Current Date

Search
Close this search box.
Search
Close this search box.

മാതൃഭൂമി കഥകളിലെ മതവും മതേതരത്വവും

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വാരികയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. ഗൗരവമുള്ള ലേഖനങ്ങള്‍ക്ക് പുറമെ മലയാളത്തിലെ മികച്ച കഥകളും കവിതയും നോവലും വായനക്കാര്‍ക്ക് സമ്മാനിക്കുന്ന പ്രസിദ്ധീകരണം. മാതൃഭൂമിയിലെ കത്തുകള്‍ പോലും അതിന്റെ ഉള്ളടക്കത്തിന്റെ ആഴവും പരപ്പും കൊണ്ട് മറ്റ് ചില വാരികകളിലെ ലേഖനങ്ങളെക്കാള്‍ ഉള്‍ക്കനമുണ്ടാകാറുണ്ട്. അങ്ങനെയുള്ള മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വെളിച്ചം കാണുന്ന കഥകള്‍ വെറും കഥകളായി വായിച്ചു പോകാനാവില്ല. മറിച്ച് ആ കഥകള്‍ക്ക് പിന്നിലും കൃത്യമായ രാഷ്ട്രീയവും ലക്ഷ്യവും വാരിക ഉള്ളടക്കം ചെയ്തിട്ടുണ്ടാവും. സൂചിപ്പിച്ച് വരുന്നത് മാതൃഭൂമി മാര്‍ച്ച് 24 ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്‍ എഴുതിയ മരണവേട്ട എന്ന കഥയുടെ മതത്തെയും മതേതരത്വങ്ങളെയും കുറിച്ചാണ്.

സംഘപരിവാരം ഉയര്‍ത്തി കൊണ്ട് വന്ന് മാതൃഭൂമിയടക്കമുള്ള മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ആഘോഷമാക്കിയ ഇല്ലാകഥയായിരുന്നു ലൗ ജിഹാദ്. പോലീസ് അന്വേഷണങ്ങള്‍ക്ക് ശേഷം ലൗ ജിഹാദ് കള്ളക്കഥയായിരുന്നുവെന്ന് മാതൃഭൂമിയിടക്കം സമ്മതിക്കേണ്ടിയും വന്നു. ഇത് കഴിഞ്ഞു പോയ യഥാര്‍ഥ കഥ. പക്ഷേ ഇന്ദുമേനോന്റെ മാതൃഭൂമി കഥയില്‍ ലൗ ജിഹാദ് വീണ്ടും വിഷം ചീറ്റുന്നു. സജീവ ആര്‍.എസ്.എസ് കുടുംബത്തില്‍ പിറന്ന സുമംഗല എന്ന സവര്‍ണ പെണ്‍കുട്ടിയെ മുസ്‌ലിമായ ബഷീര്‍ പ്രണയിക്കുന്നു. സുമംഗലയുടെ കുടുംബം അതറിഞ്ഞതോടെ അവര്‍ ഒളിച്ചോടുന്നു. ദൂരെ ഒരിടത്ത് സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു. അവര്‍ക്ക് സോനും എന്ന കുഞ്ഞുണ്ടാകുന്നു. കുഞ്ഞു വളരുന്നതിനിടക്ക് ബഷീറിന് അര്‍ബുദം പിടിപെടുന്നു. വേദനയില്‍ നിന്ന് ഒളിച്ചോടാന്‍ ബഷീര്‍ ആത്മഹത്യ തെരെഞ്ഞെടുക്കുന്നു. ഇത്രയും ശരി, ഇനിയാണ് യഥാര്‍ഥ കഥ തുടങ്ങുന്നത്. മകന്‍ സോനു അമ്മാവന്‍മാരുടെ രക്തത്തിലുള്ള സ്വഭാവം പ്രകടിപ്പിക്കുന്നു. സജീവ ആര്‍.എസ്.എസ് അനുഭാവിയായി അവന്‍ മാറുന്നു. ലൗ ജിഹാദ് അടക്കമുള്ള മുസ്‌ലിംകളുടെ ചതികളെ അമ്മയെ അവന്‍ നിരന്തരം ബോധ്യപ്പെടുത്തുന്നു. തീര്‍ത്തും മതേതര മുസ്‌ലിമായ ബഷീറില്‍ നിന്നും ലഭിച്ച ജീവിതാനുഭവങ്ങള്‍ മുന്‍ നിര്‍ത്തി അമ്മ അവനോട് തര്‍ക്കിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുമെന്ന് തോന്നിയടത്താണ് ഇന്ദുമേനോന്‍ സംശയത്തിന്റെ വിഷസൂചികളുമായി ക്ലൈമാക്‌സ് മാറ്റുന്നത്. സുമംഗലക്ക് അസുഖം പിടിപെടുന്നു. ഡോക്ടര്‍മാര്‍ പലവിധ ടെസ്റ്റുകളും നടത്തി ഒടുവില്‍ എച്ച്.ഐ.വി. പോസീറ്റിവാണെന്ന് സ്ഥിരീകരിക്കുന്നു. തന്റെ പാതിവ്രത്യത്തില്‍ സംശയമില്ലാത്ത സുമംഗല റിപോര്‍ട്ടുകള്‍ തെറ്റിയതായിരിക്കുമെന്ന് ഡോക്ടറോട് കയര്‍ക്കുന്നു. അപ്പോഴാണ് മുമ്പ് അവരുടെ ഭര്‍ത്താവ് ബഷീറിനെയും പരിശോധിച്ചിരുന്ന ആ ഡോക്ടര്‍ സ്‌ഫോടനാത്മകമായ അക്കാര്യം വെളിപ്പെടുത്തുന്നത്. ബഷീര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അര്‍ബുദമല്ല, എയ്ഡ്‌സായിരുന്നു. അതോടെ മകന്‍ സോനു നിരന്തരം പറയുന്ന മുസ്‌ലിമിന്റെ ചതി തന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നുവെന്ന് സുമംഗല തിരിച്ചറിയുന്നത്. എന്നിട്ട് ഇന്ദുമേനോന്‍ കഥ അവസാനിപ്പിക്കുന്നത് സുമംഗലയുടെ തീരുമാനം ഇങ്ങനെ രേഖപ്പെടുത്തി കൊണ്ടാണ്. ‘ഇന്നു മുതല്‍ സോനുവിനെ ശാഖയ്ക്കയക്കണം, അവള്‍ ക്രൂരമായ ഒരാനന്ദത്തോടെ ബഷീറിനെയും ഓര്‍ത്തു.’

ഇത് ഒരു കഥയല്ലേ? അതും ഇന്ദുമേനോന്റെ? എന്തിന് മാതൃഭൂമിയെ സംശയിക്കണം? തീര്‍ത്തും ന്യായമായ ചോദ്യങ്ങളാണിത്. എന്നാല്‍ മാതൃഭൂമിയെ വിചാരണ ചെയ്യാന്‍ ഈ ഒരു കഥ മാത്രമല്ല കാരണം. തൊട്ടുമുമ്പത്തെ ലക്കം (ഫെബ്രുവരി 17) ഇതേ ലൗ ജിഹാദ് പ്രമേയമായി മറ്റൊരു കഥയും പ്രാധാന്യപൂര്‍വം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ‘എന്റെ മകള്‍ ഒളിച്ചോടും മുമ്പ്’ എന്ന കഥ എഴുതിയത് പ്രശസ്തനായ സുസ്‌മേഷ് ചന്ദ്രോത്ത് ആയിരുന്നു. ആ കഥ ഇങ്ങനെ ഒരു ഹിന്ദു കുടുംബത്തിലെ ഏക സന്താനമായ എല്‍മയെ വളുടെ കോളേജിലെ  സീനിയര്‍ വിദ്യാര്‍ഥി നൗഫല്‍ പ്രണയിക്കുന്നു. രക്ഷിതാക്കളോട് അവള്‍ പ്രണയം തുറന്ന് പറയുന്നു. സ്വാഭാവികമായും അമ്മ ശക്തമായെതിരിര്‍ക്കുന്നു. വിശാല ഹൃദയനായ പിതാവ് അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ആ ബന്ധത്തിന് മൗനാനുവാദം നല്‍കുന്നു. ഭാര്യയെയും ഒരു വിധം കാര്യങ്ങളയാള്‍ ബോധ്യപ്പെടുത്തുന്നു. അപ്പോഴാണ് എല്‍മയുടെ അടുത്ത പ്രഖ്യാപനം വിവാഹത്തിന് വേണ്ടി താന്‍ ഉടന്‍ മതം മാറും. മറ്റ് കാര്യങ്ങള്‍ നൗഫല്‍ നേരിട്ട് വന്ന് സംസാരിക്കും. അങ്ങനെ കഥാന്ത്യത്തില്‍ നായകന്‍ നൗഫല്‍ ആ വിശാല ഹിന്ദു കുടുംബത്തിലേക്ക് കയറിവന്ന് എല്‍മയുടെ അഛനോട് തന്റെ നയം പ്രഖ്യാപിക്കുന്നു. ‘എനിക്ക് ഇവിടെ വന്ന് നില്‍ക്കാനോ ഇവളെയും കൂട്ടി നാട് വിട്ട് പോകാനോ പറ്റില്ല. നിങ്ങള്‍ അനുകൂലിച്ചിട്ട് കാര്യമില്ല എന്റെ ഫാമിലി അനുവദിക്കണം. അവര്‍ക്ക് വേണ്ടി എല്‍മ മതം മാറേണ്ടി വരും. ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്ന രണ്ട് പെങ്ങന്‍മാര്‍ എനിക്കുണ്ട്. അവരുടെ വിവാഹം നടക്കണമെങ്കിലും എല്‍മ മതം മാറേണ്ടത് ഒരാവശ്യമാണ്. അതുവരെ ഞാനും ഇവളും ഇവിടെ ഇങ്ങനെ ഇടക്കിടെ വരുന്നതും പോകുന്നതും ശരിയാവില്ല. ദയവായി നിങ്ങള്‍ രണ്ടാളുമത് മനസ്സിലാക്കണം.’

മാതൃഭൂമി കഥയുടെ രാഷ്ട്രീയം നമ്മള്‍ സാധാരണ വായനക്കാരെക്കാള്‍ പെട്ടന്ന് കേസരി വാരിക തിരിച്ചറിഞ്ഞു. സുസ്‌മേഷ് ചന്ദ്രോത്തിന്റെ കഥയെ മുന്‍ നിര്‍ത്തി തൊട്ടടുത്ത ലക്കത്തില്‍ തന്നെ അവര്‍ ലേഖനമെഴുതി. അതിന്റ തലക്കെട്ടിങ്ങനെ ‘സുഷ്‌മേഷ് ചന്ദ്രോത്ത് പുതിയതായി ഒന്നും പറയുന്നില്ല’ ഞങ്ങള്‍ മുമ്പ് പറഞ്ഞ ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യമാണ് എന്നാണ് കഥയിലൂടെ മാതൃഭൂമിയും കഥാകാരനും സമ്മതിക്കുന്നതെന്ന് കേസരി സമര്‍ഥിക്കുന്നു. പ്രിയപ്പെട്ട വായനക്കാരെ, അതുകൊണ്ടാണ് പറയുന്നത് മാതൃഭൂമിയിലെ കഥകള്‍ വെറും കഥകളല്ല, അതിന്റെ പിന്നില്‍ കൃത്യമായ മതവും മതേതരത്വവും ഉള്ളടക്കം ചെയ്തിട്ടുണ്ട്.

ഇനി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലേക്ക് വരാം. പോയവാരം ശ്രദ്ധേയമായ ലേഖനവിഷയങ്ങളിലൊന്ന് കത്തോലിക്ക ക്രൈസ്തവര്‍ അവരുടെ പോപ്പിനെ തെരെഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ലേഖനങ്ങളായിരുന്നു. ശബാബ് വാരികായാണ് ഈ വിഷയം കൂടുതല്‍ കവര്‍ ചെയ്തത്. അവര്‍ ഈ വിഷയത്തില്‍ മൂന്ന് ലേഖനങ്ങള്‍ പുതിയ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചു. ഏപ്രില്‍ മാസത്തെ സ്‌നേഹ സംവാദം മാസികയിലെ ഒരു പ്രധാന ലേഖനം ‘പൗരോഹിത്യത്തിന്റെ വെളുത്ത പുക; കത്തിക്കുന്നവരും കാത്തിരിക്കുന്നവരും’ ഈ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ശബാബും സ്‌നേഹസംവാദവും ക്രൈസ്തവതയിലേക്ക് പൗരോഹിത്യം വന്ന വഴിയാണ് അന്വേഷണ വിധേയമാക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രബോധനം വാരികയില്‍ വന്ന എഡിറ്റോറിയല്‍ പങ്കുവെക്കുന്നത് മറ്റൊരു വിഷയമാണ്. മതാന്തരസംവാദങ്ങള്‍ക്ക് നല്ല മാതൃക ലോകത്തിന് കാഴ്ച വെച്ചവരാണ് മുസ്‌ലിംകള്‍. പുതിയ പോപ്പിനെ പ്രഖ്യാപിച്ചപ്പോള്‍ ഈ സന്ദര്‍ഭത്തിന് മുതല്‍കൂട്ടാകുന്ന വിധം അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാനോ നേരിട്ട് സന്ദര്‍ശിക്കാനോ വേണ്ടത്ര ശ്രദ്ധ മുസ്‌ലിം ലോകം നല്‍കിയില്ല. പോപ്പാകട്ടെ തന്റെ പ്രഥമ പ്രഭാഷണത്തില് മുസ്‌ലിം ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇനിയെങ്കിലും വേണ്ട വിധം അദ്ദേഹവുമായി ഈ വിഷയത്തില്‍ ആശയവിനിമയം നടത്താന്‍ മുസ്‌ലിം ലോകം തയ്യറാകണമെന്നാണ് പ്രബോധനം എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നത്.

പോപ്പ് വിഷയം മാറ്റി നിര്‍ത്തിയാല്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ തേജസ് ദ്വൈവാരികയുടെ പെണ്‍വായനകളും വിചിന്തനം വാരികയില്‍ മലയാളം വാരികയില്‍ വന്ന എ.വി. ഫിര്‍ദൗസിന്റെ ലേഖനത്തിനുള്ള മറുപടിയും രിസാലയിലെ നുഐമാന്റെ ‘വിശ്വരൂപം’ നിരൂപണവുമായിരുന്നു. ജി. ഉഷാകുമാരിയുടെ ലേഖനവും ചെങ്ങറ സമരനായികയായ സലീന പ്രാക്കാനത്തിന്റെ അനുഭവങ്ങളുമാണ് തേജസ് ലേഖനങ്ങളില്‍ മികച്ച് നില്‍ക്കുന്നത്. പെണ്‍വായനയുടെ തൂക്കമൊപ്പിക്കാനായി തേജസ് കൊടുത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ സംഭാഷണമെഴുത്തുകള്‍ വെറും വര്‍ത്തമാനങ്ങളായി ചുരുങ്ങിയില്ലേ എന്ന് സംശയം. സ്ത്രീ ശാക്തീകരണ രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ എല്ലാ രംഗത്തും ഏറ്റവും വലിയ കുതിച്ചു ചാട്ടം നടത്തിയ മുസ്‌ലിം സ്ത്രീകളെ കുറിച്ച് ഇത്തരമൊരു പതിപ്പില്‍ ഇതിനേക്കാള്‍ നീതിപൂര്‍വകമായ വായനയും എഴുത്തുകളും ആകാമായിരുന്നു.

കമലഹാസന്റെ വിശ്വരൂപം സിനിമയെ മുന്‍നിര്‍ത്തി ഉണ്ടായ മുസ്‌ലിം പ്രതിഷേധങ്ങളുടെ രാഷ്ട്രീയം പരിശോധിക്കുകയാണ് രിസാല പുതിയ ലക്കത്തിലെ നുഐമാന്റെ ലേഖനം. പോപ്പുലര്‍ ഫ്രണ്ടും സോളിഡാരിറ്റിയും ഒരേ സിനിമയോട് സ്വീകരിച്ച രണ്ട് വ്യത്യസ്ത നിലപാടുകള്‍ ഇഴകീറി പരിശോധിക്കുകയാണ് ഈ ലേഖനം. രണ്ട് സംഘടനകളും നിലയുറപ്പിച്ച രാഷ്ട്രീയ ഇടങ്ങളെ തൃപ്തിപ്പെടുത്തുക മാത്രമാണ് ഈ നിലപാട് വ്യത്യാസങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന നിഗമനത്തിലാണ് ഒടുവില്‍ ലേഖകന്‍ എത്തുന്നത്. വിശ്വരൂപം ചര്‍ച്ചകള്‍ മുമ്പ് പല മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും രിസാല ലേഖനം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വായനാനുഭവമാണ് പങ്കുവെക്കുന്നത്.

മലയാളം വാരികയില്‍ വന്ന എ.വി. ഫിര്‍ദൗസിന്റെ ‘പിളര്‍ന്ന് തീരുന്ന മുജാഹിദ് പ്രസ്ഥാനം’ എന്ന ലേഖനത്തിന് ഡോ. എ.ഐ അബ്ദുല്‍ മജീദ് സലാഹി എഴുതുന്ന മറുപടിയാണ് പുതിയ വിചിന്തനം വാരികയുടെ കവര്‍ സ്റ്റോറി. മലയാളം വാരികയുടെ ലേഖനം സത്യവും അര്‍ധസത്യവും അവാസ്തവവും കൂടി കലര്‍ന്നതാണെന്ന് ലേഖകന്‍ ആമുഖമായി പറഞ്ഞു വെക്കുന്നു. ചലനാത്മകതയുള്ള ഒരു പ്രസ്ഥാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത്തരം വിഷയങ്ങളില്‍ പ്രമാണാധിഷ്ഠിതമായ സംവാദങ്ങള്‍ ഉയര്‍ന്നു വരും. ആ സംവാദങ്ങള്‍ക്കപ്പുറത്ത് തൗഹീദിനും സുന്നത്തിനും വിരുദ്ധമായ ആശയങ്ങളുയര്‍ന്നു വരുമ്പോള്‍ അത്തരമാളുകള്‍ക്ക് സംഘടന പുറത്തേക്ക് വഴി കാണിക്കും. നേരത്തെ തൊണ്ണൂറുകളില്‍ വ്യാജ പരിസ്ഥിതി വാദത്തിന്റെ മറവില്‍ പ്രബോധന മേഖലയെ മരവിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചു. അപ്പോഴവരെ പുറത്താക്കി. ഇപ്പോള്‍ വഴിവിട്ട ചര്‍ച്ചകള്‍ ചിലര്‍ ഉയര്‍ത്തിയപ്പോള്‍ അവര്‍ക്കും പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. ശുദ്ധീകാരണമാണ്  സംഘടനയില്‍ നടന്നത് എന്നാണ്  ലേഖകന്‍ സമര്‍ഥിക്കുന്നത്. അതല്ലാതെ മലയാളം ലേഖനത്തില്‍ പറയും പോലെ മുജാഹിദു പ്രസ്ഥാനത്തില്‍ പിളര്‍പ്പ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാണ് സ്വലാഹി എഴുത്ത് അവസാനിപ്പിക്കുന്നത് .

Related Articles