Current Date

Search
Close this search box.
Search
Close this search box.

മാധ്യമം എഡിറ്ററുടെ ‘മുഖ്യധാര’യിലെ അഭിമുഖവും വിവാദങ്ങളും

mukhyadara.jpg

ഡോ. കെ.ടി. ജലീല്‍ ചീഫ് എഡിറ്ററായ ഇടതുപക്ഷ ത്രൈമാസികയാണ് ‘മുഖ്യധാര’. കേരള മുസ്‌ലിം സമൂഹത്തിലേക്ക് ഇടതുപക്ഷം ചേര്‍ന്ന് അക്കാദമിക് വഴി വെട്ടുക എന്നതാണ് ‘മുഖ്യധാര’യുടെ പ്രസിദ്ധീകരണ ലക്ഷ്യം. ആ അര്‍ഥത്തില്‍ കാമ്പുള്ള ശ്രദ്ധേയ വായനാ വിഭവമാണ് ഇറങ്ങിയ മുഴുവന്‍ ‘മുഖ്യധാര’യും ഉള്ളടക്കമായിട്ടുള്ളത്. കേരള മുസ്‌ലിം സാമ്രാജ്യത്വ വിരുദ്ധ പോരാട്ട ചരിത്രവും ഇസ്‌ലാമിന്റെ വിമോചന മൂല്യങ്ങളുമെല്ലാം പല പഠനങ്ങളിലായി ‘മുഖ്യധാര’യില്‍ ഇടംപിടിച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയിലെ പുതിയ ലക്കം ശ്രദ്ധേയമായത് മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാനുമായുള്ള അഭിമുഖവും വി.എ മുഹമ്മദ് അഷ്‌റഫിന്റെ ഇസ്‌ലാമിന്റെ കീഴാളവായനകള്‍ എന്ന സുദീര്‍ഘ പഠനലേഖനവും കൊണ്ടാണ്. ”ഇസ്‌ലാമിനെ കേവല ആചാരാനുഷ്ഠാന വ്യവഹാരങ്ങളില്‍ തളച്ചിടുന്ന, മനുഷ്യന്റെ ഭൗതിക ജീവിതപ്രശ്‌നങ്ങളെയും സാമൂഹ്യ അനീതികളെയും തിരസ്‌കരിക്കുന്ന, മുഖ്യധാരാ മതാഖ്യാനങ്ങളില്‍ നിന്നുള്ള കുതറിമാറ്റമാണ് ഈ പഠനം” എന്നാണ് ഡോ. കെ.ടി. ജലീല്‍ ഈ ലേഖനത്തെ എഡിറ്റോറിയലില്‍ പരിചയപ്പെടുത്തുന്നത്.

”സമകാലീന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഒ.അബ്ദുറഹ്മാന്റെ നിരീക്ഷണങ്ങള്‍ വിവാദപരമാകാം” എന്നും ഡോ. കെ.ടി. ജലീല്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എഡിറ്റര്‍ സൂചിപ്പിച്ചത് പോലെ ‘മുഖ്യധാര’യിലെ മാധ്യമം എഡിറ്ററുടെ പല പരാമര്‍ശങ്ങളും ഇതിനകം സമുദായ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വിവാദമായി കഴിഞ്ഞു. ‘ഏക സിവില്‍കോഡി’ന് ജമാഅത്ത് നേതാവ് പിന്തുണക്കുന്നുവെന്ന വിധത്തില്‍ മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അഭിമുഖത്തില്‍ മാധ്യമം എഡിറ്ററോട് ഉന്നയിക്കപ്പെട്ട ചില ചോദ്യങ്ങളും അവയ്ക്ക് നല്‍കിയ മറുപടികളും പങ്കുവെക്കുകയാണ് ഈ വാരത്തെ ‘റീഡിങ്ങ് റൂമില്‍’.

മുസ്‌ലിം ലീഗിനെയും ചന്ദ്രികയെയും പ്രകോപിതമാക്കിയ യഥാര്‍ത്ഥ വിഷയം ലീഗും ബി.ജെ.പിയും തമ്മിലുള്ള അടവുനയത്തെ ഒ.അബ്ദുറഹ്മാന്‍ തുറന്നു കാണിച്ചതാണ്. ആ ചോദ്യവും ഉത്തരവും ഇങ്ങനെ…

ചോദ്യം: ”മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം സംഘ്പരിവാര്‍ വിരുദ്ധമാണെന്ന് പറയാന്‍ കഴിയുമോ?”

ഉത്തരം: ”മുസ്‌ലിം ലീഗിന് കച്ചവട രാഷ്ട്രീയമാണ്. അതിന്റെ സൗകര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ആരെയും സഹായിക്കും. ആരുമായും കൂട്ടുകൂടും. കഴിഞ്ഞ കാലങ്ങളില്‍ ലീഗ് ബി.ജെ.പിയെ സഹായിച്ച കഥകള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. ഏറ്റവും പുതിയ ഉദാഹരണം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സിലറായി വന്ന ഡോ. മുഹമ്മദ് ബഷീറിന്റെ നിയമനവുമായി ബന്ധപ്പെട്ടതാണ്. ബഷീറിന്റെ പേര് ഗവര്‍ണര്‍ അയച്ചപ്പോള്‍ ബി.ജെ.പി നോമിനിയായ ഗവര്‍ണര്‍ ബി.ജെ.പി അധ്യക്ഷനായ വി.മുരളീധരന്റെ അഭിപ്രായമാണ് തേടിയത്. ഈ ഘട്ടത്തില്‍ ലീഗ് നല്‍കിയ ഉറപ്പ്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചാല്‍ സഹായിക്കാമെന്നതാണ്. ബി.ജെ.പിയുമായി ഇത്തരമൊരു കച്ചവടം നടത്താന്‍ ലീഗിന് യാതൊരു മടിയുമുണ്ടാവില്ല.”

തീര്‍ച്ചയായും ലീഗിനെ സംബന്ധിച്ചിടത്തോളം പ്രകോപനപരമായ മറുപടിയാണ്. പ്രത്യേകിച്ച് സംഘ്പരിവാറിനെതിരെ മുസ്‌ലിം സമൂഹമൊന്നടങ്കം നിലയുറപ്പിച്ച ഈ ഘട്ടത്തില്‍. മാധ്യമം എഡിറ്ററുടെ ഈ മറുപടിയില്‍ അദ്ദേഹം എന്ത് തെളിവ് നിരത്തിയാലും അതിശയോക്തി ആരോപിക്കാതെ വയ്യ. പഴയ കാലത്ത് ലീഗ് ബി.ജെ.പിയുമായി അടവുനയം ഉണ്ടാക്കിയിട്ടുണ്ടെന്നത് ശരിയാണ്. പുതിയ കാലത്ത് തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഇനിയുമത് ഉണ്ടായേക്കാം. എന്നാല്‍ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കാമെന്ന് ലീഗ് ഉറപ്പുകൊടുത്തുവെന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയമാണ്. ഇനി ലീഗ് പറഞ്ഞാല്‍ പോലും അണികള്‍ ബി.ജെ.പിക്ക് വോട്ടു കുത്തുന്ന സാമൂഹിക സന്ദര്‍ഭമാണോ ഇത്? മറുപടിയിലെ ഈ അതിശയോക്തി കണ്ടിട്ടാവണം അഭിമുഖകാരന്‍ തന്നെ ”ഇത് വെറും ഊഹാപോഹം ആയിക്കൂടെ…വല്ല തെളിവും ഉണ്ടോ?” എന്ന് ഉപചോദ്യം ഉന്നയിച്ചത്.

അതിന് ഒ.അബ്ദുറഹ്മാന്റെ മറുപടി അതിലും ദുര്‍ബലമായി പോയി എന്ന് പറയാതെ വയ്യ. അതിങ്ങനെയാണ്:  
”മനോരമയില്‍ ഇതിനെകുറിച്ച് പച്ചക്ക് വാര്‍ത്ത വന്നതാണ്. ലീഗ് ഇതുവരെ അതിനെ നിഷേധിച്ചിട്ടില്ല.”

മനോരമയില്‍ വന്ന നിഷേധിക്കാത്ത വാര്‍ത്തകളെല്ലാം ശരിവെക്കാന്‍ പോയാല്‍ എത്രയെത്ര ആരോപണങ്ങള്‍ ഒരു ദിവസം തന്നെ പലര്‍ക്കുമെതിരില്‍ ഉന്നയിക്കാന്‍ കഴിയും?

സംവരണത്തെ കുറിച്ചുള്ള മറുപടിയാണ് മറ്റൊരു ശ്രദ്ധേയമായ ഭാഗം. നേരത്തെ വിവാദമായ വിഷയമായതിനാല്‍ ആവശ്യമായ വിശദീകരണ സഹിതമാണ് മാധ്യമം എഡിറ്റര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. സംവരണം കാലാകാലങ്ങളായി തുടരേണ്ടതാണ് എന്നഭിപ്രായം എനിക്കില്ല എന്ന് പറഞ്ഞു തുടങ്ങുന്ന അദ്ദേഹം ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടുന്നു.

വിവാദ സാധ്യതയുള്ള മറ്റൊരു ഭാഗം സ്ത്രീകളുടെ അനന്തരാവകാശം പകുതിയെന്നത് വേണമെങ്കില്‍ കാലോചിതമായി പരിഷ്‌കരിക്കാമെന്ന അഭിപ്രായമാണ്. അതിങ്ങനെ: ”നബിയുടെ കാലം വരെ അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. നബി അവര്‍ക്ക് മിനിമം സ്വത്തവകാശം നല്‍കി. അത് കാലോചിതമായി പരിഷ്‌കരിച്ച് ആണിന് തുല്യമാക്കാമോ എന്ന് പരിശോധിക്കാമെന്നാണ് എന്റെ അഭിപ്രായം.”

ഈയൊരു അഭിപ്രായം ഒ.അബ്ദുറഹ്മാന് മുമ്പ് പലരും പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ അതൊരു പുതിയ അഭിപ്രായമായി കാണേണ്ടതില്ലെന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം. ഏക സിവില്‍കോഡിനെ കുറിച്ച മറുപടിയും ചോദ്യവുമാണ് ചന്ദ്രിക വിവാദമാക്കിയത്. അതു പക്ഷേ സൂക്ഷ്മമായി വായിച്ചാല്‍ ശരീഅത്ത് വിരുദ്ധമല്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന പേഴ്‌സണല്‍ ലോയില്‍ ഇസ്‌ലാം വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഉള്ളടക്കമുണ്ട്. അത് പരിഷ്‌കരിക്കല്‍ അനിവാര്യമാണ്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമികമായ നിയമങ്ങള്‍ അടിയറവു വെക്കാതെ ഒരു പൊതു സിവില്‍കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. അങ്ങനെ ഒരു പൊതു സിവില്‍കോഡ് ഭരണകൂടം ചുട്ടെടുത്ത് അടിച്ചേല്‍പിക്കുകയല്ല വേണ്ടത്. മറിച്ച് ഒരു പൊതു സിവില്‍കോഡ് ഉണ്ടാക്കി പൊതുജന സമക്ഷം ചര്‍ച്ചക്ക് വെക്കട്ടെ. അതില്‍ ഇസ്‌ലാമിക വിരുദ്ധമായ ഉള്ളടക്കമുണ്ടെങ്കില്‍ അപ്പോള്‍ അത് ശ്രദ്ധയില്‍ പെടുത്താം. അത് തിരുത്തി മുസ്‌ലിംകള്‍ക്ക് കൂടി അംഗീകരിക്കാവുന്നതായി ആ പൊതു സിവില്‍കോഡ് മാറുമെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ല എന്നാണ് ഈ വിഷയവുമായി വന്ന വ്യത്യസ്ഥ ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാവുക.

അതുപക്ഷേ ചേര്‍ത്തു വായിക്കാതെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്താല്‍ വിവാദമാക്കാനുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. അതാണ് ചന്ദ്രിക നടത്തിയതും.

”ഒരു കോമണ്‍ സിവില്‍കോഡ് പരിഹാരമാണോ?” എന്ന അഭിമുഖകാരന്‍ സഹീദ് റൂമിയുടെ അവസാന ചോദ്യത്തിനുള്ള മാധ്യമം എഡിറ്ററുടെ മറുപടിയിങ്ങനെ:
”ഒറ്റയടിക്ക് സിവില്‍കോഡ് നടപ്പിലാക്കുകയോ അതിനെ എതിര്‍ക്കുകയോ അല്ല വേണ്ടത്. ഒരു മാതൃകാ സിവില്‍കോഡ് പ്രഖ്യാപിക്കട്ടെ. അതിനകത്ത് സംവാദങ്ങള്‍ നടക്കട്ടെ. എന്നിട്ട് യോജിക്കേണ്ടതിനോട് യോജിക്കുകയും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും ചെയ്യാമല്ലോ. സിവില്‍കോഡ് ഇങ്ങിനെയായിരിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ അത് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമല്ലോ. ചര്‍ച്ച പോലും ചെയ്യാതെ അതിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. മുഹമ്മദന്‍ ലോ എന്ന പേരില്‍ മുസ്‌ലിം സ്ത്രീക്ക് നേരെ അനീതി നടക്കുന്നുണ്ട്. അതിന് സിവില്‍കോഡ് ഒരു പരിഹാരമാണെങ്കില്‍ അത് വരട്ടെ. എന്താണ് കുഴപ്പം.”

ശിയാക്കള്‍ക്കിടയില്‍ ‘മുത്അ’ വിവാഹം അനുവദനീയമാണ് ഈ മുഹമ്മദന്‍ ലോയില്‍. മുത്അ എന്നാല്‍ അവധി വിവാഹം അഥവാ ഒരാഴ്ചത്തേക്ക്, ഒരു മാസത്തേക്ക് അല്ലെങ്കില്‍ ഏതാനും മാസത്തേക്ക് എന്നൊക്കെ കരാര്‍ വെച്ചുള്ള വിവാഹം. ഇതൊക്കെ ഇസ്‌ലാമാണോ? ഇസ്‌ലാമില്‍ ഇങ്ങനെയൊരു വിവാഹം ഇല്ല. അപ്പോള്‍ ഇതിനൊക്കെയുള്ള ഒരു പരിഹാരം ഇസ്‌ലാം പേഴ്‌സണല്‍ ലോയുടെ പരിഷ്‌കരണം തന്നെയാണ്.

ചുരുക്കത്തില്‍ ‘മുഖ്യധാര’യിലെ അഭിമുഖത്തില്‍ എഡിറ്റര്‍ ഡോ. കെ.ടി. ജലീല്‍ പറയുന്നത് പോലെ ചില വിവാദങ്ങളൊക്കെ ഉള്ളടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. അത് പക്ഷേ ഇസ്‌ലാമികമായ കാഴ്ചപ്പാടിലുള്ള വിവാദം എന്നതിനേക്കാള്‍ പരമ്പരാഗതമായി നിലനില്‍ക്കുന്നതിനെ തിരുത്തുന്നു എന്നതിലാണെന്ന് മാത്രം.

Related Articles