷ്യസഹജമാണെങ്കിലും അവയൊന്നും പട്ടാളക്കാര്‍ക്ക് ബാധിക്കുകയില്ല, ബാധിക്കരുത് എന്നിങ്ങനെയുള്ള നിഷ്‌കര്‍ഷതകള്‍ വെച്ചുപുലര്‍ത്തുവരാണ് പൊതുജനങ്ങള്‍. പ്രത്യേകിച്ച് നിരന്തരം യുദ്ധ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ കാര്യത്തില്‍. അതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നമുക്കിത്ര ആശ്ചര്യം. ഇനി ആത്മഹത്യ ചെയ്യുന്നത് ഇസ്രായേല്‍ എന്ന അധിനിവേശ രാജ്യത്തിലെ സൈനികരാണെങ്കിലോ. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും മനുഷ്യ മനസ്സിന്റെ രഹസ്യങ്ങളെ കുറിച്ചറിയുന്നവര്‍ക്ക് അത് സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. ‘കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് ഇസ്രയേല്‍ പ്രതിരോധ സേനയിലെ 237ല്‍ പരം സൈനികരാണ് ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആത്മഹത്യ ചെയ്തവര്‍ അധികവും ഫലസ്തീന്‍ അധിനിവേശത്തിലും അക്രമ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിട്ടുള്ളവരാണ്. അതായത് ഓരോ വര്‍ഷവും 24 സൈനികര്‍ വീതം ആത്മഹത്യ ചെയ്യുന്നു'(പി.ഇസെഡ് അബ്ദുറഹീം ഉമരി/ പ്രബോധനം വാരിക നവം-21) . വിചിത്രമായ സംഗതി ഇങ്ങനെ ആത്മഹത്യ ചെയ്യുന്ന സൈനികരുടെ കുടുംബങ്ങള്‍ അവരുടെ മക്കള്‍ ആത്മഹത്യ ചെയതാണെന്ന വിവരം പുറത്ത് പറയാറില്ല എന്നതാണ്. വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം മിക്ക ആത്മഹത്യകളും സ്വാഭാവിക മരണങ്ങളായി രേഖപ്പെടുത്താറാണ് പതിവ്. ജനങ്ങളുടെ സംരക്ഷരായി വര്‍ത്തിക്കേണ്ട സൈനികര്‍ ഒരു കൂട്ടം ആളുകളുടെ ഹിംസാത്മകമായ പ്രത്യയശാസ്ത്രത്തിന് വേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍, തടയുവാന്‍ നിയമങ്ങള്‍ അശക്തമാവുന്ന ഇടങ്ങളില്‍ മനുഷ്യമനസ്സ് ആ കര്‍മ്മം ഏറ്റെടുത്ത് നിര്‍വഹിക്കുന്നു എന്ന് മാത്രം.

തെരുവില്‍ അലയുന്ന മാതാക്കള്‍
ഇന്ത്യയില്‍ എണ്‍പത് കഴിഞ്ഞ വയോജനങ്ങളില്‍ മഹാ ഭൂരിപക്ഷവും സ്ത്രീകളാണ്. എന്നുവെച്ചാല്‍ മാതാക്കള്‍. 2007 ല്‍ നമ്മുടെ രാജ്യം വയോജന സംരക്ഷണ നിയമം പാസാക്കുകയുണ്ടായി. ഒറ്റക്ക് കഴിയുന്ന മാതാക്കള്‍ അക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ സാധാരണയായി കൊണ്ടിരിക്കുന്നു എന്ന വസ്തുതയോട് കൂട്ടിവായിക്കുമ്പോഴാണ് അത്തരമൊരു നിയമത്തിന്റെ അനിവാര്യതയെ ചോദ്യം ചെയ്യുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുക. കുടുംബം എന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയെ കുറിച്ചുള്ള ഉണര്‍ത്തുപ്പാട്ടുകള്‍ ഒരു ക്ലീഷെ ആയി മാറിയിട്ടുണ്ട്. വയോജന സംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ട്. സര്‍ക്കാര്‍ ബസ്സുകളില്‍ പ്രത്യേക സീറ്റ് അനുവദിക്കുക, റെയില്‍വേസ്റ്റേഷനില്‍ അവര്‍ക്ക് വേണ്ടി മാത്രമുള്ള ക്യൂ, ടിക്കറ്റ് നിരക്കുകളില്‍ ഇളവ്, വാര്‍ദ്ധക്യ പെന്‍ഷന്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുകയുള്ളു. വൈകാരികതലങ്ങിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാറിന് പരിമിതികളുണ്ട്. സ്വത്ത് മുഴുവന്‍ മക്കളുടെ പേരില്‍ എഴുതിവെക്കരുതെന്നാണ് മാതാപിതാക്കളോടുള്ള സാമൂഹ്യനിരീക്ഷകരുടെ ഉണര്‍ത്തല്‍. കാരണം വയസ്സുകാലത്ത് പൊന്നുപോലെ നോക്കുമെന്ന് പ്രതീക്ഷിച്ച് സ്വത്തെല്ലാം മക്കളുടെ പേരില്‍ എഴുതിവെച്ച് മാതാപിതാക്കള്‍ അവസാനം അവരുടെ കൈക്കൊണ്ട് തന്നെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട വയോജനങ്ങള്‍ നിരവധിയാണ്. നിയമങ്ങള്‍ എത്രതന്നെ സംരക്ഷണം വാഗ്ദാനം ചെയ്താലും സ്വന്തം മക്കളുടെ സ്‌നേഹസമൃദമായ സാന്നിദ്യമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. വിഷയ സംബന്ധമായ കൂടുതല്‍ ആലോചനകളും പരിഹാരങ്ങളുമായി ശബാബ് വാരികയില്‍ (നവം 14/2014) സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ എഴുതുന്നു.

നിലനില്‍പ്പിന് വേണ്ടി നില്‍ക്കുന്നവര്‍
സാക്ഷര കേരളം ഒരുപിടി വൈവിധ്യമാര്‍ന്ന സമരരീതികള്‍ സാംസ്‌കാരിക ലോകത്തിന് സമര്‍പ്പിക്കുന്നതിന് നാം സാക്ഷിയാവുകയുണ്ടായി. വിശേഷിച്ച് ചുംബന സമരം. കേരളീയ സമൂഹം അക്ഷരം കൂട്ടിയെഴുതാന്‍ മാത്രമാണ് പഠിച്ചതെന്നും, അശ്ലീലതകള്‍ക്ക് സമരരൂപം നല്‍കി സാംസ്‌കാരിക അന്തരീക്ഷം അവര്‍ മലിനപ്പെടുത്തി എന്നു തുടങ്ങിയ വിമര്‍ശനങ്ങളും, വിമര്‍ശനങ്ങളോടുള്ള അമര്‍ഷങ്ങളും ഉയര്‍ന്നു വരികയുണ്ടായി. വിപ്ലവയുവത്വം മറൈന്‍ ഡ്രൈവില്‍ ചുംബിച്ച് ആര്‍മാദിക്കാന്‍ എത്തിയ സമയത്ത് തലസ്ഥാനത്ത് ചിലര്‍ നില്‍ക്കുന്നുണ്ടായിരുന്നു. നിലനില്‍പ്പിന് വേണ്ടി നില്‍ക്കുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിച്ചു പൊളിക്കാന്‍ ആയുധം മൂര്‍ച്ഛ കൂട്ടി ആരും എത്തിയില്ല, ചുംബനാനന്ദം കിട്ടാന്‍ വഴിയില്ലാത്തതു കൊണ്ടും, മണ്ണിനോട് മല്ലിടുന്നവന്റെ വിയര്‍പ്പ് മണക്കുന്നത് കൊണ്ടും മറൈന്‍ ഡ്രൈവില്‍ എത്തിയ വിപ്ലവ കൂട്ടത്തെ ആദിവാസികളുടെ സമരത്തിന്റെ ഏഴലയത്ത് പോലും കാണാന്‍ കിട്ടിയില്ല. നില്‍നില്‍പ്പിന് വേണ്ടി മണ്ണില്‍ വേരുകളാഴ്ത്തി നില്‍ക്കുന്ന അവര്‍ക്ക് വേണ്ടി തേജസ് ദൈ്വവാരികയില്‍ (നവം 16-30) എ.എം നജീബ് എഴുതുന്നു.

Related Articles