Current Date

Search
Close this search box.
Search
Close this search box.

കാലത്തിനു മുന്നേ നടന്ന ശാസ്ത്രജ്ഞര്‍

എട്ടാം നൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം ഇസ്‌ലാമിന്റെ സുവര്‍ണയുഗമായിട്ടാണ് അറിയപ്പെടുന്നത്. പ്രപഞ്ചത്തെക്കുറിച്ച് അറിയാനും പഠിക്കാനും താല്‍പര്യമുള്ള, ഖുര്‍ആനിന്റെ ആജ്ഞകളെ സര്‍വാത്മനാ സ്വീകരിച്ച് ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ ലോകത്തിന്റെ മുന്നില്‍ നടന്നവരായിരുന്നു അക്കാലത്തെ മുസ്‌ലിം പണ്ഡിതന്മാര്‍. അറിവുകള്‍ കിതാബുകളില്‍ അടച്ചുവെക്കാനോ പാരായണം ചെയ്യാനോ ഉള്ളതാണെന്നു ധരിച്ച മുസ്‌ലിംകളും മുസ്‌ലിം സംഭാവനകളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നവലോക്രമവും മൂടിവെച്ച മുസ്‌ലിം ശാസ്ത്രപ്രതിഭകളെയും സംഭാവനകളെയും പരിചയപ്പെടുത്തുകയാണ് ഈ ലക്കം സംവാദം മാസിക (2015 സെപ്റ്റംബര്‍, ലക്കം-2) ‘കാലത്തിനു മുന്നില്‍ നടന്ന ശാസ്ത്രജ്ഞര്‍’ എന്ന അബു മര്‍യം തൊടുപുഴയുടെ ലേഖനത്തിലൂടെ. ഭൗതിക ശാസ്തത്തില്‍ നൊബല്‍ സമ്മാന ജേതാവായ അബ്ദുസ്സലാം യുനസ്‌കോ ഹൗസില്‍ നടത്തിയ പ്രസംഗത്തോടെ തുടങ്ങുന്ന ലേഖന പുതിയ വായനാനനുഭവം തരുന്നു. ഗവേഷണത്വരയോടെ വായിക്കുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന ഒന്നാണിത്.

‘നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു കല്‍പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തു കളയുന്നു.'(ഇസ്‌റാഅ്:16)
സുഖലോലുപതയും അരാജകത്വവും ആശയാടിത്തറയാകുന്ന വ്യക്തിസമൂഹ രാഷ്ട്രങ്ങളെ എപ്രകാരമാണ് ചരിത്രത്തില്‍ നിന്നും ദൈവം നിഷ്‌കാസനം ചെയ്യുകയെന്ന ഖൂര്‍ആനിക പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനം പുലര്‍ന്നുകണ്ട ഇസ്‌ലാമിക രാജ്യങ്ങള്‍ ചരിത്രത്തിന്റെ തുടക്കത്തില്‍ മാത്രമല്ല. ചരിത്രം കeലഗതിയടഞ്ഞിട്ടില്ലാത്ത വര്‍ത്തമാനകാലത്തും ഉണ്ടായിട്ടുണ്ട്. പ്രോജ്ജ്വലമായ ഇസ്‌ലാമിക നാഗരികതയുടെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ ഉസ്മാനിയ ഖിലാഫത്ത് എങ്ങനെയാണ് ചരിത്രത്തിന്റെ ഭഗമായതെന്നു നാം കേട്ടുപഠിച്ചതാണ്. ‘മുസ്‌ലിം സമൂഹത്തെ തൊട്ടുണര്‍ത്തി ലോകത്തിന്റെ വന്‍കരകളിലെല്ലാം സത്യമതത്തിന്റെ സുന്ദരസന്ദേശം പ്രചപിപ്പിച്ച് ജൈത്രയാത്ര തുടരാന്‍ അവസരമൊരുക്കിയത് ഉസ്മാനിയാ ഖലീഫമാരാണ്. 625 വര്‍ഷം ഭരിക്കുകയും 37 സുല്‍ത്താന്‍ന്മാര്‍ അധികാരത്തില്‍ വരികയും ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കുകയും അനേകം നേട്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.’ തുര്‍ക്കി ഖിലാഫത്തിന്റെ ഉത്ഥാനപതനങ്ങലെക്കുറിച്ചു പറയുന്ന ‘ഉസ്മാനിയാ ഖിലാഫത്ത് പതനവര്‍ത്തമാനങ്ങള്‍’ എന്ന തലക്കെട്ടില്‍ സുന്നി അഫ്കാര്‍ (2015 സെപ്റ്റംബര്‍, ലക്കം: 47)പ്രസിദ്ധീകരിച്ച ലേഖനത്തിലെ വരികളാണിത്. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരിയാണ് ലേഖകന്‍.

തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്തില്‍ നിന്നും തുടങ്ങി മുസ്തഫാ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ കുഴിച്ചുമൂടുകയും രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ നിന്നും മതം, ഇസ്‌ലാം എന്ന ഭാഗം തന്നെ ഒഴിവാക്കി ശരീഅത്തിനു പകരം സ്വിസറ്റ് ഇറ്റാലിയന്‍ നിയമം നടപ്പിലാക്കിയതും പുതിയ കാലത്ത് റജബ് ഉര്‍ദുഗാന്റെ നേതത്വത്തിലുള്ള ഇസ്‌ലാമിക പരിഷ്‌കരണങ്ങളുടെ തിരിച്ചുവരവിനെയും പറഞ്ഞുകൊണ്ട് എപ്രകാരമാണ് കരുത്തുറ്റ ഇസ്സ്‌ലാമിക സംസ്‌കാരം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതെന്ന് അദ്ദേഹം പറയുന്നു. ചരിത്ര പാഠങ്ങളെ വായനക്കാര്‍ക്കുമുമ്പില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ലേഖനമെന്നനിലയില്‍ നല്ല വായനാനുഭവമാണ്.

പ്രാര്‍ഥനയുടെയും പാശ്ചാത്താപത്തിന്റെയും കണ്ണുനീരണഞ്ഞ് നടത്തുന്ന ത്യാഗോജ്ജ്വലമായ യാത്രയാണ് ഓരോ വിശ്വാസിക്കും പരിശുദ്ധ ഹജ്ജ്. ത്യാഗത്തിന്റെ നീരുറവ ഇറങ്ങിയ പുണ്യസ്ഥലം. ഹജ്ജിന്റെ ആത്മാവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ലേഖനങ്ങളുമായാണ് ഈ ആഴ്ച്ച പ്രബോധനം വാരിക (2015 സെപ്റ്റംബര്‍ 11) പുറത്തിറങ്ങിയത്. പ്രവാചകനോടുള്ള സ്‌നേഹത്തിലും മദീനയോടുള്ള പ്രണയത്തിലും അലിഞ്ഞു ചേര്‍ന്നതായിരുന്നു കവിയും ദാര്‍ശനികനുമായ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജീവിതത്തിലെ അവസാന കാലം. വാര്‍ധ്യക്യത്തിലെത്തിയ സമയത്ത് പുണ്യഭൂമി സന്ദര്‍ശിക്കാനുള്ള അധമ്യമായ ആഗ്രഹം അദ്ദേഹത്തില്‍ അങ്കുരിച്ചതും അതുകൊണ്ടുതന്നെയാണ് അതിനെക്കുറിച്ചുള്ള വര്‍ത്തമാനമാണ് പ്രബോധനത്തിലെ ‘ഇഖ്ബാലിന്റെ ഭാവനയിലെ ഹജ്ജ്’ എന്ന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ലേഖനം.

കഅ്ബയെയും അതിന്റെ ആത്മാവിനെയും അതിലെ ജീവിതത്തെയും രൂപപ്പെടുത്തിയത് ലോകനേതാവായ ഇബ്‌റാഹീമിന്റെ ഭാര്യ ഹാജറിന്റെ രക്തവും വിയര്‍പ്പുമാണെന്നും മക്ക നീരുറവകളുടെ ദേശമായത് എങ്ങനെയാണെന്നും പറയുകയാണ് മഹമ്മദ് ശമീം ‘കഅ്ബയുടെ കഥ ബക്കയുടെയും’ എന്ന പ്രബോധനത്തിലെ തന്നെ മറ്റൊരു ലേഖനത്തിലൂടെ. വിശ്വാസികള്‍ ഹജ്ജിന്നായുള്ള ഒരുക്കത്തിലും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക മുസ്‌ലിംകള്‍ ബലി പെരുന്നാളും ആഘോഷിക്കാന്‍ പോകുന്ന വേളയില്‍ ചൈതന്യമായ വായനാനുഭവം ഈ ലേഖനങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.

Related Articles