Current Date

Search
Close this search box.
Search
Close this search box.

മതേതര പ്രസിദ്ധീകരണങ്ങളിലെ മതഗവേഷണങ്ങള്‍

തേങ്ങാപൂള്‍ കൊണ്ട് നോമ്പുതുറന്നാല്‍ കേര കര്‍ഷകര്‍ രക്ഷപ്പെടും!

മുസ്‌ലിം പ്രസിദ്ധീകരണങ്ങളേക്കാള്‍ പോയവാരം ശ്രദ്ദേയമായ ഇസ്ലാം/മുസ്‌ലിം വായനകള്‍ നടത്തിയത് മതേതര ആനുകാലികങ്ങളാണ്. കേരള മുസ് ലിം പരിസരത്തു നിന്നുകൊണ്ടുള്ള സാംസ്‌കാരിക വായനകളും വിശകലനങ്ങളുമാണ് പുതിയ സമകാലിക മലയാളവും പച്ചക്കുതിരയും നിര്‍വഹിച്ചത്. ‘പിളര്‍ന്നു തീരുന്ന മുജാഹിദ് പ്രസ്ഥാനം’ എന്ന ഏ വി ഫിര്‍ദൗസിന്റെ പഠന ലേഖനമായിരുന്നു ഇതില്‍ ഏറ്റവും മികച്ചത്. (മലയാളം വാരിക മാര്‍ച്ച് 22). കഴിഞ്ഞ കുറേ കാലമായി പല മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം ലേഖനങ്ങളിലൊന്നാണ് മുജഹിദ് പിളര്‍പ്പുകളും തുടര്‍ന്ന് അരങ്ങേറുന്ന വാദകോലാഹലങ്ങളും. വിശകലന രീതിയുടെ കുലീനത കൊണ്ടും മാന്യമായ ശൈലികൊണ്ടും മുഴുവന്‍ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്കും മാതൃകയാകും വിധമായിരുന്നു ഈ വിഷയത്തിലെ മലയാളം വാരികയിലെ ലേഖനം. മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ ഉത്ഭവ ചരിത്രവും അതിന്റെ പ്രത്യയശാസ്ത്ര വശങ്ങളും പിളര്‍പ്പുകളുടെ വര്‍ത്തമാനാവസ്ഥയുമെല്ലാം ലേഖനം സവിസ്തരം പ്രതിപാദിക്കുന്നു. വിശദാംശങ്ങളിലും നിരീക്ഷണങ്ങളിലും പലര്‍ക്കും വിയോജിക്കാമെങ്കിലും വിശകലന രീതി അംഗീകരിച്ചേ മതിയാകൂ.

വാരികയിലെ രണ്ടാമത്തെ മുസ്‌ലിം ഇഷ്യൂ പ്രശസ്ത എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദിന്റെ മുസ്‌ലിം വിവാഹ രംഗങ്ങളിലെ അനാചാരങ്ങളെ കുറിച്ചുള്ള ലേഖനമാണ്. ഇന്നും സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മൈസൂര്‍ വിവാഹങ്ങളെ മുന്‍നിര്‍ത്തി അത്തരമൊന്നിലേക്ക് പെണ്‍മക്കളെ കെട്ടിയയക്കാനുള്ള നിര്‍ബന്ധിതാവസ്ഥ മുസ് ലിം സമുദായത്തില്‍ എങ്ങനെ വന്നുചേര്‍ന്നുവെന്നാണ് ലേഖന്‍ പരിശോധിക്കുന്നത്. സ്ത്രീധന സമ്പ്രദായത്തിന്റെ സര്‍വവിധ പ്രത്യാഘാതങ്ങളും ലേഖനത്തില്‍ ഇഴകീറി പരിശോധിക്കപ്പെടുന്നു. ‘രാഷ്ട്രീയ കാര്യങ്ങളില്‍ അമിത ജാഗ്രത കാട്ടുന്ന സമുദായ നേതൃത്വം വിവാഹ ധൂര്‍ത്തുകള്‍ക്ക് പച്ചക്കൊടി വീശുന്നത് ഏറ്റവും വലിയ സമുദായ ദ്രോഹമാണ്‘ എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.’  മഹാ സമ്മേളനങ്ങള്‍ നടത്തുന്ന സമുദായ സംഘടനകള്‍ യഥാര്‍ഥ സാമൂഹ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാതെ പോകുമ്പോള്‍ എരിതീയില്‍ വെന്തുരുകുന്നത് സ്ത്രീകളാണ്. അപ്പോഴും പ്രബോധന സമ്മേളനങ്ങളില്‍ സ്ത്രീകളോട് ഏറ്റവുമേറെ അനുതാപവും കാരുണ്യുവും കാണിച്ച മതം ഇസ് ലാമാണെന്ന് ഉദ്‌ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും’. ഹാഫിസ് മുഹമ്മദ് പറയുന്ന അനാചാരങ്ങളോട് തത്വത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളും എതിര്‍ നിലപാട് സ്വീകരിക്കുന്നവരാണ്. പക്ഷേ, ഇന്നും മുസ്‌ലിം സ്ത്രീ സമുദായത്തിന് മൊത്തം ഒരു ഭാരമാണ്. ആ ഭാരം ഇറക്കിവെക്കണമെങ്കില്‍ രാഷ്ട്രീയ- സാമുദായിക വിഷയങ്ങളില്‍ കാണിക്കുന്ന ഏകോപനത്തിന്റെയും ഐക്യത്തിന്റെയും അമിതജാഗ്രതയുടെ ചെറിയൊരു അംശമെങ്കിലും എല്ലാവരും ഒന്നിച്ച് ഈ വിഷയത്തിലും കാണിക്കേണ്ടിയിരിക്കുന്നു.  ഏതായാലും പതിവ് ഏകപക്ഷീയമായ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമുദായം മനസ്സിരുത്തി വായിക്കേണ്ട രണ്ട് ലേഖനങ്ങളാണ് മലയാളം വാരിക പോയവാരം സമര്‍പ്പിച്ചത്.

‘നാളീകേരത്തെ രക്ഷിക്കാന്‍ കേരളീയ മുസ്‌ലിംകള്‍ക്ക് കഴിയുന്നതെങ്ങനെ? – സംശയിക്കേണ്ട കേരളത്തിലെ ഒരു മതേതര പ്രസിദ്ധീകരണത്തില്‍ (പച്ചക്കുതിര- മാര്‍ച്ച്) വളരെ സവിശേഷതയോടെ നല്‍കിയ ഒരു കുറിപ്പിന്റെ തലക്കെട്ടാണിത്. കേരളീയ പരിസരത്തിന്റെ പ്രത്യേകത മനസ്സിലാക്കി നോമ്പുതുറക്കുമ്പോള്‍ മുസ്‌ലിംകള്‍ ഈത്തപ്പഴത്തിനു പകരം തേങ്ങാപ്പൂളും കരിക്കുവെള്ളവും ഉപയോഗിച്ചാല്‍ കേരകര്‍ഷകര്‍ രക്ഷപ്പെടും എന്നാണ് കുറിപ്പിന്റെ രത്‌ന ചുരുക്കും. നോമ്പു തുറക്കുമ്പോള്‍ കാരക്ക ഉപയോഗിക്കാനുള്ള നബിയുടെ തീരുമാനത്തിന് പിന്നില്‍ അതിന്റെ പ്രോട്ടീന്‍ സമൃദ്ധി മാത്രമല്ല, വിപണന സാധ്യത കൂടിയാണെന്ന് കുറിപ്പുകാരന്‍ കെ എ മുഹമ്മദ് സംശയിക്കുന്നു. അദ്ദേഹത്തിന്റെ വരികള്‍. ‘ഒരു കാര്‍ഷികോല്‍പന്നം വിപണനം ചെയ്യപ്പെടണമെന്ന ഒരു സാമ്പത്തിക ശാസ്ത്രം അതിന്റെ പിന്നിലുണ്ടെന്നു തോന്നുന്നു. ….അങ്ങനെയെങ്കില്‍ എന്റെയൊരു എളിയ വിചാരം കേരള മുസ് ലിംകള്‍ കരിക്കുകുടിച്ചല്ലേ നോമ്പു തുറക്കേണ്ടത്? നമുക്ക് എന്നേ കരിക്കുകച്ചവടം തുടങ്ങാമായിരുന്നു!. എന്തിനാണ് ഈ ഉണങ്ങിക്കൊട്ടയടിച്ച കാരക്ക? ‘.

നമ്മുടെ മതേതര പ്രസിദ്ധീകരണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ‘ഇജ്തിഹാദുകളാണ്’ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ നടക്കുന്നതെങ്കില്‍ പല പിളര്‍പ്പുകളും ഒഴിവാക്കാമായിരുന്നുവെന്ന് മാത്രമല്ല, കേരള കാര്‍ഷിക രംഗം പച്ചപിടിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ എന്തു ചെയ്യാം മതേതര യുക്തികള്‍ മതപ്രസിദ്ധീകരണങ്ങളില്‍ വിതയ്ക്കപ്പെടാതെ പോകുന്നു. പച്ചക്കുതിരെ മാസികയിലെ തന്നെ ഡോ. പി എ അബൂബക്കറിന്റെ കുറിപ്പും പങ്കുവെക്കേണ്ടതാണ്. കേരളത്തിലെ ശിയാ സംസ്‌കാരത്തിന്റെ ഉന്മൂലനത്തെ കുറിച്ച് ഡോക്ടര്‍ പച്ചക്കുതിര ജനുവരി ലക്കത്തില്‍ ലേഖനമെഴുതിയിരുന്നു. ഫെബ്രുവരി ലക്കത്തില്‍ അതിന് ചില കുറിപ്പുകള്‍ വന്നു. അവയോട് പുതിയ ലക്കത്തില്‍ അദ്ധേഹം പ്രതികരിക്കുകയാണ്. കേരളത്തില്‍ ശിയാ വിരോധം പ്രചരിപ്പിച്ചത് വഹാബി താലിബാനിസ്റ്റ് ആശയങ്ങള്‍ കേരളത്തില്‍ പ്രചരിച്ചതോടെയാണ്. തീവ്ര ആശയങ്ങളും ഭീകരതയും ചെറുത്ത് തോല്‍പിക്കേണ്ടത് മതേതരവ്യവസ്ഥതക്കകത്ത് നിന്നല്ല, മറിച്ച് മതത്തിനകത്തു നിന്നുതന്നെയാണ് എന്നദ്ദേഹം സമര്‍ഥിക്കുന്നു. ‘മതവിരുദ്ധതയെന്ന ആയുധം ഉപയോഗിച്ച് തീവ്രവാദത്തെ നേരിടുന്നത് സാധാരണക്കാരായ മതവിശ്വാസികളെ മതതീവ്രവാദികളാക്കാനാണ് ഉപകരിക്കുക. മതതീവ്രവാദത്തെ നേരിടാനുള്ള ശക്തമായ ആയുധം മതം തന്നെയാണ്. അതെടുത്താണ് പയറ്റേണ്ടത്’. കേരളീയ ബഹുസ്വരതയില്‍ ആഘോഷങ്ങളോട് സമുദായം ഇടപഴകേണ്ട രീതി ഡോക്ടര്‍ പഠിപ്പിക്കുന്നതിങ്ങനെ. ‘  അമുസ്‌ലിം അയല്‍ വാസിയുടെ വീട്ടില്‍ പോയി തിരുവോണപ്പായസം ഉണ്ണാന്‍ പാടുണ്ടോ ഇല്ലേ എന്ന വിവാദത്തില്‍ ഏര്‍പ്പെടുന്നതിന് പകരം സ്വന്തം വീട്ടില്‍ തന്നെ പായസവും പൂക്കളും ഒരുക്കിക്കൊണ്ട് ഓണം ആഘോഷിക്കാനാണ് കേരളത്തിലെ മുസ്‌ലിംകളെ നാം ഉപദേശിക്കേണ്ടത്’.

പ്രസിദ്ധീകരണം മതേതരമാകുമ്പോള്‍ എഴുത്തിന്റെ ചായ്‌വ്  മതത്തേക്കാള്‍ അങ്ങോട്ടാവുക സ്വാഭാവികം. എങ്കിലും വിയോജിപ്പുകളോടൊപ്പം ചില പാഠങ്ങളും നല്ല നിരീക്ഷണങ്ങളും അബൂബക്കര്‍ സാഹിബിന്റെ കുറിപ്പിലുണ്ട് എന്ന് പറയാതെ വയ്യ.

ഇത്രയും പറഞ്ഞത് മതേതര പ്രസിദ്ധീകരണങ്ങളുടെ പോയവാരത്തിലെ മലയാള മുസ്‌ലിം വിശേഷങ്ങളാണ്. ഇനി മുസ്‌ലിം ആനുകാലികങ്ങളിലേക്കൊരു ഓട്ടപ്രദക്ഷിണം: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പുറത്തിറങ്ങുന്ന ‘തെളിച്ചം’ മാസികയുടെ മാര്‍ച്ച് ലക്കത്തെ സവിശേഷമാക്കുന്നത് ഇ.ടി മുഹമ്മദ് ബഷീറുമായുള്ള ദീര്‍ഘ അഭിമുഖമാണ്. കഴിഞ്ഞ നാലര വര്‍ഷത്തെ പാര്‍ലമെന്റംഗമെന്ന നിലക്ക് ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും മുസ്ലിം ജീവിതത്തെ തൊട്ടറിഞ്ഞ ബഷീര്‍ ഇന്ത്യന്‍ മുസല്‍മാന്റെ സമകാലിക സാമൂഹികാവസ്ഥയെ പറ്റി തികഞ്ഞ ബോധവാനാണെന്ന് അഭിമുഖം വ്യക്തമാക്കുന്നു. വ്യാജ തീവ്രവാദ വേട്ട, അന്യായ തടവുകള്‍, കരിനിയമങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി സമുദായ പ്രശ്‌നങ്ങളില്‍ മുസ്‌ലിം ലീഗ് കണിശമായി ഇടപടേണ്ട സമയമാണിതെന്ന ബഷീര്‍ തുറന്ന് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ പല കാരണങ്ങളാല്‍ ഈ വിഷയത്തില്‍ തന്റെ പാര്‍ട്ടി പിന്നോക്കം പോയിട്ടുണ്ടെന്ന് അദ്ദേഹം പരസ്യമായി സമ്മതിക്കുന്നു. മഅ്ദനി- സകരിയ്യ-ഇ മെയില്‍ വിവാദം, ബീമാ പള്ളി വെിവെപ്പ് തുടങ്ങി സമീപകാല വിഷയങ്ങളിലെല്ലാമുള്ള ലീഗ് നിലപാടിനെ അദ്ദേഹം പുനര്‍വിചാരണ ചെയ്യുന്നുണ്ട്.

ഒപ്പം പരിസ്ഥിതി ഇടപെടലുകളും സേവന പ്രവര്‍ത്തനങ്ങളും ലീഗിന്റെ പാര്‍ട്ടി പരിപാടിയായി മാറ്റുമെന്നും ഇ.ടി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിലെ മുസ് ലിം സംഘടനകള്‍ ചില്ലറ വിഷയങ്ങളില്‍ ഗുസ്തി പിടിച്ച് സമയം കളയരുത്, വിദ്യാഭ്യാസ -സേവന പ്രവര്‍ത്തികളുമായി ഉത്തരേന്ത്യയിലേക്ക് കടന്നുചെല്ലണമെന്നും ബഷീര്‍ അഭ്യര്‍ഥിക്കുന്നു. നാലര വര്‍ഷത്തെ ദല്‍ഹി അനുഭവം ഇ ടിക്ക് ചില തിരിച്ചറിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് അഭിമുഖം വായിക്കുമ്പോള്‍ മനസ്സിലാക്കാം. ആ അനുഭവങ്ങളെ തന്റെതുള്‍പ്പടെയുള്ള സംഘടന അജണ്ടകളിലേക്ക് ചേര്‍ത്ത് വെക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

ബഷീര്‍ അഭിമുഖത്തില്‍ പറഞ്ഞ ഉത്തരേന്ത്യന്‍ ചിത്രങ്ങളാണ് സുന്നി അഫ്കാറില്‍(മാര്‍ച്ച് 27) മുഖ്യ ലേഖനമായി വന്നിരിക്കുന്നത്. ‘ഒരു ജനത സൂര്യോദയം കാത്തു കഴിയുന്നു’  എന്ന ലേഖനമെഴുതിയിരിക്കുന്നത് ഷഫീഖ് വഴിപ്പാറയാണ്. കഴിഞ്ഞ ലക്കത്തെ മുസ് ലിം വാരികകളില്‍ ഏറ്റവും മികച്ച കവര്‍ ലേ ഔട്ടിംഗായി അനുഭവപ്പെട്ടത് ശബാബ് വാരികയുടെതാണ്. ആര്‍ എസ് എസുകാരന്റെ കാവിനിക്കറില്‍ സംഘപരിവാരത്തിന്റെ ഉത്ഭവ ചരിത്രവും വളര്‍ച്ചയും അടയാളപ്പെടുത്തുന്നതാണ് ശബാബിന്റെ കവര്‍. 2014 ദേശീയ ഇലക്ഷനെ മുന്‍നിര്‍ത്തി മോഡിയുടെ ദേശീയ എഴുന്നള്ളിപ്പിനെ ഇഴകീറി പരിശോധിക്കുകയാണ് ലേഖനങ്ങള്‍. ഒപ്പം ഇന്ത്യയുടെ സമീപകാല രാഷ്ട്രീയാവസ്ഥയും വിശകലനം ചെയ്യപ്പെടുന്നുണ്ട്. സുഫയാന്‍ അബ്ദുസത്താര്‍ എഴുതിയ’ ചെമനാട്- നവോഥാനത്തിന്റെ രണ്ട് നൂറ്റാണ്ടുകള്‍’ എന്ന ഫീച്ചര്‍ പ്രാദേശിക ചരിത്രമെഴുത്തിന്റെ പ്രശംസാര്‍ഹമായ മാതൃകയാണ്.

മീനമാസ ചൂടിലേക്കും വരള്‍ച്ചയിലേക്കും പ്രവേശിച്ച കേരളീയ ജീവിതത്തെ മുന്‍നിര്‍ത്തി നമ്മുടെ ജല ജീവിതത്തെ വിചാരണ ചെയ്യുന്ന ലേഖനങ്ങള്‍ കവര്‍‌സ്റ്റോറി ആക്കിയാണ് പ്രബോധനവും ആരാമവും പുതിയ ലക്കങ്ങള്‍ ഇറങ്ങിയത്. ഇതര മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ നിന്ന് രിസാലയെ ശ്രദ്ദേയമാക്കുന്ന ഒരു സവിശേഷത കവിതകള്‍ക്ക് വാരിക നല്‍കുന്ന പ്രാധാന്യമാണ്. പലരും വല്ലപ്പോഴുമൊരിക്കല്‍ ഒരു കവിത പ്രസിദ്ധീകരിക്കുന്നവരോ, സ്ഥിരം പ്രസിദ്ദീകരിക്കുന്നവര്‍ അതിനെ പ്രത്യേക പേജുകളിലേക്ക് ഒതുക്കുന്നവരോ ആണ്. എന്നാല്‍ പലപ്പോഴും രിസാല ആരംഭിക്കുന്നത് ഒരു മികച്ച കവിത കൊണ്ടായിരിക്കും. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് റഹീം പൊന്നാടിന്റെ കവിത കൊണ്ടാരംഭിക്കുന്ന കഴിഞ്ഞ ലക്കം രിസാല.

Related Articles