Current Date

Search
Close this search box.
Search
Close this search box.

തൂലിക കൊണ്ട് വേദനിപ്പിച്ചവനെ തൂവല്‍ കൊണ്ട് തഴുകാം

തൂലികയുടെ ധര്‍മാധര്‍മ്മങ്ങളെ കുറിച്ച് വിശദീകരിക്കുകയും വേവലാതിപ്പെടുകുയം ചെയ്ത വാരമാണ് കടന്നു പോയത്. തൂലിക പടവാളാക്കിയവരുടെ തല വാളാല്‍ അറ്റു പോയതിന് ചരിത്രം ഒരുപാട് രംഗാവിഷ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്. കറുത്ത മഷിയക്ഷരങ്ങള്‍ കൊണ്ടും വിപ്ലവ ചെഞ്ചോര കൊണ്ടും ഒരു പോലെ ചരിത്രം രചിച്ചവരാണവര്‍. അവരുടെ തുടര്‍ച്ചക്കാരായി മാറാന്‍ വിധിയാല്‍ തെരഞ്ഞെടുക്കപ്പെട്ടവരും ആ വഴിയില്‍ വധിക്കപ്പെട്ടവരും നിരവധി. അവര്‍ക്കായാണ് ഓര്‍മയുടെ പുസ്‌കം നാം അടച്ചു വെക്കാതെ കാത്തുസൂക്ഷിക്കുന്നത്.

തെന്‍സിന്‍ സുന്‍ന്ത്യുവിനെ അറിയുമോ?. അധികാരത്തിന്റെ ചാട്ടവാറടിയേറ്റ് തപിച്ച് നില്‍ക്കുന്ന തിബത്തിന്റെ വിരിമാറില്‍ നാമ്പെടുത്ത നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ചൂണ്ടുവിരലിന്റെ പേരാണ് തെന്‍സിന്‍ സുന്‍ന്ത്യു. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന തിബത്തന്‍ സ്വാതന്ത്ര്യ സമരത്തില്‍ ചൈനീസ് കമ്മ്യൂണിസം ചങ്കിന് നേരെ നീട്ടിയ തോക്കിനെ മൂര്‍ച്ഛയേറിയ വാക്കു കൊണ്ട് നേരിട്ടവന്‍. പ്രതിഷേധത്തിന്റെ കൂര്‍ത്തമുള്‍മുനകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന കവിതകളാണ് സുന്‍ന്ത്യുവിന്റെ ആയുധം. പോരാട്ടത്തിന്റെ തീചൂളയില്‍ പാകപ്പെടുത്തിയെടുത്ത കവിതകള്‍ നിറഞ്ഞ് കല്‍ഭാരം വന്ന കടലാസുകള്‍ ചൈനീസ് കമ്മ്യൂണിസത്തിന്റെ മുഖത്തേക്ക് ആഞ്ഞെറിഞ്ഞവനാണ് സുന്‍ന്ത്യു. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (17 ജനുവരി 2015) ആര്‍.കെ ബിജുരാജുമായി തെന്‍സിന്‍ സുന്‍ന്ത്യു സംസാരിക്കുന്നു, ‘തിബത്ത് അകലെയല്ല’.

ശത്രുവിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ സ്വയം ഇല്ലാതാകുന്നവരുണ്ട്. ആത്മഹത്യകള്‍ പ്രതിഷേധമാര്‍ഗം കൂടിയാണ്. ലോകത്ത് നിലനില്‍ക്കുക അത്രമേല്‍ അസഹ്യമാവുമ്പോള്‍ മറുലോകം തേടിപോകുന്നവര്‍ നമ്മുടെ നേര്‍ക്ക് ചോദ്യത്തിന്റെ ഒരുപിടി ചരല്‍കല്ലുകള്‍ വാരിയെറിയുന്നുണ്ട്. ‘എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ മരിച്ചു; അയാള്‍ ഒരു അധ്യാപകനായി ജീവിതം തുടരും’ എഴുത്തു ജീവിതത്തില്‍ നിന്നും ആത്മഹുതി ചെയ്ത് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ കുറിച്ച അന്ത്യവാചകമാണിത്. നാം വായിക്കാനെടുക്കുന്ന ഓരോ പുസ്തകത്തില്‍ നിന്നും ആ പേര് നമ്മെ തുറിച്ചു നോക്കും.

തിരുച്ചെങ്കോട് അര്‍ധനാരീശ്വര്‍ ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ സമാപനദിവസം രാത്രിയില്‍ സന്താനലബ്ദിക്ക് വേണ്ടി സ്ത്രീക്ക് പരപുരുഷനുമായി ബന്ധപ്പെടാന്‍ ആചാരപരമായി അനുവാദമുണ്ട്. മുരുകന്‍ തന്റെ ‘മാതോരുഭാഗിനി’ എന്ന നോവലില്‍ ഈ ആചാരം ചിത്രീകരിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഈ എഴുത്തുകാരന്റെ കൈവെട്ടിയത്. ‘ഞാന്‍ മുരുകന്‍’ എന്ന പേരിലെ സൗന്ദര്യശാസ്ത്രപരമായ അപാകതകള്‍ കൊണ്ടാകണം ‘ഞാന്‍ ഷാര്‍ലി’ പൊക്കിപിടിച്ചവരെയൊന്നും മുരുകന് വേണ്ടി കണ്ടില്ല. പരപുരുഷഗമനം നോവലില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ മുരുകനെതിരെ വാളെടുത്ത രാമന്റെ പിന്‍മുറക്കാരോട്, ‘പോയി ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെ ജന്മരഹസ്യം പഠിച്ചു വരിനിടാ’ എന്ന് ചങ്കൂറ്റത്തോടെ പറയുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍ (ദേശാഭിമാനി വാരിക 25 ജനുവരി 2015).

ആവിഷ്‌കാരസ്വാതന്ത്ര്യം കൊണ്ട് വികാരം വ്രണപ്പെടുത്താമെങ്കില്‍, പ്രതികരണാവകാശം കൊണ്ട് ശരീരം മുറിപ്പെടുത്താമോ? തൂലിക കൊണ്ട് വേദനിപ്പിച്ചവനെ തൂവല്‍ കൊണ്ട് തഴുകാന്‍ നിങ്ങളൊരുക്കമാണോ?

Related Articles