Current Date

Search
Close this search box.
Search
Close this search box.

ഒറ്റക്കും കൂട്ടമായും നമുക്ക് പ്രാര്‍ത്ഥിക്കാം, ഒറ്റക്കെട്ടായ് പ്രവര്‍ത്തിക്കാം

മറ്റുള്ളവര്‍ നമുക്കേല്‍പ്പിച്ച ആഘാതങ്ങളെയും പരാജയങ്ങളെയും കുറിച്ച് നാളുകളായി നാം സംസാരിച്ചു കൊണ്ടിരിക്കുന്നു. നാം സ്വയം വരുത്തി വെച്ച പരാജയങ്ങളെയും തകര്‍ച്ചകളെയും സംബന്ധിച്ച് സംസാരിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അവയെ കുറിച്ച് നാം എന്ന് സംസാരിച്ചു തുടങ്ങുന്നുവോ അന്ന് മുതല്‍ക്കാണ് നാം പക്വത കൈവരിച്ചു തുടങ്ങുക

 ‘നോട്ട്‌സ് ഫ്രം പ്രിസണ്‍‘ എന്ന തന്റെ കൃതിയിലെ ആറാം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ അലിജാ ഇസ്സത്ത് ബെഗോവിച്ച് എഴുതി ചേര്‍ത്ത വരികളാണിത്. ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തിലൂടെ കടന്നു പോയ ഉത്ഥാന പതനങ്ങളുടെ കാര്യ കാരണങ്ങളെ സൂക്ഷ്മമായി വിശകലനം നടത്തി ഉചിതമായ പരിഹാരം നിര്‍ദ്ദേശിക്കുകയാണ് അദ്ദേഹം. ദൈവപാശത്തില്‍ മുറുകെ പിടിക്കുവാനുള്ള ഖുര്‍ആനികാഹ്വാനത്തെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവെച്ച് സൂക്തങ്ങളുടെ ആന്തരികാര്‍ത്ഥങ്ങളിലേക്കാണ് ബെഗോവിച്ച് നമ്മെ വഴിനടത്തുന്നത്. അതോടൊപ്പം പ്രയോഗത്തിലേക്ക് വികസിക്കാത്ത നമ്മുടെ വൈജ്ഞാനിക പക്വതയില്ലായ്മയെ അദ്ദേഹം ചോദ്യം ചെയ്യുന്നുമുണ്ട്.

നമ്മളെന്തിനാണ് പറയേണ്ടത് പറയാതെ മിണ്ടാതെ നില്‍ക്കുന്നത്
ഇത്തവണത്തെ പ്രബോധനം വാരിക (2014 ഡിസം 12) പരിമിതമായ തോതിലാണെങ്കിലും ബെഗോവിച്ചിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി എഴുന്നേറ്റു നില്‍ക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ ആത്മീയവും, സാമൂഹികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ പിന്നോട്ടടികളുടെയും, മുന്നേറ്റങ്ങളുടെയും ചരിത്ര വര്‍ത്തമാനങ്ങളില്‍ ഭിന്നിച്ച് നിന്ന് ദൗത്യ നിര്‍വഹണം നടത്തിയിരുന്ന പ്രസ്ഥാനങ്ങള്‍ ഒരിടത്തിരുന്ന് നമ്മളൊന്നിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് സംസാരിക്കുന്ന കാഴ്ച്ച കാണാന്‍ അണികള്‍ക്ക് അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് പ്രബോധനം വാരികയുടെ അണിയറ പ്രവര്‍ത്തകര്‍.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി അബുല്‍ ബുഷ്‌റ മൗലവി, ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരുടെ വര്‍ത്തമാനങ്ങളാണ് പ്രബോധനത്തിന്റെ പുറംന്തോടിന് ഉറപ്പും, അകക്കാമ്പിന് പോഷക സമൃദ്ധിയും നല്‍കുന്നത്. ‘അഭിപ്രായ വ്യത്യാസങ്ങള്‍ അനൈക്യത്തിന് കാരണമാകേണ്ടതില്ല’, ‘കര്‍മശാസ്ത്ര വൈവിധ്യങ്ങളെ മാനിക്കാന്‍ കഴിയണം’, ‘ദീന്‍ പ്രസക്തമാവുന്ന പുതിയ കാലത്ത് നമ്മളെവിടെ നില്‍ക്കുന്നു?’, ‘മുസ് ലിം സംഘടനകള്‍ സസ്‌നേഹം ജീവിക്കുന്ന ആ കാലത്തിന് എന്റെ പ്രാര്‍ത്ഥന’ തുടങ്ങിയ തലവാചകങ്ങളുടെ കീഴില്‍ നിന്ന് ഉള്ളുതുറന്ന് നേതാക്കള്‍ നടത്തിയ സംസാരങ്ങള്‍ വ്യത്യാസങ്ങളെ വൈവിധ്യങ്ങളെന്ന് തിരുത്തി വായിച്ച് ഒരുമിച്ചിരിക്കാന്‍ അണികളെ പ്രേരിപ്പിക്കുന്നത് തന്നെയാണ്. ഒറ്റക്കും കൂട്ടമായും നമുക്ക് പ്രാര്‍ത്ഥിക്കാം, എന്നിട്ട് ഒരുമിച്ച് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാം.

അറിവാരുടേയും തറവാട്ടു സ്വത്തല്ല
മുസ്‌ലിം നാവികര്‍ കൊളംബസിന് മുമ്പ് തന്നെ 1178 ല്‍ അമേരിക്കന്‍ തീരങ്ങളില്‍ എത്തിയിരുന്നു എന്ന് പാശ്ചാത്യ കേന്ദ്രീകൃത ഹെജിമണിക്കല്‍ ചരിത്രമെഴുത്തുകളുടെ മുഖത്ത് നോക്കി ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന് വേണ്ടി കവര്‍‌സ്റ്റേറിയുടെ പേജുകള്‍ മാറ്റി വെച്ച രിസാല വാരികക്ക് (2014  ഡിസം 3) ഒരായിരം അഭിനന്ദനങ്ങള്‍. രസകരമായ മറ്റൊരു സംഗതിയുണ്ട്. ഉര്‍ദുഗാന്റെ പ്രസ്താവനയെ കളിയാക്കി കൊണ്ട് സഊദി അറേബ്യയിലെ പ്രശസ്ത കോളമിസ്റ്റ് അബ്ദുല്‍ ലത്തീഫ് അല്‍മൂല്‍ഹിം എഴുതിയ ലേഖനം രിസാല ഉദ്ധരിക്കുന്നുണ്ട്. സഊദി അറേബ്യക്ക് ഉര്‍ദുഗാനോടുള്ള പകയെ സലഫി സഊദിയും, സുന്നി തുര്‍ക്കിയും തമ്മിലുള്ള ശത്രുതയായാണ് ലേഖകനായ സഹോദരന്‍ ശാഹിദ് അവതരിപ്പിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ അകമഴിഞ്ഞ് പിന്തുണക്കുകയും, ഇസ്‌ലാമിന്റെ തനതായ മൂല്യങ്ങളില്‍ ഊന്നിനിന്നു കൊണ്ട് മുസ്‌ലിം ബ്രദര്‍ഹുഡ് മുന്നോട്ട് വെക്കുന്ന ആശയാദര്‍ശങ്ങളെ വ്യക്തിപരവും, രാഷ്ടീയവുമായ തന്റെ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്ന ഭരണാധികാരിയാണ് ഉര്‍ദുഗാന്‍. സഊദി അറേബ്യക്ക് തുര്‍ക്കിയോട് ഉണ്ടെന്ന് രിസാല ലേഖകന്‍ സൂചിപ്പിച്ച പകയുടെയും, ശത്രുതയുടെയും മൂല കാരണം അദ്ദേഹത്തിന്റെ മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം തന്നെയാണ്.

ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് ഉര്‍ദുഗാന്റെ തുര്‍ക്കിയെ സുന്നി തുര്‍ക്കിയെന്ന് വിശേഷിപ്പിക്കാന്‍ രിസാലയുടെ കവര്‍‌സ്റ്റോറി തുനിഞ്ഞതെങ്കില്‍ ആ ഹൃദയവിശാലതയെ മാനിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഇനി അതല്ല സലഫി സഊദിയുടെ ശത്രുക്കളെല്ലാം സുന്നി സഹോദരന്‍മാരാണെന്നും, ‘ഓന്‍ നമ്മടെ ആളാ’ണെന്നുമുള്ള നഴ്‌സറി യുക്തിയാണ് ഇതിന് പിന്നിലെങ്കില്‍ ബെഗോവിച്ച് നേരത്തെ സൂചിപ്പിച്ച പക്വതയിലേക്ക് പാകപ്പെടാന്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മാത്രമാണ് പറയാനുള്ളത്.

‘ഒറ്റക്കും കൂട്ടമായും നമുക്ക് പ്രാര്‍ത്ഥിക്കാം, എന്നിട്ട് ഒരുമിച്ച് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാം’

Related Articles