Current Date

Search
Close this search box.
Search
Close this search box.

ഭൂമിയിലെ ഏറ്റവും വലിയ ഷോയാണ് ഇന്ത്യയിലെ തെരെഞ്ഞെടുപ്പ്

സര്‍വ്വരും ഇലക്ഷന്‍ ചൂടിലാണ്. ചാനലുകളും പത്രങ്ങളും ആഴ്ചപ്പതിപ്പുകളുമെല്ലാം വിഭിന്ന പാര്‍ട്ടികളുടെ സാധ്യതകളെപ്പറ്റിയുള്ള നിരീക്ഷണ കോലാഹലങ്ങളിലാണ്. ഒരുപക്ഷേ  ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിലയേറുന്ന വളരെ കുറച്ച് ദിനങ്ങള്‍ ഈ ഇലക്ഷന്‍ കാലങ്ങളായിരിക്കും. ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ കോരന്റെ വീട്ടുമുറ്റത്ത് ചിരിക്കാനും കൈക്കൂപ്പി നില്‍ക്കാനും ഒരുത്തനും കാണില്ല. എന്നാലും കോരന്‍സ് ഹാപ്പിയാണ്.. ഒറ്റദിവസമെങ്കില്‍ ഒറ്റ ദിവസം തനിക്ക് റെസ്‌പെക്റ്റ് കിട്ടുന്നുണ്ടല്ലോ…

ഈയൊരു സംതൃപ്തിയില്‍ അഞ്ചുവര്‍ഷക്കാലം ജീവിതം തള്ളി നീക്കുന്നു എല്ലാ കോരന്‍മാരും. ആഴ്ച്ചപ്പതിപ്പുകളിലെ തെരെഞ്ഞുടുപ്പു വിശകലനങ്ങളില്‍ താരതമ്യെന നിലവാരം പുലര്‍ത്തിയ ഒന്നായിരുന്നു ഡോ . ജി ഗോപകുമാറിന്റേത് (കലാകൗമുദി മാര്‍ച്ച് 23)

പതിനാറാം ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചര്‍ യു പിയും ബീഹാറും ആയിരിക്ക്ുമെന്ന് എഴുതുന്നു അദ്ദേഹം. രണ്ട് സംസ്ഥാനങ്ങളും കൂടി 120 സീറ്റുണ്ട്. അവിടെ അമ്പത് ശതമാനം വോട്ട് നേടുന്നവര്‍ കേന്ദ്രത്തില്‍ നിര്‍ണായക ശക്തിയായിത്തീരും.. ഭൂമിയിലെ ഏറ്റവും വലിയ ഷോയാണ് ഇന്ത്യയിലെ തെരെഞ്ഞടുപ്പ് എന്നും തുടരുന്നു ഗോപകുമാര്‍. തെലങ്കാന വിഷയത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണവും ശ്രദ്ധേയം..

‘തെലങ്കാന ബില്‍ അവതരിപ്പിക്കാന്‍ ഇത്ര വൈകിയതെന്ത് കൊണ്ടാണ്.. രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉണ്ടാകുന്നത് അപകടകരമായ കാര്യമല്ല.. അതിന്റെ മാനദണ്ഡം വികസനപരമായിരിക്കണമെന്ന് മാത്രം. അമേരിക്കയില്‍ 30 കോടി ജനങ്ങള്‍ക്ക് 50 സംസ്ഥാനങ്ങളുണ്ട്. ഇന്ത്യയില്‍ 126 കോടി ജനങ്ങള്‍ക്ക് 28 സംസ്ഥാനങ്ങളും. 29ാമത്തേത് വരുന്നതിനെതിരെയാണ് തര്‍ക്കവും ബഹളവും അക്രമവും..’

സര്‍ക്കസുകാരന്‍ ബാലന്റെ കഥ
ഹൃദയം തൊടുന്ന ഫീച്ചറുകള്‍ കമല്‍റാം സജീവിന്റെതായി ഒട്ടേറെയുണ്ട്… ആഞ്ഞു കൊത്തുന്ന അനുഭവങ്ങള്‍ എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. ഫീച്ചറുകളുടെ സമാഹാരമാണത്… നാമറിയാതെ നമുക്കു ചുറ്റും പൊള്ളുന്ന ജീവിതങ്ങള്‍ ജീവിക്കുന്ന വളരെ പേരുടെ കഥകള്‍.. അതോ കടംകഥകളോ…
ശ്രീധരന്‍ ട്രൂപ്പ് ബാലന്‍ അഥവാ എന്‍ ബാലകൃഷ്ണന്‍ എന്ന സര്‍ക്കസ്സുകാരന്റെ ജീവിതം പകര്‍ത്തുന്നു കമല്‍റാം സജീവ്. (പച്ചക്കുതിര, മാര്‍ച്ച്).

സര്‍ക്കസ്സുകളെല്ലാം നാടൊഴിഞ്ഞ് റിയാലിറ്റിഷോകളില്‍ ആള്‍ക്കൂട്ടങ്ങള്‍ അഭിരമിക്കുന്ന കാലത്ത് പഴയ കാലങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബാലന്‍.
ഞാനൊരു സര്‍ക്കസ്സുകാരനായിരുന്നു എന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നത് പണ്ട് കാലത്തെടുത്ത ഫോട്ടോകളാണ്. ആനപ്പന്തിയും കുതിരാലയങ്ങളും നിറഞ്ഞ,
ഹിപ്പപ്പൊട്ടാമസും സീബ്രകളും കൗതുകങ്ങളായ സര്‍ക്കസിന്റെ രാജകീയ ഭൂതകാലും ആ ഫോട്ടോകളില്‍ നിറഞ്ഞു നിന്നു..
അതിലേക്ക് നോക്കി ബാലേട്ടന്‍ പറഞ്ഞു. ‘നൂറുകണക്കിന് മനുഷ്യര്‍ ഇത്തരം സര്‍ക്കസുകളിലുണ്ടാവും.. എന്നാല്‍ ആനയാവട്ടെ കുതിരയാവട്ടെ.. ചിമ്പാന്‍സിയാവട്ടെ ഇവരോടായിരിക്കും മുതലാളിക്ക് ഇഷ്ടക്കൂടുതല്‍.. മാസാവസാനം അമ്മയ്ക്ക് മണിയോര്‍ഡര്‍ അയക്കണമെന്ന് പറഞ്ഞ് ഒരു ഹിപ്പപ്പൊട്ടാമസും മുതലാളിയുടെ മുറിക്ക് മുന്നില്‍ കാത്ത് നില്‍ക്കില്ലല്ലോ..’

ഇടതുയുവത്വത്തിന്റെ ബാത്‌റൂം സാഹിത്യം
അശ്ലീലങ്ങളും മറ്റുള്ളവരെ പറ്റിയുള്ള അപവാദങ്ങളും എല്ലാം പൊതു മൂത്രപ്പുരയുടെ ചുമരുകളിലായിരുന്നു പണ്ട്… ഇന്ന് സകലതോന്ന്യാസങ്ങളും ഫ്ലക്സ് ബോര്‍ഡിലാക്കി നാലാള്‍ കാണ്‍കെ  വെച്ചാലേ പലര്‍ക്കും വിപ്ലവം ചെയ്ത ആനന്ദം കിട്ടൂ.. സരിതയേയും രാഷ്ട്രീയക്കാരേയും ബന്ധിപ്പിച്ചുള്ള ഇടതുപക്ഷ വിപ്ലവ യുവത്വത്തിന്റെ ഫ്ലക്സ്ബോഡുകള്‍ നിറയെ കാണാം കേരളത്തിലങ്ങോളമിങ്ങോളം..

പണ്ടത്തെ ബാത്‌റൂം സാഹിത്യം ഫ്ലക്സ്ബോഡിന്റെ രൂപത്തില്‍ തിരികെ വരികയാണോ.. ഹേമ. സിഎന്‍ ഈ വിഷയകരമായി എഴുതിയ ലേഖനം (പാഠഭേദം , മാര്‍ച്ച്) ശരിക്കും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് തോന്നുന്നു..

‘വീണ്ടുമൊരു സ്മാര്‍ത്ത വിചാരണക്ക് മുന്നില്‍ കേരളം പതറി നില്‍ക്കുന്നു.. അടുത്തത് ആരുടെ പേര്..?..
ഒളിഞ്ഞു നോട്ടത്തിന്റെ സുഖം പകരുന്ന അളിഞ്ഞ പത്ര പ്രവര്‍ത്തനത്തിന്റെ നാറ്റത്തില്‍ നിന്നും കേരളം എന്നാണ് രക്ഷപ്പെടുക,,?
മൂത്രപ്പുരയുടെ ചുമരുകളില്‍ നിന്ന് വികൃത കാമഭാവനകളെ തെരുവോരത്തെ ഫ്ലക്സ് ബോഡിലെത്തിക്കാന്‍ മാത്രം നമ്മുടെ രാഷ്ടീയ യുവത്വം വളര്‍ച്ച നേടിയിട്ടുണ്ടല്ലോ..’

Related Articles