Current Date

Search
Close this search box.
Search
Close this search box.

തണലായ് മാറേണ്ടവര്‍ വെയിലായ് പെയ്യുമ്പോള്‍

ഒരു വസ്തു എവിടെയാണോ വെക്കേണ്ടത് അവിടെ വെക്കാതെ മറ്റൊരിടത്ത് സ്ഥാപിക്കുന്നതിനെയാണ് അക്രമം എന്നു പറയുക. ക്രമരാഹിത്വം സുഗമഗമനത്തിന് തടസ്സം സൃഷ്ടിക്കും. വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവും വിഭിന്നങ്ങളുമായ ആശയാദര്‍ശദര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ തട്ടലും മുട്ടലും സ്വഭാവികം തന്നെയാണെങ്കിലും, എല്ലാം സാഹചര്യത്തിന്റെ തലയില്‍ കെട്ടിവെച്ച് സ്വന്തം കാര്യം സിന്ദാബാദ് വിളിച്ച് തടി രക്ഷപ്പെടുത്താന്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരെ സംബന്ധിച്ചിടത്തോളം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇന്ത്യയെ ഒരു യന്ത്രമായി സങ്കല്‍പ്പിച്ചാല്‍ കാര്യം കുറുച്ച് കൂടി എളുപ്പത്തില്‍ വിശദീകരിക്കാന്‍ സാധിക്കും. യന്ത്രത്തിനുള്ളിലെ പല്‍ചക്രങ്ങള്‍ വ്യത്യസ്ത വലിപ്പത്തിലുള്ളവയാണെങ്കിലും പല്‍ചക്രങ്ങളുടെ അഗ്രഭാഗങ്ങളില്‍ ആ വ്യത്യസ്തതകള്‍ പരസ്പരം ഒരുമിക്കുന്നതിലൂടെയാണ് പ്രസ്തുത യന്ത്രം സുഗമമായി പ്രവര്‍ത്തിക്കുന്നത്.

വിഭജന-ബാബരിയാനന്തര കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സ്വത്വപ്രതിസന്ധിയുടെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന ചോദ്യത്തിലുള്ള മറുപടിയുമായാണ് ഈ ലക്കം പ്രബോധനം വാരികയിലൂടെ (ഡിസം 26) സദ്‌റുദ്ദീന്‍ വാഴക്കാട് നമുക്ക് മുന്നിലെത്തുന്നത്. നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുടെ ഓര്‍മകള്‍ പുതുക്കുന്നതിനിടക്ക് സ്വയം മറന്ന് പോയ, അവഗണിച്ചു തള്ളിയ മുഖ്യദൗത്യത്തെ കുറിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്. ബാബരിയാനന്തര തലമുറക്കിന്ന് 22 വയസ്സുണ്ട്. ഈ തലമുറയെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാന്‍ മുസ്‌ലിം സാമുദായിക സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന മൗലികമായ ചോദ്യം ലേഖകന്‍ ഉന്നയിക്കുന്നുണ്ട്.

‘സുബഹിക്ക് പള്ളിയില്‍ വരാത്ത മുസ്‌ലിം ഭൂരിപക്ഷമാണ് ബാബരി മസ്ജിദിനും വേണ്ടി തെരുവുകളില്‍ നിന്ന് നിലവിളിക്കുന്നതെന്ന്’ ഒരു രസികനായ മതപ്രഭാഷകന്‍ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആ വാക്കിലും ചില മുനകൂര്‍ത്ത ചോദ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആത്മപരിശോധനക്ക് തയ്യാറാവുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ‘ആദ്യം നിങ്ങള്‍ തമ്മതമ്മിലുള്ള കുടുംബ വഴക്ക് തീര്‍പ്പാക്ക്, എന്നിട്ടു പോരെ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കല്‍’ എന്ന പ്രബോധിത സമൂഹത്തിന്റെ യാഥാര്‍ഥ്യ ബോധത്തോടെയുള്ള മറുപടികള്‍ നമുക്ക് ഇനിയും വിലയിരുത്താന്‍ നേരം കിട്ടിയിട്ടില്ല.

യഥാര്‍ഥ ദൗത്യത്തെക്കുറിച്ച തിരിച്ചറിവും, തിരിച്ചറിവോടു കൂടിയിട്ടുള്ള ഇസ്‌ലാമിന്റെ ഹൃദ്യമായ അവതരണവും, അതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ചുള്ള ആലോചനകളുമാണ് നമ്മുടെ മുന്‍ഗണനാക്രമങ്ങളില്‍ വരേണ്ടതെന്നാണ് ലേഖകന്‍ ഓര്‍മപ്പെടുത്തുന്നത്. അതിന് നാം തയ്യാറല്ലായെങ്കില്‍ ‘ഇങ്ങനെ കരഞ്ഞ് തീര്‍ക്കാനുള്ളതാണോ ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതം?’ എന്ന ലേഖകന്റെ ചോദ്യം പ്രയോഗകവല്‍ക്കരണത്തിലേക്ക് വികസിക്കാതെ ഒരു ചോദ്യമായിത്തന്നെ വരും കാലങ്ങളില്‍ അവശേഷിക്കും.

പര്‍ദ്ദയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുമ്പൊക്കെ നമ്മുടെ ആഭ്യന്തര വിഷയമായിരുന്നെങ്കില്‍ ഇന്നത് സാംസ്‌കാരിക മനുഷ്യാവകാശ മുതലാളിമാരുടെ കൂടി ഇഷ്ടവിഷയമായിട്ടുണ്ട്. ഇസ്‌ലാം വിരുദ്ധര്‍ പര്‍ദ്ദയെ ശരിക്കും ഒരു വടിയായിതന്നെ ഉപയോഗപ്പെടുത്തി. മതേതര സാംസ്‌കാരിക പരിസരത്തു നിന്ന് പര്‍ദ്ദയെ സംരക്ഷിച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിനിടയില്‍ പര്‍ദ്ദയെ കൊണ്ട് കുടുങ്ങിയല്ലോ എന്നാലോചിച്ച് കുണ്ഠിതപ്പെട്ടു നിന്നവര്‍ ഞാനതല്ലായെന്നും പറഞ്ഞ് പള്ളിയില്‍ പോക്ക് നിര്‍ത്തി. ചിലരാകട്ടെ പര്‍ദ്ദ അറബി പദമല്ലായെന്ന് സമര്‍ഥിച്ച് തടിരക്ഷപ്പെടുത്താന്‍ നോക്കി. മറ്റുചിലര്‍ പര്‍ദ്ദ അറബികളുടെ സംസ്‌കാരമാണെന്നും കേരള മുസ്‌ലിം സ്ത്രീകള്‍ സാരിയുടുത്താല്‍ മതിയെന്നും സിദ്ധാന്തിച്ചു. രാത്രികാലങ്ങളിള്‍ പര്‍ദ്ദ ധരിച്ച് പുറത്തിറങ്ങുന്നവരോട്  മുന്നിലും പിന്നിലും റിഫഌക്ടറുകള്‍ ഘടിപ്പിക്കുക എന്ന പ്രായോഗിക നിര്‍ദ്ദേശം മുന്നോട്ട് വെച്ചവരെ നാം തീര്‍ച്ചയായും മാനിക്കേണ്ടതുണ്ട്. പര്‍ദ്ദയുടെ വടിവളവുകളെ കുറിച്ചായിരുന്നു നമ്മുടെ ആഭ്യന്തര ചര്‍ച്ച.

വിഷയം എന്തു തന്നെയായാലും പ്രമാണബന്ധിതമായ ഉത്തരങ്ങള്‍ കൊണ്ട് മാത്രമേ സ്വര്‍ഗ്ഗമോഹികളായ മുസ്‌ലിം ഉമ്മത്ത് സംതൃപ്തരാവുകയുള്ളു എന്ന കാര്യത്തില്‍ സംശയത്തിന് സാധ്യതയില്ല. പ്രമാണബന്ധിതമായ ഉത്തരങ്ങള്‍ തേടുന്നവരില്‍ തന്നെ തീവ്രതയിലേക്കും ജീര്‍ണ്ണതയിലേക്കും കൂപ്പുകുത്തുന്നവരുണ്ട്. ഇതിനിടയില്‍ മധ്യമനിലപാട് കൈക്കൊള്ളുന്നവരാണ് ഭൂരിപക്ഷം. പര്‍ദ്ദയുടെ നിറം, വലുപ്പച്ചെറുപ്പം തുടങ്ങിയവയുടെ കാര്യത്തില്‍ പ്രകൃതിമതമായ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സാഹചര്യങ്ങള്‍ക്കിണങ്ങിയ വൈവിധ്യമാര്‍ന്ന നിര്‍ദ്ദേശങ്ങളെ പ്രമാണങ്ങളുടെ സുശക്തമായ പിന്തുണയോടുകൂടിയാണ് ശബാബ് വാരികയില്‍ (ഡിസം 19) എ. അബ്ദുസ്സലാം സുല്ലമി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

വിശുദ്ധ ഗ്രന്ഥത്തില്‍ അക്ഷരവടിവുകളാല്‍ അലങ്കരിക്കപ്പെട്ട് കിടക്കുന്ന ലോകസമാധാനം ആഹ്വാനം ചെയ്യുന്ന വേദവാക്യങ്ങളിലേക്കല്ല ആളുകള്‍ നോക്കുന്നത്. മറിച്ച് നമ്മുടെ ജീവിതം കൊണ്ടാണ് അവര്‍ ഇസ്‌ലാമിനെ വിചാരണചെയ്യുക. സമൂഹത്തിന് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഈ സമുദായത്തിന്റെ നന്മകളെ സമൂഹത്തിന് അനുഭവിക്കാന്‍ കഴിയാത്തതിന്റെയും, ഈമാനില്‍ വേരുകളാഴ്ത്തി ശാഖകള്‍ ആകാശത്ത് വിരിച്ച് സമൂഹത്തിന് മേല്‍ ഒരു തണല്‍മരമായ് ഉയര്‍ന്ന് നില്‍ക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് സാധിക്കാത്തതിന്റെയും കാരണങ്ങള്‍ സ്വന്തം സമുദായത്തിന്റെ പടലപ്പിണക്കങ്ങളില്‍ തന്നെയാണ് ചികയേണ്ടത്. വ്യക്തികള്‍ എന്ന നിലക്ക് ഈ പരിതാവസ്ഥയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് നമുക്കും ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കുകയില്ലെന്ന് ഓര്‍മപ്പെടുത്തുന്നു.

തണലായ് മാറേണ്ടവര്‍ വെയിലായ് പെയ്യുമ്പോള്‍ കൂട്ടത്തിലൊരുത്തന്‍ കുടചൂടിയിട്ടെന്ത് കാര്യം, അല്ലെ?!!

Related Articles