Current Date

Search
Close this search box.
Search
Close this search box.

ഏക മുസ്‌ലിം ശാസ്ത്ര നോബല്‍ ജേതാവിന് മലയാളി മുസ്‌ലിമിനോട് പറയാനുള്ളത്

പ്രശസ്ത ഇംഗ്ലീഷ് ഇസ്ലാമിക എഴുത്തുക്കാരന്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ശാസ്ത്ര സത്യങ്ങളെയും ഖുര്‍ആനിലുള്ള അതിന്റ സൂചനകളെയും ആ രംഗത്ത് മുന്‍ഗാമികള്‍ നല്‍കിയ സംഭാവനകളെയും  മുന്‍നിര്‍ത്തി എണ്‍പതുകളില്‍ ഒരു പുസ്തകം എഴുതിയിരുന്നു. തന്റ പുസ്തകം വായിച്ച് മുസ്‌ലിം ലോകത്തെ കുറച്ച് പേരെങ്കിലും ശാസ്ത്രം പഠിച്ച് ആ രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കട്ടെ എന്നായിരുന്നു സര്‍ദാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആ പുസ്തകം മറ്റൊരു രസകരമായ രീതിയിലാണ് ഇസ്ലാമിക ലോകത്ത് വായിക്കപ്പെട്ടത് എന്ന് സര്‍ദാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലോകത്തെ മതപ്രഭാഷകരെല്ലാം ആ പുസ്തകത്തില്‍ സര്‍ദാര്‍ സൂചിപ്പിച്ച ആയത്തുകളും ശാസ്ത്ര കണ്ടെത്തലുകളും ഉദ്ദരിച്ച് തങ്ങളുടെ മതത്തിന്റ സമകാലിക പ്രസക്തിയെക്കുറിച്ച് വമ്പിച്ച വഅളുകള്‍ നടത്തി.അദ്ദേഹം ലക്ഷ്യമിട്ട ശാസ്ത്രപഠനത്തിന് ഒരാളും തയ്യാറായതുമില്ല, ഒരു പണ്ഡിതനും സംഘടനയും അതിന് പ്രേരിപ്പിച്ചതുമില്ല.

ഇതിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കാരണം ,പുതിയ സുന്നി അഫ്കാറില്‍ (മെയ്1) ഡോ അഹ്മദ് സിവൈലുമായുള്ള അഭിമുഖം വായിച്ചതാണ്. ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ജീവിച്ചിരിക്കുന്ന ഏക മുസ്ലിം ശാസ്ത്രജ്ഞനാണ് ഈജിപ്തുകാരനായ അദ്ദേഹം. ഇത് വരെ രണ്ടേ രണ്ട് മുസ്ലിംകള്‍ മാത്രമാണ് ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയിട്ടുള്ളത്. ഫിസിക്‌സില്‍ 1979 ല്‍ പാകിസ്ഥാന്‍ക്കാരനായ അബ്ദുസ്സലാമാണ് ഇതില്‍ ആദ്യത്തെയാള്‍. അദ്ദേഹം 1996 മരിച്ചു.1999 ല്‍ കെമിസ്ട്രയില്‍ ഡോ:സിവൈല്‍ നോബല്‍ കരസ്ഥമാക്കിയത്. ഫൗണ്ടൈന്‍ മാഗസിന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റ പ്രസക്ത ഭാഗങ്ങളാണ് സുന്നി അഫ്കാര്‍ പ്രസിദ്ദീകരിച്ചിരിക്കുന്നത്. ഇസ്ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ് , നമ്മുടെ മുന്‍ഗാമികള്‍ ആ രംഗത്ത് നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ച് ആ പാരമ്പര്യത്തിലേക്ക് മുസ്‌ലിംകള്‍ മടങ്ങി വരണമെന്നാണ് സംഭാഷണത്തിന്റ രത്‌നച്ചുരുക്കം. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ശാസ്ത്രീയ കണ്ടുപ്പിടുത്തങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം തുറന്നു പറയുന്നു. അടുത്തിടെയായി വിദ്യാഭ്യാസപരമായി വളര്‍ച്ച കാണിക്കുന്ന പുതിയ കേരളമുസ്ലിം തലമുറയിലെ കുറച്ച് പേരെങ്കിലും ഈ വാക്കുകള്‍ക്ക് ചെവി കൊടുത്തിരുന്നൂവെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. ഡോക്ടര്‍മാരെക്കാളും എഞ്ചിനീയര്‍മാരെക്കാളും ഈ സമുദായത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ അവര്‍ക്കാണ് സാധ്യമാവുക. നമ്മുടെ മതപണ്ഡിതന്‍മാരും മതസംഘടനകളും കാര്യമായ ശ്രദ്ധ ഈ രംഗത്ത് കാണിക്കേണ്ടിയിരിക്കുന്നു.

ആഭരണഭ്രമവും വിവാഹവേളകളിലെ ധൂര്‍ത്തും അതിന്റ അനന്തരഫലമായി സാധാരണക്കാരനുഭവിക്കുന്ന ദുരിതവും ഒരുപാട് തവണ വ്യത്യസ്ഥ മുസ്ലീം ആനുകാലികങ്ങളില്‍ വിശയീഭവിച്ചിട്ടുണ്ട്.ആ ദുരിതങ്ങളും അതിന്റ കാരണവും ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അടിക്കടിയുള്ള ഉണര്‍ത്തലുകള്‍ ഇനിയും അനിവാര്യമാണ്. ആ അര്‍ഥത്തില്‍ ശ്രദ്ദേയമായ രണ്ടു ലേഖനങ്ങളാണ് ഹമീദ് അബ്ദുല്ല എഴുതിയ ‘ധൂര്‍ത്തിന്റ സമുദായമെന്ന’ പുതിയ തേജസ് ദൈ്വവാരികയിലെ (മെയ് 115) കവര്‍ സ്‌റ്റോറിയും ശബാബ് വാരികയിലെ (ഏപ്രില്‍ 26) കാക്കനോട്ടം എന്ന തന്റ കോളത്തില്‍ ഏ.പി കുഞ്ഞാമു  എഴുതിയ നിരീക്ഷണങ്ങളും.സ്ത്രീധനമെന്ന കാടന്‍ പൂച്ചക്ക് മണിക്കെട്ടണം എന്ന വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഒച്ച വെക്കാന്‍ തുടങ്ങിയിട്ട് ഇമ്മിണി കാലമായി. പക്ഷേ ആര്? എപ്പോള്‍?എങ്ങനെ? അത് മാത്രം നമ്മുടെ മതവാദപ്രതിവാദ പരമ്പര പോലെ നീണ്ടു പോകുന്നു. ഇതിങ്ങനെ തുടരുകയാണെങ്കില്‍ പുര നിറഞ് നില്‍ക്കുന്ന പെണ്ണുങ്ങളുടെ ഹൃത്തടത്തുലെ ചൂട് സമുദായത്തിലെ പണ്ഡിതന്‍മാരും മഹല്ല് കാരണവന്‍മാരും അനുഭവിച്ചറിയാന്‍ നരകച്ചൂട് തന്നെ കാണേണ്ടി വരുമെന്നാണ് തോന്നുന്നത്. അല്ലാഹു കാക്കട്ടെ ഈ സമുദായത്തുലെ പെണ്ണുങ്ങളെയും നേതാക്കളെയും.

Related Articles