Current Date

Search
Close this search box.
Search
Close this search box.

താഹാമാടായിയുടെ ആയിശമാരും വീരേന്ദ്രകുമാറിന്റെ യാത്രയും

ലളിതമായ എഴുത്തിലൂടെ ഏത് നിസ്സാര വിഷയവും മനോഹരമായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് താഹാ മാടായി. 2013 ഏപ്രില്‍ 14-ന് ചേലക്കാടന്‍ ആയിശ മരിച്ചുവെന്നറിഞ്ഞപ്പോള്‍ താഹയുടെ മനസ്സിലൂടെ കടന്നു വന്ന ആയിശമാരെ കുറിച്ചുള്ള ഓര്‍മ്മകളാണ് പുതിയ മലയാളം വാരികയിലെ (ഏപ്രില്‍ 19) ‘ആയിശമാരുടെ ആകാശങ്ങള്‍’ എന്ന ലേഖനം. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരാ സംസ്ഥാനമായി പ്രഖ്യാപിച്ച തട്ടവും പര്‍ദ്ദയുമിട്ട ചേലക്കാടന്‍ ആയിശയുടെ സ്മരണകളും അതിന്റെ സാംസ്‌കാരക മാനങ്ങളും താഹ രേഖപ്പെടുത്തുന്നു. ഭാഷയുടെയും വിജ്ഞാനത്തിന്റെയും മഹിമ തിരിച്ചറിഞ്ഞ ആദ്യ മുസ്‌ലിം സ്ത്രീയായ പ്രവാചക പത്‌നി ആയിശ(റ) വിലേക്ക ചേലക്കാടന്‍ ആയിശയുടെ ദൗത്യത്തെ ലേഖകന്‍ ചേര്‍ത്ത് വായിക്കുന്നത് ഒരു മനോഹര വായനാനുഭവമാണ്. പ്രവാചകനെ കുറിച്ചുള്ള ആധികാരിക വിവരങ്ങളുടെ അവലംബമായ ആയിശ(റ) അറിവിന്റെ പുരുഷാധിപത്യത്തിനുള്ള ഇസ്‌ലാമിക തിരുത്തായിരുന്നു. പൗരോഹിത്യമാണ് ഇസ്‌ലാം നല്‍കിയ സ്വാതന്ത്ര്യത്തില്‍ നിന്ന് മുസ്‌ലിം സ്ത്രീയെ വീട്ടു തടവറയിലാക്കിയതെന്നും താഹ നിരീക്ഷിക്കുന്നു. പിന്നീട് നിലമ്പൂര്‍ ആയിശയെയും വയലാറിന്റെ പ്രശസ്ത കവിതയായ ‘ആയിശ’യും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ ‘ഐഷുക്കുട്ടി’യുമെല്ലാം സാന്ദര്‍ഭികമായി താഹ മനോഹരമായി ഓര്‍ത്തെടുത്തു.

കണ്ട കാഴ്ച്ചകളേക്കാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചരിത്രവും അവര്‍ ലോകത്തിന് നല്‍കിയ സംഭാവനകളും രേഖപ്പെടുത്തുന്നിടത്താണ് എം.പി. വീരേന്ദ്രകുമാറിന്റെ മാതൃഭൂമി ആഴ്ച്ചപതിപ്പിലെ യാത്രാവിവരണം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒന്ന് രണ്ട് ലക്കങ്ങളിലായി മുസ്‌ലിം രാജ്യങ്ങളിലാണ് വീരേന്ദ്രകുമാറിന്റെ വിവരണങ്ങള്‍ എത്തിയിരിക്കുന്നത്. പുതിയ ലക്കത്തില്‍ (ഏപ്രില്‍ 21) ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ലോകത്തിന് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച ഇസ്‌ലാമിക ശാസ്ത്ര പ്രതിഭകളെയാണ് പരിചയപ്പെടുത്തുന്നത്. ജാബിര്‍ ഇബ്‌നു ഹയ്യാന്‍, ഇബ്‌നു ഫിര്‍നാസ്, അല്‍ ഖവാറസ്മി, അല്‍ ഇദരീസി, അല്‍ ജാസരി, ഇബ്‌നു ഹസം, അല്‍ ജാഹിള് തുടങ്ങി വ്യത്യസ്ത രംഗങ്ങളിലെ മുസ്‌ലിം പ്രതിഭകളുടെ സംഭാവനകളെ ചിത്ര സഹിതം വീരേന്ദ്രകുമാര്‍ പരിചയപ്പെടുത്തുന്നു. മലയാളത്തില്‍ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ ഈ പ്രതിഭകളെ മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ്. ഒരു മുഖ്യധാരാ ആനുകാലികങ്ങളില്‍ സവിസ്തമായി ഒരു പഠനം കാണുന്നത്.

മലയാള സാഹിത്യ പ്രസിദ്ധീകരണ രംഗത്ത് ഒരുപാട് പാരമ്പര്യമുള്ള വാരികയാണ് ചന്ദ്രിക ആഴ്ച്ചപതിപ്പ്. ഇടക്കാലത്ത് ഒന്നു മങ്ങിപോയെങ്കിലും ഇപ്പോള്‍ ചന്ദ്രിക വീണ്ടും മികച്ചഅക്ഷര നിലാവ് പൊഴിക്കുന്നുണ്ട്. പുതിയ ലക്കം ചന്ദ്രിക (ഏപ്രില്‍ 13-18) യില്‍ ടി.പി. അബ്ദുറഹ്മാന്‍ കുട്ടി എഴുതിയ ‘സാമൂതിരിയും മഖ്ദൂമും മരക്കാരും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും‘ എന്ന ചരിത്ര പഠനമാണ് മുഖ്യ കവര്‍ സ്റ്റോറി. കേരളത്തില്‍ പറങ്കികള്‍ക്കും ബ്രിട്ടീഷ്‌കാര്‍ക്കുമെതിരെ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ മുസ്‌ലിം പടനായകരും പണ്ഡിതന്‍മാരും വഹിച്ച പങ്കാണ് ലേഖകന്‍ അടയാളപ്പെടുത്തുന്നത്. ഫലസ്തീന്‍ രക്തസാക്ഷികളുടെ മാതാവ് എന്നറിയപ്പെടുന്ന മറിയം ഫര്‍ഹാതിനെ കുറിച്ചുള്ള ഫസ്‌ന ഫാത്തിമയുടെ കുറിപ്പും എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ‘മാതൃദായ ക്രമം പെണ്‍സാമ്രാജ്യത്തിലെ രാജ്ഞി‘ എന്ന ലേഖനവുമാണ് പുതിയ ലക്കം ചന്ദ്രികയിലെ മറ്റ് ശ്രദ്ധേയ എഴുത്തുകള്‍.

ശബാബ് വാരികയില്‍ ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുമായി സുഫ്‌യാന്‍ അബ്ദുസ്സത്താറും പ്രബോധനം വാരികയില്‍ ഡോ. എം.എസ് ജയപ്രകാശുമായി സദ്‌റുദ്ദീന്‍ വാഴക്കാടും നടത്തിയ അഭിമുഖങ്ങളാണ് എടുത്ത് പറയേണ്ട കഴിഞ്ഞ വാരത്തിലെ മറ്റു വായനകള്‍. ‘കേരളത്തിന്റെ തൊണ്ട വരളുന്നു‘ എന്ന കവര്‍ സ്റ്റോറിയുമായി ഇറങ്ങിയ പുതിയ തേജസ് ദ്വൈവാരികയും (ഏപ്രില്‍ 16-30) എസ്.എസ്.എഫിന്റെ നാല്‍പതാം വാര്‍ഷിക സമ്മേളന പശ്ചാത്തലത്തില്‍ ‘സമരം തന്നെയാണ് ജീവിതം‘ എന്ന പ്രമേയം വിശദീകരിക്കുന്ന പുതിയ സുന്നിവോയ്‌സ് ദ്വൈവാരികയും മുസ്‌ലിം ഈഷ്യൂകള്‍ ഗൗരവ വായനക്ക് വിധേയമാക്കുന്നവര്‍ വായിക്കേണ്ട ലക്കങ്ങളാണ്.

Related Articles