Current Date

Search
Close this search box.
Search
Close this search box.

ബാലറ്റ് ഓര്‍ ബുളളറ്റ്

സഹവര്‍ത്തിത്വമാണോ, സംഘട്ടനമാണോ നാഗരികതകളുടെ ഉത്ഥാനപതനങ്ങളെ സ്വാധീനിക്കുന്നത് എന്ന ചര്‍ച്ച നടക്കുമ്പോഴും ദേശരാഷ്ട്രങ്ങളുടെ ഭൂപടങ്ങള്‍ മാറ്റിവരക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ മുല്ലപ്പൂ വസന്തങ്ങളിലൂടെ വിപ്ലവ സുഗന്ധം പരന്നപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ വെടിപ്പുകയുടെ രൂക്ഷഗന്ധം ഇനിയും അടങ്ങിയിട്ടില്ല. നാഗരികതകളും, ഭൂപടങ്ങളും മനുഷ്യസൃഷ്ടികളായതിനാല്‍ അവയെല്ലാം പരിവര്‍ത്തന സ്വഭാവമുള്ളതും, നാശോന്മുഖമാണെന്നുള്ള ദൈവികചര്യ മാറ്റമില്ലാതെ തുടരുകയാണ്. ‘BALLOT OR BULLET’ എന്ന മാല്‍കം എക്‌സിന്റെ വാചകം അധികാര കൈമാറ്റത്തിന് കാരണമാകുന്ന രണ്ട് രീതികളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നുണ്ട്. ആധിപത്യ മനോഭാവം വെച്ചു പുലര്‍ത്തുന്ന പ്രത്യയശാസ്ത്രങ്ങളൊക്കെ തന്നെ ഇവയില്‍ ഏതെങ്കിലുമൊന്നോ, അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ഉപയോഗിച്ചാണ് തങ്ങളുടെ അധികാരവും, ഭൂമിശാസ്ത്രപരമായ അധികാര മേഖലകളും നിശ്ചയിക്കുന്നത്.

അറബ് ലോകം/നവ ഭൂപടനിര്‍മാണം
ഒന്നാം ലോകയുദ്ധത്തിന് ശേഷമാണ് ബ്രിട്ടനും ഫ്രാന്‍സും കൂടി ഒരുമിച്ചിരുന്ന് കടലാസും പെന്‍സിലും കൊണ്ട് വന്ന് മധ്യപൗരസ്ത്യ ദേശ രാഷ്ട്രങ്ങളിലെ അറബികള്‍ക്ക് ഇന്ന് അവരുടെ കൈയ്യിലിരിക്കുന്ന ഭൂപടം വരച്ച് കൊടുത്തത്. യജമാനന്‍മാര്‍ അവിടം വിട്ട് പോകുന്നതിന് മുമ്പ് തങ്ങളുടെ മുഷിഞ്ഞ അടിവസ്ത്രം അവിടെ അഴിച്ചിട്ടാണ് സ്ഥലം കാലിയാക്കിയത്. അതും എടുത്തണിഞ്ഞാണ് അത്താതുര്‍ക്ക് മുതല്‍ മുബാറക് വരെയുള്ളവര്‍ ഇത്രയും കാലം വിലസിയത്. ഏകാധിപതികളുടെ വസ്ത്രാക്ഷേപം നടത്തി കൊണ്ടാണ് ഈജിപ്തിലും, തുനീഷ്യയിലും മുലപ്പൂ വസന്തം കടന്നു വന്നത്. ഈജിപ്തില്‍ ഇന്നാകെ വെടിപ്പുകയുടെ രൂക്ഷഗന്ധമാണുള്ളത്. ഇറാഖിലും സിറിയയിലും തഥൈവ. സാമുവല്‍ ഹണ്ടിംഗ്ടന്റെ വാദത്തിന് തെറ്റുപറ്റിയെന്ന് ഒരുപക്ഷെ ഇന്ന് മധ്യപൗരസ്ത്യം നിരീക്ഷിക്കുന്ന ഒരാള്‍ ധരിച്ചേക്കാം. കാരണം അവിടെ നാഗരികതകള്‍ തമ്മിലല്ല പ്രത്യക്ഷത്തില്‍ സംഘട്ടനം നടക്കുന്നത്. മറിച്ച് ഒരേ ജനത തന്നെയാണ് വേര്‍തിരിഞ്ഞ് പോരടിക്കുന്നത്. എന്നാല്‍ ആരാണ് അവരെ ആയുധമണിയിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം വെടിപ്പുക നിറഞ്ഞ അന്തരീക്ഷത്തില്‍ അവ്യക്തമായി തുടരുകയാണ്. സിറിയയുടെയും ഇറാഖിന്റെയും അതിര്‍ത്തികള്‍ മാറ്റി വരച്ചു കൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് ‘ഖിലാഫത്ത്’ പ്രഖ്യാപിച്ചു. ഭൂപടങ്ങളിള്‍ അങ്ങിങ്ങായി വരകളും കുറികളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ‘ചരിത്രത്തിന്റെ എതിര്‍ദിശയിലേക്ക് നീങ്ങുന്ന അറബ് ലോകം‘ എന്ന ഫഹ്മീ ഹുവൈദിയുടെ മധ്യപൗരസ്ത്യത്തെ സംഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള കുറിപ്പ് (പ്രബോധനം വാരിക 2014 ഒക്ടോ 24) കൂടുതല്‍ കാര്യങ്ങളേക്ക് വെളിച്ചം വീശുന്നുണ്ട്.

ഭാരതം/നവചരിത്രനിര്‍മാണം
ഇന്ത്യയില്‍ ഇന്ന് രണ്ട് ചരിത്രധാരകള്‍ തമ്മിലുള്ള സംഘട്ടനമാണ് സംജാതമായിട്ടുള്ളത്. ഹിന്ദുത്വ വാദികള്‍ ചരിത്രം തിരുത്തുന്നതിന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ തൂലിക പടവാളാക്കിയിരിക്കുകയാണ്. ഹിന്ദുത്വവാദികള്‍ പ്രതിനിധാനം ചെയ്യന്ന സവര്‍ണ്ണതയുടെ എല്ലാ വിധ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും പോരാടിയ സഹോദരന്‍ അയ്യപ്പന്‍ ഇപ്പോള്‍ സംഘ്പരിവാരത്തിന്റെ കൂടി സഹോദരനാണ്. ആര്യ പാരമ്പര്യത്തില്‍ ഒരുപോലെ ഊറ്റം കൊള്ളുന്ന ഹിറ്റ്‌ലറെയും, ഭാരതത്തിലെ ഹിന്ദുത്വവാദികളെയും രിസാല വാരികയില്‍ (ഒക്ടോ 15) ‘വിഷപാതകളില്‍ വീണുടയുന്ന ചരിത്ര സത്യങ്ങള്‍’ എന്ന തലകെട്ടിന് കീഴില്‍ ശാഹിദ് വിശകലനം ചെയ്യുന്നു. ചരിത്ര സത്യങ്ങള്‍ തിരുത്തുവാന്‍ വാക്കും വാളും എടുത്തിറങ്ങുന്നവര്‍ക്ക് ജനാധിപത്യ സ്ഥാപനങ്ങള്‍ തന്നെയാണ് അത്താഴമൊരുക്കുന്നത്.

ഐ.ബി ഭരിക്കുന്ന ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും ശക്തമായ ചാരസംഘടനയാണ് ഐ.ബി. ഭരണകൂടത്തിന്റെ നയങ്ങളെ വരെ സ്വാധീനിക്കാന്‍ മാത്രം ശക്തമാണ് അതിന്റെ സംവിധാനങ്ങള്‍. രാജ്യത്തെ നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണത്. സ്വന്തം ചെയ്തികള്‍ക്ക് ആരുടെ മുന്നിലും ഉത്തരം ബോധിപ്പിക്കേണ്ടതില്ല. അത് കൊണ്ട് തന്നെയാണ് ഹേമന്ദ് കാര്‍ക്കരയെ കൊന്നത് ആരാണെന്ന് ചോദിക്കാന്‍ പലരും മടിക്കുന്നത്. എന്തിനാണ് അജ്മല്‍ കസബിനെ തൂക്കിലേറ്റിയതെന്ന് അറിയാന്‍ ആര്‍ക്കും താല്‍പര്യമില്ലാത്തതിന്റെ കാരണമതാണ്. ഐ.ബിക്ക് വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമങ്ങള്‍, ഐ.ബിക്ക് വേണ്ടി സിനിമ നിര്‍മിക്കുന്ന ബോളീവുഡ്, ഐ.ബിക്ക് വേണ്ടി വിധികള്‍ തിരുത്തിയെഴുതുന്ന ജുഡീഷ്യറി. ഐ.ബിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നമ്മുടെ ചില ബോധ്യങ്ങള്‍ക്ക് മേലുള്ള ആഞ്ഞു കൊത്തലാണ് എസ്.എം മുഷ്‌രിഫിന്റെ ‘ഐ.ബി : കടിഞ്ഞാണില്ലാത്ത കുതിര‘ എന്ന ലേഖനത്തിലെ (തേജസ് വാരിക ഒക്ടോ 16) ഓരോ വരികളും.

നമ്മള്‍ ബാലറ്റ് പേപ്പറിലൂടെ അവരെ തെരഞ്ഞെടുക്കുന്നു. അവര്‍ നമ്മെ ബുള്ളറ്റ് മുനയില്‍ നിര്‍ത്തി ഭരിക്കുന്നു.

Related Articles