Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാദിയും മമ്പുറം തങ്ങളും ബ്രിട്ടീഷ് വിരുദ്ധ പോരാളികളല്ലേ?

രാജ്യത്തിനെതിരെയുള്ള അധിനിവേശ വിരുദ്ധപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ പേരുകള്‍ പറയുമ്പോള്‍ എന്നും ചരിത്രം വിട്ടുകളഞ്ഞ ഒരുപാട് മുസ്‌ലിം പേരുകളുണ്ട്. ചരിത്രത്തിന്റെ വീണ്ടെടുപ്പെന്ന നിലയില്‍ പുനര്‍വായന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വൈദേശികാധിപത്യത്തിനെതിരെ സമരാഹ്വാനം മുഴക്കിയവരുടെ കൂട്ടത്തില്‍ ഉമര്‍ ഖാദിയുടെയും ഫസല്‍ പൂക്കോയ തങ്ങളുടെയും മമ്പുറം ശൈഖുമാരുടെയും പോരാട്ടവീര്യങ്ങളെ പില്‍ക്കാലത്ത് സമൂഹത്തിനു വായിക്കാനായിട്ടുണ്ട്. സ്വതന്ത്രചരിത്രാന്വേഷികളുടെ ശ്രമഫലമായാണത് സാധ്യമായത്. എന്നാല്‍ ഈ പുതിയ വായന തെറ്റാണെന്നും മാപ്പിളമാര്‍ എന്നും എവിടെയും കുഴപ്പക്കാരും പ്രശ്‌നക്കാരുമാണെന്നും അതിനവര്‍ക്കു പ്രചോദനം മതമാണെന്നുമുള്ള കോളോണിയല്‍ ചരിത്രവാദത്തിന്റെ പിന്തുടര്‍ച്ചയാണ് ഈ കണ്ടെത്തലെന്നും കേരളീയ മുസ്‌ലിംകളുടെ നാളിതുവരെയുള്ള ചരിത്രം തനിപോരാട്ടങ്ങളുടെതുമാത്രമാക്കി തീര്‍ക്കുന്ന, മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ പുതിയ ആഖ്യാന ചരിത്രവായനാരീതിയുടെ ഫലമാണെന്നും മറുവായന ഉണ്ടായിരിക്കുന്നു.

‘മാപ്പിള സമരങ്ങള്‍; പറഞ്ഞു പതിഞ്ഞ മിത്തുകള്‍ക്കപ്പുറം’ എന്ന ലേഖനത്തിലൂടെ’ പിഎ സാദിഖ് ഫൈസിയാണ് ഇത്തരമൊരാരോപണം ഉന്നയിക്കുന്നത്. സത്യധാര ദൈ്വവാരിക 2015 ആഗസ്റ്റ് 1-16 ലക്കത്തിലാണ് ലേഖനം പ്രസിദ്ദീകരിച്ചിട്ടുള്ളത്. ‘പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ലോകത്ത് വ്യാപ്തി നേടിയതാണ് ദേശീയതാ വാദം. ‘സാര്‍വ്വലൗകികവും സാര്‍വ്വജനീനവുമായ മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെ കോളനിവത്ക്കരണവും വൈദേശികാധിപത്യവും അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ നിലപാടുകള്‍ക്കെതിരെല്ല’ന്നും ലേഖനത്തിലുടനീളം അദ്ദേഹം സമര്‍ഥിക്കുന്നു.

മറ്റൊരു ജനതയുടെ അടിമയും കീഴാളരും ആയിമാത്രം കഴിയുന്ന ഒരു കീഴിവഴക്കമാണോ ഇസ്‌ലാമിന്റെതെന്ന് സംശയമുള്ളവര്‍ക്ക് വിശദമായി വായിക്കാന്‍ പറ്റിയ രണ്ടു ലേഖനങ്ങളാണിതിലുള്ളത്. ‘മത സ്വാതന്ത്ര്യവും പൗരാവകാശവും വകവെച്ചുതരുന്ന ഭരണകൂടത്തിനെതിരെ സായുധവിപ്ലവത്തിനു ശ്രമിക്കേണ്ടതില്ലെന്നും ഇതു രണ്ടും അനുവദിച്ചുതന്നിരുന്ന സാമൂതിരിയുടെ ഭരണത്തിനെതിരെ വാളോങ്ങിയതുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മുസ്‌ലിംകള്‍ പട നയിച്ചത.് പോര്‍ച്ചഗീസ് വിരുദ്ധ പോരാട്ടങ്ങളുടെ പശ്ചാത്തലവും പിന്തുടര്‍ച്ചയും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ കണ്ടെത്താനാവില്ല. ഗവണ്‍മെന്റിന്റെ അപ്രീതിക്കു കാരണമാവാന്‍ താന്‍ യാതൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞു ഫസല്‍ പൂക്കോയ തങ്ങള്‍ സ്വമേധയാ സൗദി അറേബ്യയിലേക്ക് നാടുവിട്ടുപോകുകയാണുണ്ടായത്.’ തുടങ്ങിയ വാദങ്ങളിലൂടെ ചരിത്രത്തിന്റെ മറുവായന നടത്തുകയാണ് ലേഖകന്‍. തീര്‍ച്ചയായും ചരിത്രാന്വേഷണങ്ങള്‍ക്കും സത്യാന്വേഷണങ്ങള്‍ക്കും തുനിയുന്നവര്‍ക്ക് താരതമ്യപഠനത്തിന് നിമിത്തമാകുന്നു ഈ പുതിയ ചരിത്രനിര്‍മിതി.

മമ്പുറം തങ്ങന്മാരും ഉമര്‍ ഖാദിമാരും സ്വീകരിച്ച ‘ബ്രിട്ടീഷുകാര്‍ക്കതിരെ നീങ്ങാതിരിക്കുകയെന്ന പക്വതയുടെ സമീപനം’ തന്നെയാണ് 1933 ല്‍ മാര്‍ച്ചില്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയങ്ങളായി വന്നത്.’ എന്നാണ് ലേഖകന്റെ വാദം. സമ്മേളന പ്രമേയം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നവര്‍ക്ക് ഈ ലേഖനത്തിന്റെ ഉദ്ദേശം മനസ്സിലാവുമെന്ന് തോന്നുന്നു.

സത്യധാരയുടെ അതേ ലക്കം താളുകള്‍ മറിക്കുമ്പോള്‍ ‘നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനങ്ങളോടൊപ്പം നില്‍ക്കുക എന്ന പൊതുനിലപാടിന്റെ ഭാഗമായി സമസ്തുടെ പണ്ഡിതന്മാര്‍ അക്കാലഘട്ടത്തോട് സ്വീകരിച്ച യോജിച്ച നിലപാടുകള്‍’ വിശദീകരിക്കുകയാണ് ‘ഉലമാക്കളുടെ ബ്രിട്ടീഷ് അനുകൂല നിലപാടിനു പിന്നില്‍’ എന്ന നിസാമിയുടെ ലേഖനം. സമസ്തയുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്ന നല്ല ലേഖനം

മഹല്ലുകള്‍ സമുദായത്തിനകത്ത് നേതൃപരമായ പങ്കുവഹിക്കുന്നുണ്ടോ?
ഒരു പ്രദേശത്തെ മുസ്‌ലിം കൂട്ടായ്മ രൂപപ്പെടുത്തുന്നത് ആരാണ്? മഹല്ലുകള്‍ക്ക് എന്താണ് യഥാര്‍ഥത്തില്‍ പണി. പ്രവാചക കാലത്ത് മഹല്ലുകള്‍ നിര്‍വ്വഹിച്ച ദൗത്യം എന്തായിരുന്നു. ഇതാരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അത്തരത്തിലുള്ള അന്വേഷണവുമായാണ് കേരളത്തിലെ മഹല്ലുഭരണത്തിന്റെ വലിയൊരു പങ്ക് കൈയ്യാളുന്ന സുന്നിവിഭാഗം അവരുടെ ഇടയില്‍ നിന്നും പ്രസിദ്ദീകതമാവുന്ന അനേകം പ്രസിദ്ദീകരണങ്ങളില്‍ ഒന്നായ സുന്നി അഫ്കാര്‍ 2015 ആഗസ്റ്റ് ലക്കം വായനക്കാരുടെ കൈകളിലേക്കെത്തുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും ചെറിയ കൂട്ടായ്മയാണ് മഹല്ലുകള്‍. സമുദായത്തിന്റെ സാമൂഹികപരവും മതപരവും വൈഞജാനികവുമായ ഉണര്‍വ്വിന്റെ കേന്ദ്രങ്ങളായിരുന്നു ആദ്യകാല മഹല്ലുകള്‍. പ്രവാചകനില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട ഇത്തരം മഹല്ലുകൂട്ടായ്മകളായിരുന്ന സമൂഹത്തെ സക്രിയമാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത്. മസ്ജിദുന്നബവിയിലൂടെ പ്രവാചകന്‍ തുടക്കമിട്ട പള്ളിയും പിന്നീട് അത് കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന, മുസ്‌ലിം ഉമ്മത്തിന്റെ സകലമാന പ്രശ്‌നങ്ങളുടെയും പരിഹാരമായ മഹല്ലുകളുമെന്നും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഉണര്‍വ്വിനും മഹല്ലുകള്‍ കാരണമായെന്ന് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ മുസ്‌ലിം സമുദായത്തിനകത്ത് പള്ളികള്‍ നിര്‍വ്വഹിച്ചിരുന്ന ദൗത്യങ്ങളില്‍ സാമൂഹികവും ഭരണപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും വിവാഹം വിഹമോചനം, പള്ളിപരിപാലനം തുടങ്ങിയ ചെറിയ ചില വിഷയങ്ങളില്‍ മാത്രം     ഒതുങ്ങുകയാണെന്നും പരിതപിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന രണ്ടു ലേഖനങ്ങളാണ് ‘മഹല്ലുകള്‍ ഉണര്‍വ്വിന്റെ ഊര്‍ജ്ജം’ എന്ന പി.എ സാദിഖ് ഫൈസിയുടെയും ‘മസ്ജിദുകള്‍ ഉണര്‍വ്വിന്റെ ഉറവിടം’ എന്ന ഡോ. ഫൈസല്‍ ഹുദവിയുടെയും ലേഖനം. മുമ്പ് സൂചിപ്പിച്ച പോലെ മഹല്ലുകളുടെ ഗണ്യഭാഗം കൈയ്യാളുന്നവര്‍ക്ക് ആത്മപരിശോധനക്ക് വകയുണ്ടീ ലേഖനത്തില്‍.

ആറാം നൂറ്റാണ്ടിനു ശേഷം ഗവേഷണത്തിന്റെ വാതില്‍ കൊട്ടിയടച്ചതാര്?
വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, മുത്തലാഖ്, കൈ വെട്ടല്‍, വധശിക്ഷ… ഇസ്‌ലാമിക ശരീഅത്തിനെകുറിച്ച് പറയുമ്പോള്‍ സാമാന്യ മുസ്‌ലിം ജനതക്കും അമുസ്‌ലിംകള്‍ക്കും അറിയുന്ന കാര്യങ്ങള്‍ ഇത്രമാത്രം. മുസ്‌ലിം പെണ്ണ് സമൂഹമധ്യേ ഉരുകിത്തീരുന്നവളാണെന്ന ധാരണയും ശക്തം. നാട്ടുനടപ്പും കീഴ് വഴക്കവും അനുസരിച്ച് കാര്യങ്ങള്‍ പോകുമ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട മുസ്‌ലിം സ്ത്രീയുടെ അവസ്ഥ ശോഭനമെല്ലെന്ന് വസ്തുതയാണ്. മുത്തലാഖ് എന്നൊരു വിഷയം ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട ഔചിത്യപൂര്‍ണമായ ലേഖനമാണ് പ്രബോധനം വാരികയില്‍ എം.വി മുഹമ്മദ് സലീം എഴുതിയിരിക്കുന്നത്. 2015 ആഗസ്റ്റ് ലക്കം 10 വാള്യം72 ല്‍ ‘ശരീഅത്തും വ്യക്തി നിയമവും മുത്തലാഖ് വിവാദ പശ്ചാത്തലത്തില്‍ ഒരന്വേഷണം’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനവകാശങ്ങളില്‍ മതവിശ്വാസവും മതാനുഷ്ഠാനവും ഉള്‍പ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണ് മുസ്‌ലിം വ്യ്ക്തിനിയമമനുസരിച്ച് ജീവിക്കാന്‍ കഴിയുന്നതെന്നും പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. വിവാഹം, വിവാഹ മോചനം, മുത്തലാഖ് എന്നീ വിഷയങ്ങളിലെ ഇസ്‌ലാമിക സമീപനവും രീതിയും വളരെ വ്യക്തമായി പറയുന്ന ലേഖനത്തിന്റെ കാമ്പ് കുടികൊള്ളന്നത് എന്തുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളില്‍ അരക്ഷിതബോധം അനുഭവിക്കേണ്ടി വരുന്നു എന്ന കാരണം തേടുന്നതിലാണ്.

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര വിഷയങ്ങളുടെ ക്രോഡീകരണമാണ് വ്യക്തിനിയമം. ഇതിന് നാലു കര്‍മശാസ്ത്ര ചിന്താ ധാരകളാണ് സമൂഹം അംഗീകരിക്കുന്നത് അതില്‍ ഇമാം അബൂഹനീഫയുടെ മദ്ഹബ് അംഗീകരിച്ചവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവും. ഇസ്‌ലാമിലെ നാലു അടിസ്ഥാന പ്രമാണങ്ങളെ നേര്‍ക്കുനേരെ അവലംബിക്കുന്നതിനു പകരം പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ അവ ക്രോഡീകരിച്ച് എത്തിച്ചേര്‍ന്ന അഭിപ്രായങ്ങളാണ് വ്യകതിനിയമം. ആറാം നൂറ്റാണ്ടിലെ നാലു ഇമാമുകള്‍ക്കുകള്‍ക്കു ശേഷം ആര്‍ക്കും ഗവേഷണ യോഗ്യതയില്ലെന്നാണ് പണ്ഡിതസമൂഹം അംഗീകരിച്ചതെന്നും അതാണ് പല പ്രശ്‌നങ്ങളുടെയും കാരണമെന്നും ലേഖകന്‍ സമര്‍ഥിക്കുന്നു. ചില വിഷയങ്ങളില്‍ മദ്ഹബുകളുടെ അടഞ്ഞ കവാടങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്റെ ചൈതന്യവും വിശുദ്ധ ഖുര്‍ആനിന്റെയും തിരുചര്യയുടെയും ശിക്ഷണങ്ങള്‍ക്കും അനുയോജ്യമായ ചില മാറ്റങ്ങള്‍ ആവശ്യമായി വരാമെന്നും ലേഖകന്‍ വാദിക്കുന്നു.

വിവാഹവുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ പിടിപ്പുകേട് കാണുമ്പോള്‍ അത് സത്യമാണെന്നും ആവശ്യമാണെന്നും വായനയിലൂടെ മനസ്സിലാകുന്നു. മതത്തില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് വെറും വാക്കുപറയാതെ, വിഷയത്തിന്റെ മര്‍മം മനസ്സിലാക്കി കാലത്തിനും മതത്തിനും അനുഗുണമായി തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തി പണ്ഡിതമാര്‍ക്കും അവരുടെ സഭക്കും കഴിയട്ടെയെന്ന് പ്രാര്‍ഥിച്ചു പോകുന്നു ലേഖനം വായിക്കുമ്പോള്‍.

എം-80 പാത്തു
ദൃശ്യമാധ്യമരംഗത്ത് പുതിയൊരു വഴക്കം സൃഷ്ടിച്ചുകൊണ്ട് ജനമനസ്സുകളില്‍ ആസ്വാദനം നിറച്ച എം 80 മൂസ എന്ന മീഡിയാവണ്‍ ചാനല്‍ പരിപാടിയിലെ കേന്ദ്രകഥാപാത്രമായ പാത്തുവായി അഭിനയിക്കുന്ന സുരഭി ലക്ഷ്മിയുമായുള്ള അനുഭവം വായിക്കാം 2015 ആഗസ്റ്റ് ലക്കം ആരാമം മാസിയകയില്‍. ഖാസിദാ കലാമാണ് അഭിമുഖം നടത്തിയിരിക്കുന്നത്. സുരഭിയുട അഭിനയം പോലെ തന്നെ വായനാക്ഷമതയുള്ള അനുഭവക്കുറിപ്പാണിത്.

Related Articles