Current Date

Search
Close this search box.
Search
Close this search box.

ടിപി വധക്കേസില്‍ വൈരുധ്യാത്മക ഭൗതിക പാര്‍ട്ടിയുടെ പങ്ക്

വൈരുദ്ധ്യാത്മക ഭൗതീകവാദം എന്നതൊരു കമ്യൂണിസ്റ്റ് ബേസിക് തിയറിയാണ്. ഇനി അതെന്താണെന്ന് മനസ്സിലാക്കാന്‍ എം പി  പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം എന്ന കിതാബൊന്നും വായിക്കേണ്ടതില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയ്തികളെല്ലാം ഒന്ന് വീക്ഷിച്ചാല്‍ മാത്രം മതി. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പറഞ്ഞും മാറ്റിപ്പറഞ്ഞും പാര്‍ട്ടി നടത്തുന്ന സര്‍ക്കസ് കാണുന്നവരില്‍ ചിരിയേക്കാളേറെ സഹതാപമാണ് ഉണര്‍ത്തുന്നത്..

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരെങ്കിലും പെട്ടാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് മുമ്പ് പോളിറ്റ് ബ്യൂറോ ഉറപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് വേണ്ടി ഉന്നത നീതിപീഠത്തില്‍ അപ്പീല്‍ പോകാന്‍ ഉറച്ചിരിക്കുകയാണ് പാര്‍ട്ടി. ഇതില്‍ ഏത് ഉറപ്പാണ് പാലിക്കപ്പെടേണ്ട് എന്ന് തീരുമാനിക്കാനാകാത്ത പ്രതിസന്ധിയിലാണ് സിപിഎം എന്നെഴുതുന്നു മാധ്യമം ആഴ്ചപ്പതിപ്പില്‍ എന്‍ എം പിയേഴ്‌സന്‍. (ഫെബ്രുവരി 3)

‘സിപിഎമ്മിന്റെ പ്രവര്‍ത്തനത്തില്‍ കൊല വിദഗ്ധ തൊഴിലായി സ്വീകരിച്ചവരുടെ സാന്നിധ്യം തീവ്രമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നു. അതിന്റെ ക്ലൈമാക്‌സിലാണ്  ഒഞ്ചിയത്ത് വള്ളിക്കാട് വഴിയോരത്ത് ചന്ദ്രശേഖരന്‍ വടിവാളിനാള്‍ വെട്ടിവീഴ്ത്തപ്പെട്ടത്. ഒരു ഫാഷിസ്റ്റ് അതിക്രമത്തിന്റെ ചരിത്ര സാക്ഷ്്യമായി അത് മാറി. ഫാഷിസത്തിന്റെ ഇരുട്ടറയായി പാര്‍ട്ടി മാറുന്നതിന്റെ ചരിത്രം കൂടിയായി അത് എഴുതപ്പെടുകയാണ്’.

********************************

ജനുവരി 23 ന് ഗോരഖ് പൂരില്‍ നടന്ന വിജയ് ശംഖ്‌നാദ് റാലിയില്‍ ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ഒരു കഥ ചേര്‍ത്തു.
ഒരു ആണ്‍കുട്ടി യുപിയില്‍ നിന്ന് ട്രെയിനില്‍ കയറി. ഗുജറാത്ത് അതിര്‍ത്തിയില്‍ ട്രെയിന്‍ എത്തുന്നത് വരെ അവന്റെ അമ്മയ്ക്ക് വേവലാതിയായിരിക്കും. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് ട്രെയിന്‍ യാത്ര സുരക്ഷിതമാണെന്നായിരുന്നു മോഡി പറഞ്ഞു വന്നത്. ഗുജറാത്ത് എത്തുന്നതിന് മുമ്പ് ആ ട്രെയിന്‍ കടന്നുപോയ മധ്യപ്രദേശും രാജസ്ഥാനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്ന് ബി എസ് പി രാജ്യസഭാ എം പി ബ്രിജേഷ് പഥക്ക് ചൂണ്ടിക്കാട്ടിയതോടെ നരേന്ദ്രമോഡിയുടെ കഥ പാളി.
മോഡിയുടെ പൊളിഞ്ഞ ഈ ട്രെയിന്‍ കഥ പറയുന്നത് ഇന്ത്യാ ടുഡേയില്‍..(ഫെബ്രുവരി 12)

*******************************
യൂനുസ് മുസാഫര്‍ കെ ചെമ്മാടിന്റെ ചന്ദ്രിക വീക്ക്‌ലിയില്‍ വന്ന പൊട്ടാത്ത കലം എന്ന കവിത സുന്ദരം(ഫെബ്രുവരി 1)

പൊട്ടാത്ത കലം

ഉമ്മ ചുട്ടുപൊള്ളി പഴുത്തും
ദാമ്പത്യത്തിന്റെ തീ തലപ്പത്ത്
സ്‌നേഹം പാകം ചെയ്യുകയാണ്..
ഇന്നലെ പാതിരാക്ക്
ഉപ്പയെത്തുമ്പോള്‍
ഇടിയായിരുന്നു..
പോകുമ്പോള്‍ നിലത്ത്
കരിപിടിച്ച തട്ടം മറച്ച് കലപ്പൊട്ടുകള്‍
ചിതറിക്കിടന്നിരുന്നു
രാവിലെ ഉണര്‍ന്നപ്പോള്‍
വീണ്ടുമൊരു കലം അടുപ്പത്തങ്ങനെ..

******************************
ഈ ആഴ്ചത്തെ വാരികകളില്‍ വായനാനുഭവം കൊണ്ട് ഏറെ മുന്നില്‍ നില്‍ക്കുന്നത് മാതൃഭുമി ആഴ്ചപ്പതിപ്പ് തന്നെ. പ്രമോദ് രാമന്റെയും എസ് ഹരീഷിന്റെയും കഥകളും സിവിക് ചന്ദ്രന്റെ എം സുകുമാരന്‍രെയും യുപി ജയരാജന്റെയും തീപിടിച്ച കാലത്തെ പറ്റിയുള്ള വായനയും മനോഹരം.

Related Articles