Current Date

Search
Close this search box.
Search
Close this search box.

മാര്‍ക്‌സിസവും മുസ്‌ലിം മുഹബ്ബത്തും

ഇടതു പക്ഷത്തിന്റെ ന്യൂനപക്ഷസമൂഹങ്ങളോടും മലബാറിലെ മുസ്‌ലിംകളോടുമെല്ലാമുള്ള മുഹബ്ബത്ത് അണപൊട്ടിയൊഴുകുകയായിരുന്നുവല്ലോ കഴിഞ്ഞ വാരം. കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്ര പാരമ്പര്യത്തെ പറ്റിയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്കിനെ അനുസ്മരിക്കുന്നതോടൊപ്പം ഇടതുപക്ഷത്തിന് വിശാലമായ ന്യൂനപക്ഷ കാഴ്ചപ്പാടുകളുമെല്ലാം വിശദീകരിക്കുന്ന പിണറായി വിജയന്റെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ദേശാഭിമാനി ദിനപത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചു. മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും എന്ന തലക്കെട്ടിലായിരുന്നു ലേഖനം.

ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നും ആര്‍.എസ്.എസിന് ബദലാണെന്നു പറഞ്ഞതോടൊപ്പം ജമാഅത്ത് മുന്‍കൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍പാര്‍ട്ടി ജമാഅത്തിന്‍രെ മുഖം മൂടിയാണെന്നും കൂടി സെക്രട്ടറി വ്യക്തമാക്കി. തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ് എസ്.ഡി.പി.ഐയും കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തില്‍ ജമഅത്തെ ഇസ്‌ലാമി പ്രിയങ്കരമായിത്തീരുന്നതിന്റെയും അപ്രിയമായിത്തീരന്നതിന്റെയും രാഷ്ട്രീയം ഇന്ന് ഏറെക്കുറെ പാട്ടാണ്. ഇടതു പക്ഷവും മുസ്‌ലിം ലീഗും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തില്‍ ഒരേ ധാരയിലാണെന്നത് യാഥാര്‍ഥ്യം. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇടതു പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം.

‘ചരിത്രപരമായ മണ്ടത്തം ആവര്‍ത്തിക്കാന്‍’ സി.പി.എം എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ എ.ആര്‍. പിണറായിയോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്. (8.10.13) പ്രസ്ഥാവനയുടെ രാഷ്ടീയ അനിവാര്യതയും പശ്ചാത്തവലവും എ.ആര്‍ വിശകലനം ചെയ്യുന്നു. സാമ്രാജ്യത്തോടുള്ള നിലപാടുകളിലും മനോഭാവങ്ങളിലും ഇടതു പക്ഷത്തിന്റെ മുന്‍കാല ആര്‍ജ്ജവം നഷ്ടമായതും പശ്ചിമബംഗാളിലെ പതനവുമെല്ലാം മുന്നില്‍ കാണുമ്പോള്‍ എങ്ങിനെയെങ്കിലും കുറച്ച് വോട്ട് സമാഹരിക്കാനും ശത്രുവിന്റെ ശത്രു വല്ലവരുമുണ്ടങ്കില്‍ കൂടെ കൂട്ടുവാനുമായിരുന്നു പിണറായിയുടെ പ്ര്‌സ്താവന. ചരിത്രപരമായ മണ്ടത്തം ആവര്‍ത്തിക്കാനാണ് പുറപ്പാടെങ്കില്‍ ലോക്‌സഭ ഇലക്ഷനുശേഷം നേരില്‍ കാണാം, ലാല്‍ സലാം! എന്നും പറഞ്ഞാണ് എ.ആര്‍. ലേഖനം അവസാനിപ്പിക്കുന്നത്.

ഇനി ലീഗ് മുഖപത്രത്തിലേക്ക് വന്നാല്‍ ഇടതുപക്ഷത്തിന്റെ മുസ്‌ലിം പ്രേമത്തെ കൈകാര്യം ചെയ്യാന്‍ കെ.എന്‍.എ ഖാദറിന്റെ ലേഖനമാണുള്ളത്.(9.10.13) ലേഖനം മുന്നോട്ട് പോവുന്നത് കമ്മ്യൂണിസത്തിന്റെ താത്വിക തലം വിശദീകരിച്ചു കൊണ്ടാണ്. നാസ്തികത്വത്തിലധിഷ്ടിതമായ കമ്മ്യൂണിസം മുസ്‌ലിംകള്‍ വര്‍ജ്ജ്യമാവുന്നതെങ്ങിനെയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഭൗതികവാദ തത്വശാസ്ത്രമാണ് അതെന്നും അത് വ്യക്തമായ ഇസ്‌ലാമിക വിരുദ്ധതയാണെന്നും പറയുന്ന ലേഖകന്‍ മറുപക്ഷത്ത് പ്രതിഷ്ട്രിക്കുന്ന ഇസ്‌ലാമിനെയാണ്. നല്ല ലേഖനം നല്ല വിലയിരുത്തലുകള്‍. അതേ സമയം മുസ്‌ലിം ലീഗ് പ്രമോട്ട് ചെയ്യുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയുടെ അവസ്ഥയും അതു തന്നെയല്ലേ. രണ്ടും പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമല്ല, ഭൗതികതയാണ്. എങ്കില്‍ വിശ്വാസത്തിന്റെ അവിശ്വസത്തിന്റെയും സംഘര്‍ഷം എങ്ങിനെ ഒരു പാര്‍ട്ടിയില്‍ മാത്രമുണ്ടാവും എന്നും ചോദിക്കാവുന്നതാണ്. താത്വികമായി കമ്മ്യൂണിസത്തെ അനിസ്‌ലാമികമാക്കാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ കോണ്ഗ്രസിനും ബാധകമാവണം.

ജമാഅത്തുമായി ബന്ധപ്പെട്ട വിശകലനം നടത്തുന്നത് വളരെ ക്രിയാത്മകമായിട്ടാണ്. തങ്ങള്‍ക്ക് അനുകൂലമലല്ലെന്ന് തോന്നുന്ന ഘട്ടത്തില്‍ ഇതേ പ്രസ്താവനകള്‍ നടത്തുന്ന മുസ്‌ലിം സംസ്ഥാന നേതാവ് കെ.എന്‍.എ ഖാദര്‍ അല്പം കാര്യഗൗരവത്തോടെ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ സംവിധാനങ്ങളെകുറിച്ചും അവയുടെ പൊതു സമൂഹത്തിലെ ഇംപാക്ടിനെ കുറിച്ചും സംഘടനാ സംവിധാനത്തെ കുറിച്ചും വിവരിക്കുന്നു. ഇടതു പക്ഷത്തിന്റെതിനോട് കിടപിടിക്കുന്നതോ അതിനേക്കാള്‍ മികച്ചതോ ആയ സംഘടനാ സെറ്റപ്പുള്ള ജമാഅത്തെ ഇസ്‌ലാമിയെ തൊണ്ടു തൊടാതെ വിഴുങ്ങാന്‍ സി.പി.എമ്മിനാവില്ല എന്നാണ് കെ.എന്‍.എ ഖാദറിന്റെ വിലയിരുത്തല്‍. ഇത്തരമൊരു പ്രസ്ഥാനത്തിന്‍രെ മുന്‍കൈയ്യില്‍ രൂപം കൊണ്ട രാഷ്ട്രീയപാര്‍ട്ടിയെന്ന നിലക്ക് അല്‍പം ബേജാറ് വെല്‍ഫെയര്‍ പാര്‍ട്ടിയെ സംബന്ധിച്ചും പിണറായിക്കും ഇടതു പക്ഷത്തിനും ഉണ്ടാവുമെന്നും ലേഖകന്‍ സൂചന തരുന്നുണ്ട്. മുസ്‌ലിം ലീഗിനെക്കാളും കോണ്‍ഗ്രസിനേക്കാളും സംഘടനാ ബലവും സംവിധാനങ്ങളും നിലനില്‍ക്കുന്ന സി.പി.എമ്മിനെ ജമാഅത്തിനോ തുലനം ചെയ്യുമ്പോള്‍ ജമാഅത്തിന്‍രെ താഴെയാണ് ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്. ഇതെല്ലാം വായിക്കുമ്പോള്‍ പിണറായി നെക്കിയും കെ.എന്‍.എ. ഖാദര്‍ നക്കിയും ജമാഅത്തിനെ കൊല്ലുകയാണോ എന്നതാണ് ഫേസ്ബുക്കര്‍മാരുടെ ചോദ്യങ്ങള്‍.

ഹജ്ജിന്റെ രചനാവിഷ്‌കാരം

‘അയാളിപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. ആളുകള്‍ ഓര്‍ക്കുന്നതും ഓര്‍ക്കാത്തതുമായ കടങ്ങള്‍ കൊടുത്തു തീര്‍ത്തിരിക്കുന്നു. പഴി കേള്‍ക്കേണ്ടി വന്നവരെ തേടിപ്പിടിച്ച് കെടുവാക്കുകള്‍ക്ക് മാപ്പ് ചോദിച്ചിരിക്കുന്നു. ദുന്‍യാവിലെ ബാധ്യതകളില്‍ നിന്നെല്ലാം വിമുക്തനായിരിക്കുന്നു. മനസ്സ് സ്വാതന്ത്ര്യത്തിന്റെ രുചിയറിയുന്നു. അപ്പോള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടണമെന്ന ആശയവസാനിക്കുന്നു. ഇന്നലെയോളം താലോലിച്ചിരുന്ന സ്വപ്‌നങ്ങളേ അല്ല ഇന്നയാളുകടെ കിനാക്കള്‍. ആത്മാവ് അറേബ്യയുടെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ആസകലം മാറിപ്പോയ അയാള്‍ ഇക്കാലമത്രയും ചുമന്ന് നടന്നിരുന്ന പേരിന് ഇനി പ്രസക്തിയില്ലെന്ന് വേണ്ടപ്പെട്ടവര്‍ തന്നെ വിധിയെഴുതിയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഹാജിയാണ്.’ രിസാല വാരികയുടെ പുതിയ ലക്കം ഹജ്ജ് വായനക്കായി മാറ്റി വെച്ചിരിക്കുന്നു. ഹജ്ജിന്റെ രചനാവിഷ്‌കാരങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പ്രസിദ്ധ യൂറോപ്യന്‍ ചാനലായ എം.ടി.വി ആങ്കറായിരുന്ന ക്രിസ്റ്റീനാ ബേക്കര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം എഴുതിയ, പാശ്ചാത്യലോകത്തെ ബെസ്റ്റ് സെല്ലറായിരുന്നു From MTV to Mecca; How Inspired my life എന്ന ഗ്രന്ഥത്തില്‍ ഹജ്ജ് തീര്‍ഥാടനത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഒരധ്യാത്തിന്റെ വിവര്‍ത്തനം ഈ ലക്കം രിസാലയില്‍ ചേര്‍ത്തിട്ടുള്ള. സമാനവിഷയത്തിലുള്ള മറ്റു നാല് ലേഖനങ്ങളും ഈ ലക്കത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

വാചകവാരം: ‘ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പിണറായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും വേണ്ടെന്നു വെച്ചത് ആ പാര്‍ട്ടി ശൈശവദശയിലായതു കൊണ്ടാവാം എന്നാണ് കരുതേണ്ടത്. കടയില്‍ നിന്നു പറ്റു വാങ്ങുന്നവരെപോലെ മുമ്പ് വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ജമാഅത്തുകാര്‍ വാങ്ങി കൊണ്ടിരുന്നത് പിണറായിമാരുടെ രാഷ്ട്രീയക്കടയില്‍ നിന്നായിരുന്നു. ഇപ്പോള്‍ ജമാഅത്തുകാര്‍ സ്വന്തമായൊരു കട തുടങ്ങിയതിന്റെ വെപ്രാളമാണ് പിണറായി പ്രകടിപ്പിക്കുന്നത്. പറ്റുകാര്‍ കുറഞ്ഞു പോകുമ്പോള്‍ കടക്കാരനനുഭവിക്കുന്ന അസ്തിത്വ ദു:ഖം’ -കെ.എന്‍.എ ഖാദര്‍

Related Articles