Current Date

Search
Close this search box.
Search
Close this search box.

മാഞ്ചസ്റ്ററിലെ നിര്‍മാണ തൊഴിലാളിയും ആധുനിക ഐ.ടി വിദഗ്ധനും

ആധുനിക വിവരസാങ്കേതിക വിദ്യകളുടെ വ്യാപനവും വളര്‍ച്ചയും പുതിയ തൊഴില്‍ സംസ്‌കാരത്തിനും വ്യാപനത്തിനും ഇടവരുത്തിയിട്ടുണ്ട്. നവ വ്യവസായ സമ്പദ്‌വ്യസ്ഥതയിലേക്കുള്ള ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ച അങ്ങനെയാണ്. അതിവേഗം വികസിച്ച ഇന്ത്യന്‍ ഐ.ടി മേഖലയില്‍ 30 ലക്ഷത്തോളം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. കയറ്റുമതി വരുമാനത്തിന്റെ 14 ശതമാനമാണിത്.

ഐ.ടി പാര്‍ക്കുകളും നഗരങ്ങളും കേന്ദ്രീകരിച്ചു പണിയെടുക്കുന്നവര്‍ പുതീയൊരു തൊഴില്‍ സംസ്‌കാരത്തെ മാത്രമല്ല, സാമൂഹിക വ്യക്തിത്വത്തെയും കുടുംബരീതികളെയും കൂടി സൃഷ്ടിച്ചിരിക്കുന്നു. വിദ്യാസമ്പന്നര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍, ജീവിത സമീപനങ്ങളിലും ചിന്തകളിലും ഭാവുകത്വം പുലര്‍ത്തുന്നവര്‍ തുടങ്ങി ഐ.ടി രംഗത്തുള്ളവരെ ടെക്കികള്‍ എന്ന ഒരൊറ്റ ബ്രാന്റില്‍ വിളിച്ചു. പക്ഷേ ഇവരുടെ തൊഴില്‍ അവസ്ഥ എന്താണ്? ഈരംഗത്ത് ഇവര്‍ തൊഴില്‍ സുരക്ഷിതരാണോ? അതേക്കുറിച്ചാണ് 2015 ജൂലൈ പുസ്തകം 52 ലക്കം 50 ചിന്ത വാരിക പറയുന്നത്. ‘ഐ.ടി മേഖലയുടെ അര്‍ഥശാസ്ത്രം’എന്ന ടൈറ്റിലില്‍ കെഎസ് രഞ്ജിത്തിന്റെതാണ് കവര്‍‌സ്റ്റോറിയായി വന്ന ഈ ലേഖനം.

വളരെ വിഭിന്നമായ തൊഴില്‍ ശാഖകളാണ് ഐ.ടി രംഗത്തുള്ളതെന്നും അവയെല്ലാം പൊതുവായി ഐ.ടി എന്ന ബ്രാന്റുചെയ്യപ്പെടരുതെന്നും പറഞ്ഞുകൊണ്ട് തുടങ്ങുന്ന ലേഖനം പരിപൂര്‍ണമായും കമ്പോളത്തിന്റെ ഉളളം കയ്യിലാണ് ഐ.ടി തൊഴിലാളിയെന്ന് ഉദാഹരണങ്ങളിലൂടെ അടിവരയിടുന്നു. അസ്ഥിരതയും തൊഴില്‍ ഭീഷണിയും ഈ രംഗത്ത് ഡമോക്ലസിന്റെ വാള്‍ കണക്കെ തൂങ്ങിനില്‍ക്കുന്നെന്നും പറയുന്ന ലേഖനം, ഈ രംഗത്ത് ജോലിചെയ്യുന്നവരുടെ ജോലി അസ്ഥിരതയെക്കുറിച്ചും വൈദഗധ്യം ആവശ്യമുള്ളതും് ആവശ്യമില്ലാത്തുതുമായ ജീവനക്കാര്‍ ഒരേ കുടക്കുകൂഴില്‍ പണിയെടുക്കുമ്പോഴും എപ്രകാരമാണ് വിദേശ ബഹുരാഷ്ട്രകമ്പനികള്‍ പുതിയൊരു തൊഴില്‍ സംസ്‌കാരത്തിടയിലൂടെ തൊഴിലാളിയെ ചൂഷണം ചെയ്യുന്നതെന്നും കാണിച്ചുതരുന്നു.

നവ ലിബറല്‍ കാലഘട്ടത്തിലെ ഏറ്റവും പുതിയ ഇരകളാണിവര്‍ എന്ന് അദ്ദേഹം ലേഖനത്തിലുടനീളം നിരീക്ഷിക്കുന്നു. മാര്‍കിസത്തിന്റെ താത്വികാചാര്യനായ ഏംഗല്‍സ് പറഞ്ഞ മാഞ്ചസറ്ററിലെ നിര്‍മാണ തൊഴിലാളിയില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തനല്ല ഒരു നൂറ്റാണ്ടിനിപ്പുറം അഭ്യസ്തതവിദ്യയുള്ള ഐ.ടി തൊഴിലാളിയെന്നും രണ്ടുകൂട്ടര്‍ക്കും കൈമുതലായുള്ളത് അധ്വാനം മാത്രമാണെന്നും അദ്ദേഹം ലേഖനത്തിലൂടെ പറഞ്ഞുവെക്കുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും മുങ്ങിനില്‍ക്കുമ്പോഴും വര്‍ഗബോധം ഉള്‍ക്കൊണ്ട പഴയ അസംഘടിത മേഖലയിലെ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കുന്ന തൊഴിലാളിക്കുണ്ടായിരുന്ന ഭൗതിക കൂട്ടായ്മയും സുരക്ഷിതത്വവും ആധുനിക തൊഴിലാളിക്ക് ഇല്ലായെന്നാണ് ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നത്.

സ്ത്രീയും വിവര്‍ത്തനവും
ചരിത്രം പലപ്പോഴും വസ്തുതകളുടെ നിരസ്‌കരണം കൂടിയാണ്. അത് ബോധപൂര്‍ണമോ അല്ലാതെയോ സംഭവിച്ചാലും അല്ലെങ്കിലും ചരിത്രത്തിന്റെ തിരസ്‌കരണത്തിന്ന് ഏറെ പാത്രമായവര്‍ സ്ത്രീസമൂഹമാണെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് പലപ്പോഴും സ്ത്രീത്വത്തിന്റെ സര്‍വ്വതോന്‍മുഖമായ നേട്ടങ്ങളെ വേണ്ടവിധം അടയാളപ്പെടുത്തപ്പെടാതെ മാറിനിന്ന കാലവും ഒരു ചരിത്രമായത്.

കാലദേശങ്ങള്‍ക്കുപരിയായി സ്ത്രീയുടെ നേട്ടങ്ങളെയും കഴിവുകളെയും നിലവിലെ വ്യവസ്ഥിതിയാലും അധീശത്വശക്തിയാലും തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും സാമൂഹിക പ്രക്രിയയിലും മാത്രമല്ല, വിദ്യയിലും കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും അതേറെയാണ്. എഴുതാന്‍ മടിക്കുകയും എഴുതിയാല്‍ തന്നെ പ്രസിദ്ദീകരിക്കാനും പ്രസിദ്ദീകരിച്ചാല്‍ തന്നെ അത് പുരുഷനാമത്തില്‍ അറിയപ്പെടാനും വിധിക്കപ്പെട്ട സാഹിത്യകാരികള്‍ ഒട്ടനേകം. ഒരിക്കലും വെളിച്ചം കാണാത്ത സ്ത്രീസര്‍ഗ്ഗഭാവനകളെ തട്ടിമാറ്റി സ്ത്രീ എഴത്തുകാരികള്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നിന്നപ്പോഴും സാഹിത്യത്തില്‍ വളരെ കുറഞ്ഞ ശ്രദ്ധമാത്രം കിട്ടിയ വിവര്‍ത്തനരംഗത്തേക്കുവന്ന സ്ത്രീകളെ സമൂഹം വേണ്ടവിധം ഗൗനിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അത്തരം വിവര്‍ത്തകരായ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണ് 2015 ജൂണ്‍ വാള്യം 10 ലക്കം 1 സംഘടിത മാസിക.

വിവര്‍ത്തന പുസ്തകങ്ങളില്‍ പേരുണ്ടെന്നല്ലാതെ പൂര്‍ണമായ വിലാസം പോലുമില്ലാതെ ഒതുങ്ങിപ്പോയ മലയാള സാഹിത്യ വിവര്‍ത്തനരംഗത്ത് ശ്രദ്ധപതിപ്പിച്ച നൂറോളം വിവര്‍ത്തകരായ സ്ത്രീകളുടെ അനുഭവക്കുറിപ്പുകളുമായാണ് സംഘടിത മാസിക ഈ ലക്കം ഇറങ്ങുന്നത്. റഷ്യന്‍, ജര്‍മന്‍ ഭഷകളിലെ പതിനഞ്ചോളം നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അഡ്വ സുഭ്ര്രദാ പരമേശരനാണ് മാസികയുടെ കവര്‍ ചിത്രം. ലീലാ സര്‍ക്കാര്‍, രമാ മേനോന്‍, സുപ്രിയ എം. പ്രേമ വിജയകുമാര്‍, സി.കമലാ ദേവി തുടങ്ങി ഒട്ടേറെ സ്ത്രീ വിവവര്‍ത്തകരെ സര്‍ഗാത്മക മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തിയ സംഘടിത മാസിക വരും തലമുറക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും നല്ലൊരു മാര്‍ഗരേഖ കൂടിയാമണ്.

സംഘടിത മാസികയില്‍ സാഹിത്യ വിവര്‍ത്തക രംഗത്തെ വിസ്മരിക്കപ്പെട്ട സ്ത്രീപ്രതിനിധാനങ്ങളെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നതെങ്കില്‍ ഇക്കുറി ഭാഷാപോഷിണി ജൂലൈ 2015 പുസ്തകം 39 ലക്കം 7 വായനക്കാരുടെ കൈകളിലേക്കെത്തുന്നത് സാഹിത്യ ചരിത്രഗ്രന്ഥങ്ങളിലൊന്നും തന്നെ ഇടം തേടാതെപോയ വസന്തിയെന്ന സര്‍ഗാത്മക സാഹിത്യകാരിയെക്കുറിച്ചാണ്. ‘ഈര്‍ക്കിലില്ലാത്ത ഓലയില’എന്ന നോവലെഴുതിയ വസന്ത കുമാരിയെ കുറിച്ചുള്ള പരാമര്‍ശം ചന്ദ്രമതിയുടെ അപരിചിതന്‍ എഴുത്തുകാരിയോടു പറഞ്ഞത് എന്ന കഥയിലാണ് വന്നതെന്നും അത് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണോ അല്ലയോ എന്ന അന്വേഷണമാണ് വസന്തകുമാരിയിലേക്കെത്തിയതെന്നുമുള്ള ‘നാദമുണ്ട് ശ്ബ്ദമില്ല’എന്നപ്രിയാ വര്‍ഗീസിന്റെ ലേഖനമുള്‍പ്പെടെവസ്ത്രകുമാരിയുടെ ജീവിതത്തെ അടുത്തറിയുന്ന ഒരുപാടുപേരുടെ ഓര്‍മക്കുറിപ്പാണിത്. സാഹിത്യലോകത്ത് അറിപ്പെടാതെപോയ ഒരു എഴുത്തുകാരിയെക്കൂടി വായിക്കാന്‍ കഴിഞ്ഞ സംതൃപ്തി തരുന്നു ഈ ലക്കം ഭാഷാ പോഷിണി. കൂടാതെ ഇതേ ലക്കം തന്നെ ഭാഷാപോഷിണിയില്‍ ‘ടെക്‌നോളജിയും മൂല്യങ്ങളും’എന്ന സനല്‍ വിയുടെ ലേഖനം ശാസ്ത്രം, സാങ്കേതികത, മൂല്യങ്ങള്‍ എന്നിവയുടെ ബന്ധം പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നു.മാനുഷിക സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് ടെക്‌നോളജിയെ നിയന്ത്രിക്കാനും നയിക്കാനും കഴിയുമോ? സാങ്കേതിക വിദ്യ ശാസ്ത്രത്തെപ്പോലെ മൂല്യനിരപേക്ഷമാണോ?

ടെക്‌നോളജി ഇന്ന് മാര്‍ഗം മാത്രമല്ല ലക്ഷ്യം തന്നെയാണെന്നും മനുഷ്യന്റെ വസ്ത്രം പാര്‍പ്പിടം ആഹാരം തുടങ്ങിയ പ്രാഥമികാവശ്യങ്ങളെ ഫലപ്രദമായി നിറവേറ്റുന്ന ഉപകരണയുക്തിയുടെ പ്രയോഗമായി ടെക്‌നോളജിയെ കാണാന്‍ വയ്യെന്നും പറയുന്ന ലേഖനം ശാസ്ത്രവും മുതലാളിത്തവുമായി ഉറ്റബന്ധം സ്ഥാപിക്കുന്നതിലൂടെ ടെക്‌നോളജി മനുഷ്യനപ്പുറത്തേക്ക് കുതിക്കാന്‍ തയ്യാറായിരിക്കുന്നു എന്നുകൂടി കണ്ടെത്തുന്നു. ആര്‍ക്കമിഡീസ് പ്ലവനതത്വം കണ്ടുപിടിക്കുന്നതിനു മുമ്പേ കപ്പലോടിച്ചിരുന്നുവെന്നും പ്രകാശത്തിന്റെ നിയമങ്ങള്‍ വെളിച്ചത്താകും മുമ്പേ ഗലീലിയോ ടെലസ്‌കോപ്പ് ഉണ്ടാക്കി എന്നും പറഞ്ഞുകൊണ്ടു ശാസ്ത്രത്തിന്റെ പ്രയോഗമാണ് ടെക്‌നോളജി എന്ന വാദത്തെയും മറികടക്കാന്‍ ലേഖകന്‍ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നുണ്ട്. വായനാ ക്ഷമതയുള്ള കൂടുതല്‍ ജിഞാസയുണ്ടാക്കുന്ന ലേഖനമാണിത്.

Related Articles