Current Date

Search
Close this search box.
Search
Close this search box.

തോക്കിനെ വാക്കു കൊണ്ട് നേരിടാം

പോയ വാരത്തില്‍ ഇസ്‌ലാം കൂടുതല്‍ ശക്തമായി തന്നെ ആക്രമണത്തിനിരയായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കൂരമ്പുകളാല്‍ മുറിവേറ്റ ഇരകളില്‍ ഒരു വിഭാഗം കാണിച്ച അവിവേകം യഥാര്‍ത്ഥ വേട്ടക്കാരനെ മഹത്വവല്‍ക്കരിക്കുന്നതിനാണ് വഴിവെച്ചത്. ‘ഞാന്‍ ഷാര്‍ലി’ പൊക്കിപിടിച്ചവരെല്ലാം സമാധാനത്തിന്റെ വക്താക്കളായപ്പോള്‍, ഷാര്‍ലി എബ്ദോ വസ്ത്രാക്ഷേപം നടത്തിയ പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികള്‍ ഒരു വേള പകച്ചു നിന്നു. പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണിലേക്ക് നോക്കി ചിരിതൂകി നില്‍ക്കാന്‍ ‘ഞാന്‍ ഷാര്‍ലി’ക്ക് വേണ്ടി എഴുന്നേറ്റ് നിന്നവര്‍ ‘ഞാന്‍ മുഹമ്മദ്’ ജീവിതത്തില്‍ ആവിഷ്‌കരിച്ചവരോട് കല്‍പിച്ചു.

വാക്കും വരയും കൊണ്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധികളും പരിമിതികളും, അതിനോടനുബന്ധിച്ച് വന്നേക്കാവുന്ന വാളും തോക്കും കൊണ്ടുള്ള പ്രതികരണാവകാശത്തിന്റെ വ്യാപ്തിയും വഴികേടും വളരെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ കൈകാര്യം ചെയ്യാന്‍ മാപ്പിള പ്രസിദ്ധീകരണങ്ങള്‍ തയ്യാറായിട്ടുണ്ട്. പ്രതിരോധാത്മകമായ പ്രത്യാക്രമണ രീതിശാസ്ത്രത്തിന്റെ സൗകര്യം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. മാപ്പുപറച്ചിലും, കുറ്റബോധമില്ലായ്മയും ഇടവിട്ട് പ്രസരിപ്പിച്ച് സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാനുള്ള തന്ത്രമായിരുന്നു അത്. കാരണങ്ങളാണ് കാര്യങ്ങള്‍ക്ക് പിന്നിലെന്ന തത്വത്തിന്റെ പ്രായോഗിക വിശദീകരണമാണ് ഷാര്‍ലി എബ്ദോ കത്തിച്ചു വിട്ട പ്രവാചക നിന്ദ എന്ന പടക്കത്തിരി ഷാര്‍ലി എബ്ദോ കൂട്ടക്കുരുതിയായി പൊട്ടിത്തെറിച്ചതില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്.

‘പതിമൂന്ന് നൂറ്റാണ്ടായി, ജോണ്‍ ഓഫ് ദമസ്‌കസില്‍ ആരംഭിച്ച ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് സാധിക്കാത്തത് പിതിമൂന്ന് മിനുറ്റ് കൊണ്ട് എങ്ങനെ സാധിക്കാം എന്നത് ‘ജിഹാദി’ പാഠശാലയിലെ പുത്തന്‍ തലമുറ തെളിയിച്ചിരിക്കുകയാണ്’ എന്ന് പ്രബോധനം വാരികയില്‍(2015 ജനുവരി 23) അശ്‌റഫ് കടയ്ക്കല്‍ സമര്‍ഥിക്കുന്നുണ്ട്. പടിഞ്ഞാറില്‍ പുതിയ വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ട് ഇസ്‌ലാമിന്റെ ധാര്‍മിക മൂല്യങ്ങള്‍ വ്യക്തികളിലും സമൂഹത്തിലും പടര്‍ന്നു പിടിക്കുന്നത് തടയുവാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുന്ന നിയോകോണുകളും നിയോ നാസികളുമടക്കമുള്ള വലതുപക്ഷ സയണിസ്റ്റ് ശക്തികളുടെ ജോലി ഭാരം കുറക്കുന്നതിനാണ് ജിഹാദികളുടെ കലാഷ്‌നിക്കോവ് വഴിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു. അതേസമയം മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും ഔദ്യോഗിക ഭാഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ പോള്‍ ക്രൈഗ് റോബര്‍ട്ട്‌സ് മുന്നോട്ട് വെച്ച പഠനത്തിന് ആരും തന്നെ അര്‍ഹിക്കുന്ന ശ്രദ്ധ നല്‍കിയതായി കാണുന്നില്ല. ഷാര്‍ലി എബ്ദോ ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ സയണിസ്റ്റ് അജണ്ടയായിരുന്നെന്നാണ് വസ്തുതകള്‍ നിരത്തി കൊണ്ട് അദ്ദേഹം തെളിയിക്കുന്നുണ്ട്.

ഹമാസിനെ ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുത്ത ഫലസ്തീന്‍ ജനതയുടെ അഭിപ്രായാവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്ക് എന്തു കൊണ്ടാണ് അമേരിക്കയും അമേരിക്കക്ക് ദാസ്യപ്പണി ചെയ്യുന്ന അറബ് രാഷ്ട്രങ്ങളില്‍ ചിലതും പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഈജിപ്ഷ്യന്‍ ജനത മുഹമ്മദ് മുര്‍സിയെ ജനാധിപത്യ രീതിയിലൂടെ ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റായി അവരോധിച്ചപ്പോള്‍ തെല്‍അവീവിലെയും സഊദി അറേബ്യയിലേയും തമ്പ്രാക്കന്‍മാര്‍ എന്തുകൊണ്ടാണ് അസ്വസ്ഥരായത്? ‘ഞാന്‍ ഷാര്‍ലി’ ഉയര്‍ത്തിപ്പിടിച്ചവര്‍ക്ക് എന്തുകൊണ്ടാണ് ‘ഞാന്‍ ഗസ്സ’ ഉയര്‍ത്തിപ്പിടിക്കാന്‍ കൈപൊങ്ങാത്തത്? ചോദ്യങ്ങള്‍ ചോദിക്കുന്നത് അഫ്ഗാന്‍ താലിബാനിലൂടെ ഇസ്‌ലാമിലേക്ക് കടന്നു വന്ന ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ഇവോണ്‍ റിഡ്‌ലി. ഹമാസിന്റെയും, മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും ജനാധിപത്യാവിഷ്‌കാരങ്ങളോടുള്ള പടിഞ്ഞാറിന്റെ ഇരട്ടത്താപ്പ് നയങ്ങളെ പൊളിച്ചടക്കി, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി കൊണ്ട് റിഡ്‌ലി ചോദിക്കുന്ന ചോദ്യങ്ങള്‍ മലയാളികള്‍ക്കായി വായിച്ചു കേള്‍പ്പിക്കുന്നത് രിസാല വാരികയാണെന്ന(21 ജനുവരി 2015) കാര്യം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.

കേരളത്തിന്റെ ദേശീയ വാരിക ‘കേസരി’യില്‍ (16 ജനുവരി 2015) ‘പി.കെ യിലെ ഖുര്‍ആന്‍ വചനങ്ങള്‍’ വിശകലനം ചെയ്യുകയാണ് ശാര്‍ങ്ങധരന്‍. മതതീവ്രവാദികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലെ കുതിര കയറുന്നതിന്റെ ഉദാഹരണമായി ഷാര്‍ലി എബ്ദോയെ വസ്തുതാപരമായി അവതരിപ്പിച്ചു തന്നെയാണ് അദ്ദേഹം ലേഖനം തുടങ്ങുന്നത്. സിനിമയില്‍ അവതരിപ്പിച്ച തികച്ചും പ്രതീകാത്മകമായ ആവിഷ്‌കാരങ്ങളെയും സംഭാഷണങ്ങളെയും പിന്നീട് അദ്ദേഹം സംശയിച്ചു തുടങ്ങുന്നു. സിനിമയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്, സിനിമക്ക് മൗലികതയില്ല, പക്ഷപാതപരമായ കാഴ്ചപ്പാടാണ് പി.കെ മുന്നോട്ട് വെക്കുന്നത്, സ്വാമി വിവേകാനന്ദന്‍ മതത്തിന്റെ പോരായ്മകളെ എതിര്‍ക്കുകയാണ് ചെയ്തതെങ്കില്‍ പി.കെ മതത്തെ അപമാനിച്ചിരിക്കുകയാണ് തുടങ്ങിയ ആരോപണശരങ്ങളെയ്യുന്ന ലേഖകന്‍ എല്ലാറ്റിനുമുപരി പി.കെ എന്ന സിനിമ ബഹുദൈവവിശ്വാസത്തെയും, വിഗ്രഹാരാധനയെയും നിരാകരിക്കുന്ന ഇസ്‌ലാമിന്റെ മൂലശിലയായ തൗഹീദ്(ഏകദൈവ വിശ്വാസം) സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് വരെ ഭംഗിയായി സമര്‍ത്ഥിച്ചിട്ടുണ്ട്. പി.കെ എന്ന സിനിമക്കെതിരെ ലേഖകന്‍ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര കുടുംബാംഗങ്ങള്‍ നടത്തിയ പരിസരമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചുള്ള ശബ്ദകോലാഹല വടിവാള്‍ പ്രയോഗങ്ങള്‍ ലേഖകന്‍ ലേഖനത്തില്‍ സൂചിപ്പിച്ച ഒരു കാര്യം അടിവരയിടുന്നുണ്ട്. അതെ, മതതീവ്രവാദികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലെ കുതിര കയറുക തന്നെ ചെയ്യും.

Related Articles