Current Date

Search
Close this search box.
Search
Close this search box.

തേജസിന്റെ പത്തുവര്‍ഷവും ഇസ്‌ലാമിക ഫെമിനിസത്തിനകത്തെ വൈവിധ്യങ്ങളും

feminism33.jpg

1997ല്‍ മാസികയായാണ് തേജസ് പ്രസിദ്ധീകരണത്തിന്റെ തുടക്കം. 2000ല്‍ അത് ദൈ്വവാരികയായി. 2006ല്‍ അതേ പേരില്‍ ദിനപത്രവും ആരംഭിച്ചു. 1997 മുതല്‍ 2016 വരെയുള്ള പത്ത് വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ആദ്യ ചീഫ് എഡിറ്ററായിരുന്ന പി. അഹ്മദ് ശരീഫിന്റെ ലേഖനവും രണ്ട് സ്‌പെഷ്യല്‍ ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്ന പ്രത്യേക പതിപ്പാണ് 2016 ഫെബ്രുവരി ലക്കം തേജസ് ദൈ്വവാരിക. ‘അസഹിഷ്ണുതയുടെ കാലത്ത് മുസ്‌ലിം സംഘടനകള്‍’ എന്ന പ്രത്യേക ചര്‍ച്ച ഫാഷിസ്റ്റ് കാലത്തെ അസഹിഷ്ണുതകള്‍ക്കൊപ്പം മുസ്‌ലിം സംഘടനകള്‍ക്കിടയിലെ അകല്‍ച്ചയും ചില തൊട്ടുകൂടായ്മകളും പങ്കുവെക്കുന്നുണ്ട്. സമുദായത്തിനകത്തെ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളുടെ സാധ്യതകള്‍ക്കൊപ്പം അതുണ്ടാക്കുന്ന വോട്ടിംഗ് ഛിദ്രതയും ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നുണ്ട്. മുസ്‌ലിം ഐക്യമെന്നത് പ്രതിസന്ധി കാലത്ത് മാത്രം ഉണ്ടാകേണ്ട ഒന്നല്ല എന്നും അത് പൊതുവായ ഒരുപാട് അജണ്ടകള്‍ക്കായി രൂപം കൊള്ളേണ്ടതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സി. ദാവൂദ് വ്യക്തമാക്കുന്നു. ആ ഭാഗം ഇവിടെ പകര്‍ത്തിയെഴുതുന്നു:

‘മുസ്‌ലിം ഐക്യം അപകട സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി ഉണ്ടേവേണ്ട കാര്യമല്ല്. അത് പോസീറ്റീവ് എനര്‍ജിയാണ്. നമ്മള്‍ അപകടത്തില്‍ പെടാന്‍ പോവുന്നു. അതിന് തരണം ചെയ്യാന്‍ എല്ലാവരും വരിക എന്നുള്ളതല്ല മുസ്‌ലിം ഐക്യത്തിന്റെ അടിസ്ഥാനം. അത് ഭാവാത്മകമായ അവസ്ഥയില്‍ നിന്നാണ് രൂപപ്പെടേണ്ടത്. ആശയപരമായ ദൗര്‍ബല്യം മുസ്‌ലിം ക്യാമ്പിലുണ്ട്. നമ്മള്‍ എന്തിനു വേണ്ടി ഐക്യപ്പെടണം എന്ന ചോദ്യമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു വരേണ്ടത്. നമ്മള്‍ തെറ്റായ ധാരണയിലാണെത്തുന്നത്. അപകട സന്ധിയെ ചൂണ്ടിക്കാട്ടിയുണ്ടാക്കുന്ന ഐക്യത്തിന് അതിന്റേതായ പരിമിതികളുണ്ടാവും. പ്രാഥമികമായി മുസ്‌ലിംകളുടെ ഉത്തരവാദിത്തമെന്നത് പ്രവാചകന്‍മാര്‍ നിര്‍വഹിച്ച ദൗത്യമാണ്. ഏക സമുദായമായ മനുഷ്യര്‍ക്കിടയില്‍ വിദ്വേഷവും പരസ്പര ഭിന്നിപ്പും ആളുകള്‍ കൊണ്ടുവന്നപ്പോള്‍ അതിനെ ഇല്ലാതാക്കി ഏകസമുദായമാക്കി മാറ്റുന്ന ദൗത്യമാണ് അവര്‍ നിര്‍വഹിച്ചത്. ആ നിലയില്‍ മനുഷ്യ സമുദായത്തിന് നേതൃത്വം നല്‍കാന്‍ പറ്റുന്ന ഒരു ഉത്തമ സമുദായമായി പരിവര്‍പ്പിക്കാനുള്ള പരിശ്രമമായിരിക്കണം മുസ്‌ലിം ഐക്യം. ആ നിലയില്‍ ആലോചിക്കുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയെ കുറിച്ച് അശുഭചിന്തക്ക് സ്ഥാനമില്ല.’

പ്രഫ. പി. കോയ, ഡോ. ഹുസൈന്‍ രണ്ടത്താണി, എഞ്ചിനീയര്‍ മമ്മദ് കോയ, ഡോ. എ.ഐ. റഹ്മത്തുല്ല, പി. അഹ്മദ് ശരീഫ്, പി.എ.എം ഹാരിസ്, ടി.വി. ഹമീദ്, വി.എം. ഫഹദ് എന്നിവരാണ് ശ്രദ്ധേയമായ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് വ്യക്തികള്‍.

പങ്കുവെക്കേണ്ട മറ്റൊരു വായനാനുഭവം 2016 ഫെബ്രുവരി മാസത്തിലെ പച്ചക്കുതിര മാസികയില്‍ ഉമ്മുല്‍ ഫായിസ എഴുതിയ ‘ഇസ്‌ലാമിക സ്ത്രീവാദം വായനകളിലെ സംഘര്‍ഷം’ എന്ന പഠനമാണ്. പ്രത്യേകം പക്ഷപാതമില്ലാതെ ആരുടെ പക്ഷത്തു നിന്നുമുള്ള അക്കാദമിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നതാണ് മറ്റ് ആനുകാലികങ്ങളില്‍ നിന്ന് പച്ചക്കുതിരയെ വ്യത്യസ്തമാക്കുന്നത്. മറ്റ് മതേതര ആനുകാലികങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള ലേഖനങ്ങള്‍ മാത്രമാണ് ഇസ്‌ലാമിക – മുസ്‌ലിം പക്ഷത്ത് നിന്ന് പ്രസിദ്ധീകരിക്കാറുള്ളത്. മറുപടിയും പ്രതികരണങ്ങള്‍ പോലും പ്രസിദ്ധീകരിക്കാനുള്ള മാന്യത പോലും മിക്ക പ്രസിദ്ധീകരണങ്ങളും പുലര്‍ത്താറില്ല. അവക്കിടയില്‍ സ്വതന്ത്രമായ അക്കാദമിക പഠനങ്ങള്‍ ഏത് പക്ഷത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിരയുടെ അണിയറ ശില്‍പികളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

ഇസ്‌ലാമിക ഫെമിനിസമെന്ന വ്യവഹാരത്തിനകത്ത് സംഭവിക്കുന്ന വ്യത്യസ്ത ആശയങ്ങളെയും അഭിപ്രായ വൈവിധ്യങ്ങളെയും പരിചയപ്പെടുത്തുന്ന പഠനമാണ് ഉമ്മുല്‍ ഫായിസയുടേത്. ‘ഇസ്‌ലാമിക ഫെമിനിസമെന്ന’ വാക്കിനെ തന്നെ നിരാകരിക്കുന്ന മുസ്‌ലിം പെണ്ണെഴുത്തുകാരുടെ നിലപാട് മുതല്‍ ഖുര്‍ആനില്‍ ലിംഗസമത്വം ഗവേഷണം ചെയ്യുന്നത് തന്നെ അനാവശ്യമാണെന്ന് അഭിപ്രായമുള്ളവരെ വരെ ഉമ്മുല്‍ ഫായിസ പരിചയപ്പെടുത്തുന്നു. ഇസ്‌ലാമിക സ്ത്രീവാദമെന്നത് ഏകമുഖമുള്ള ഒന്നല്ലെന്നും അതിനകത്ത് വ്യത്യസ്ത ധാരകളുണ്ടെന്നും അതിപ്പോഴും സംവാദാത്മകമായി വികസിച്ച് കൊണ്ടിരിക്കുകയാണെന്നുമാണ് ലേഖിക അടയാളപ്പെടുത്തുന്നത്. ഇറാന്‍ വിപ്ലവത്തോട് പ്രമുഖ ദാര്‍ശനികന്‍ ഫുക്കോ സ്വീകരിച്ച അനുകൂല നിലപാടും അതിനെതിരെ ഇറാന്‍ സ്ത്രീ വേഷവിധാനങ്ങളില്‍ സ്വീകരിച്ച കര്‍ക്കശ നിലപാട് ചൂണ്ടിക്കാട്ടി മറ്റ് ബുദ്ധിജീവികള്‍ ഉയര്‍ത്തിയ മറുവാദങ്ങളും അതിന് ഫുക്കോയുടെ മറുപടികളുമെല്ലാം ലേഖനത്തില്‍ കടന്നു വരുന്നുണ്ട്. ഇസ്‌ലാമിക ഫെമിനിസത്തെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട മികച്ച പഠനങ്ങളിലൊന്നായി ഉമ്മുല്‍ ഫായിസയുടെ ഈ എഴുത്തിനെ വിലയിരുത്തുന്നതില്‍ തെറ്റില്ല.

Related Articles