Current Date

Search
Close this search box.
Search
Close this search box.

എന്തൊക്കെയാണ് രാഷ്ട്രീയമായ ശരികള്‍?

നെടുംപൊയിലിലെ കരിങ്കല്‍ ക്വാറി പ്രദേശത്തെ ആദിവാസികളുടെ ജീവിതത്തെ ഗുരുതരമായി തന്നെ ബാധിച്ചു. ഈ ക്വാറിയുടെ അമ്പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ തന്നെ ഒരുപാട് ആദിവാസി വീടുകളുണ്ട്. ക്വാറിയിലെ ഉഗ്രസ്‌ഫോടനങ്ങളില്‍ വീടുകള്‍ കുലുങ്ങി വിറച്ച് വിണ്ടുകീറി. പരിസര മലിനീകരണത്തിന്റെ കൂടെ ജലദൗര്‍ബല്യം രൂക്ഷമായി. ഇതിനെതിരെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും അവര്‍ പരാതിപ്പെട്ടു. പരാതികേട്ടവന്റേത് തന്നെയായിരുന്നു ക്വാറികള്‍ എന്ന വസ്തുത പിന്നീട് മനസ്സിലായി. ഗത്യന്തരമില്ലാതെ ജനകീയ പിന്തുണയുള്ള വിമോചന ഗറില്ലാ സേന ഈ ക്വാറിയുടെ ഓഫീസ് ആക്രമിച്ച് നശിപ്പിച്ചു. പിറ്റേന്ന് രാവിലെ മുതല്‍ നമ്മുടെ നികുതിപ്പണം തിന്ന് നെഞ്ച് വിരിച്ച് നടക്കുന്ന തണ്ടര്‍ബോള്‍ട്ട് സേനയെ മുതലാളിയുടെ ക്വാറി കാക്കാന്‍ വേണ്ടി നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ രംഗത്തിറക്കി.

മാധ്യമ വാര്‍ത്തകളല്ല, സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളും ചൂഷണങ്ങളുമാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത്. മാധ്യമ ശ്രദ്ധക്കായല്ല ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഈ സാമൂഹിക വ്യവസ്ഥക്കെതിരെയുള്ള സമരങ്ങളുടെ ഭാഗമായാണ്. അടിയന്തരാവസ്ഥകൊണ്ടും സെന്‍സറിങ്ങുകള്‍ കൊണ്ടുമൊന്നും ജനങ്ങളെ അടിച്ചമര്‍ത്താമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവെക്കാമെന്നും മോഹിക്കരുത്‘.

മാവോയിസ്റ്റ് നേതാവ് രൂപേഷ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എഴുതുന്ന തുറന്ന കത്ത് മലയാളം വാരിക (2015 ഫെബ്രുവരി13) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണ്ണിനോട് ചേര്‍ത്ത് ചവിട്ടിയരക്കപ്പെടുന്നവന്റെ ജീവവായുവിനായുള്ള വെപ്രാളകുടച്ചിലില്‍ മണ്ണില്‍ നിന്നും ചിതറിത്തെറിക്കുന്ന മുനകൂര്‍ത്ത കല്‍ച്ചീളുകള്‍ ചിലപ്പോള്‍ മര്‍ദകന്റെ നെഞ്ച്തുളച്ച് കടന്നുപോകാറുണ്ട്. ആ തുളച്ചുകയറലുകളെ മാത്രമാണ് നിങ്ങളിന്ന് മാവോയിസം എന്ന പേരിട്ട് വിളിക്കുന്നത്. എന്നാല്‍ അതുക്കും മേലെയാണ് മാവോയിസ്റ്റുകള്‍ എന്ന് പറയാനാണ് രൂപേഷ് ശ്രമിക്കുന്നത്. അത്രമാത്രം.

സമാധാനം സായുധ പോരാട്ടത്തിലൂടെ എന്ന് തീരുമാനിച്ചിറങ്ങുന്ന യുവരക്തകൂട്ടങ്ങളുടെ സ്വാഭാവിക പരിണതി എവ്വിധമായിരിക്കും എന്ന വിഷയത്തെ ആഴത്തില്‍ സ്പര്‍ശിച്ചറിയാന്‍ സഹായിക്കുന്ന ഈ ലക്കത്തിലെ കവര്‍‌സ്റ്റേറി പ്രബോധനം വാരികയുടെ (2015 ഫെബ്രുവരി13) കാലികപ്രസക്തിക്ക് മാറ്റുകൂട്ടുന്നുണ്ട്. 1970-കളില്‍ ഈജിപ്തിലെ സാമൂഹിക സാഹചര്യങ്ങളില്‍ നിരാശപൂണ്ട് അതുവരെ നടത്തിപോന്നിരുന്ന സമാധാനപരമായ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യില്ല എന്ന് വികാരാവേഷത്താല്‍ തീരുമാനമെടുത്ത് സായുധ മാര്‍ഗത്തിലേക്ക് വഴിതെറ്റിക്കപ്പെട്ട ഒരു കൂട്ടം യുവജനങ്ങള്‍ രൂപം കൊടുത്ത സംഘമാണ് ‘അല്‍ജമാഅ അല്‍ഇസ്‌ലാമിയ‘.

ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ക്ക് അവരുടെ അതിവാദങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. വികാരാവേശത്താല്‍ പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചതില്‍ അവര്‍ ഖേദിച്ചു. ഇസ്‌ലാമിക പ്രമാണങ്ങള്‍ അതിന്റെ ആത്മാവറിഞ്ഞാസ്വദിച്ച് മനനം ചെയ്ത് മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന എല്ലാ ദുരന്തങ്ങളും ഈ സംഘത്തിന് അത് കടന്നുപോയ ചരിത്രവീഥിയിലുടനീളം അനുഭവിക്കേണ്ടി. എല്ലാം സ്വയം വരുത്തിവെച്ചതായിരുന്നു. ബോധോദയത്തിന്റെ നാളില്‍ എല്ലാം സ്വയം തിരുത്താനും അവര്‍ തയ്യാറായി. അല്‍ജമാഅയുടെ വികാരാവേശ പ്രകടനങ്ങളുടെയും, വിചാരത്തിലേക്കുള്ള മടക്കത്തിന്റെയും ചരിത്രം ഇസ്‌ലാമിക കര്‍മഭടന്മാര്‍ക്കായി സദ്‌റുദ്ദീന്‍ വാഴക്കാട് തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

അതെ. ധൈഷണികമായ ബോധ്യംകൊണ്ടും വൈകാരികമായ തിളപ്പുക്കൊണ്ടുമാണ് ഞാന്‍ നബിനിന്ദക്കെതിരെ കലഹിച്ചിട്ടുള്ളത്. അല്ലാതെ മുസ്‌ലിംകളെ പ്രീണിപ്പിച്ച് ഗള്‍ഫ് പത്തിരി തിന്നാനുള്ള പൂതികൊണ്ടല്ല. ഉണ്ണ്യേ, നമ്മുടെ ശ്രീകൃഷ്ണനെ പോലെതന്നെയാണ് ഖയ്യൂമിന്റെ വീട്ടുകാരുടെ നബിയുമെന്ന് അമ്മ പറയുന്നത് ചെറുപ്പത്തിലേ കേട്ട് വളര്‍ന്നവനാണ് ഞാന്‍‘. എന്നു വെച്ച് കെ.പി രാമനുണ്ണി നബിയെ വരച്ചവനെ വധിച്ചവനെ വെറുതെവിടുന്നുമില്ല.

നബിക്ക് വേണ്ടി സംസാരിച്ചതിന് രാമനുണ്ണിക്ക് ‘വലിയവരില്‍’ നിന്നും ചിലതൊക്കെ കേള്‍ക്കേണ്ടിയും വന്നു. മഹത്ത്വത്തെ നിന്ദിക്കുന്നതിനെതിരായുള്ള രാമനുണ്ണിയുടെ വികാരം മനസ്സിലാക്കാമെന്നും, എന്നാല്‍ മഹത്വത്തെപ്പോലും നിന്ദിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കേണ്ടതല്ലേ എന്നുമായിരുന്നു കെ.ഇ.എന്റെ ചോദ്യം.

എല്ലാം കേട്ട് നിശബ്ദനായി തിരിഞ്ഞ് നടക്കാന്‍ രാമനുണ്ണി ഒരുക്കമല്ല. ‘നൂറായിരം കുറ്റങ്ങളും കുറവുകളുമുള്ള നമ്മെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം നാം ആര്‍ക്കും നല്‍കാറില്ല-ഉടന്‍ ഡിഫേമേഷന്‍ കേസുമായി കോടതിയിലേക്ക് ഓടും. അങ്ങനെയിരിക്കെ ജനസഹസ്രങ്ങള്‍ ആദരിക്കുന്നവരെ അപമാനിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ്’.

പി. സക്കീര്‍ ഹുസൈനുമായി കെ.പി രാമനുണ്ണി തന്റെ പുതിയ നോവല്‍ ‘ദൈവത്തിന്റെ പുസ്തകം’ പങ്കുവെക്കുന്നു(മാധ്യമം ആഴ്ചപ്പതിപ്പ് 2015ഫെബ്രുവരി9). ദൈവവിശ്വാസമാണ് രാഷ്ട്രീയമായ ശരിയെന്ന് കെ.പി രാമനുണ്ണി തുറന്ന് പറയുന്നു.

Related Articles