Current Date

Search
Close this search box.
Search
Close this search box.

നമുക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഇസ്‌ലാം തണല്‍ വിരിക്കുന്നത്

ചോദ്യം ചെയ്യലുകള്‍ അനിവാര്യമാണ്. മുന്‍തലമുറ പരസ്പരം തല്ലിപിരിഞ്ഞതിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണങ്ങള്‍ ചില മാനസാന്തരങ്ങളിലേക്ക് വഴിതുറക്കാറുണ്ട്. എന്തൊക്കെയോ താല്‍പര്യങ്ങളുടെ ചിതലുറുമ്പുകള്‍ സംഘടനാശരീരത്തെ കാര്‍ന്നു തിന്നപ്പോള്‍, കാമ്പ് ചോര്‍ന്ന് രണ്ടായി പിളര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാരണങ്ങള്‍ തിരയാന്‍ പലപ്പോഴും ബൗദ്ധിക ശണ്ഡത്വത്തില്‍ നിന്നുളവാകുന്ന, മേല്‍ശാസനകളോടുള്ള വിധേയത്വം അണികളെ അനുവദിക്കാറില്ല. പിന്നെ ആകെയള്ള വഴി നേതൃത്വത്തിന്റെ മുഖദാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന മൊഴിമുത്തുകളില്‍ നിന്നും ആവശ്യമുള്ളത് പെറുക്കിയെടുത്ത് സ്വന്തമായൊരു മാലകോര്‍ത്ത് മന്ത്രങ്ങളുടെ വിരല്‍ ചലനങ്ങളില്‍ ബന്ധിക്കുക മാത്രമാണ്.

കേരള മുസ്‌ലിം ചരിത്രത്തില്‍ ഏതൊരു ആശയാദര്‍ശ കൂട്ടങ്ങളെയും പോലെ വീണും എണീറ്റും ഇരുന്നും നടന്നും ഓടിയും സ്വന്തം ചരിത്ര ദൗത്യം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ ചരിത്രത്തിലെ പിളര്‍പ്പ് അവര്‍ തന്നെ വിശദീകരിക്കുന്ന കാഴ്ച്ച ഈ ആഴ്ച്ചയുടെ വായനയില്‍ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതിനോടുള്ള പുതുതലമുറയുടെ പ്രതികരണങ്ങളില്‍ തങ്ങള്‍ ആരാലാണ് താങ്ങി നിര്‍ത്തപ്പെടുന്നത് എന്ന് ചിന്തിക്കാനുള്ള വിവേകം നേതൃത്വത്തിന് നല്‍കാന്‍ ഉതകുന്നവ തന്നെയാണ്.

‘സുന്നികളുടെ സ്വത്വത്തിന് വേണ്ടി ഉസ്താദും എസ് വൈ എസും എക്കാലവും നിലനിന്നപ്പോള്‍, ആദ്യം ഇ കെക്കെതിരെ നില്‍ക്കുകയും പിന്നീട് അദ്ദേഹത്തെ അടര്‍ത്തിയെടുക്കുകയും ചെയ്ത വിഭാഗം അന്നും ഇന്നും എന്നും ബിദഇകളെ പ്രീണിപ്പിക്കാനാണ് താല്‍പര്യം കാട്ടിയത്. സമസ്തയുടെ സ്ഥാപിത ലക്ഷ്യം ആദര്‍ശ സംരക്ഷണവും ബിദഈ പ്രതിരോധവുമാണെങ്കില്‍, കെ എന്‍ എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മരിച്ചപ്പോള്‍ ‘സമസ്ത’ എന്നുപറഞ്ഞു നടക്കുന്നവരുടെ പ്രസിഡന്റ് അയാളുടെ വിയോഗം തീരാനഷ്ടമാണ് എന്ന് അനുശോചിക്കുന്ന സ്ഥിതി വിശേഷം എത്ര അനവധാനപൂര്‍ണമാണ്? കെ ടി മാനു മുസ്‌ലിയാര്‍ ഇപ്പറഞ്ഞ സമസ്തയുടെ സെക്രട്ടറിയായിരുന്നല്ലോ? അദ്ദേഹത്തിന്റെ ആണ്ടിന് ഇരുവിഭാഗം മുജാഹിദുകളുടെയും പ്രതിനിധികളും ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും ക്ഷണിക്കപ്പെട്ടിരുന്നു. ഇത്രക്കൊരു ആദര്‍ശപരമായ അര്‍ഥശൂന്യത മറ്റാരും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകില്ല’ രിസാല വാരികയില്‍ (2015 മാര്‍ച്ച് 4)പിളര്‍പ്പിന്റെയും അടുപ്പത്തിന്റെയും അകല്‍ച്ചയുടെയും മാനദണ്ഡങ്ങളെ കുറിച്ച് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു.

എന്തു കൊണ്ട് അവരില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്നതിന് സുന്നി അഫ്കാറില്‍ (2015 മാര്‍ച്ച് 11) കെ.സി അശ്‌റഫ് കുറ്റൂര്‍ വിശദീകരണം നല്‍കുന്നുണ്ട്.
ആത്മീയതയുടെ കമ്പോളവല്‍ക്കരണമാണ് 90-കള്‍ക്ക് ശേഷം മുസ്‌ലിം ജീവിതത്തെ ബാധിച്ച ഏറ്റവും വിഷമയമായ സാമൂഹിക രോഗം. ആത്മീയതയുടെ ഉത്തുംഗ പ്രകടന ഭാവങ്ങളായ ഖുതുബ്ബിയ്യത്തിനും കുത്താറാത്തീബിനും ദൃശ്യാവിഷ്‌കാരമൊരുക്കി അതിലും വിപണന സാധ്യത കണ്ടെത്തിയ, രണ്ട് ദശകം പിന്നിട്ട ഇവരുടെ പ്രവര്‍ത്തനത്തിന്റെ നേട്ടമാണിതും. തിരുനബി കുടുംബത്തോടുള്ള മുസ്‌ലിം വികാരം ചൂഷണം ചെയ്ത് നേരും ഊരുമറിയാത്ത വ്യക്തികളെ തങ്ങള്‍പട്ടം കെട്ടിച്ച് ആനയിച്ചും തിരുശേഷിപ്പുകളെന്ന വ്യാജേന ആക്രിവസ്തുക്കള്‍ക്ക് അമിത പ്രധാന്യം നല്‍കി അവതരിപ്പിച്ചും ആളും ഉടമയുമില്ലാത്ത ശിരോരോമങ്ങളെ പ്രവാചകനിലേക്ക് ചേര്‍ത്തു വച്ച് പണപ്പിരിവിന്റെ പുതിയ വഴികള്‍ തീര്‍ത്തും കമ്പോളവല്‍കൃത ആത്മീയതയ്ക്ക് പുതിയ ഛായങ്ങള്‍ പകരുകയായിരുന്നു.’

ഇവരോട് പുതുതലമുറക്കെന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാം.
സംഘടനയെക്കുറിച്ച് പറയുമ്പോള്‍ തന്നെ കൂടെ പറയേണ്ടതാണ് സംഘടനാവല്‍കരിക്കപ്പെട്ട മതത്തോടുള്ള കാമ്പസിനുള്ള മടുപ്പും…. മതത്തിനും സംഘടനക്കും അതീതമായി പരസ്പരം സഹകരിച്ചു ജീവിക്കാനുള്ള പരിശീലനമാണ് കാമ്പസ് നല്‍കുന്നത് എന്നതിനാല്‍ തന്നെ വിദ്യാര്‍ഥി ജീവിതത്തിനു ശേഷം കേരളത്തിലെ പൊതു സംഘടനാ പ്രവര്‍ത്തന രീതിയോട് അസംതൃപ്തി തോന്നുക സ്വാഭാവികമാണ്. ഇത് ചിന്താ ശേഷിയുള്ളവരുടെ മത രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്കിന് തന്നെ കാരണമാകും.’ മുസ്‌ലിം നേതൃത്വത്തോട് കാമ്പസിനെ പ്രതിനിധീകരിച്ചു കൊണ്ട് തെളിച്ചം മാസികയില്‍ (2015 മാര്‍ച്ച്) മുഹമ്മദ് ജൗഹര്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.

അതെ, നമുക്കെല്ലാം വേണ്ടിയാണ് ഇസ്‌ലാം ഐക്യത്തിന്റെ തണല്‍ വിരിച്ച് പടര്‍ന്നു നില്‍ക്കുന്നത്. പിന്നെന്തിനാണ് നാം അനൈക്യത്തിന്റെ ചെറുതണല്‍ കുടകള്‍ ചൂടുന്നത്?

Related Articles