Current Date

Search
Close this search box.
Search
Close this search box.

തല വേണോ എഴുത്തു വേണോ?

വ്യതിരിക്തമായ ആശയങ്ങളെ വേരോടെ പിഴതെറിയുകയെന്നത് ഫാസിസത്തിന്റെ എക്കാലത്തെയും ലക്ഷ്യമാണ്. എഴുത്തുകാരെയും ശാസ്ത്രജ്ഞന്മാരെയും കാരാഗ്രഹത്തിലടച്ചവരും കൊല്ലിച്ചവരും എല്ലാ നൂറ്റാണ്ടിലുമുണ്ടായിട്ടുണ്ട്. അതിനെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മുറവിളിയും ലോകത്തുടനീളം കാണാനായി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സ്റ്റാലിസിറ്റ് റഷ്യയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും മതപൗരോഹിത്യം പിടിമുറുക്കിയ മറ്റെല്ലാ രാജ്യത്തും അത് മൂര്‍ധാന്യാവസ്ഥയിലായി. ഇന്നിപ്പോഴിതാ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുനടന്ന ഇന്ത്യയിലും അത് പിടിമുറുക്കിയിരിക്കുന്നു.

എഴുത്തുകാരെ പേടിക്കുന്നവര്‍ ആരാണെന്നും അവര്‍ ലോകത്ത് ആരെയൊക്കെ ഭീഷണിപ്പെടുത്തുകയും വകവരുത്തുകയും ചെയ്തിട്ടുണ്ടെന്നും  എഴുത്തുകാര്‍ക്കെതിരില്‍ സമകാലിക ഇന്ത്യന്‍ ഫാസിസം നടത്തുന്ന തേര്‍വാഴ്ച്ചയെ മുന്‍നിര്‍ത്തിയാണ്  ചന്ദ്രിക ആഴ്ച്ചപതിപ്പിലെ (2015 സെപ്റ്റംബര്‍ ലക്കം 49) റഷീദ് പാനൂരിന്റെ ലേഖനം. ‘എഴുത്തുവേണോ ശിരസ്സ് വേണോ’  എന്നതാണ് ലേഖനത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. അദ്ദേഹം പറയുന്നതുപോലെ തന്നെ എഴുത്തുകാര്‍ക്ക് ഊരുവിലക്കു പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആവിഷ്‌കാര നിഷേധത്തെക്കുറിച്ചും അതിനിരയായവരെ ക്കുറിച്ചും ഉള്ള ഒരു ചരിത്ര വിചാരം തന്നെയാണിത്.

മോഡിയുടെ ഗുഡ്‌ലിസ്റ്റില്‍ ഇടംപിടിക്കാനുള്ള ശ്രമമോ സത്യധാരയുടേത്?
ഈ സംശയം ഉണ്ടായിട്ടുള്ളത് തേജസ് വാരികക്കാണ്. ഇത്തരമൊരു സംശയവും അതിനെതിരെയുള്ള നിലപാടുമാണ് പുതിയ ലക്കം (2015 സെപ്റ്റംബര്‍ 16) തേജസ് വീക്കിലിയുടെ കവര്‍സ്‌റ്റോറി. മുമ്പ് വായനാ വാരത്തില്‍ ചൂണ്ടിക്കാണിച്ച ‘മമ്പുറം തങ്ങളും ഉമര്‍ഖാളിയും ബ്രിട്ടീഷ് വിരുദ്ധ പോരാളികളായിരുന്നില്ല’ എന്ന സത്യധാര കവര്‍സ്‌റ്റോറിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ്  പത്ത് പേജ് വരുന്ന ‘മുഖ്യാധാരയില്‍ നിന്നും സത്യധാരയിലേക്കുള്ള ദൂരം’ എന്ന തലക്കെട്ടില്‍ ഹാമിദ് ഹുസൈന്റെ ലേഖനം.

‘അധിനിവേശ വിരുദ്ധതയെ ദേശീയ ബോധത്തിന്റെയും മതബോധത്തിന്റെയും ഊടും പാവും ചേര്‍ത്ത് സായുധ പ്രതിരോധത്തിന്‍രെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ മഖ്ദൂമുമാരെയും മമ്പുറം തങ്ങന്മാരെയും തള്ളിപ്പറയുന്നതിലെ ഗൂഡോദ്ദേശ്യത്തെയാണ് ലേഖകന്‍ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നത്. മമ്പുറം തങ്ങന്മാരെക്കുറിച്ചുള്ള വസ്തുനിഷ്ടമായ  ഒരു ഗ്രന്ഥം ചെമ്മാട് ദാറുല്‍ഹുദായില്‍ നിന്നുള്ള യുവ പണ്ഡിതര്‍ എഴുതിയതിന്റെ പശ്ചാത്തലത്തിലാണ് സത്യധാരയുടെ ഗൂഢതന്ത്രമെന്ന സംശയവും ലേഖകനുണ്ട്. വസ്തുനിഷ്ഠമായ നിലപാടിലെത്താനും സത്യം പുറത്തു വരാനും ഉപകരിക്കുന്ന തരത്തിലുള്ള ചര്‍ച്ചക്ക് ഇടം നല്‍കുന്നതാണ് ലേഖനം.

അംബേദ്കര്‍ ഹിന്ദുവാദിയോ?
‘ചരിത്രം പുനര്‍വായനക്ക് വിധേയമാക്കുമ്പോള്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍ ബോധപൂര്‍വ്വം ചരിത്രത്തെ വളച്ചൊടിച്ച് ഭൂതകാല യാഥാര്‍ഥങ്ങളെയും അനുഭവങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് അഭിപ്രായപ്രകടനം നടത്തുന്നത് വ്യക്തമായ സ്ഥപിതതാല്‍പര്യക്കാരാണെന്നു ‘പറഞ്ഞുകൊണ്ടുള്ള ഡോ.അംബേദ്കര്‍ എങ്ങനെ ഹിന്ദുവാകും എന്ന മനോജ് കുമാറിന്റ തേജസ് വാരികയിലെ തന്നെ മറ്റൊരു ലേഖനവും  വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ്. ഹിന്ദുമതത്തിലെ വിവേചനത്തിനെതിരെ പോരാടുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത അംബേദ്കറെ ഹിന്ദുമതത്തിന്റെ അഭിവാജ്യഘടമായി വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള പുനര്‍വായനക്കെതിരെയാണ് അദ്ദേഹത്തിന്റെ ലേഖനം. വീക്കിലിയുടെ നിലപാടുകളെ അടയാളപ്പെടുത്തുന്നതാണ് ഈ രണ്ടുതരം കവര്‍സ്‌റ്റോറിയും

ആരായിരുന്നു ഔംറംഗസീബ് ?
ഇതിനുത്തരം പറയുമ്പോള്‍ നാം ആദ്യം പറയുക മുഗള്‍ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയെന്നായിരിക്കും. ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലേറിയ മുഗള്‍ ചക്രവര്‍ത്തി. ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങലും നിയമപരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. ചരിത്രവായനകള്‍ അങ്ങനെ പോകും. ഇപ്പോള്‍ അദ്ദേഹം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഭരണ തലസ്ഥാത്ത് അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട പ്രശസ്തമായ ഔംറംഗസീബ് റോഡ് പുനര്‍നാമകരണം ചെയ്യപ്പടാനുള്ള ഡല്‍ഹി കോര്‍പറേഷന്‍ തീരുമാനമാണ് അദ്ദേഹത്തെ വീണ്ടും വായനകളിലേക്ക് കൊണ്ടുവന്നത്. ഔറംഗസീബ് റോഡ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നാക്കണമെന്നാണ് തീരുമാനം. ക്രൂരനായ ഭരണാധികാരിയില്‍നിന്നും രാജ്യസ്‌നേഹിയിലേക്കുള്ള മാറ്റമായാണ് പേരുമാറ്റക്കാര്‍ അതിനെ വിശേഷിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടി ഔറംഗസീബ് ആരായിരുന്നുവെന്നും ആരായിരുന്നില്ലെന്നും പറയുകയാണ് സത്യധാര മാസിക. അജ്ഞതയില്‍ നിന്നും ഉറവിടുക്കുന്നതാണ് അദ്ദേഹത്തിനെതിരെയുള്ള വാദമെന്നാണ് എഴുത്തുകാരന്‍ മുന്നോട്ടുവെക്കുന്നത്. ഒട്ടനവധി ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ദരണികള്‍ ഇതിനുപോല്‍ബലകമായി അദ്ദേഹം ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2015 സെപ്റ്റംബര്‍ ലക്കം 16 ലേതാണ് വാരിക. ‘ഔറംഗസീബ്: അജ്ഞതയില്‍ ഉറവെടുക്കുന്ന വിവാദങ്ങള്‍’ എന്നാണ് യൂസഫലി എന്‍ കോട്ടുമലയുടെ ലേഖനത്തിന്റെ പേര്. പേരുമാറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ലേഖനമെന്നതു കൊണ്ടുതന്നെ ലേഖനത്തിനു പ്രസക്തിയുണ്ട്.

Related Articles