Current Date

Search
Close this search box.
Search
Close this search box.

പണ്ട് പണ്ട്… ഒരു മതേതരത്വ ഇന്ത്യയില്‍..

പത്തുവര്‍ഷം മുമ്പ് നടന്ന ഒരു കഥപറയുന്നുണ്ട് വി ആര്‍ ജയരാജ്. അന്ന് മുരളി മനോഹര്‍ ജോഷിയുടെ അംഗരക്ഷകനായിരുന്നു നരേന്ദ്ര മോഡി.
ഡല്‍ഹിയിലെ ഹിമാചല്‍ ഭവനില്‍ നടന്ന പത്രസമ്മേളനത്തില്‍ ചോദ്യോത്തര വേളയില്‍ വി ആര്‍ ജയരാജ് ചോദിച്ചു..
‘കശ്മീര്‍ ജ്വലിക്കുന്ന ഈ സമയത്ത് അങ്ങയുടെ ഈ അശ്വമേധം കൂടുതല്‍ മരണങ്ങള്‍ സൃഷ്ടിക്കാനല്ലേ ഉതകൂ..?'(ഭാരതയാത്രാ മധ്യേ ആയിരുന്നു ഈ പത്രസമ്മേളനം).
അതിനുത്തരം പറഞ്ഞത് മോഡി..
‘ചോദിക്കാവുന്ന ചോദ്യങ്ങള്‍ മതി. പത്രക്കാരാണെന്ന് കരുതി എന്തും ചോദിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.’
പത്രക്കാരോട് പോലും ഭീഷണസ്വരമുയര്‍ത്തുന്ന മോഡിയെ കണ്ട് ജയരാജ് സുഹൃത്തിന്റെ ചെവിയില്‍ പറഞ്ഞു..
‘ഇവന്‍ കലക്കുമെടേയ്..’
നരേന്ദ്ര മോഡി ശരിക്കും കലക്കി..
അല്ല, കലക്കിയത് കോണ്‍ഗ്രസ്സാണ്. കലക്കുവമെള്ളത്തില്‍ നിന്നും ആവോലിയും അയക്കൂറയും പിടിക്കുകയാണ് മോഡി ചെയ്തത്.

മോഡി ജയത്തോട് കൂടി ന്യൂനപക്ഷങ്ങള്‍  വല്ലാത്തൊരു ഭീതിയിലകപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. മതേതരത്വ ഇന്ത്യ എന്നത് കുട്ടികള്‍ക്ക് പണ്ട് നടന്ന ഒരു കഥയായി പറഞ്ഞുകൊടുക്കേണ്ട ഗതിയിലേക്ക് നമ്മള്‍ വഴിതിരിയുമോ എന്നവര്‍ ആശങ്കിക്കുന്നു. ഹരഹരമോഡി മന്ത്രം ചൊല്ലി ഫാന്‍സുകള്‍ക്ക് രൂപം കൊടുക്കുന്ന കാഴചയും നമ്മള്‍ കാണുന്നു.. മനുഷ്യര്‍ക്കിടയിലെ മതിലുകള്‍ക്ക് പിന്നെയും പിന്നെയും കനമേറുകയാണോ എന്ന് നമ്മില്‍ പേടി കൂടുക സ്വാഭാവികം…

ഒരു ഭാഗത്ത് അയ്യോ മോഡി വരുന്നു ഓടിക്കോ എന്നും മറ്റൊരു ഭാഗത്ത് ഹരഹരമോഡി ഫാന്‍സ് രൂപം കൊള്ളുകയും ചെയ്യുന്ന ഭീതിയെ പകര്‍ത്തുന്നുണ്ട് കെ ഇ എന്‍. (പച്ചക്കുതിര മെയ് 2014).

‘സാമൂഹ്യബോധം സ്തംഭിക്കുകയും വിമര്‍ശനാവബോധം ചോരുകയും ചെയ്യുമ്പോഴാണ് ഫാന്‍സുകള്‍ രൂപം കൊള്ളുന്നത്. ആത്മബോധമുള്ളവര്‍ക്കൊക്കെയും അസഹ്യമാകുന്ന പലതരം കോപ്പിരാട്ടികളെയാണ് ഫാന്‍സ് എന്ന് സ്വയം വിളിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ആഘോഷിക്കുന്നത്. സമ്പൂര്‍ണ വിധേയത്വത്തിനപ്പുറം മറ്റൊന്നും അവരുടെ കാര്യപരിപാടികളില്‍ കാണുകയില്ല. അവര്‍ക്കുവേണ്ടത് ആരാധിക്കാനൊരു വിഗ്രഹവും ജപിക്കാനൊരു മന്ത്രവുമാണ്. ഹരഹരമോഡി അതിലൊന്നുമാത്രം..’

മക്കളേ മരണം കൊണ്ട് തോല്‍ക്കരുതേ..
പത്താം ക്ലാസ് തോല്‍വികളും അതില്‍ മനം നൊന്തുള്ള വിദ്യാര്‍ഥി ആത്മഹത്യകളും പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു വിദ്യാഭ്യാസ കേരളത്തിന്. പിന്നീട് ഗ്രേഡിംഗ് സംവിധാനം വരികയും തോല്‍വികള്‍ അസാധാരണമാവുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥി ആത്മഹത്യകള്‍ കുറഞ്ഞുതുടങ്ങിയത്. നൂറ് ശതമാനം വിജയം കൊയ്യാനായി സ്‌കൂളുകള്‍ ഒമ്പതാംക്ലാസില്‍ കുട്ടികളെ തോല്‍പ്പിക്കുന്ന പതിവും കുറച്ചായി നമ്മള്‍ കണ്ടുവരുന്നതാണ്.. നിസ്‌ല എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയോടെ ഈ വിഷയം ഒന്നുകൂടി എല്ലാവരുടെയും ശ്രദ്ധയില്‍ വന്നിരിക്കുന്നു. ഇന്ത്യാ ടുഡേയിലെ കാഴ്ചവട്ടം (മെയ് 21) ഈ വിഷയത്തിലൂന്നിയാണ്.

എല്ലാവരെയും വിജയപ്പിച്ചുകൊണ്ട് ആത്മഹത്യ കുറക്കുകയല്ല., ഒരു ക്ലാസില്‍ തോല്‍ക്കുന്നതോടെ എല്ലാം തീര്‍ന്നു എന്ന രീതിയിലുള്ള കുട്ടികളുടെ മനോഭാവത്തിന് മാറ്റം വരുത്തലാണ് ആവശ്യമെന്ന് തോന്നുന്നു. മരണം കൊണ്ടാണ് യഥാര്‍ഥത്തില്‍ കുട്ടികള്‍ തോല്‍വി സമ്മതിക്കുന്നതെന്ന അവബോധമാണ് അവര്‍ക്ക് പകരേണ്ടത്.. മുമ്പ് മാധ്യമത്തിലോ മറ്റോ വന്ന ടൈറ്റില്‍ ഓര്‍മ വരുന്നു. ‘മക്കളേ മരണം കൊണ്ട് തോല്‍ക്കരുതേ..’

എന്‍ട്രന്‍സ്
മാധ്യമം വീക്ക്‌ലി യിലെ (മെയ് 19) റഫീഖ് അഹമ്മദിന്റെ എന്‍ട്രന്‍സ് എന്ന കവിത വളരെ ശ്രദ്ധേയമായിരുന്നു. സോക്രട്ടീസിനും അരിസ്‌റ്റോട്ടിലിനും ഡയോജനിസിനും മാര്കിസ്‌നും ദസ്തയേവിസ്‌കിക്ക്ും നാരായണഗുരുവിനും പൂന്താനത്തിനും വൈക്കം മൂഹമ്മദ് ബഷീറിനുമൊന്നും വിവിധ കാരണങ്ങളാല്‍ പരീക്ഷക്കെത്താന്‍ സാധിച്ചില്ല… അത് കൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയതെന്നെഴുതുന്നു റഫീഖ് അഹമ്മദ് കവിതയില്‍…
അവരൊക്കെ എന്‍ട്രന്‍സ് കടന്നില്ലെങ്കിലും പരീക്ഷാര്‍ഥികള്‍ക്ക് തീരാത്ത സൊല്ലയായി ചോദ്യക്കടലാസില്‍ കുടി പാര്‍ത്തു…!!

Related Articles