Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം എഴുത്തിന്റെ വായനാവാരം

കേരള മുസ്‌ലിം ഇന്ന് ഒരു നല്ല വായക്കാരന്‍ മാത്രമല്ല, മലയാള വായനാ മാര്‍ക്കറ്റിലെ ചൂടുള്ള വിഭവം കൂടിയാണ്. സമുദായത്തിന്റെ ഉള്ളില്‍ നിന്ന് പുറത്തിറങ്ങുന്ന അഞ്ച് പത്രങ്ങളിലും (ആറാമത്തേതായി പുറത്തിറങ്ങുന്ന സമസ്തയുടെ ‘സുപ്രഭാതം’ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു) ഒരു ഡസനിലേറെ ആനുകാലികങ്ങളിലും പല രീതിയിലും മോഡലിലും ഇസ്‌ലാമും മുസ്‌ലിമും നിറഞ്ഞ് നില്‍ക്കുന്നു. എല്ലാറ്റിനും അതിന്‍െതായ വായനക്കാരും എഴുത്തുകാരുമുണ്ട്. ചിലതെല്ലാം സമുദായ അതിര്‍ത്തി ഭേദിച്ച് വായിക്കപ്പെടുന്നുമുണ്ട്. മുസ്‌ലിം വികാരങ്ങളുടെ സ്പന്ദമാപിനികള്‍ അറിയാനുള്ള സ്‌റ്റെതസ്‌കോപായി രാഷ്ട്രീയ ഭിഷഗ്വരമാരും സാംസ്‌കാരിക വിശാരദന്‍മാരും അവയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. സമുദായത്തിനുള്ളിലെ സംഘടനാ മത്സരം മൂലം ഒരു സംഘടനയുടെ നിലപാടു-വിമര്‍ശനങ്ങള്‍ അറിയാന്‍ മറ്റ് സംഘടനക്കാരും ആ പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്. ചുരുക്കിപറഞ്ഞാല്‍ എണ്ണമെത്രയുണ്ടെങ്കിലും അവയെല്ലാം ഏറ്റവ്യത്യാസങ്ങളോടെ വായിച്ചു വിറ്റു-പോകുന്നുണ്ടെന്ന് സാരം.
അതിനിടക്കാണ് ഈ മുസ്‌ലിം വായനയുടെ മാര്‍ക്കറ്റിംഗ സാധ്യത മതേതര  മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ തിരിച്ചറിയുന്നത്. ഏറ്റവും കൂടുതല്‍ ആനുകാലികങ്ങള്‍ വായിക്കുന്ന മലായാളി സമൂഹമായി മുസ്‌ലിമിനെ കണ്ടെത്തിയ അവര്‍ മിക്ക ലക്കവും ഒരു ഇസ്‌ലാം മുസ്‌ലിം വിഷയം തേടിപ്പിടിച്ച് ഈ വായനാ സമൂഹത്തെ ചൂണ്ടയിടാന്‍ തുടങ്ങി. ചിലപ്പോള്‍ പ്രകോപിച്ചും മറ്റ് ചിലപ്പോള്‍ പ്രലോഭിപ്പിച്ചും ഈ മുസ്‌ലിം വായനാ ഇന്ധനത്തെ അവര്‍ ജ്വലിപ്പിച്ചു നിര്‍ത്തി.
മുസ്‌ലിം സമുദായത്തിനുള്ളിലെ ചെറിയ ന്യൂനപക്ഷത്തിന് മാത്രം മനസ്സിലാവുന്ന സംഘടനാ പിളര്‍പ്പുകളുടെ ആഭ്യന്തര വര്‍ത്തമാനങ്ങള്‍ പോലും മതേതര പ്രസിദ്ധീകരണങ്ങളുടെ കവര്‍‌സ്റ്റോറിയാകുന്നത് അങ്ങനെയാണ്. പോയമാസം മാതൃഭൂമി വാരികയില്‍ പി. ഗോവിന്ദപിള്ള അനുസ്മരണ ലേഖനങ്ങള്‍ക്കിടയിലെ അഭിമുഖത്തിന്റെ പേരില്‍ നടന്ന ചര്‍ച്ച ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. താനിഷ്ടപ്പെടുന്ന മതം ഇസ്‌ലാമാണെന്നും വേദഗ്രന്ഥം ഖുര്‍ആനാണെന്നും നീണ്ട അഭിമുഖത്തിനിടയില്‍ പി.ജി. പറഞ്ഞ നാലു വരി പരാമര്‍ശം കവറാക്കിയാണ് മാതൃഭൂമി അതിന്റെ വിപണി മുതലെടുത്തത്. ‘പിളര്‍ന്ന് തീരുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദമാക്കുന്ന പുതിയ മലയാളം വാരികയുടെ കവര്‍ സ്റ്റോറിയിലും ‘അബ്ദുറഹ്മാന്‍ സാഹിബിന്റെ ശരീരഭാഷയാണ് കേരള മുസ്‌ലിമിന് വേണ്ടതെന്ന’ ഒ. അബ്ദുല്ലയുടെ ലേഖനം വെണ്ടയ്ക്ക അക്ഷരത്തില്‍ കവറില്‍ എഴുതിപ്പിടിപ്പിച്ച് പുറത്തിറക്കിയ പച്ചക്കുതിരയും ഈ വിഷയത്തിലെ മാതൃഭൂമിയുടെ സഹയാത്രികരാണ്.
ഏതായാലും ഇസ്‌ലാം/മുസ്‌ലിം വിഷയങ്ങളിലെ പോയവാരം വിശകലനം ചെയ്യണമെങ്കില്‍ മുഴുവന്‍ മത-മതേതര പ്രസിദ്ധീകരണങ്ങള്‍ വായിക്കണമെന്നര്‍ഥം. അത് സാധ്യമല്ലെങ്കിലും മുസ്‌ലിം/ഇസ്‌ലാം വിഷയത്തിലെ ഒരാഴ്ചത്തെ ശ്രദ്ധേയമായ മലയാള വായനയെ അടയാളപ്പെടുത്തമെന്നാണ് ‘വായനാവാരം’ ഉദ്ദേശിക്കുന്നത്. വായിച്ചവസാനിപ്പിക്കാതെ ഇടപെട്ട് അഭിപ്രായം രേഖപ്പെടുത്തണമെന്ന അഭ്യര്‍ഥനയോടെ സര്‍വര്‍ക്കും വായനാവാരത്തിലേക്ക് സുസ്വാഗതം.

Related Articles