Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ക്ക് നിരക്ഷരരാവാന്‍ കഴിയുന്നതെങ്ങിനെ?

മലയാള സാഹിത്യം, മലയാള വായനകള്‍, ആനുകാലികങ്ങള്‍, സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങള്‍, രാഷ്ട്രീയ വേദികള്‍ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളില്‍ മുസ്‌ലിംകള്‍ എങ്ങിനെ വായിക്കപ്പെടുന്നു, എങ്ങിനെ ആവിഷ്‌കരിക്കപ്പെടുന്നു, ആവിഷ്‌കരിക്കപ്പെടുന്നതിലെ കാപട്യങ്ങള്‍ എന്തെല്ലാം മുതലായവയാണ് ഡിസംബര്‍ ആദ്യ പാതിയിലെ സത്യധാര-തേജസ് ദൈ്വവാരികള്‍ ചര്‍ച്ച ചെയ്യുന്നത്.

തേജസ് ദ്വൈവാരികയുടെ  കവര്‍ സ്റ്റോറിയിലൂടെ മുസ്‌ലിം വായനയുടെ എഴുതാപ്പുറങ്ങള്‍ വായിക്കുകയാണ് പ്രൊഫ. ജമീല്‍ അഹ്മദ്. മുസ്‌ലിംകള്‍ സാക്ഷരാവാതിരിക്കാനാവില്ല. വായിക്കുക എന്ന ആഹ്വാനമാണ് ഖുര്‍ആനിന്റെ പ്രഥമവാക്യം. ഖുര്‍ആന്‍ ഓതുക എന്നത് മതപരമായ നിര്‍ബന്ധ ബാധ്യതയായതു കൊണ്ട്  സാക്ഷരത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വരുന്ന ഘടകമാണ്. വായന എന്നതിന്റെ രണ്ട് അടരുകളാണ് ലേഖകന്‍ പരിശോധിക്കുന്നത്. മുസ്‌ലിം എഴുത്ത് ആരു വായിക്കുന്നു, ആ എഴുത്ത് ആരെ വായിക്കുന്നു എന്നതാണ് ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നത്.

കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിന് മുമ്പ് തന്നെ അറബിയിലൂടെയോ അറബി-മലയാളത്തിലൂടെയോ മുസ്‌ലിംകള്‍ സമ്പൂര്‍ണ സാക്ഷരത കൈവരിച്ചിരുന്നു എന്നതാണ് ആമുഖ നിരീക്ഷണം. പൊതു ഭാഷയില്‍ രചിക്കപ്പെട്ട കൃതികളെക്കാള്‍ കനപ്പെട്ട കൃതികള്‍ അറബി-മലയാത്തിലുണ്ടായിരുന്നുവെന്നതും മുസ്‌ലിംകള്‍ സാംസ്‌കാരികമായി അധസ്ഥിതരായിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു. അവിടുന്ന് മാറി മക്തി തങ്ങളുടെ വരവോടെ ശുദ്ധമലയാളത്തിലെ രചനകളിലേക്ക് വന്നപ്പോള്‍ അച്ചടിമലയാളം എങ്ങനെയാണ് മുസ്‌ലികളെയും തിരിച്ചും വായിച്ചതെന്ന അന്വേഷമാണ് ജമീല്‍ തന്റെ ലേഖനത്തിലൂടെ നടത്തുന്നത്.

ഒപ്പം മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്ക് മുസ്‌ലിംവിഷയവും ഇസ്‌ലാമിക പ്രശ്‌നങ്ങളും സവിശേഷമായി പ്രധാന്യം ലഭിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നു. മുസ്‌ലിം പെണ്ണിനെ കുറിച്ചുള്ള ആകുലതകളും ഭീകരവാദത്തെ കുറിച്ചുള്ള ഭയപ്പാടുകളും വേണ്ടുവോളം നിറക്കാന്‍ ഇതിലൂടെ ശ്രമം നടത്താറുണ്ട്. കാന്തപുരവുമായി ബന്ധപ്പെട്ട വരുന്ന ഹാസ്യ ലേ ഔട്ടും ജമാഅത്തെ ഇസ്‌ലാമി-എസ്.ഡി.പി.ഐ എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന ഗൗരവ ലേ ഔട്ടും മുജാഹിദ് വിഷയത്തില്‍ പൊതുവായി സ്വീകരിക്കുന്ന മതേതരമൗനവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ എണ്ണത്തില്‍ പരമന്യൂനപക്ഷമായിട്ടു കൂടി മതേതര ഭയലേഖനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി മുഖ്യപങ്ക് നേടിയതിന്റെയും മതേതരവായനയുടെ കവര്‍ ചിത്രമായി കാന്തപുരം ഉസ്താദ് വരുന്നതിന് പിന്നിലെ കാരണങ്ങളും അത് സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ഉദാഹരിച്ച് പരിഹാസത്തിനും പഴിക്കും ഇടയിലായിരുന്നു മുഖ്യധാരാ മാധ്യമങ്ങളില്‍ എന്നും ഇസ്‌ലാമിക വായനയെന്ന് ലേഖകന്‍ സമര്‍ഥിക്കുന്നു.

മലയാളിയുടെ മതേതര നാട്യങ്ങളാണ് സത്യധാരയുടെ കവര്‍ സ്റ്റോറി. മലപ്പുറത്തെ മാപ്പിളയുടെ വോട്ടു വാങ്ങി അധികാരത്തിലേറിയവര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഒരു മലപ്പുറത്തുകാരനെ നിയമിക്കുമ്പോള്‍ അത് വര്‍ഗീയതയായും മലയോര ക്രൈസ്തവരുടെ വോട്ടു വാങ്ങി മന്ത്രിയായവര്‍ പ്രൈവറ്റ് സെക്രട്ടറിയായി ഒരു കൃസ്ത്യാനിയെ നിയമിക്കുമ്പോള്‍ അത് സമുദായ സ്‌നേഹമായും ഉണ്ടചോറിനുള്ള നന്ദിയായും വ്യാഖ്യാനിക്കപ്പെടുന്നു. അമൃതാനന്ദമയീ മഠത്തിനും പാലാ രൂപതക്കും പത്തും പതിനഞ്ചും സ്‌കൂള്‍ അനുവദിക്കുമ്പോള്‍ മലപ്പുറത്തെ ഒരു സ്‌കൂളിന് അനുമതി നല്‍കിയാല്‍ അത് പത്രങ്ങളിലെ വെണ്ടക്കയും ചാനലിലെ ബ്രേക്കിങ് ന്യൂസുകളുമാവുന്നു. ഇതാണോ മതേതരത്വമെന്ന് സത്യധാര ചോദിക്കുന്നു.

മതേതര നാട്യങ്ങളുടെ ആകാശവും ഭൂമിയും എന്ന ലേഖനത്തില്‍ അഡ്വ. പി.എ. പൗരന്റെ ലേഖനത്തിന്‍രെ റൈറ്റപ്പ് ഇതാണ്. ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവരെ അനേകം ഏറ്റുമുട്ടല്‍ കൊലകളിലൂടെ കാലപുരിക്കയച്ച മോഡിയും ഇഷ്ട തോഴന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പുതിയ ദൗത്യവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. അനേകം വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഇവരുടെ പങ്കിനെ സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഏറെ ലഭിച്ചിട്ടും ഈ കാപാലികരെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ നമ്മുടെ സെക്യുലര്‍ ഭരണകൂടത്തിന് കഴിയാതെ പോയിരിക്കുന്നു. നീതിന്യായ വ്യവസ്ഥ തുടര്‍ച്ചയായി പരാചയപ്പെടുന്നു. അതേ സമയം തീവ്രവാദത്തിന്റെ പേരില്‍ ഇരുമ്പഴിക്കുള്ളിലായ മഅ്ദനിയുടെ കാര്യത്തില്‍ കോടതിയും ഭരണകൂടവും നമ്മുടെ സെക്യുലര്‍ ബുദ്ധിജീവികളും പാലിക്കുന്ന മൗനത്തിന് എന്ത് ന്യായീകരണമാണുള്ളത്.?

ഈ പ്രതിഭാസം മലയാളസാഹിത്യമേഖലയെയും സ്വാധീനിച്ചിട്ടുണ്ടെന്ന് മറ്റൊരു ലേഖനത്തിലൂടെ വിലയിരുത്തുകയാണ് ‘നമ്മുടെ പൊതുബോധങ്ങള്‍ സവര്‍ണമാവുന്നതെന്ത് കൊണ്ട’് എന്ന ലേഖനത്തില്‍. ‘മുഖ്യധാരയിലെത്തുമ്പോള്‍ മതേതരത്വത്തിനെന്ത് പ്രസക്തി’ എന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവും ഉണ്ട്. ഇടതു പക്ഷത്തിന്റെ സ്ഥായിയായ മനോഭാവം ഇസ്‌ലാം വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള തുരുപ്പചീട്ടുകള്‍ മാത്രമാണ് മുസ്‌ലിം പ്രേമമെന്നുമാണ് ലേഖകന്റെ വിലയിരുത്തല്‍. കൂടെ ‘ബഹുസ്വര സമൂഹത്തിലെ സമാധാന ജീവിതം’ എന്ന വഹീദുദ്ദീന്‍ ഖാന്റെ ലേഖനവും സത്യധാരയിലുണ്ട്.

മുസ്‌ലിം പിന്നോക്കാവസ്ഥയുടെ സാക്ഷ്യങ്ങള്‍ സച്ചാറിനു ശേഷവും എന്ന അന്വേഷണവും ഈ ലക്കം തേജസ് ദൈ്വവാരിക ഉള്‍പ്പെടുത്തിയിരിക്കുന്നു. ദാരിദ്ര്യം, സാമ്പത്തിക സ്ഥിതി, സാക്ഷരത, ആരോഗ്യം, തൊഴില്‍, സര്‍ക്കാര്‍ മേഖലകളിലെ പ്രാധിനിത്യം തുടങ്ങി വിവിധങ്ങളായ തലക്കെട്ടുകളില്‍ അത് പ്രശനങ്ങള്‍ വിശകലനം നടത്തുന്നു.

Related Articles